Posted by

കിടിലന്‍ വീട്‌12 ലക്ഷത്തിന്‌

കൃത്യമായ സമയം പാലിക്കുകയും ഗുണമേന്മയുള്ളതും എന്നാല്‍ ബജറ്റില്‍ ഒതുങ്ങുന്നതുമായ ഉത്‌പന്നങ്ങള്‍ ഉപയോഗിച്ചതുകൊണ്ടാണ്‌ 12 ലക്ഷത്തില്‍ വീടൊരുക്കാന്‍ ഡിസൈനര്‍മാര്‍ക്ക്‌ കഴിഞ്ഞത്‌.

സമയത്തിന്റെ പരിമിതികളുള്ള മത്സ്യബന്ധനമാണ്‌ തൊഴിലെങ്കിലും വീടു പണിയില്‍ കൃത്യത കാണിച്ചത്‌ ഏറെ ഉപകരിച്ചുവെന്നാണ്‌ വീട്ടുടമയായ ഷിബുവിന്റെ അനുഭവം. കേവലം 12 ലക്ഷം രൂപയ്‌ക്കാണ്‌ 5 മാസം കൊണ്ട്‌ മത്സ്യ തൊഴിലാളിയായ ഷിബുവിന്‌ പുത്തനൊരു കണ്‍ടെംപ്രറി വീടൊരുക്കാന്‍ സാധിച്ചത്‌. സ്വന്തമായൊരു വീട്‌ എന്ന സ്വപ്‌നസാക്ഷാത്‌കാരത്തിന്‌ ഷിബുവിന്‌ കൂട്ടായത്‌ ബാല്യകാല സുഹൃത്തും ഡിസൈനറുമായ മുഖിലായിരുന്നു. കോഴിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സേണ്‍ ആര്‍ക്കിടെക്‌ച്ചറിലെ ഡിസൈനര്‍മാരായ മുഖില്‍, ഡിജേഷ്‌, ബബിത്‌, രാഗേഷ്‌ എന്നിവരാണ്‌ വീട്‌ പണിയ്‌ക്ക്‌ നേതൃത്വം നല്‍കിയത്‌.
പരിമിതികളെ മറികടന്ന്‌
ചെറിയ ബഡ്‌ജറ്റ്‌, പ്ലോട്ട്‌ എന്ന പരിമിതിയെ മറികടന്നു കൊണ്ടാണ്‌ വീട്‌ നിര്‍മ്മിച്ചത്‌. 1270 സ്‌ക്വയര്‍ഫീറ്റ്‌ വിസ്‌തീര്‍ണ്ണമുള്ള വീട്ടില്‍ നാലു കിടപ്പുമുറികളാണുള്ളത്‌. കൂടാതെ ഫോയര്‍, ലിവിങ്ങ്‌, ഡൈനിങ്ങ്‌, കിച്ചന്‍, വര്‍ക്ക്‌ ഏരിയ, അപ്പര്‍ ലിവിങ്ങ്‌ എന്നിവയും ഉള്‍പ്പെടുന്നു. സിറ്റൗട്ടില്‍ നിന്ന്‌ പ്രവേശിക്കുന്നത്‌ ഫോയര്‍ സ്‌പേയിലേക്കാണ്‌. ഇതിനടുത്തായിട്ടാണ്‌ സ്റ്റെയര്‍കേസ്‌ നിലകൊള്ളുന്നത്‌. എലവേഷനില്‍ കാണുന്ന മഞ്ഞ നിറത്തിലുള്ള പ്രൊജക്ഷന്‍ സ്റ്റെയര്‍ ഏരിയയുടേതാണ്‌. മുകള്‍ നിലയുമായി ബന്ധിപ്പിക്കുന്ന ഈ സ്റ്റെയറിന്‌ താഴെയായി സ്റ്റോറേജ്‌ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. ലിവിങ്ങ്‌ റൂം എന്ന രീതിയില്‍ പ്രത്യേകം ഒരു ഭാഗമൊന്നും സജ്ജീകരിച്ചിട്ടില്ല. താഴെയുള്ള ഒരു കിടപ്പുമുറി ലിവിങ്ങായി ഉപയോഗിക്കുന്നു. ഡൈനിങ്ങില്‍ നിന്ന്‌ പ്രവേശിക്കാവുന്ന രീതിയിലാണ്‌ ബാത്ത്‌റൂമോടു കൂടിയ 2 കിടപ്പുമുറികളും. മുകള്‍ നിലയില്‍ 2 കിടപ്പുമുറികളും, അപ്പര്‍ ലിവിങ്ങും, കോമണ്‍ ടോയ്‌ലറ്റും, ബാല്‍ക്കണിയുമാണുള്ളത്‌. പ്ലൈവുഡില്‍ പോളിഷ്‌ ചെയ്‌ത്‌ നിര്‍മ്മിച്ച വാര്‍ഡ്രോബുകളാണ്‌ കിടപ്പുമുറികളെ അലങ്കരിക്കുന്നത്‌. പുറകിലേക്ക്‌ പ്ലോട്ടിന്‌ വീതി കുറവായതിനാല്‍ നീണ്ടു കിടക്കുന്ന രീതിയിലാണ്‌ കിച്ചന്റെ രൂപകല്‌പന. എല്‍ ഷേപ്പിലുള്ള കിച്ചന്റെ സമീപത്തായി വര്‍ക്ക്‌ ഏരിയയും സ്ഥാനം പിടിച്ചിരിക്കുന്നു. ഗ്രാനൈറ്റ്‌ കൊണ്ടുള്ള കൗണ്ടര്‍ടോപ്പും ഫൈബര്‍ ബോര്‍ഡ്‌ കൊണ്ടുള്ള ക്യാബിനറ്റുകളുമാണ്‌ അടുക്കളയില്‍.
അടിത്തറ നിര്‍മ്മാണത്തിനായി കരിങ്കല്ലാണ്‌ ഉപയോഗിച്ചത്‌. പൂഴി നിറഞ്ഞ ഭാഗമായതിനാല്‍ തറയ്‌ക്ക്‌ ചെലവ്‌ അധികം വേണ്ടി വന്നു. വെട്ടുകല്ലും സിമന്റ്‌ പ്ലാസ്റ്ററിങ്ങുമാണ്‌ ഭിത്തി കെട്ടുവാന്‍ തെരഞ്ഞെടുത്തത്‌. പ്രധാന വാതിലിന്‌ ഇരുള്‍ മരത്തില്‍ തീര്‍ത്ത വാതിലാണ്‌ നല്‍കിയത്‌. മറ്റുള്ളവയ്‌ക്കെല്ലാം റെഡിമെയ്‌ഡ്‌ ഡോറുകള്‍ ഘടിപ്പിച്ചു. മിതമായ അലങ്കാരങ്ങളോടായിരുന്നു വീട്ടുകാര്‍ക്ക്‌ താത്‌പര്യമെന്നതിനാല്‍ ഫാള്‍സ്‌ സീലിങ്ങ്‌, പാനലിങ്ങ്‌ എന്നിവയെല്ലാം തീര്‍ത്തും ഒഴിവാക്കി. വീടിനടുത്ത്‌ നിന്നാണ്‌ പല നിര്‍മ്മാണസാമഗ്രികളും തെരഞ്ഞെടുത്തത്‌. അതിനാല്‍ തന്നെ ചെലവ്‌ ഗണ്യമായി കുറയ്‌ക്കുവാന്‍ സാധിച്ചു. കൃത്യമായ സമയം പാലിക്കുകയും ഗുണമേന്മയുള്ള എന്നാല്‍ ബഡ്‌ജറ്റില്‍ ഒതുങ്ങിയ ഉത്‌പന്നങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ്‌ 12 ലക്ഷത്തില്‍ വീടൊരുക്കാന്‍ ഡിസൈനര്‍മാര്‍ക്ക്‌ കഴിഞ്ഞത്‌.

Designers: Mukhil M. K., Dijesh O., Babith S. R., Ragesh C. M.
Concern Architectural Consultants
ElavanakandyParamba, East Nadakkavu,
Nadakkavu P.O., Calicut – 673011
Ph: 0495 2767030, 9895773322
Email: mail@concerncalicut.com

Comments