Posted by

കേരളീയതയുടെ തലയെടുപ്പ്‌

കാലം ഇവിടെ നിശ്ചലമാവുകയാണ്‌. കേരളീയ വാസ്‌തുകലയുടെ കാലാതീതമായ അഴക്‌ നിറഞ്ഞുനില്‍ക്കുകയാണ്‌ പി.വി.മുഹമ്മദ്‌ റഫീഖ്‌ ഡിസൈന്‍ ചെയ്‌ത ഈ പുതിയ വീട്ടില്‍

കേരളീയ ശൈലിയുടെ തനതായ ഗാംഭീര്യം നെറ്റിപ്പട്ടമണിഞ്ഞ്‌ നില്‍ക്കുന്ന ശ്രീനിലയം വീട്‌. നീണ്ടു നിവര്‍ന്നു കിടക്കുന്ന പച്ചപ്പരവതാനിയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഈ പരമ്പരാഗത വീട്‌ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിലാണ്‌ സ്ഥിതിചെയ്യുന്നത്‌. സുഹൃത്തിന്റെ പുതിയ വീട്‌ കാണുവാന്‍ പോയ സന്ദര്‍ഭത്തിലാണ്‌ ഡിസൈനറായ മുഹമ്മദ്‌ റഫീഖിനെ പരിചയപ്പെടുന്നത്‌. സുഹൃത്തിന്റെ വീട്‌ ഇഷ്ടപ്പെട്ടതിനാല്‍ അത്‌ ഡിസൈന്‍ ചെയ്‌ത ഡിസൈനറെ തന്നെ വീട്‌ പണി ഏല്‍പ്പിക്കുകയായിരുന്നു. കാലാതീതമായ സൗന്ദര്യം നിറഞ്ഞൊഴുകുന്ന വീട്‌ കേരളീയ വാസ്‌തുകലയുടെ മുഖമുദ്രയായി മാറുന്നു. ചരിഞ്ഞ മേല്‍ക്കൂരയും തൂവാനവും ചുറ്റിനും ധാരാളം പച്ചപ്പുമാണ്‌ വീടിനെ വ്യത്യസ്‌തമാക്കുന്നത്‌. ഏതു കാലാവസ്ഥയ്‌ക്കും അനുയോജ്യമായ രീതിയില്‍ നിര്‍മ്മിച്ച വീട്‌ വേനല്‍ക്കാലത്ത്‌ തണുപ്പേകിയും ശൈത്യമുള്ളപ്പോള്‍ ചൂടേകിയും സംരംക്ഷണത്തിന്റെ കുട ചൂടി നില്‍ക്കുന്നു.
സ്വാഭാവിക ഭംഗിയോടെ നിലകൊള്ളുന്ന വീട്‌ 5000 സ്‌ക്വയര്‍ഫീറ്റ്‌ വിസ്‌തൃതിയിലാണുള്ളത്‌. മൂന്നു കിടപ്പുമുറികളും ധാരാളം പൊതു ഇടങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ്‌ ഈ ഒറ്റനില വീടിന്റെ നിര്‍മ്മിതി. വിശാലതയും ലക്ഷ്വറിയും ഗ്രീനറിയുമെല്ലാം കൈകോര്‍ക്കുന്ന മനോഹരമായൊരു വീടാണ്‌ ഗൃഹനാഥന്‍ ഡിസൈനര്‍ റഫീഖിനോട്‌ ആവശ്യപ്പെട്ടിരുന്നത്‌. അതിനനുസൃതമായി തന്നെ പ്രകൃതിയെ ഹനിക്കാതെ അവയുമായി ഇടപിഴകാനുള്ള സാഹചര്യം ഈ നിര്‍മ്മിതിയിലൂടെ സൃഷ്ടിച്ചിരിക്കുന്നു.
പച്ചപ്പിലൂടെ
വലിയ വുഡന്‍ ഗേറ്റുകളാണ്‌ വീടിനുള്ളിലേക്ക്‌ സ്വാഗതമോതുന്നത്‌. ഇന്തോനേഷ്യയില്‍ നിന്ന്‌ കൊണ്ടുവന്ന റസ്‌റ്റിക്‌ വുഡ്‌ കൊണ്ടാണ ഗേറ്റ്‌ പണിതത്‌. ലാന്റ്‌സ്‌കേപ്പിന്റെ ഭാഗമായി നില്‍ക്കുന്ന ഗസീബോവാണ്‌ ഇവിടുത്തെ മറ്റൊരാകര്‍ഷണം.
വിശാലമായ നീളന്‍ വരാന്തകളും ഒാട്‌ പാകിയ മേല്‍ക്കൂരയും വീടിന്‌ കേരളീയ ഭാവം കൊണ്ടുവരുന്നതില്‍ സവിശേഷമായ പങ്ക്‌ വഹിക്കുന്നു. വീടിനോട്‌ ചേര്‍ന്ന്‌ തന്നെ ഗസീബോവും ചെറിയ ജലാശയവും കുടികൊള്ളുന്നത്‌. ട്രെസ്‌ വര്‍ക്ക്‌ ചെയ്‌ത മേല്‍ക്കൂരയില്‍ വിദേശത്ത്‌ നിന്ന്‌ കൊണ്ടുവന്ന ഓടുകള്‍ പതിക്കുകയായിരുന്നു. രണ്ടു വശത്തേക്കും നീണ്ടു കിടക്കുന്ന വരാന്തകളാണ്‌ വീട്ടില്‍ നല്‍കിയത്‌. റസ്റ്റിക്‌ ഫിനിഷിലുള്ള ഇറ്റാലിയന്‍ മാര്‍ബിളും ബ്രാസുമാണ്‌ ഇവിടുത്തെ ഫ്‌ളോറിങ്ങിന്‌ പ്രൗഢിയേകുന്നത്‌. വരാന്തയില്‍ നിന്ന്‌ ഫോയറിലേക്കാണ്‌ പ്രവേശനം നല്‍കിയിരിക്കുന്നത്‌. ഇതിന്‌ വലതു ഭാഗത്തായാണ്‌ ഫോര്‍മല്‍ ലിവിങ്ങ്‌ സ്‌പേയ്‌സുള്ളത്‌. ഡിസൈനിനുസരിച്ച്‌ വാങ്ങിയ സോഫാ സെറ്റിയാണ്‌ ഇവിടെ അലങ്കാരമാകുന്നത്‌.
കോര്‍ട്ട്‌യാഡാണ്‌ ഹൈലൈറ്റ്‌
ഫാമിലി ഏരിയയ്‌ക്കു സമീപമുള്ള കോര്‍ട്ട്‌ യാഡിനെ കേന്ദ്രീകരിച്ചാണ്‌ ഇവിടുത്തെ പൊതുഇടങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്‌. ഫോര്‍മല്‍ ലിവിങ്ങില്‍ നിന്ന്‌ ഗ്ലാസ്‌ പാര്‍ട്ടീഷന്‍ നല്‍കിയാണ്‌ കോര്‍ട്ട്‌ യാഡിനെ വേര്‍ത്തിരിച്ചിരിക്കുന്നത്‌. ഡൈനിങ്ങ്‌, ഓപ്പന്‍ കിച്ചന്‍ എന്നിവയെല്ലാം കോര്‍ട്ട്‌ യാഡിനെ കേന്ദ്രീകരിച്ചാണ്‌ നിലകൊള്ളുന്നത്‌. കോര്‍ട്ട്‌ യാഡിനെ വെറുമൊരു കാഴ്‌ച്ച വസ്‌തുവാക്കുവാന്‍ താത്‌പര്യമില്ലാത്തതിനാല്‍ വാഷ്‌ ഏരിയ അതിനടുത്തായി നല്‍കി യൂട്ടിലിറ്റി ഏരിയയാക്കി മാറ്റി. ഫാമിലി ലിവിങ്ങില്‍ നിന്നുമാണ്‌ മാസ്റ്റര്‍ ബെഡ്‌റൂമിലേക്കും പാരന്റസ്‌ റൂമിലേക്കുമുള്ള പ്രവേശനം.
ഫാമിലി ലിവിങ്ങിന്റെ നടുവിലായാണ്‌ ഇവിടുത്തെ സ്റ്റെയര്‍കേസുള്ളത്‌. ഹോം തിയ്യറ്റര്‍ സജ്ജീകരിച്ചിട്ടുള്ള മെസനിന്‍ ഫ്‌ളോറിലേക്കാണ്‌ സ്‌റ്റെയര്‍കേസ്‌ ചെന്നെത്തുന്നത്‌. വുഡന്‍ പ്ലാങ്കുകള്‍ നല്‍കിയാണ്‌ സ്റ്റെയര്‍ സ്റ്റെപ്പുകള്‍ തീര്‍്‌ത്തത്‌. കൂടാതെ തേക്കു കൊണ്ടുള്ള ഹാന്‍ഡ്‌റെയ്‌ലും സ്റ്റെയര്‍ കേസിനെ ഇവിടുത്തെ ഹൈലൈറ്റ്‌ ഏരിയയാക്കി മാറ്റുന്നു. പാന്‍ട്രി കം ബ്രേക്ക്‌ഫാസ്റ്റ്‌ ടേബിളാണ്‌ ഓപ്പന്‍ കിച്ചന്റെ പ്രത്യേകത.
വാതിലും ജനാലകളും എല്ലാം തന്നെ തേക്ക്‌ കൊണ്ടാണ്‌ നിര്‍മ്മിച്ചിട്ടുള്ളത്‌. പരിപാലനം എളുപ്പമാകുന്ന തരത്തില്‍ എന്നാല്‍ ലക്ഷ്വറി ഫീലില്‍ തന്നെയാണ്‌ വീടിനകത്തളം നിര്‍മ്മിച്ചിരിക്കുന്നത്‌. തറവാട്‌ വീടിനോടുള്ള ഗൃഹാതുരത്വം മൂലം പുതിയ വീടിനും അതേ ശൈലി തന്നെ പിന്‍തുടരുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ പഴയ വീടിന്‌ പുനരുജ്ജീവനം നല്‍കുകയായിരുന്നു ഈ നിര്‍മ്മിതിയിലൂടെ ഡിസൈനര്‍ ചെയ്‌തത്‌.
റിപ്പോര്‍ട്ട്‌ അനുജ പി മധു

Designer P.V. Muhammed Rafeeq
NIMFRA Architects
Nut Street, Vadakara, Calicut – 673104
Ph: 0496 2516862, Mob: 9446534722
Email: nimfraarchitects@gmail.com

Comments