Posted by

കോട്ടക്കലിലെ ഈ വീട്‌ നിയന്ത്രിക്കുന്നത്‌്‌ സൗദി അറേബ്യയില്‍ നിന്ന്‌

സൗദി അറേബ്യയില്‍ ഇരുന്നു വീട്ടുകാര്‍ക്ക്‌ കോട്ടക്കലിലെ വീട്ടിലെ ലൈറ്റ്‌ ഓഫ്‌ ചെയ്യാം. കര്‍ട്ടന്‍ മാറ്റാം. മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാം. ചെടികള്‍ നനയ്‌ക്കാം…. ദൂരങ്ങളെ തോല്‍പ്പിക്കുന്ന ഹോം ഓട്ടോമേഷന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ്‌ കോട്ടക്കലിലെ തോപ്പില്‍ എന്ന ഈ ഫോര്‍ത്ത്‌ ജനറേഷന്‍ വീടൊരുക്കിയിരിക്കുന്നത്‌. സൗദി അറേബ്യയില്‍ ബിസിനസ്സു ചെയ്യുന്ന മണ്‍സൂര്‍ ആലമിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്‌നവീട്‌ സാക്ഷാത്‌കരിച്ചിരിക്കുന്നത്‌ ഡിസൈനര്‍ മുഹമ്മദ്‌ മുനീര്‍ ആണ്‌. കാലാവസ്ഥയെ അതിജീവിക്കുന്ന രീതിയിലുള്ള ഡിസൈനാണ്‌ ഇവിടെ സ്വീകരിച്ചിരിക്കുന്നത്‌. രണ്ടു ലെവലിലായാണ്‌ പ്ലോട്ട്‌ വരുന്നത്‌. താഴത്തെ ലെവലിലാണ്‌ ബെയ്‌സ്‌മെന്റ്‌ ഫ്‌ളോര്‍, ഗ്യാരേജ്‌, സര്‍വന്റ്‌ റൂം, റിക്രിയേഷന്‍ ഏരിയ എന്നിവയൊക്കെ ക്രമീകരിച്ചിരിക്കുന്നത്‌. 50 സെന്റ്‌ പ്ലോട്ടില്‍ ഏതാണ്ട്‌ 30 സെന്റോളം വരുന്ന ഭൂമിയില്‍ ആയാണ്‌ വീടും ലാന്‍ഡ്‌സ്‌കേപ്പും വരുന്നത്‌. ബാക്കി പ്ലോട്ടിനെ അങ്ങനെ തന്നെ നിലനിര്‍ത്തിയിരിക്കുന്നു.
പ്രധാന ഗേറ്റ്‌ കടന്ന്‌ ഒരു ചെറിയ സ്ലോപ്പ്‌ ഇറങ്ങിയാല്‍ മുറ്റത്തെത്തിച്ചേരാം. മെറ്റലും ആര്‍ട്ടിഫിഷല്‍ വുഡും കൊണ്ടും ക്ലാഡ്ഡ്‌ ചെയ്‌തെടുത്ത കണ്‍ടെംപ്രറി ഡിസൈനിലുള്ള ഗേറ്റാണ്‌ ഇവിടെ നല്‍കിയിരിക്കുന്നത്‌.
പല തട്ടുകളിലായി നല്‍കിയിരിക്കുന്ന ലാന്‍ഡ്‌സേക്‌പ്പ്‌ ഏരിയയാണ്‌ മുറ്റത്തേക്ക്‌ പ്രവേശിക്കുമ്പോള്‍ നമ്മെ വരവേല്‍ക്കുന്നത്‌. നാച്യുറല്‍ ഗ്രാനൈറ്റാണ്‌ ഫ്‌ളോറില്‍ പാകിയിരിക്കുന്നത്‌.കാന്‍ഡിലിവര്‍ കണ്‍സെപ്‌റ്റിലൊരുക്കിയ ഒരു ബ്ലോക്കിനു താഴെയായാണ്‌ കാര്‍പോര്‍ച്ച്‌ നല്‍കിയിരിക്കുന്നത്‌. കാര്‍പോര്‍ച്ചിന്‌ അരികില്‍ നിന്നും താഴേക്ക്‌ പോവുന്ന റാമ്പ്‌ അണ്ടര്‍ ഗ്രൗണ്ടിലെ ഗ്യാരേജിലേക്കാണ്‌ നയിക്കുന്നത്‌. കണ്‍ടെംപ്രറി ഡിസൈനില്‍ തന്നെയാണ്‌ വീടിന്റെ പ്രധാന സ്‌ട്രെക്‌ച്ചര്‍ ഒരുക്കിയിരിക്കുന്നത്‌. വീടിന്റെ വശങ്ങളിലായി നല്‍കിയ ഷോ വാളുകള്‍ക്ക്‌ പെയിന്റ്‌ ഫിനിഷ്‌ നല്‍കിയിരിക്കുന്നു. ഗ്രാനൈറ്റ്‌ സ്റ്റോണ്‍ കൊണ്ട്‌ വാള്‍ ക്ലാഡ്ഡിംഗും നല്‍കിയിട്ടുണ്ട്‌.
ബേസ്‌മെന്റ്‌, ഗ്രൗണ്ട്‌, മെസനെന്‍, ഫസ്റ്റ്‌ ഫ്‌ളോര്‍ എന്നിങ്ങനെ നാലു ലെവലായിട്ടാണ്‌ ഇവിടെ സ്‌പെയ്‌സുകള്‍ ക്രമീകരിച്ചിരിക്കുന്നത്‌. കാര്‍പോര്‍ച്ചില്‍ നിന്നും നേരിട്ട്‌ പ്രവേശിക്കുന്നത്‌ വിശാലമായൊരു സിറ്റൗട്ടിലേക്കാണ്‌. ഇവിടെ നിന്നും ഫോയര്‍ വഴി ഫോര്‍മല്‍ ലിവിംഗിലെത്തി ചേരാം. ഒരു ഗ്ലാസ്സ്‌ പാര്‍ട്ടീഷന്‍ നല്‍കി ഫോര്‍മല്‍ ലിവിംഗിനെ വേര്‍ത്തിരിച്ചിരിക്കുന്നു. നാച്യുറല്‍ തേക്കിന്റെയും ഇറ്റാലിയന്‍ മാര്‍ബിളിന്റെയും കോമ്പിനേഷന്‍ ഡിസൈനാണ്‌ ഫ്‌ളോറില്‍ നല്‍കിയിരിക്കുന്നത്‌. ഇംപോര്‍ട്ട്‌ ചെയ്‌ത ഇറ്റാലിയന്‍ ബ്രാന്‍ഡായ നാറ്റുസി ഇറ്റാലിയയുടെ സോഫകളാണ്‌ ലിവിംഗിനെ അലങ്കരിക്കുന്നത്‌. ടീക്ക്‌ വുഡ്‌ റീപ്പറുകള്‍ ഉപയോഗിച്ച്‌ ചുമരിലും പാനല്‍ വര്‍ക്ക്‌ ചെയ്‌തിട്ടുണ്ട്‌. പെയിന്റ്‌ ഫിനിഷ്‌ ചെയ്‌ത്‌ ഹൈലൈറ്റ്‌ ചെയ്‌തെടുത്ത ചുമരില്‍ ട്രീ തീമിലുള്ള മനോഹരമായൊരു വാള്‍ ആര്‍ട്ടും കാണാം. എല്‍ ഷേപ്പിലുള്ള ലിന്റല്‍ ലെവലിലേക്കും വ്യാപിക്കുന്ന ഒരു വലിയ വിന്‍ഡോയാണ്‌ ഈ ഏരിയയുടെ മറ്റൊരു പ്രത്യേകത. വുഡും പ്ലൈവുഡും വെനീറും ജിപ്‌സവും ഉപയോഗിച്ച്‌ ഹൈലൈറ്റ്‌ ചെയ്‌തെടുത്ത സീലിംഗില്‍ മനോഹരമായ ഹാംഗിഗ്‌ ലൈറ്റുകളും തൂക്കിയിരിക്കുന്നു. ഡബ്ബിള്‍ ഹൈറ്റിലാണ്‌ ഇവിടെ സീലിംഗ്‌ വരുന്നത്‌. സ്റ്റെയിന്‍ലെസ്സ്‌ സ്റ്റീല്‍ ലെക്ഷിനു മുകളില്‍ ടീക്ക്‌ വുഡ്‌ നല്‍കിയൊരുക്കിയ ഒരു ടീപോയ്‌ കൂടെ ഇവിടെ കാണാം.
ഫോയറിന്റെ ഇടതുവശത്തായാണ്‌ കോര്‍ട്ട്‌ യാര്‍ഡിന്റെ സ്ഥാനം. റസ്റ്റിക്‌ ഫീല്‍ വരുത്താനായി പോളിഷ്‌ ചെയ്യാത്ത മാര്‍ബിള്‍ ആണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. ഫ്‌ളോര്‍ ലെവലില്‍ വ്യത്യാസം വരുത്തി പെബിള്‍സ്‌ പാകിയും ക്യൂരിയോസുകളും ഇന്‍ഡോര്‍ പ്ലാന്റുകളും നല്‍കിയും ഈ കോര്‍ട്ട്‌ യാര്‍ഡിനെ ഹൈലൈറ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഒരു ചെറിയ ഷോ വാളും കോര്‍ട്ട്‌ യാര്‍ഡിനോട്‌ ചേര്‍ന്ന്‌ നല്‍കിയിട്ടുണ്ട്‌. സാന്റ്‌ സ്റ്റോണ്‍ കൊണ്ട്‌ ക്ലാഡ്ഡിംഗ്‌ നല്‍കിയ ഈ ഷോ വാളില്‍ ടോപ്പില്‍ മാര്‍ബിള്‍ നല്‍കിയിരിക്കുന്നു. മുകളിലായി നല്‍കിയ പര്‍ഗോള വഴി വെളിച്ചം വീടിനകത്തേക്ക്‌ വിരുന്നെത്തുന്നു. കോര്‍ട്ട്‌ യാര്‍ഡിനോട്‌ ചേര്‍ന്നു തന്നെയാണ്‌ സ്റ്റെയര്‍ യൂണിറ്റും വരുന്നത്‌.
ഫോയറില്‍ നിന്നും നേരേ മുന്നോട്ട്‌ നടന്ന്‌ വലതുവശത്തേക്ക്‌ തിരിയുമ്പോള്‍ വിശാലമായ ഡൈനിംഗ്‌ സ്‌പേസിലെത്തിച്ചേരാം. 10 സീറ്റര്‍ ഡൈനിങ്‌ യൂണിറ്റാണ്‌ ഈ ഏരിയയുടെ പ്രത്യേകത. മനോഹരമായൊരു ക്രോക്കറി യൂണിറ്റും ഇവിടെ നല്‍കിയിട്ടുണ്ട്‌. ഇംമ്പോര്‍ട്ടഡ്‌ ചെയറുകളാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. നാച്യുറല്‍ വുഡും ഗ്ലാസ്സും ഉപയോഗിച്ച്‌ കസ്റ്റമെയ്‌ഡായി നിര്‍മ്മിച്ചെടുത്തതാണ്‌ ഡൈനിംഗ്‌ ടേബിള്‍. ഡബ്ബിള്‍ ഹൈറ്റ്‌ തന്നെയാണ്‌ ഡൈനിംഗ്‌ ഏരിയയുടെയും പ്രത്യേകത. മുകളില്‍ നിന്നും ഡൈനിംഗിലേക്ക്‌ നല്ല വ്യൂ ലഭിക്കുന്ന രീതിയിലാണ്‌ സ്‌പേസുകള്‍ പ്ലാന്‍ ചെയ്‌തിരിക്കുന്നത്‌.
ഡൈനിംഗിന്‌ അരികില്‍ നിന്നും കിച്ചനിലേക്ക്‌ പ്രവേശിക്കാം. ഇറ്റാലിയന്‍ മാര്‍ബിള്‍ തന്നെയാണ്‌ കിച്ചന്റെ ഫ്‌ളോറിനേയും അലങ്കരിക്കുന്നത്‌. കൊറിയോണ്‍ കൗണ്ടര്‍ ടോപ്പില്‍ ഉപയോഗിച്ചു. ഐലന്റ്‌ കണ്‍സെപ്‌റ്റിലാണ്‌ ഇവിടെ കിച്ചന്‍ ഒരുക്കിയിരിക്കുന്നത്‌. ഗ്ലാസ്സും മറൈന്‍ പ്ലൈയും എസ്‌ എസും ഉപയോഗിച്ചാണ്‌ കിച്ചന്‍ കാബിനറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. കിച്ചനോട്‌ ചേര്‍ന്ന്‌ ഒരു വര്‍ക്ക്‌ ഏരിയ സ്‌പേസും നല്‍കിയിട്ടുണ്ട്‌.
സ്റ്റെയര്‍ കയറി ചെല്ലുമ്പോള്‍ റീപ്പര്‍ ടൈപ്പിലുള്ള ഒരു ഫ്‌ളോറിലെത്തിചെരും. ഈ മെസനിന്‍ ഫ്‌ളോറില്‍ നിന്നുമാണ്‌ മാസ്റ്റര്‍ ബെഡ്‌ റൂമിലേക്കുള്ള എന്‍ട്രി. വീടിന്റെ മൊത്തം ഡിസൈനില്‍ തന്ത്രപ്രധാനമായൊരു പൊസിഷനാണ്‌ ഈ മാസ്റ്റര്‍ ബെഡ്‌ റൂമിന്റേത്‌. കാര്‍പോര്‍ച്ചിനു മുകളിലായി വരുന്ന കാന്‍ഡിലിവര്‍ ബ്ലോക്കാണ്‌ യഥാര്‍ത്ഥത്തില്‍ ഈ മാസ്റ്റര്‍ ബെഡ്‌ റൂം. ലക്ഷ്വറി, പോഷ്‌ ഫീലിലുള്ള വലിയൊരു മുറിയെന്ന വീട്ടുകാരുടെ ആവശ്യത്തിന്‌ അനുസരിച്ചാണ്‌ ഈ ബെഡ്‌ റൂം ഡിസൈന്‍ ചെയ്‌തിരിക്കുന്നത്‌. രണ്ടുവശത്തുമായി നല്‍കിയിരിക്കുന്ന വിശാലമായ വിന്‍ഡോകളാണ്‌ ഈ ബെഡ്‌ റൂമിന്റെ മറ്റൊരു പ്രത്യേകത. ഗ്രേ കളര്‍ തീമാണ്‌ ഇവിടെ സ്വീകരിച്ചിരിക്കുന്നത്‌. ടീക്ക്‌ വുഡിന്റെ സ്‌ട്രിപ്പു കൊണ്ടുള്ള ഫ്‌ളോറിംഗാണ്‌ മറ്റൊരു സവിശേഷത. ഇവിടുത്തെ കര്‍ട്ടനുകള്‍ മാറ്റിയാല്‍ വീടിനു മുന്‍വശത്തേക്കും വശങ്ങളിലേക്കുമുള്ള ഒരു പനോരമിക്‌ വ്യൂ തന്നെ ലഭിക്കും. വാക്ക്‌ ഇന്‍ വാര്‍ഡ്രോബും വിശാലമായ ഡ്രസ്സിംഗ്‌ ഏരിയയും ഈ മുറിയോട്‌ അനുബന്ധമായി വരുന്നു.
അഞ്ചു ബെഡ്‌ റൂമുകളാണ്‌ ഈ വീട്ടില്‍ ആകെയുള്ളത്‌. താഴത്തെ നിലയില്‍ രണ്ടും മെസനിന്‍ ഫ്‌ളോറില്‍ ഒന്നും മുകളില്‍ രണ്ടുമെന്ന രീതിയിലാണ്‌ ബെഡ്‌ റൂമുകള്‍ ക്രമീകരിച്ചിരിക്കുന്നത്‌. താഴത്തെയും മുകളിലെയും ഗസ്റ്റ്‌ ബെഡ്‌ റൂമുകളോട്‌ ചേര്‍ത്ത്‌ ബാത്ത്‌ ടബ്ബുകള്‍ നല്‍കിയിട്ടുണ്ട്‌. മറ്റു ബാത്ത്‌ റൂമുകളിലെല്ലാം ബോഡി ജെറ്റുകള്‍ ആണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. വുഡന്‍ പര്‍ഗോളയും ഇറ്റാലിയന്‍ മാര്‍ബിള്‍ ഫ്‌ളോറുമെല്ലാമാണ്‌ താഴത്തെ ഗസ്റ്റ്‌ ബെഡ്‌ റൂമിനെ സവിശേഷമാക്കുന്നത്‌. മറൈന്‍ പ്ലൈ, വെനീര്‍ എന്നിവയൊക്കെ ഉപയോഗി്‌ച്ച്‌ ഫര്‍ണിഷിംഗും നല്‍കിയിരിക്കുന്നു. ഒരു സ്റ്റഡി/ റഫറന്‍സ്‌ ഏരിയയും ഇവിടെ നല്‍കിയിട്ടുണ്ട്‌.
കോര്‍ട്ട്‌ യാര്‍ഡിനു അഭിമുഖമായി ഒരു ജാലിവര്‍ക്ക്‌ ഡോര്‍ കാണാം. ഇത്‌ തുറക്കുന്നത്‌ പ്രെയര്‍ റൂമിലേക്കാണ്‌. അടുത്തു തന്നെയാണ്‌ ഫാമിലി ലിവിംഗ്‌ ഏരിയയുടെയും സ്ഥാനം. ടെലിവിഷന്‌ ഇവിടെ സ്‌പേസ്‌ നല്‍കിയിരിക്കുന്നു. ഫാമിലി ലിവിംഗിലെ ഫോള്‍ഡിംഗ്‌ ഡോര്‍ തുറന്നാല്‍ പുറത്തെ ഡക്കിലേക്ക്‌ പ്രവേശിക്കാം. ഈ ഡക്ക്‌ ചെന്ന്‌ നില്‍ക്കുന്നത്‌ വീടിനു പിറകിലെ സ്വിമ്മിംഗ്‌ പൂളിലാണ്‌. ഒരു ഇറെഗുലര്‍ ഷേപ്പാണ്‌ ഈ പൂളിന്റെ പ്രത്യേകത. സുരക്ഷയും സ്വകാര്യതയും മുന്‍നിര്‍ത്തി ഈ ഭാഗത്ത്‌ കോമ്പൗണ്ട്‌ വാള്‍ ഡബ്ബിള്‍ ഹൈറ്റിലാണ്‌ നല്‍കിയത്‌.
ഹോം ഓട്ടോമേഷന്റെ പോസിറ്റീവ്‌ വശങ്ങളെല്ലാം ഉള്‍കൊണ്ടാണ്‌ ഈ സ്‌മാര്‍ട്ട്‌ ഹോം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌. ടെക്‌നോളജി വികസിച്ചുകൊണ്ടേയിരിക്കുന്ന ഇക്കാലത്ത്‌, വരുംകാല വീടുകള്‍ എങ്ങനെയായിരിക്കുമെന്നതിന്റെ ഒരുദാഹരണം പോലെ തോപ്പില്‍ വീട്‌ മന്ദസ്‌മിതം തൂകി നില്‍ക്കുന്നു.

Muhammed Muneer
Nufail Munneer Aossciates, Near Govt Homeopathic College,
Karaparamba – 673 010. Ph: 984724952

Comments