Posted by

ടേബിള്‍ ടോപ്പ് ഗാര്‍ഡന്‍

ഓഫീസിലെയും വീടുകളിലെയും സ്വീകരണമുറിയുടെ ടേബിളില്‍ നിന്നും ഡ്രൈ ഫ്ളവറുകളും പ്ലാസ്റ്റിക്ക് പൂക്കളും സ്ഥാനമൊഴിഞ്ഞിരിക്കുന്നു. ജീവനുള്ള ചെടികള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍റ്. ടേബിളിലെ ഈ ഇത്തിരിപ്പച്ചയ്ക്ക് ഗാര്‍ഡന്‍ പ്രേമികള്‍ ഒരു പേരും നല്‍കിയിരിക്കുന്നു- ടേബിള്‍ ടോപ്പ് ഗാര്‍ഡന്‍.  കാണാന്‍ ചന്തമുള്ള കൈ ഒതുക്കമുള്ള പാത്രങ്ങളിലായി ചെറിയ ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ വളര്‍ത്തി മേശപ്പുറം അലങ്കരിക്കുന്ന രീതിയാണ് ഇത്. വീടിന്‍റെ ഇന്‍റീരിയറിന് ഭംഗി കൂട്ടാന്‍ മാത്രമല്ല, മാനസികാരോഗ്യം മെച്ചപ്പെടുത്താനും ടേബിള്‍ ടോപ്പ് ഗാര്‍ഡന്‍ സഹായകരമാണെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്. മുറിക്കുള്ളിലെ ഓക്സിജന്‍റെ അളവ് വര്‍ധിപ്പിക്കാനും ഈ ചെടികള്‍ക്ക് സാധിക്കും. ഈ കാരണങ്ങളൊക്കെ തന്നെയാവാം ടേബിള്‍ ടോപ്പ് ഗാര്‍ഡനിംഗ് രീതിയെ ഇത്രയേറെ ട്രെന്‍ഡായി മാറ്റിയത്.

നിങ്ങളുടെ മേശപ്പുറത്തും പെന്‍സില്‍ സ്റ്റാന്‍റിനും ഫ്ളവര്‍ വെയ്സിനും ആന്‍റിക് രൂപങ്ങള്‍ക്കുമൊപ്പം മനോഹരമായ ടേബിള്‍ ടോപ്പ് ഗാര്‍ഡനും ഇടം നല്‍കാന്‍ ആഗ്രഹമുണ്ടോ? ടേബിള്‍ ടോപ്പ് ഗാര്‍ഡന്‍ ഉണ്ടാക്കാനായി മേശപ്പുറത്ത് ഒരു ലോഡ് മണ്ണടിക്കുകയൊന്നും വേണ്ട. ഇത് നിര്‍മ്മിക്കാന്‍ വളരെ എളുപ്പമാണ്. അധികം പണച്ചെലവുമില്ല. ഒരല്‍പ്പം ഭാവനയുണ്ടെങ്കില്‍ മനോഹരമായൊരു ടേബിള്‍ ടോപ്പ് ഗാര്‍ഡന്‍ നിങ്ങള്‍ക്കു സ്വയം തന്നെ നിര്‍മ്മിച്ചെടുക്കാം. മനോഹരമായ കുപ്പികളിലും മണ്‍പാത്രങ്ങളിലും സെറാമിക് പോട്ടുകളിലും ഇവ നിര്‍മ്മിക്കാം. പിവിസി പൈപ്പില്‍ വിടവുണ്ടാക്കി ഫേണ്‍ ചെടികളും ബ്രോമലൈഡുകളും വച്ചും ഗാര്‍ഡനുണ്ടാക്കും. ഡൈനിംഗ് ടേബിള്‍, ടീപോയ്, കമ്പ്യൂട്ടര്‍ ടേബിള്‍ എന്നിവയിലെല്ലാം ക്രിയാത്മകമായി ടേബിള്‍ ടോപ്പ് ഗാര്‍ഡന്‍ ഒരുക്കാനാവും.

ചെറിയ, കാണാന്‍ ഭംഗിയുള്ള ഇന്‍ഡോര്‍ പ്ലാന്‍റ് ആണ് ഇത്തരം ചട്ടികളില്‍ വളര്‍ത്തേണ്ടത്.  പഴയ ചായക്കോപ്പയോ പോര്‍സലൈന്‍ പാത്രമോ ഇതിനു വേണ്ടി ഉപയോഗപ്പെടുത്താം. ഗ്ലാസ്സ് പാത്രങ്ങള്‍ ഉപയോഗിക്കുന്നവരുമുണ്ട്. മണ്ണ് പുറത്തേക്കു കാണാം എന്നതാണ് ഇവയുടെ കുഴപ്പം. പാത്രങ്ങളില്‍ മണ്ണു നിറച്ച് ഇഷ്ടപ്പെട്ട ഇന്‍ഡോര്‍ പ്ലാന്‍റ് നടാം. മണ്ണിനു പകരം കൊക്കോപിറ്റും (ചകിരി ചോര്‍) ഉപയോഗിക്കാറുണ്ട്. വെള്ളം പുറത്തേക്ക് ഒലിച്ചിറങ്ങാത്ത പാകത്തില്‍ മാത്രമേ വെള്ളവും വളവും നല്‍കാവൂ. ഇടയ്ക്ക് ചെടിയെടുത്ത് ഒന്നു വെയില്‍ കൊള്ളിക്കാം. നനയ്ക്കാന്‍ ഉപയോഗിച്ച വെള്ളം അധികമായി ടെബിളില്‍ പടരുന്നത് ഒഴിവാക്കാനായി സെല്‍ഫ് വാട്ടറിംഗ് പോട്ട് ഉപയോഗിക്കാം. ഇത്തരം പോട്ടുകള്‍ വിപണിയില്‍ ലഭിക്കും. 8 ഇഞ്ച്, 6 ഇഞ്ച് വലിപ്പത്തിലുള്ള ഇത്തരം പോട്ടുകള്‍ക്ക് 200-300 രൂപ വില വരും. ചെടി ചട്ടിയില്‍ ചെടി കഴിഞ്ഞ് വരുന്ന ഭാഗത്ത് ഉരുളന്‍കല്ലുകളോ ആര്‍ട്ടിഫിഷല്‍ പെബിള്‍സോ നല്‍കി മനോഹരമാക്കാം. വലിയ ഗോലികളും ഇത്തരം അലങ്കാരമായി ഉപയോഗിക്കാവുന്നതാണ്.

സൂര്യപ്രകാശം അധികം ആവശ്യമില്ലാത്ത, കാണാന്‍ ഭംഗിയുള്ള ഇന്‍റീരിയര്‍ പ്ലാന്‍റുകളാണ് ടേബിള്‍ ടോപ്പ് ഗാര്‍ഡന്‍റെ നിര്‍മ്മാണത്തിന് തെരെഞ്ഞെടുക്കേണ്ടത്. ഫിലോഡെന്‍ഡ്രോണ്‍, ക്ലോറോഫൈറ്റം, കലേഡിയ, സൈക്കസ് റിബണ്‍ ഗ്രാസ്, വിവിധതരം ഫേണുകള്‍
നാടന്‍ തുളസി, പുതിന, കറ്റാര്‍വാഴ, പനികൂര്‍ക്ക, മുറിവൂട്ടി, കൃഷ്ണതുളസി എന്നിവയും ടേബിള്‍ ടോപ്പില്‍ വളര്‍ത്താം. പൂക്കള്‍ ഉണ്ടാവുന്ന ആഫ്രിക്കന്‍ വയലറ്റ് ചെടികളും ടേബിള്‍ ടോപ്പ് ഗാര്‍ഡനില്‍ ഉപയോഗിക്കാറുണ്ട്. ഓരോ ചെടിയ്ക്കും അതിന്‍റെ സ്വഭാവമനുസരിച്ച് വെള്ളം നല്‍കിയാല്‍ മതി. അധികം വെള്ളം ഇവയ്ക്ക് ആവശ്യമില്ല. ചെടികള്‍ മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മുറിയ്ക്ക് പുറത്തെടുത്ത് വെച്ച് അല്‍പ്പനേരം സൂര്യപ്രകാശം ഏല്‍പ്പിക്കണം. ഇലയില്‍ പൊടിപിടിക്കാതെ ഇരിക്കാനായി ഇടയ്ക്ക് നനഞ്ഞ തുണികൊണ്ട് തുടച്ച് വൃത്തിയാക്കാം.

വീടിന്‍റെ ഡിസൈനുമായി ഇണങ്ങിപ്പോവുന്ന ചെടികളും ചട്ടികളും തെരെഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ടേബിള്‍ ടോപ്പ് ഗാര്‍ഡനുകളില്‍ ബോണ്‍സായ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.  അതുപോലെ ടേബിള്‍ ടോപ്പ് ഗാര്‍ഡനില്‍ ഉപയോഗിക്കുന്ന ചെടികള്‍ക്ക് കീടനാശിനി പ്രയോഗം അരുത്. ചെടി വാടുകയോ ഉണങ്ങുകയോ ചെയ്യുകയാണെങ്കില്‍ അവ പിഴുതു കളഞ്ഞ് പുതിയവ നടാം. ഇങ്ങനെ ചെയ്യുന്ന സമയത്ത് പുതിയ മിശ്രിതം ഉപയോഗിക്കണം. ടേബിള്‍ ടോപ്പ് ഗാര്‍ഡന്‍ കൃത്രിമവെളിച്ചം കൊണ്ട് പ്രത്യേകമായി അലങ്കരിക്കേണ്ട ആവശ്യമില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സി.സി. സെബാസ്റ്റ്യന്‍
ബോണ്‍സായി ഗാര്‍ഡന്‍
മുട്ടത്ത് ലെയിന്‍
കടവന്ത്ര
ഫോണ്‍: 9847 453583

Comments