Posted by

ചെടി വാങ്ങാം, ഓണ്‍ലൈനായി!

ഓഫര്‍ സെയിലില്‍ ജീന്‍സും കുര്‍ത്തയും ലാപ്ടോപ്പും മൊബൈല്‍ ഫോണും വാച്ചും വാങ്ങാന്‍ മാത്രമല്ല, ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍. കണ്ട് ഇഷ്ടപ്പെട്ട ചെടികളും ഓണ്‍ലൈനായി ഇനി നമുക്ക് പര്‍ച്ചെയ്സ് ചെയ്യാം. നിങ്ങളുടെ പൂന്തോട്ടം അലങ്കരിക്കാന്‍ വേണ്ട ഓര്‍ക്കിഡും ആന്തൂറിയവും ഇന്‍ഡോര്‍ പ്ലാന്‍റുകളുമെല്ലാം ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ട് പര്‍ച്ചെയ്സ് ചെയ്യാനുള്ള അവസരമൊരുക്കി ഓണ്‍ലൈന്‍ ഷോപ്പിംഗിന്‍റെ അനന്തസാധ്യതകള്‍ നമുക്കു മുന്നില്‍ തുറന്നിടുകയാണ് സ്പ്രിംഗ്ഫിനിറ്റി ഡോട്ട് കോം. വെബ്സൈറ്റിലൂടെ ചെടി തെരെഞ്ഞെടുത്ത് പര്‍ച്ചെയ്സ് ചെയ്താല്‍ ചെടി മാത്രമല്ല, ചെടി പരിചരിക്കാന്‍ വേണ്ട സമ്പൂര്‍ണ്ണ കിറ്റുമാണ് സ്പ്രിംഗ്ഫിനിറ്റി വീട്ടിലെത്തിക്കുന്നത്. ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ക്കൊഴികെയുള്ള എല്ലാ ചെടികള്‍ക്കൊപ്പവും സ്റ്റാര്‍ട്ട് അപ്പ് കിറ്റുമുണ്ടാകും.

ഐ ഐ എം, എം ഐ സി എ എന്നിവിടങ്ങളില്‍ നിന്നും ബിരുദം നേടിയിറങ്ങിയ ആനന്ദ് ശങ്കര്‍, അമല്‍ റോയ്, ഷൈഫാസ് സലിം എന്നീ മൂന്നു യുവാക്കളാണ് സ്പ്രിംഗ്ഫിനിറ്റി ഡോട്ട് കോം എന്ന വേറിട്ട സംരഭത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വ്യത്യസ്തമായ ഇത്തരമൊരു ആശയം ആദ്യമുദിച്ചത് ആനന്ദ് ശങ്കറിന്‍റെ മനസ്സിലാണ്. തന്‍റെ അമ്മയ്ക്ക് ചെടികളോടും പച്ചപ്പിനോടുമുള്ള ഇഷ്ടവും ഗാര്‍ഡനിംഗ് ടിപ്സ് ചോദിച്ച് പലപ്പോഴും അമ്മയ്ക്ക് അരികിലെത്തുന്ന ഗാര്‍ഡന്‍ പ്രേമികളെയും കണ്ടു വളര്‍ന്ന ആനന്ദിന്‍റെ ഉ്ള്ളില്‍ ഗാര്‍ഡനിംഗിനോടുള്ള പാഷന്‍ എന്നുമുണ്ടായിരുന്നു. വീടിന്‍റെ അടുത്ത് പ്രവര്‍ത്തിക്കുന്ന അഗ്രി കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ വിദഗ്ധരുമായുള്ള അടുപ്പവും ആശയവിനിമയവും ആനന്ദിനെ ഗാര്‍ഡനിംഗിലേക്ക് കൂടുതല്‍ അടുപ്പിച്ചു. സമാന അഭിരുചികളുള്ള അമല്‍ റോയും ഷൈഫാസും ആനന്ദിന്‍റെ ഐഡിയയ്ക്ക് മുഴുവന്‍ സപ്പോര്‍ട്ടും വാഗ്ദാനം ചെയ്തിടത്തു നിന്നാണ് സ്പ്രിംഗ്ഫിനിറ്റിയുടെ പിറവി.

സ്പ്രിംഗിഫിനിറ്റിയെന്ന വ്യത്യസ്ത ആശയത്തെ കുറിച്ച് കേട്ടവരൊക്കെ ആദ്യം ചെയ്തത് ആനന്ദ്- അമല്‍- ഷൈഫാസ് ത്രയത്തെ കളിയാക്കുകയാണ്. ഐ ഐ എമ്മില്‍ നിന്നും ബിരുദം നേടിയിട്ട് പൂ വില്‍ക്കാന്‍ പോവുന്നോ? നിന്‍റെ കൂടെ പഠിച്ച കുട്ടികളൊക്കെ ഇപ്പോള്‍ വിദേശത്ത് നല്ല ജോലിയിലിരിക്കുന്നത് കണ്ടില്ലേ? തുടങ്ങിയ കണ്‍വെന്‍ഷണല്‍ ശൈലിയിലുള്ള ചോദ്യങ്ങളുടെ പെരുമഴ. പക്ഷേ മുന്നോട്ടു വെച്ച കാല്‍ പിറകോട്ടില്ലെന്ന തീരുമാനത്തില്‍ തന്നെ മൂവര്‍ സംഘം ഉറച്ചുനിന്നു. ആ ഇച്ഛാശക്തിയുടെ ഫലമാണ് സ്പ്രിംഗിഫിനിറ്റിയെന്ന വിജയകരമായ ഗാര്‍ഡന്‍ ഓണ്‍ലൈന്‍ സൈറ്റിലൂടെ അവര്‍ കൊയ്തെടുക്കുന്നത്.

ഈ യുവാക്കളെ സംബന്ധിച്ച് ഇത് കേവലമൊരു ബിസിനസ്സ് മാത്രമല്ല, അവരുടെ പാഷന്‍ കൂടിയാണ്. അതുകൊണ്ടാണ്, ചെടികള്‍ കൈമാറുന്നതിനൊപ്പം അവയുടെ പരിചരണത്തിന് ആവശ്യമായ ശാസ്ത്രീയമായ അറിവുകളും കൂടി കൈമാറാന്‍ ഇവര്‍ ശ്രമിക്കുന്നത്. ചെടികള്‍ മാത്രമല്ല, ഗാര്‍ഡനിംഗ് ആക്സസറീസ്, സര്‍വ്വീസ്, ഗ്രീന്‍ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് എന്നിവയെല്ലാം സ്പ്രിംഗ്ഫിനിറ്റിയുടെ പ്രത്യേകതയാണ്. സ്പ്രിംഗ്ഫിനിറ്റിയുടെ ചെടികള്‍ക്കൊപ്പം തന്നെ സ്റ്റാര്‍ട്ട് അപ്പ് കിറ്റും ഇവര്‍ നല്‍കുന്നുണ്ട്. പോട്ട്, കോക്കനട്ട് ഹസ്ക്, ചാര്‍കോള്‍, ഓര്‍ഗാനിക് വളം, സപ്ലിമെന്‍റ്, ഗ്ലൗവ്സ്, സ്പ്രെയര്‍, ചെടി പരിപാലനത്തെ കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ അടങ്ങിയ മാനുവല്‍ എന്നിവയെല്ലാം ഇതില്‍ പെടും.

ഓര്‍ക്കിഡ്, ആന്തൂറിയം, എക്സോട്ടിക് ഹോട്ടികള്‍ച്ചറല്‍ പ്ലാന്‍റ് എന്നിവയാണ് ഇപ്പോള്‍ സ്പ്രിംഗിഫിനിറ്റി വഴി കൂടുതലും വിറ്റു കൊണ്ടിരിക്കുന്നത്. കേരളം, ബാംഗ്ലൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഭൂരിഭാഗം ചെടികളും ഇവര്‍ ശേഖരിക്കുന്നത്. കേരളം, തമിഴ്നാട്, കര്‍ണാടക,  ഹൈദരാബാദ്,  മഹാരാഷ്ട്ര, ഗോവ, കൊല്‍ക്കത്ത, മധ്യപ്രദേശ്, ഡല്‍ഹി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെല്ലാം തന്നെ സ്പ്രിംഗ്ഫിനിറ്റിയുടെ സേവനം ലഭ്യമാണ്.

Comments