Posted by

മേയ്ക്ക് ഓവര്‍ മാജിക്‌

ഓരോ പ്ലോട്ടും ആവശ്യപ്പെടുന്ന ചില ഡിസൈനുകളുണ്ട്. അതു കണ്ടെത്തുകയെന്നതാണ് ആര്‍ക്കിടെക്റ്റും ഡിസൈനറും നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ ചില പ്ലോട്ടുകള്‍ ആദ്യക്കാഴ്ചയില്‍ തന്നെ അനന്തസാധ്യതകളുടെ വാതിലുകള്‍ ഡിസൈനറിനു മുന്നില്‍ തുറന്നിടുകയായി. അത്തരത്തില്‍ ഡിസൈനിംഗ് സാധ്യതകളെ കുറിച്ച് ഡിസൈനര്‍ക്ക് ആദ്യക്കാഴ്ചയില്‍ തന്നെ കൃത്യമായ ഐഡിയകള്‍ നല്‍കിയൊരു വീടാണ് കോഴിക്കോട് സരോവരം പാര്‍ക്കിന് അരികിലെ ധനേന്ദ്രന്‍റെ വീട്. കണ്ടംപററി വീടുകളുടെ പതിവുശൈലികള്‍ വിട്ട് പുതിയ സാധ്യതകളെ കുറിച്ച് ചിന്തിക്കാനും പ്രാവര്‍ത്തികമാക്കാനും ഡിസൈനര്‍ സന്ദീപ് കൊല്ലറക്കണ്ടിയ്ക്ക് പ്രചോദനമായത് പ്ലോട്ടിന്‍റെ സവിശേഷത തന്നെ.

പഴയ ഒറ്റനില വീടിനെ പുതിയ കാലത്തിനിണങ്ങുന്ന രീതിയില്‍ നവീകരിച്ച് എടുക്കുക എന്ന ലക്ഷ്യവുമായാണ് ക്ലൈന്‍റ് ധനേന്ദ്രന്‍ ഡിസൈനര്‍ സന്ദീപ് കൊല്ലറക്കണ്ടിയെ സമീപിക്കുന്നത്. ഡോക്ടറായ മരുമകളെ കാണാനെത്തുന്ന പേഷ്യന്‍റ്സിന് ഇരിക്കാനും വിശ്രമിക്കാനുമുള്ള സ്പെയ്സ്, കണ്ടംപററി ഡിസൈന്‍ ശൈലിയിലുള്ള അകത്തളങ്ങള്‍, വിശാലമായ ബാല്‍ക്കണി എന്നിങ്ങനെ ചില പ്രത്യേക ആവശ്യങ്ങള്‍ക്ക് ധനേന്ദ്രനും കുടുംബവും മുന്‍ഗണന നല്‍കിയിരുന്നു.  ഒരു റെനവേഷന്‍ പ്രൊജക്റ്റിന്‍റെ പരിമിതികളില്‍ നിന്നു കൊണ്ട് ക്ലൈന്‍റിന്‍റെ ആവശ്യങ്ങളെ സാക്ഷാത്കരിക്കുക എന്നത് വെല്ലുവിളിയുയര്‍ത്തുന്ന കാര്യമാണെങ്കിലും ഒട്ടും മടികൂടാതെ തന്നെ സന്ദീപ് ആ ദൗത്യം ഏറ്റെടുത്തു.

‘ 1700 സ്ക്വയര്‍ ഫീറ്റായിരുന്നു പഴയ വീടിന്‍റെ വിസ്തീര്‍ണ്ണം. ഒറ്റ നിലയുള്ള വീടായിരുന്നു അത്. റെനവേഷന്‍ സമയത്ത് മുകളിലേക്ക് 1700 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള ഒരു ഫ്ളോര്‍ കൂടിയെടുത്തു. ഗ്രൗണ്ട് ഫ്ളോറിലെ സ്പെയ്സുകള്‍ അതുപോലെ തന്നെ നിലനിര്‍ത്തുകയാണ് ചെയ്തത്. അതില്‍ കിച്ചന്‍, ഡൈനിംഗ്, സിറ്റൗട്ട് തുടങ്ങിയ ചില സ്പെയ്സുകള്‍ക്ക്  നവീകരണവേളയില്‍ പുതിയ മുഖം നല്‍കാനും ശ്രമിച്ചിട്ടുണ്ട്.’ ഡിസൈനര്‍ സന്ദീപ് കൊല്ലറക്കണ്ടി പറയുന്നു.

എക്സ്റ്റീരിയര്‍
പുതുമയുള്ള എക്സ്റ്റീരിയര്‍ തന്നെ വീടിന്‍റെ പുറംകാഴ്ചയെ ഹൃദ്യമാക്കുന്ന പ്രധാന ഘടകം. ബ്ലാക്ക്, വൈറ്റ്, ഗ്രേ നിറങ്ങളുടെ കോമ്പിനേഷനിലാണ് വീടിന്‍റെ എക്സ്റ്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. ഫസ്റ്റ്ഫ്ളോറിലെ വിശാലമായ ബാല്‍ക്കണിയും മാസ്റ്റര്‍ ബെഡ് റൂമിലെ വീടിന്‍റെ മുന്‍വശത്തെ അഭിമുഖീകരിക്കുന്ന ഭാഗത്തെ ഗ്ലാസ്സ് വാളും എക്സ്റ്റീരിയറിനെ പുനര്‍നിര്‍വ്വചിക്കുന്ന ഘടകങ്ങളാണ്. അധികം ഉയരമില്ലാത്ത സണ്‍ഷെയ്ഡാണ് പെട്ടെന്ന് അതിഥികളുടെ കണ്ണില്‍ ഉടക്കുന്ന മറ്റൊരു ഘടകം.  സണ്‍ഷെയ്ഡിന്‍റെ ഉയരത്തിലാണ് കാര്‍പോര്‍ച്ചിന്‍റെ റൂഫ് വാര്‍ത്തിരിക്കുന്നത്. പൂര്‍ണ്ണമായും കണ്ടംപററി ശൈലിയിലാണ് വീടിന്‍റെ എക്സ്റ്റീരിയറും ഇന്‍റീരിയറും ഒരുക്കിയിരിക്കുന്നത്. പാവിംഗ് ടൈലുകള്‍ പാകിയ മുറ്റവും ലളിതമായ ലാന്‍ഡ്സ്കേപ്പും വീടിനകത്തേക്ക് ഹാര്‍ദ്ദവമായ സ്വാഗതമോതുന്നു.

ഫ്ളെയ്മ്ഡ് ഗ്രാനൈറ്റ് ഉപയോഗിച്ച് സിറ്റൗട്ടിലെ ഒരു ചുമരിനെ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഈ ഭാഗത്തെ തൂണിന് നാച്യുറല്‍ ലുക്കുള്ള സ്റ്റോണ്‍ ക്ലാഡ്ഡിംഗ് നല്‍കി. ബ്ലാക്ക് ഗ്രാനൈറ്റ് കൗണ്ടര്‍ ടോപ്പോടു കൂടിയ ഒരു ചാരുപ്പടിയും ഇവിടെ കാണാം. ഇതിനു താഴെയായി ഇന്‍ബില്‍റ്റ് ഷൂ റാക്ക് നല്‍കി. ഡോക്ടറായ മരുമകളെ കാണാനെത്തുന്ന പേഷ്യന്‍റ്സിന് വിശ്രമിക്കാനും കാത്തിരിക്കാനും കഴിയുന്ന രീതിയില്‍  വീടിനോടു ചേര്‍ന്നും പുറത്തെ ലാന്‍ഡ്സ്കേപ്പിലും ഇരിപ്പിടങ്ങള്‍ ഒരുക്കിയിരിക്കുന്നു. മനോഹരമായൊരു ഷോ വാളാണ് വീടിന്‍റെ എക്സ്റ്റീരിയറിന് മിഴിവേകുന്ന മറ്റൊരു ഡിസൈന്‍ എലമെന്‍റ്. ബ്ലാക്ക്, വൈറ്റ്, ഗ്രേ കളര്‍ തീം തന്നെയാണ് ഇവിടെയും സ്വീകരിച്ചത്. ഒരു ബാംബൂചെടിയുടെ സാന്നിധ്യവും ഇവിടെ കാണാം. സ്റ്റോണ്‍ ക്ലാഡ്ഡിംഗ് ഉപയോഗിച്ച് ഷോ വാളിനെയും ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഒറ്റപ്പാളികളുള്ള ആറ് കുഞ്ഞു ജനാലകള്‍ ഇവിടെ കാണാം. ഇവ ഷോവാളിന്‍റെ സൗന്ദര്യം ഇരട്ടിയാക്കുന്നു.

ഗ്രൗണ്ട് ഫ്ളോറില്‍ നവീകരിച്ചെടുത്ത സ്പെയ്സുകള്‍ കിച്ചനും ഡൈനിംഗ് ഏരിയയുമാണ്. കിച്ചനിലെ പഴയ ഫ്ളോര്‍ അതുപോലെ തന്നെ നിലനിര്‍ത്തുകയാണ് ചെയ്തത്. ആന്‍റിക് ഡിസൈനിലുള്ള ഫ്ളോറിംഗ് കിച്ചനെ മനോഹരമാക്കുന്നു. മറൈന്‍ പ്ലൈ, മൈക എന്നിവ കൊണ്ടാണ് കിച്ചന്‍ കാബിനറ്റുകളെല്ലാം തന്നെ നിര്‍മ്മിച്ചിരിക്കുന്നത്. ബ്ലാക്ക് ഗ്രാനൈറ്റ് കൊണ്ടുള്ളതാണ് ഇവിടുത്തെ കൗണ്ടര്‍ ടോപ്പ്. കിച്ചന്‍റെ ഫ്ളോറുമായി ഇണങ്ങുന്ന ടൈല്‍ തന്നെയാണ് സ്പ്ലാഷ്ബാക്ക് ഏരിയയില്‍ ഉപയോഗിച്ചിരിക്കുന്നത്. കിച്ചനോടു ചേര്‍ന്നു തന്നെ ബ്രേക്ക് ഫാസ്റ്റ് ഏരിയയ്ക്കും ഇടം കണ്ടെത്തിയിരിക്കുന്നു.

പഴയ ഡൈനിംഗ് ഏരിയയ്ക്കും ഒരു ഫ്രെഷ് ലുക്ക് നല്‍കിയിട്ടുണ്ട്. ഇവിടെ തന്നെയാണ് വാഷ് ഏരിയയും വരുന്നത്. വാഷ് ഏരിയയോട് ചേര്‍ന്ന് ഷൂറാക്ക് നല്‍കി. മൈകയും പ്ലൈയും തന്നെയാണ് ഇവിടെ ഉപയോഗിച്ചത്. പഴയ ഡൈനിംഗ് ടേബിള്‍ അതുപോലെ തന്നെ നിലനിര്‍ത്തി. സീലിംഗിലെ ഓടുകള്‍ക്ക് വൈറ്റ് പെയിന്‍റടിച്ചു. സ്റ്റെയര്‍ ഏരിയയുടെ ഒരു ചുമരിനെയും ലൈൈെറ്റ് ചെയ്തിട്ടുണ്ട്. ഇതിനായി സ്റ്റോണ്‍ ക്ലാഡ്ഡിംഗ് ഉപയോഗിച്ചിരിക്കുന്നു. സീലിംഗിലെ ഓടുകള്‍ക്ക് വൈറ്റ് പെയിന്‍റ് തന്നെ അടിച്ചു.

വിശാലതയാണ് അപ്പര്‍ ലിവിംഗിന്‍റെ പ്രത്യേകത. തൂവെള്ള വിട്രിഫൈഡ് ടൈലാണ് ഇവിടെ വിരിച്ചിരിക്കുന്നത്. പ്ലൈവുഡും മൈകയും ഉപയോഗിച്ച് ഫര്‍ണിഷിംഗ് ചെയ്തിരിക്കുന്നു. നിഷുകളും ടെലിവിഷന്‍ ഏരിയയുമെല്ലാം പ്ലൈ, മൈക കോമ്പിനേഷനിലാണ് ഒരുക്കിയിരിക്കുന്നത്. ചുമരില്‍ ചിലയിടങ്ങളില്‍ സ്റ്റോണ്‍ ക്ലാഡ്ഡിംഗും നല്‍കിയിട്ടുണ്ട്. ഫാള്‍സ് സീലിംഗ് നല്‍കി മനോഹരമാക്കിയ സീലിംഗില്‍ കോവ് ലൈറ്റുകള്‍ പ്രഭചൊരിയുന്നു. വാള്‍പേപ്പറിന്‍റെ സാന്നിധ്യമാണ് സീലിംഗിനെ മനോഹരമാക്കുന്ന മറ്റൊരു ഘടകം. ആര്‍ട്ടിഫിഷല്‍ സോഫ സെറ്റാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

മൂന്നു ബെഡ് റൂമുകളാണ് ഫസ്റ്റ് ഫ്ളോറില്‍ പുതുതായി പണികഴിപ്പിച്ചിരിക്കുന്നത്. ബെഡ്റൂമുകളെല്ലാം ബാത്ത് അറ്റാച്ച്ഡാണ്. മാസ്റ്റര്‍ ബെഡിന്‍റെ ഫ്ളോറിന് വുഡന്‍ ഫിനിഷിലുള്ള വിട്രിഫൈഡ് ടൈലാണ് തെരെഞ്ഞെടുത്തത്. വീടിനു മുന്‍വശത്തെ അഭിമുഖീകരിക്കുന്ന മാസ്റ്റര്‍ ബെഡ് റൂമിലെ ചുമര്‍ പൂര്‍ണ്ണമായും ഗ്ലാസ്സിലാണ് നിര്‍മ്മിച്ചത്. 12 എം എം ഗ്ലാസ്സാണ് ഇതിനു വേണ്ടി ഉപയോഗിച്ചത്. പുറത്തെ മനോഹരമായ ലാന്‍ഡ്സ്കേപ്പിലേക്കും വീടിനു മുന്നിലായി കിടക്കുന്ന വിശാലമായ പറമ്പിലേക്കുമുള്ള മനോഹരമായ വ്യൂ ഇവിടെ നിന്നു ലഭിക്കും. ഫാള്‍സ് സീലിംഗും കോവ് ലൈറ്റുകളും ബെഡ് റൂമിന്‍റെ ഇന്‍റരീരിയറിനെ മനോഹരമാക്കുന്നു. വാള്‍പേപ്പറുകളുടെ സാന്നിധ്യവും ഇവിടെ കാണാം.

മനോഹരമായൊരു ബാല്‍ക്കണിയാണ് മുകള്‍ നിലയിലെ മറ്റൊരു കൗതുകം. ഫോര്‍മല്‍ ലിവിംഗിലെ ഫ്രെഞ്ച് വിന്‍ഡോ വഴിയാണ് ഇങ്ങോട്ടുള്ള എന്‍ട്രി. വിട്രിഫൈഡ് ടൈലാണ് ഇവിടെയും പാകിയത്. 45 ഡിഗ്രിയോളം ചെരിച്ചാണ് ടൈല്‍ പാകിയിരിക്കുന്നത്. എം എസ് കൊണ്ട് സീലിംഗും ചുമരും മനോഹരമാക്കിയിട്ടുണ്ട്. പര്‍ഗോളയ്ക്കു മുകളില്‍ പോളി കാര്‍ബണേറ്റ് ഷീറ്റ് നല്‍കി. ഗോള്‍ഡന്‍ യെല്ലോ, ബ്ലാക്ക് കോമ്പിനേഷനാണ് ഈ ബാല്‍ക്കണിയുടെ തീം.

 

 

Project Type: Residence

Location: Sarovaram, Calicut

Client: Mr. Dhanendran kozhipally & Prathiba

Designer: Sandeep Kollarakkandy

Design Style: Contemporary

Area: 3400 sq. ft

Plot: 7 cent

Completed In: 2015

Cost: 40 Lakhs

 

Meet the Designer

Sandeep.Kollarkandy

Firm: OVERAA ARCHITECTS

Firm Specialisations: Architecture & Interior Designing

Address: 1st floor, Limera Tower, Paniker road,

(Near) English church, Calicut.11

Ph: 0495-3210219.

Comments