Posted by

അറിയാം, ഇന്‍ഡോര്‍ പ്ലാന്‍റുകളെ

വീടിന്‍റെ അകത്തളങ്ങളില്‍ ചെടികളുടെ പച്ചപ്പ് ഇഷ്ടപ്പെടാത്തവര്‍ വിരളമായിരിക്കും. കാഴ്ചയ്ക്കു കുളിര്‍മ പകരുന്നതിനോടൊപ്പം തന്നെ വായുവില്‍ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളും മറ്റും നീക്കം ചെയ്ത ശുദ്ധമായ വായു പകരം തരാനുള്ള കഴിവും ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ക്കുണ്ട്. 90 കളില്‍ നാസ നടത്തിയ പഠനവും ഇതു ശരി വെയ്ക്കുന്നു. നാസയുടെ എസ് ടി ഐ (സയന്‍റിഫിക് ആന്‍റ് ടെക്നിക്കല്‍ ഇന്‍ഫര്‍മേഷന്‍) ടീം നടത്തിയ ചില പഠനങ്ങളില്‍ തെരെഞ്ഞെടുക്കപ്പെടുത്ത ചില ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ക്ക് വായുവിനെ ശുദ്ധീകരിക്കാനും വീടിനകത്തെ അന്തരീക്ഷം മെച്ചപ്പെടുത്താനും ഓക്സിജന്‍ ഉത്പാദിപ്പിക്കാനുമുള്ള കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

വര്‍ഷത്തിലൊരിക്കലെങ്കിലും ഇന്‍ഡോര്‍ പ്ലാന്‍റുകളെ വീടിനു വെളിയില്‍ കൊണ്ടുവന്ന് കേടുവന്ന ചിലകളും ഇലകളില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന പൊടിപടലങ്ങളും നീക്കം ചെയ്ത് വൃത്തിയാക്കണം. വെള്ളം സ്പ്രേ ചെയ്ത് നല്‍കുന്നതാണ് മിക്ക ഇന്‍ഡോര്‍ പ്ലാന്‍റുകളുടെയും വളര്‍ച്ചയ്ക്ക് അഭികാമ്യം. അധികം വെള്ളം ഒഴിക്കുന്നത് ചെടികള്‍ ചീഞ്ഞുപോവാന്‍ കാരണമാവും.

അല്‍പ്പം ലൈറ്റും ഷെയ്ഡും ലഭിക്കുന്ന സ്ഥലത്തു വേണം ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ വെയ്ക്കുന്നത്. നേരിട്ടുള്ള കടുത്ത സൂര്യപ്രകാശവും അമിതമായ ഇരുട്ടും ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ക്ക് ദോഷം ചെയ്യും. ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ വാങ്ങിക്കുമ്പോള്‍ ഒരു ചെടിയുടെ തന്നെ മറ്റൊരു ജോഡി കൂടി വാങ്ങാന്‍ ശ്രദ്ധിക്കാം. ഒന്ന് ഇന്‍ഡോറില്‍ വെയ്ക്കുമ്പോള്‍ മറ്റൊന്ന് എക്സ്റ്റീരിയറില്‍ അല്‍പ്പം ഷെയ്ഡുള്ള സ്ഥലത്തായും വെയ്ക്കാം. മൂന്നുമാസം കൂടുമ്പോള്‍ ഈ ചെടികള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റി വെയ്ക്കാന്‍ ശ്രദ്ധിച്ചാല്‍ മതി. ഇങ്ങനെ ചെയ്യുന്നത് ചെടികള്‍ എന്നും ഹരിതാഭയോടെ തന്നെ നിലനില്‍ക്കാനും വീടിനകത്തെ വായു എപ്പോഴും ശുദ്ധമായിരിക്കാനും സഹായിക്കും.

കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഇന്‍ഡോര്‍ പ്ലാന്‍റുകളുടെ ഇലകള്‍ കൊഴിയുകയും താഴ്ഭാഗത്തെ ഇലകള്‍ പ്രായമാകുന്നതിനനുസരിച്ച് മഞ്ഞ നിറം പ്രാപിക്കുകയും കൊഴിയുകയും ചെയ്യുക സാധാരണമാണ്. എന്നാല്‍ ചിലസമയങ്ങളില്‍ ആവശ്യത്തിന് വളക്കൂര്‍ ലഭിക്കാത്തതുകൊണ്ടാകാം ഇലകള്‍ അനിയന്ത്രിതമായി കൊഴിയുന്നതും മഞ്ഞനിറമാവുന്നതുമൊക്കെ. വളത്തിന്‍റെ അപര്യാപ്ത പരിഹരിച്ച് ദിവസം രണ്ടുനേരമെന്ന രീതിയില്‍ വെള്ളം സ്പ്രേ ചെയ്ത് ഇത്തരം ചെടികള്‍ക്ക് പ്രത്യേക പരിചരണം നല്‍കേണ്ടതുണ്ട്. സൂര്യപ്രകാശത്തിന്‍റെ അപര്യാപ്തത പരിഹരിക്കാന്‍ ഇടയ്ക്ക് ഒന്നു രണ്ടു മണിക്കൂര്‍ ഈ ചെടികളെ ഇളം വെയിലില്‍ വെയ്ക്കാം.

എല്ലാ ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ക്കും നല്ല പ്രകാശം ആവശ്യമില്ല. ആവശ്യമായി വരുന്ന വെളിച്ചത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്‍ഡോര്‍ പ്ലാന്‍റുകളെ പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു.

ഹൈ ലൈറ്റ് പ്ലാന്‍റുകള്‍
ഈ ഗണത്തില്‍ പെടുന്ന ചെടികള്‍ക്ക് നിത്യവും 6 മണിക്കൂര്‍ സൂര്യപ്രകാശം നേരിട്ട് ലഭിക്കണം. തെക്ക്, കിഴക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ഭാഗത്തു നിന്നുള്ള സൂര്യപ്രകാശം നേരിട്ട് ജനലുകളിലൂടെ അകത്തേക്ക് കടക്കുന്ന രീതിയില്‍ വേണം ഇത്തരം ചെടികള്‍ ഇന്‍ഡോറില്‍ വെയ്ക്കാന്‍. മരങ്ങളോ, ബില്‍ഡിംഗുകളോ കര്‍ട്ടനുകളോ ഈ വെളിച്ചത്തെ തടസ്സപ്പെടുത്താന്‍ പാടില്ല. വേനല്‍ക്കാലങ്ങളില്‍ കഴിയുന്നതും മൂന്നു നേരം വെള്ളം സ്പ്രേ ചെയ്യാനും പ്രാണികളും മറ്റും ചെടികള്‍ കേടുവരുത്തില്ലെന്ന് ഉറപ്പു വരുത്തുകയും വേണം. അമിതമായ ചൂടില്‍ ചെടികള്‍ വാടാതെ നോക്കണം.

Comments