Posted by

പ്ലോട്ട് ഒന്നര സെന്റ്, ചെലവ് 22 ലക്ഷം

സ്‌പെയ്‌സിന്റെയും ബഡ്ജറ്റിന്റെയും പരിമിതികള്‍ക്കുള്ളില്‍ നിന്ന് വീട്ടുകാരുടെ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കുന്നൊരു വീടൊരുക്കുക എന്നത് അത്രയേറെ എളുപ്പമാര്‍ന്നൊരു കാര്യമല്ല. അതുകൊണ്ടുതന്നെയാണ് ആലപ്പുഴയിലെ സുനില്‍- നിഷ ദമ്പതികളുടെ ഈ കൊച്ചുവീട് ശ്രദ്ധേയമാവുന്നതും. 1.8 സെന്റ് ഭൂമിയിലാണ് 1600 സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുള്ള ഈ വീട് പണിതിരിക്കുന്നത്. ആലപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജഫില്‍ അസോസിയേറ്റ്‌സിലെ ചീഫ് ഡിസൈനര്‍ ജഫില്‍ ജമാല്‍ ആണ് ഈ സ്‌പെയ്‌സ് ഹോമിന്റെ ഡിസൈനര്‍.

‘ വലിയ പ്ലോട്ടില്‍ വലിയ വീടുകള്‍ പണിയുന്നതിലും ശ്രമകരവും ചലഞ്ചിംഗുമായിരുന്നു ഈ വീടൊരുക്കല്‍. എന്നിരുന്നാലും ഒരു ഡിസൈനര്‍ എന്ന രീതിയില്‍ എനിക്ക് ഏറെ ആത്മസംതൃപ്തി തന്ന പ്രൊജക്റ്റാണ് ഇത്’- ഡിസൈനര്‍ ജാഫില്‍ പറയുന്നു. സുനിലിന് കുടുംബപരമായി കിട്ടിയ പ്ലോട്ടായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഈ പ്ലോട്ടിനോട് മാനസികമായൊരു അടുപ്പവും സുനിലുണ്ടായിരുന്നു. സ്‌പെയ്‌സ് കുറവാണെന്ന കാരണത്താല്‍ പ്ലോട്ട് മറ്റാര്‍ക്കെങ്കിലും വിട്ട് മറ്റൊരു സ്ഥലം കണ്ടെത്താനും സുനിലിന് താല്‍പ്പര്യമില്ലായിരുന്നു. പ്ലോട്ടിനോടുള്ള ഇമോഷണല്‍ അറ്റാച്ച്‌മെന്റ് തന്നെയാണ് പുതിയ സാധ്യതകളെ കുറിച്ച് ആലോചിക്കാന്‍ സുനിലിനെ പ്രേരിപ്പിച്ച ഘടകവും. പരിമിതമായ സ്ഥലത്ത് സ്വപ്‌നങ്ങളോട് നീതി പുലര്‍ത്തുന്നൊരു വീടൊരുക്കാന്‍ എങ്ങനെ സാധിക്കും എന്ന അന്വേഷണമാണ് സുനിലിനെ ഡിസൈനര്‍ ജഫിലിന്റെ അരികിലെത്തിച്ചത്.

കടമ്പകള്‍ വേറെയും
ഉള്ള പരിമിതമായ സ്ഥലത്ത് വീടൊരുക്കാന്‍ ശ്രമിക്കുമ്പോള്‍ പിന്നെയും ഉണ്ടായിരുന്നു കടമ്പകള്‍. മുന്‍സിപ്പല്‍ ഏരിയ ആയതു കൊണ്ട് കെട്ടിടനിയമത്തില്‍ പറയുന്ന സെറ്റ് ബാക്ക് ഏരിയ വിടാതെ നിര്‍വ്വാഹമില്ല. കെട്ടിടനിയമത്തിന്റെ നൂലാമാലകളെയെല്ലാം പരിഗണിച്ചു കൊണ്ട് വീടിന്റെ പിറക് വശത്ത് 1 മീറ്ററും മുന്‍വശത്ത് 2 മീറ്ററും വശങ്ങളില്‍ 60 സെ.മി, 75 സെ. മി എന്ന കണക്കിലും സെറ്റ് ബാക്ക് ഏരിയ വിട്ടാണ് വീടിന്റെ പ്ലാന്‍ ഒരുക്കിയത്. ആകെ 58 മീറ്ററാണ് പ്ലോട്ടിന്റെ വീതി വരുന്നത്. 60 സെമി സെറ്റ് ബാക്ക് നല്‍കിയ ഭാഗത്ത് ഓപ്പണബിള്‍ വിന്‍ഡോകള്‍ പാടില്ല എന്നുണ്ട്. അതുകൊണ്ട് തന്നെ ഏഴ് ഫീറ്റിന് മുകളിലായി സ്ലിറ്റ് ലെവലിലാണ് ഇവിടെ ഓപ്പണ്‍ വിന്‍ഡോ നല്‍കിയത്. ഇത് ഇന്റീരിയറിനും എക്സ്റ്റീരിയറിനും നല്ല വ്യൂ സമ്മാനിക്കുന്നുണ്ട്.

എക്സ്റ്റീരിയര്‍
കണ്‍ടെംപ്രറി ഡിസൈനാണ് വീടിന്റെ എക്സ്റ്റീരിയറിന് അഴകു പകരുന്നത്. വെള്ള പെയിന്റ് അടിച്ച ചുമരുകള്‍ക്ക് കോണ്‍ട്രാസ്റ്റ് പകരാനായി ബ്രൈറ്റ് ഓറഞ്ച് നിറത്തിന്റെ ടച്ചും കാണാം. സ്‌പെയ്‌സിന്റെ പരിമിതികള്‍ കണക്കിലെടുത്ത് ഫോള്‍ഡ് ചെയ്യാവുന്ന മെറ്റാലിക് ഗേറ്റാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ആവശ്യാനുസരണം ഫോള്‍ഡ് ചെയ്‌തെടുക്കാവുന്ന ഈ ഗേറ്റ് മുന്‍വശത്തെ സ്‌പെയ്‌സ് അധികം അപഹരിക്കാതെ തന്നെ ഗേറ്റിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു. മുന്‍വശത്തെ മുറ്റത്ത് പാവിംഗ് ടൈലുകള്‍ പതിച്ചിരിക്കുന്നു. വീടിന്റെ പ്രധാന വാതിലിനു ഷെയ്ഡ് ലഭിക്കാനായി വീടിനു മുന്‍വശത്തായി പര്‍ഗോള നല്‍കി, അതിനു മുകളില്‍ ഗ്ലാസ്സ് ഇട്ടിരിക്കുന്നു. ഒന്നാം നിലയുടെ ബാല്‍ക്കണിയിലും പര്‍ഗോളയും ഗ്ലാസ്സും നല്‍കിയിട്ടുണ്ട്. എസ് എസ് ഹാന്‍ഡ് റെയിലുകളാണ് ഇവിടെ ബാല്‍ക്കണിയില്‍ ഉപയോഗിച്ചിരിക്കുന്നത്.

ലിവിംഗ്
കളര്‍ഫുളാണ് വീടിന്റെ ഇന്റീരിയര്‍. പ്രധാന വാതില്‍ വഴി അകത്തേക്ക് പ്രവേശിക്കുമ്പോള്‍ വലതുവശത്തായാണ് ഫോര്‍മല്‍ ലിവിംഗ് ഏരിയ ഒരുക്കിയിരിക്കുന്നത്. ഗ്രീന്‍- വൈറ്റ് കളര്‍ കോമ്പിനേഷനിലാണ് ലിവിംഗ് ഏരിയ ഒരുക്കിയിരിക്കുന്നത്. വിട്രിഫൈഡ് ടൈലാണ് ഫ്‌ളോറില്‍ ഒരുക്കിയിരിക്കുന്നത്. ഗ്രീന്‍ നിറത്തില്‍ പെയിന്റ് ഫിനിഷ് നല്‍കി ഹൈലൈറ്റ് ചെയ്ത ചുമര്‍ തന്നെയാണ് ലിവിംഗിന്റെ പ്രധാന ആകര്‍ഷണം. കസ്റ്റമെയ്ഡായി നിര്‍മ്മിച്ചെടുത്ത സോഫ യൂണിറ്റിലും ഗ്രീന്‍ ടച്ച് നല്‍കിയിട്ടുണ്ട്. ഒലീവ് ഗ്രീന്‍ കളറിലുള്ള ഫാബ്രികാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കര്‍ട്ടനുകളും ഗ്രീന്‍- വൈറ്റ് കോമ്പിനേഷനില്‍ തന്നെയാണ് ഒരുക്കിയത്. സിമ്പിള്‍ ഡിസൈനിലുള്ള ഒരു ടീപോയും ലിവിംഗിന്റെ ഭാഗമായി നല്‍കിയിരിക്കുന്നു.

ഡൈനിംഗ്
പ്രധാന വാതിലില്‍ നിന്നും നേരെ നോക്കിയാല്‍ കാണുന്നത് സ്റ്റെയര്‍ ഏരിയയും അരികിലായി നല്‍കിയിരിക്കുന്ന ഡൈനിംഗ് സ്‌പെയ്‌സുമാണ്. ഈ കാഴ്ചയ്ക്ക് ഒരു ബ്രേക്ക് നല്‍കാനായി ഒരു സെമി പാര്‍ട്ടീഷന്‍ വാള്‍ ഇവിടെ നല്‍കിയിട്ടുണ്ട്. ഒതുക്കമുള്ള ഡിസൈനാണ് സ്റ്റെയര്‍ കെയ്‌സിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. സ്റ്റെയര്‍ കെയ്‌സിന്റെ താഴെ ഭാഗത്തായിട്ടാണ് വാഷ് ഏരിയ നല്‍കിയിരിക്കുന്നത്. മെറ്റല്‍- ഗ്ലാസ്സ്- എസ് എസ് എന്നിവയുടെ കോമ്പിനേഷനിലാണ് ഹാന്‍ഡ് റെയില്‍ ഒരുക്കിയിരിക്കുന്നത്. ടൈലുകൊണ്ടാണ് ഇവിടുത്തെ പടികള്‍. കസ്റ്റമെയ്ഡായി നിര്‍മ്മിച്ച ഗ്ലാസ്സ് ടോപ്പ് ടേബിളാണ് ഡൈനിംഗിലെ പ്രധാന ഫര്‍ണിച്ചര്‍. വെങ്ക ടോണാണ് ഡൈനിംഗ് ടേബിള്‍ യൂണിറ്റിന് നല്‍കിയിരിക്കുന്നത്. സീലിംഗിലെ വുഡന്‍ പര്‍ഗോള ഡിസൈനും ഇതേ കളര്‍ കോമ്പിനേഷന്‍ തന്നെയാണ് നല്‍കിയത്. ഗ്രാനൈറ്റ് ടോപ്പാണ് വാഷ് ഏരിയയ്ക്ക് നല്‍കിയിരിക്കുന്നത്. പ്ലൈ, വെനീര്‍ എന്നിവ കൊണ്ട് ഒരുക്കിയ കാബിറ്റുകള്‍ക്കും വെങ്ക കളറിലുള്ള പെയിന്റ് ഫിനിഷ് നല്‍കിയിരിക്കുന്നു. ഡൈനിംഗ് ഏരിയയുടെ ചുമര്‍ ഹൈലൈറ്റ് ചെയ്യാനായി ടെക്‌സ്ചര്‍ ഫിനിഷ് നല്‍കിയതും കൗതുകകരമാണ്.

ഡൈനിംഗില്‍ നിന്നും കിച്ചനിലേക്ക് ഒരു നീളന്‍ പാസേജ് ഏരിയ നല്‍കിയിട്ടുണ്ട്. ഈ പാസേജ് ഏരിയയില്‍ നിന്നുമാണ് ബെഡ് റൂമിലേക്കുള്ള എന്‍ട്രിയും. മോഡുലാര്‍ കണ്‍സെപ്റ്റിലാണ് ഇവിടെ കിച്ചന്‍ ഒരുക്കിയിരിക്കുന്നത്. റെഡ്- ക്രീം- ചോക്ക്‌ലേറ്റ് ബ്രൗണ്‍ ബ്ലാക്ക് എന്നീ നിറങ്ങളുടെ കോമ്പിനേഷനാണ് കിച്ചനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. മറൈന്‍ പ്ലൈയില്‍ പിയു ഫിനിഷ് നല്‍കിയാണ് കാബിനറ്റുകള്‍ നിര്‍മ്മിച്ചത്. ഗ്രാനൈറ്റാണ് കൗണ്ടര്‍ ടോപ്പില്‍ ഉപയോഗിച്ചത്. മാറ്റ് ഫിനിഷ് ഗ്രിഡ് ടൈലാണ് ഫ്‌ളോറില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഫസ്റ്റ് ഫ്‌ളോര്‍
ലളിതമായ ഡിസൈനാണ് ബെഡ് റൂമുകള്‍ക്ക് വേണ്ടി നല്‍കിയിരിക്കുന്നത്. താഴത്തെ ഫ്‌ളോറില്‍ ഒന്നും ഫസ്റ്റ് ഫ്‌ളോറില്‍ രണ്ട് ബെഡ റൂമുകളും അടക്കം മൂന്നു ബെഡ് റൂമുകളാണ് ഇവിടെയുള്ളത്. ഒനന്നാം നിലയിലായി ഒരു ഫാമിലി ലിവിംഗ് റൂം കൂടി വരുന്നുണ്ട്. ബ്രൈറ്റ് യെല്ലോ കളര്‍ തീമാണ് അപ്പര്‍ ലിവിംഗിന്റെ ആകര്‍ഷണം. ചുമരിനെ ഹൈലൈറ്റ് ചെയ്യാന്‍ എല്ലോ നിറത്തിലുള്ള പെയിന്റ് ഫിനിഷ് നല്‍കി. ഈ കളര്‍ തീമിന് കോണ്‍ട്രാസ്റ്റ് പകരുന്ന ബ്ലാക്ക് കളറും കൂടി സംയോജിപ്പിച്ചാണ് സോഫയുടെ അപ്‌ഹോള്‍സ്റ്ററി ഒരുക്കിയത്. എല്ലോ ഷെയ്‌ഡോടു കൂടിയ കര്‍ട്ടനുകളും കൂടി ചേരുമ്പോള്‍ ഈ ലിവിംഗ് ഒരു പെര്‍ഫെക്റ്റ് ഫാമിലി റിലാക്‌സിംഗ് ഏരിയയായി മാറുന്നു.
സ്‌പെയ്‌സുകളുടെ ഒതുക്കം, സ്‌പെയ്‌സുകളുടെ കൃത്യവും ബുദ്ധിപൂര്‍വ്വവുമായ ഉപയോഗം, ഡിസൈനിലെ ലാളിത്യവും മിതത്വവും, ബഡ്ജറ്റിന് അകത്തു നിന്നു കൊണ്ടുള്ള നിര്‍മ്മാണം എന്നിവയിലൊക്കെ പത്തില്‍ പത്തു മാര്‍ക്കും കൊടുക്കാവുന്ന ഈ മിടുക്കിവീട് കുറഞ്ഞ സ്‌പെയ്‌സില്‍ വീട് സ്വപ്‌നം കാണുന്ന സാധാരണക്കാരുടെ ഭവനസങ്കല്‍പ്പനങ്ങള്‍ക്ക് പുതിയ നിറക്കൂട്ടമാണ് സമ്മാനിക്കുന്നത്.
Meet the Designer
JAFIL JAMAL

Firm: JAFIL ASSOCIATES
Firm Specialication: Architecture, Engineering, Interior & Exterior
Address: JAFIL ASSOCIATES, Office No. XXVI/ 241, Sree Rengasautham Building, Stadium Ward, Alappuzha.
Email: jafiljamal@gmail.com
Phone: 0477 6453009
Mobile: 9847 822493

Comments