Posted by

കുഞ്ഞന്‍മരങ്ങളുടെ കൂട്ടുകാരന്‍!

തോരാതെ മഴ പെയ്യുന്ന ജൂലൈ മാസത്തിലെ ഒരു പ്രഭാതത്തിലാണ് കടവന്ത്ര മുട്ടത്തു ലെയിനിലെ സി.സി. സെബാസ്റ്റ്യന്‍റെ വീട്ടിലേക്ക് കടന്നു ചെല്ലുന്നത്. ബോണ്‍സായ്  ചെടികള്‍ക്കു മീതെ മഴ ചന്നംപിന്നം പെയ്യുമ്പോള്‍ അവയെ പരിപാലിച്ച് അരികില്‍ തന്നെയുണ്ടായിരുന്നു സെബാസ്റ്റ്യനും ഭാര്യ ക്ലാരയും. കടല്‍ കടത്തെിയ ബോണ്‍സായ് എന്ന കലയെ മലയാളികള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നതിന് മൂന്നര പതിറ്റാണ്ടു മുന്‍പു തന്നെ ഈ ദമ്പതികള്‍ ബോണ്‍സായ്  ചെടികളെ പ്രണയിച്ചു തുടങ്ങിയതാണ്. കഴിഞ്ഞ 36 വര്‍ഷമായി ഇവരുടെ ദിനരാത്രങ്ങള്‍ ഈ ചെടികളുമായി ബന്ധപ്പെട്ടിരിക്കുന്നു…. സെബാസ്റ്റ്യന്‍റെയും ക്ലാരയുടെയും ഒരു പകല്‍ ആരംഭിക്കുന്നത് ടെറസ്സിലെ ഇത്തിരിക്കുഞ്ഞന്‍ ചെടികളോട് ചെടികളോട് കിന്നാരം പറഞ്ഞു കൊണ്ടാണ്….

‘ എന്‍റെ ഫാദറിന്‍റെ കയ്യില്‍ കുറച്ചു ബോണ്‍സായ് ചെടികള്‍ ഉണ്ടായിരുന്നു. ആ ചെടികള്‍ കണ്ടപ്പോള്‍ കൗതുകം തോന്നി. എങ്ങനെയാണ് ഈ കുഞ്ഞന്‍ ചെടികള്‍ ഇത്ര മനോഹരമായി ഷെയ്പ്പ് ചെയ്തെടുക്കുന്നത് എന്നായിരുന്നു എനിക്കറിയേണ്ടിയിരുന്നത്. പലരോടും അന്വേഷിച്ചെങ്കിലും പലരും ബോണ്‍സായ് എന്ന പേര് കേട്ടിട്ടു കൂടിയില്ലായിരുന്നു. പക്ഷേ ഞാനെന്‍റെ അന്വേഷണം തുടര്‍ന്നു കൊണ്ടിരുന്നു. ബോണ്‍സായ് എന്ന കലയെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ സംഘടിപ്പിച്ചു വായിച്ചു. ബേസിക് കാര്യങ്ങള്‍ മനസ്സിലാക്കിയതോടെ പിന്നെ പരീക്ഷണമായി. ഒരു ഫൈക്കസ് ചെടിയാണ് ആദ്യമായി ബോണ്‍സായ്  ആക്കി മാറ്റിയത്. അതു വിജയമായപ്പോള്‍ ഏറെ സന്തോഷം തോന്നി.’  സെബാസ്റ്റ്യന്‍ പറയുന്നു.

1500 ല്‍ ഏറെ  ചെടികള്‍ ഇതിനകം ബോണ്‍സായ് ആക്കി മാറ്റാന്‍ സെബാസ്റ്റ്യനു കഴിഞ്ഞിട്ടുണ്ട്. പിതാവില്‍ നിന്നും കൈമാറി കിട്ടിയ, സെബാസ്റ്റ്യനെ ഈ കലയിലേക്ക് അടുപ്പിക്കാന്‍ നിമിത്തമായ ആ ബോണ്‍സായ് ചെടികള്‍ ഇപ്പോഴും ഈ ഗാര്‍ഡനില്‍ പുഞ്ചിരി തൂവി നില്‍പ്പുണ്ട്. സ്നേഹത്തിന്‍റെ അടയാളം പോലെ, പൈതൃതമായൊരു സ്വത്തെന്ന പോലെ സെബാസ്റ്റ്യന്‍ അവയെ സംരക്ഷിച്ചു പോരുന്നു. 45 വര്‍ഷത്തിലേറെ പഴക്കമുള്ള ഫൈക്കസ് ന്യൂഡ എന്ന വൃക്ഷമാണ് സെബാസ്റ്റ്യന്‍റെ ബോണ്‍സായി ശേഖരത്തിലെ ഏറ്റവും പഴക്കമുള്ള ചെടി. ‘ ഈ ചെടി എന്‍റെ കയ്യിലെത്തുമ്പോള്‍ തന്നെ ഇതിന് പത്തുവര്‍ഷത്തിലേറെ പ്രായമുണ്ടായിരുന്നു.’  മുതുമുത്തശ്ശന്‍ ഫൈക്കസ് ന്യൂഡയെ സ്നേഹത്തോടെ തലോടി കൊണ്ട് സെബാസ്റ്റ്യന്‍ പറയുന്നു.

32 വര്‍ഷത്തിലേറെ പഴക്കമുള്ള വാളന്‍പുളിയാണ് കൂട്ടത്തിലെ മറ്റൊരു സീനിയര്‍ സിറ്റിസണ്‍! അത്തി, ഇത്തി, മാവ്, കുടംപുളി, മുള, നാരകം, അമേരിക്കന്‍ പീനട്ട്, ചൈനീസ് എം, വാക, ഉങ്ങ്, ചൈനീസ് മണി ട്രീ, ഷഫ്ളേറിയ, ബെഗേഴ്സ് ബൗള്‍, പാല, കശുമാവ്, മന്ദാരം, കണിക്കൊന്ന, സുരിനാംചെറി, ചാമ്പ, ഇലുമ്പന്‍ പുളി തുടങ്ങി നിരവധിയേറെ മരങ്ങളും ചെടികളും കുഞ്ഞന്‍രൂപത്തില്‍ ഈ ടെറസ്സിലിരിപ്പുണ്ട്. എന്തിനധികം തെങ്ങിനെ പോലും ബോണ്‍സായ് ആക്കി മാറ്റാന്‍ സെബാസ്റ്റ്യനു കഴിഞ്ഞിരിക്കുന്നു. ‘എന്‍റെ ബോണ്‍സായ് പരീക്ഷണനിരീക്ഷണങ്ങള്‍’ എന്ന പേരില്‍ വേണമെങ്കില്‍ ഒരു പുസ്തകം തന്നെ എഴുതാവുന്നത്ര അനുഭവപരിചയം ഈ ഗാര്‍ഡന്‍ സെബാസ്റ്റ്യനു സമ്മാനിച്ചിരിക്കുന്നു. അതിലെ ഏറ്റവും കൗതുകകരമായ പരീക്ഷണം നടന്നത് ശംഖുപുഷ്പം ചെടിയിലാണ്. വള്ളിയായി വളരുന്ന  ശംഖുപുഷ്പത്തെ ബോണ്‍സായ് ആക്കിയപ്പോള്‍ അതൊരു മരത്തെ പോലെയായത് സെബാസ്റ്റ്യനെ തന്നെ വിസ്മയിപ്പിച്ചിരിക്കുന്നു. ഒരു ഹോബി എന്ന രീതിയില്‍ ആരംഭിച്ച ബോണ്‍സായ് നിര്‍മ്മാണം, സെബാസ്റ്റ്യന് ഇപ്പോള്‍ വരുമാനമാര്‍ഗ്ഗം കൂടിയാണ്. ലക്ഷങ്ങള്‍ വിലവരുന്ന ബോണ്‍സായ് ചെടികള്‍ പോലും ഈ ടെറസ്സ് ഗാര്‍ഡനില്‍ ഉണ്ട്. ‘ ആയിരത്തിന് അടുത്ത് ചെടികള്‍ ഇതിനകം വിറ്റുപോയിട്ടുണ്ട്. വ്യത്യസ്തമായ 650 ഓളം ചെടികള്‍ ഇപ്പോഴും ഇവിടെയുണ്ട്.’

ഒരു ചെടിയെ എങ്ങനെ ബോണ്‍സായ് ആക്കാം?
1. വിത്തുപാകിയും തൈ മുളപ്പിച്ചെടുത്തും ബോണ്‍സായ് ചെടികള്‍ ഉണ്ടാക്കാം. സാധാരണ വിത്തുപാകി ഉണ്ടാക്കുന്ന ചെടികള്‍ വളരാന്‍ ഏറെ സമയമെടുക്കാറുണ്ട്. അതുകൊണ്ടു തന്നെ പാറയിടുക്കുകളിലോ കെട്ടിടങ്ങളിലോ മെറ്റലും ചരലും വിരിച്ച മുറ്റത്തോ ഒക്കെ പറ്റിപ്പിടിച്ചു വളരുന്ന ചെടികളാണ് പലരും ബോണ്‍സായ് ചെയ്യാന്‍ വേണ്ടി തെരെഞ്ഞെടുക്കുന്നത്. ഗ്രാഫ്റ്റിംഗ് വഴിയും ബോണ്‍സായ് നിര്‍മ്മിക്കാറുണ്ട്.
2. മിനിമം ഷെയ്പ്പുള്ളൊരു ചെടി തെരെഞ്ഞെടുത്ത്, പരന്ന പാത്രത്തില്‍ ചെടി നട്ടതിനു ശേഷം വേണ്ട ആകൃതിയിലേക്ക് ശാഖകളും ഇലകളും കട്ട് ചെയ്ത് കമ്പി കെട്ടുകയാണ് അടുത്ത ഘട്ടം. ബോണ്‍സായ് ചെടികളുടെ ആകൃതികളെ കുറിച്ചറിയാന്‍ ഇന്‍റര്‍നെറ്റിലെ ട്യൂട്ടോറിയലുകള്‍ സഹായിക്കും.
3. കമ്പി കെട്ടി ഷെയ്പ്പ് ചെയ്തെടുത്ത ചെടി പഴയ ചട്ടിയില്‍ നിന്ന് എടുത്ത് കമ്പി നീക്കം ചെയ്യുക. വലിയ വേരുകളാണ് ചെടിയ്ക്കെങ്കില്‍ അവയും ഒന്നു ഡ്രിം ചെയ്തെടുക്കാം. ശേഷം ബോണ്‍സായ് പോട്ടിലേക്ക് മാറ്റി നടുക.
4. ചുവന്ന മണ്ണ്, ആറ്റുമണല്‍, മേല്‍മണ്ണ് എന്നിവ സമം ചേര്‍ത്താണ് ബോണ്‍സായ് ചട്ടി നിറയ്ക്കേണ്ടത്. ഇതിലേക്ക് ഒരു ചട്ടിയ്ക്ക് ഒരു പിടി എന്ന കണക്കില്‍ ജൈവവളം ചേര്‍ക്കുക. മണ്ണിര കമ്പോസ്റ്റ്, സെറാമില്‍, എല്ലുപൊടി എന്നിവയൊക്കെ നല്ല ജൈവവളമാണ്. കഴിയുന്നതും രാസവളം ഒഴിവാക്കുന്നതാണ് ചെടികളുടെ ആയുസ്സിന് നല്ലത്.
5. ചെടികള്‍ ഇടയ്ക്ക് ആകൃതിയ്ക്ക് അനുസരിച്ച് പ്രൂണിംഗ് ചെയ്യണം. അതുപോലെ കൃത്യമായ ഇടവേളകളില്‍ പുതിയ കൂമ്പുകള്‍ നുള്ളി കളയാനും ശ്രമിക്കണം. ഇതിന് നിപ്പിംഗ് എന്നാണ് പറയുന്നത്.
6. കൃത്യമായ പരിചരണം വേണ്ട ഒന്നാണ് ബോണ്‍സായ് ചെടികള്‍. അമിതമായ വളപ്രയോഗവും വെള്ളവും ചെടികള്‍ക്ക് ദോഷം ചെയ്യും.  ദിവസവും ഒരുനേരമെന്ന കണക്കില്‍ വെള്ളം ഒഴിച്ചിരിക്കണം. അതുപോലെ മാസത്തിലൊരിക്കല്‍ ജൈവവളവും നല്‍കേണ്ടതുണ്ട്.
7. ചെടികള്‍ക്ക് മിനിമം നാലു മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
ഇന്‍ഡോറില്‍ വളര്‍ത്തുന്ന ബോണ്‍സായ് ചെടികള്‍ മൂന്നു ദിവസം കൂടുമ്പോള്‍ വീടിന്‍റെ സിറ്റൗട്ടിലേക്കോ ഇളം വെയില്‍ വീഴുന്ന ബാല്‍ക്കണിയിലേക്കോ മാറ്റി വെയ്ക്കുന്നത് നന്നായിരിക്കും.
8. ദൂരയാത്രയ്ക്കും മറ്റും പോവുമ്പോള്‍ ബോണ്‍സായ് ചെടികളുടെ പരിപാലനമാണ് പലരെയും കുഴപ്പത്തിലാക്കുന്നത്. അതിനും സെബാസ്റ്റ്യന്‍റെ കയ്യില്‍ ഒരു പൊടിക്കൈ ഉണ്ട്. കുറച്ചു ദിവസത്തേക്ക് വീട്ടില്‍ നിന്നു വിട്ടു നില്‍ക്കുകയാണെങ്കില്‍ ചെടിയുടെ അടുത്ത് മേശപ്പുറത്തായി ഒരു പാത്രത്തില്‍  വെള്ളം വെച്ച് അതില്‍ നിന്നും ഒരു നൂല്‍ ബോണ്‍സായി ചെടിയിലേക്ക് നല്‍കുക. ഈ നൂല്‍ വഴി ആവശ്യത്തിന് വെള്ളം ചെടികളിലെത്തും.
9. വളഞ്ഞുപിരിഞ്ഞുപോകുന്ന തായ്ത്തടികളാണ് ബോണ്‍സായ് ആക്കാന്‍ ഏറ്റവും നല്ലത്. അത്തരം തടിയുള്ള വൃക്ഷജനുസ്സുകള്‍ കണ്ടെത്തി അവയെ ബോണ്‍സായ് ആക്കി മാറ്റാം. അതുപോലെ നിറയെ ഇലകളുള്ള ചെടികളും ബോണ്‍സായ് ആക്കാന്‍ അത്യുത്തമമാണ്. പൂവ്, കായ് എന്നിവ നല്‍കുന്ന മരങ്ങള്‍ ബോണ്‍സായ് ആക്കുമ്പോള്‍ അവ കൗതുകവും ഉണര്‍ത്തുന്നുണ്ട്.
10. ബോണ്‍സായ് ചെടികളുടെ വില നിശ്ചയിക്കുന്നത് അവയുടെ ആകൃതി, ജനുസ്സ്, പ്രായം എന്നീ ഘടകങ്ങളാണ്. അതുകൊണ്ടു തന്നെ എപ്പോഴും കൗതുകമുണര്‍ത്തുന്ന ആകൃതിയില്‍ വേണം ബോണ്‍സായ് ചെടികള്‍ ഷെയ്പ്പ് ചെയ്തെടുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സെബാസ്റ്റ്യന്‍ സി.സി
ബോണ്‍സായി ഗാര്‍ഡന്‍
മുട്ടത്ത് ലെയിന്‍, കടവന്ത്ര
ഫോണ്‍: 9847453583

Comments