Posted by

കിച്ചന്‍ ലൈറ്റിംഗ്

നല്ല വെളിച്ചത്തിന്റെ സാന്നിധ്യം ആവശ്യമുള്ള ഇടങ്ങളിലൊന്നാണ് കിച്ചന്‍. പകല്‍ സമയത്ത് ആവശ്യത്തിന് സൂര്യപ്രകാശവും വായുസഞ്ചാരവുമൊക്കെ ലഭിക്കുന്ന രീതിയിലായിരിക്കണം കിച്ചന്‍ ഡിസൈന്‍ ചെയ്യുന്നത്. യൂട്ടിലിറ്റിയ്ക്ക് സഹായകരമാവുന്ന രീതിയില്‍ വേണം ലൈറ്റിംഗ് നല്‍കുന്നത്. കിച്ചന്‍ ഇന്റീരിയറിന്റെ സ്വഭാവം നിര്‍ണയിക്കുന്നതില്‍ ലൈറ്റുകള്‍ക്കും നല്ലൊരു പങ്കുണ്ട്. സ്വാഭാവികമായ പ്രകാശവും ഇളംനിറങ്ങളുമാണ് കിച്ചനിലെ ലൈറ്റിംഗ് നിര്‍വഹിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധ നല്‍കുന്ന രണ്ടു ഘടകങ്ങള്‍.

മറ്റേതു സ്‌പെയ്‌സും എന്നതു പോലെ കിച്ചന്റെ വലിപ്പം തന്നെയാണ് എത്ര തരം ലൈറ്റിങ് വേണം, എങ്ങനെ ലൈറ്റിംഗ് ചെയ്യണം എന്നൊക്കെ തീരുമാനിക്കുമ്പോള്‍ പ്രഥമ പരിഗണന നല്‍കേണ്ട കാര്യം. സെന്‍ട്രല്‍ സീലിംഗ് ലൈറ്റുകളും ക്യാബിനറ്റുകള്‍ക്കു താഴെയായി നല്‍കുന്ന ടാക്‌സ് ലൈറ്റുകളു തന്നെ ധാരാളമാണ് ചെറിയ സ്‌പെയ്‌സിലുള്ള കിച്ചനുകള്‍ക്ക്. എന്നാല്‍ വലിപ്പം കൂടുന്നതിന് അനുസരിച്ച് ജനറല്‍ ലൈറ്റിംഗിനും ടാസ്‌ക് ലൈറ്റിംഗിനും പുറമെ കാബിനറ്റുകള്‍ക്കു വേണ്ടി ആക്‌സന്റ് ലൈറ്റുകളും നല്‍കേണ്ടതായി വരും.

ടാസ്‌ക് ലൈറ്റിംഗിന്റെ പ്രാധാന്യം
അടുക്കളയിലെ പൊതുവായ ആവശ്യങ്ങള്‍ക്ക് ജനറല്‍ ലൈറ്റിംഗ് മതിയാവും. ഇതിനു വേണ്ടി ചുമരിലോ സീലിങ്ങിലോ ആയി ഒന്നോ രണ്ടോ ഫഌറസെന്‍സ് ട്യൂബുകള്‍ നല്‍കിയാല്‍ മതി. ചുമരില്‍ പിടിപ്പിക്കുന്ന ലൈറ്റുകള്‍ ക്യാബിനറ്റിന്റെ നിഴല്‍ വീഴാത്ത രീതിയില്‍ ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ പച്ചക്കറി നുറുക്കുക, ഫിഷ് കട്ട് ചെയ്യുക, കുക്കിംഗ് തുടങ്ങിയ പ്രത്യേക ആവശ്യങ്ങള്‍ക്ക് അതാത് സ്‌പെയ്‌സില്‍ നല്ല വെളിച്ചം നല്‍കുന്ന ടാസ്‌ക് ലൈറ്റിങ് ആണ് ഉത്തമം. ടാസ്‌ക് ലൈറ്റിങിനു ഉപയോഗിക്കുന്ന ലൈറ്റുകള്‍ കാബിനറ്റുകളുടെ അടിയിലായാണ് സാധാരണ നല്‍കുന്നത്. ചെറിയ സി. എഫ്. എല്‍ ട്യൂബുകള്‍ ഇതിനായി ഉപയോഗിക്കുന്നു.

കാബിനറ്റുകള്‍ക്ക് ഉള്ളില്‍ ഫോക്കസ് ലൈറ്റുകള്‍ നല്‍കുന്ന രീതിയും നിലവിലുണ്ട്, ലോ വോള്‍ട്ടേജ് ടങ്സ്റ്റണ്‍ ഹാലോജന്‍ ബള്‍ബുകള്‍ ഇതിനായി ഉപയോഗിച്ചു വരുന്നു. വാഷിംഗ് ഏരിയ, കട്ടിംഗ് ഏരിയ. സിങ്ക് എന്നിവിടങ്ങളിലൊക്കെ ടാസ്‌ക് ലൈറ്റിന്റെ പ്രകാശം ഉണ്ടെങ്കില്‍ അവ ജോലികള്‍ എളുപ്പമാക്കും. സിങ്കിന് അരികില്‍ ജനലുകള്‍ സ്ഥാപിക്കുന്നതും വെളിച്ചത്തിന്റെ സാന്നിധ്യം കൂട്ടുന്ന കാര്യമാണ്. ഒരു പ്രത്യേക ഭാഗത്തെ മാത്രം കേന്ദ്രീകരിക്കുന്ന അഡ്ജസ്റ്റബിള്‍ ഫിക്‌ചേഴ്‌സോടു കൂടിയ സ്‌പോട്ട് ലൈറ്റും കിച്ചണില്‍ ഉപയോഗിക്കാറുണ്ട്. ഐലന്റ് കിച്ചണു മുകളിലായി പെന്‍ഡന്റ് ലാബ് വെയ്ക്കുന്നത് കിച്ചണ്‍ കൂടുതല്‍ മനോഹരമാക്കാന്‍ സഹായിക്കും. ഫിലമെന്റ് ബള്‍ബുകള്‍ അടുക്കളയുടെ അന്തരീക്ഷത്തിലെ ചൂട് വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. അടുക്കളയുടെ മോടി കൂട്ടാന്‍ ഡെക്കറേറ്റീവ് സ്ട്രിപ് ലൈറ്റുകളും ഉപയോഗിക്കാം.

അടുക്കളയോട് ചേര്‍ന്ന് ബ്രേക്ക് ഫാസ്റ്റ് ടേബിള്‍ വരുമ്പോള്‍ അതിനു മുകളില്‍ പ്രത്യേത ലൈറ്റിങ് സംവിധാനം വേണം. മനോഹരമായ ലൈറ്റ് പെന്‍ഡന്റോ ഹാംഗിഗ് ലൈറ്റുകളോ ഇതിനു വേണ്ടി ഉപയോഗിക്കാം. ഊര്‍ജ്ജക്ഷമത വര്‍ദ്ധിപ്പിക്കുന്ന എല്‍ ഇ ഡി ലൈറ്റുകളും അടുക്കളയുടെ ഭാഗമായി നല്‍കുന്ന രീതികള്‍ ഇന്ന് പ്രബലമാണ്.

 

Comments