Posted by

യൂണീക് സ്പെയ്സ്

ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ, മികവിനെ, വൈകാരികതയെ  പ്രതിനിധീകരിക്കുന്ന ഒരു കെട്ടിടത്തിനെ നിര്‍ജീവമായൊരു ബില്‍ഡിംഗ് എന്നു വിളിക്കാന്‍ സാധിക്കുമോ? ചോദ്യം അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിപിഎ ഡിസൈന്‍ സ്റ്റുഡിയോയുടെ പ്രിന്‍സിപ്പല്‍ ഡിസൈനര്‍ ധവാല്‍ പട്ടേലിനോടാണെങ്കില്‍ ഒരു ബിഗ് നോ എന്നായിരിക്കും ഉത്തരം. എന്തുകൊണ്ട്? എന്ന നമ്മുടെ രണ്ടാമത്തെ ചോദ്യത്തെ ധവാല്‍ തന്‍റെ ഡിസൈന്‍ സ്റ്റുഡിയോയുടെ അകത്തളങ്ങളിലേക്കു ക്ഷണിക്കും. നിങ്ങള്‍ തന്നെ ഉത്തരം കണ്ടെത്തൂ എന്ന പുഞ്ചിരിയോടെ…. ഒരു കാര്യം ഉറപ്പാണ്, ഡിപിഎ ഡിസൈന്‍ സ്റ്റുഡിയോയുടെ ഇന്‍റീരിയര്‍ കാഴ്ചകള്‍ കണ്ടു കഴിയുമ്പോള്‍ നിങ്ങളും ഈ യുവ ഡിസൈനറെ അനുകൂലിക്കും. 600 സ്ക്വയര്‍ ഫീറ്റ് മാത്രം വിസ്തീര്‍ണ്ണമുള്ള ഈ കൊച്ചു സ്പെയ്സിനെ ഇത്രയേറെ ജീവസ്സുറ്റൊരു സ്പെയ്സാക്കി മാറ്റിയത് ധവാല്‍ പട്ടേലിന്‍റെ ഡിസൈന്‍ മാജിക് ഒന്നു മാത്രമാണ്.

‘ജീവനില്ലാത്ത ചുമരുകള്‍ക്ക് നടുവിലിരുന്ന് ക്രിയേറ്റീവ് ആയി ചിന്തിക്കാനും പുതിയ ഡിസൈനുകള്‍ വരയ്ക്കാനുമൊന്നും എനിക്ക് കഴിയില്ലെന്നു തോന്നി. അങ്ങനെയാണ് ആര്‍ട്ടിനും ആര്‍ട്ടിഫാക്റ്റിനും എന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കുമൊക്കെ പ്രാധാന്യം നല്‍കി കൊണ്ടൊരു ഡിസൈന്‍ ഒരുക്കുന്നത്. വളരെ ചെറിയൊരു ബഡ്ജറ്റ് മാത്രമേ ഈ ഓഫീസ് സ്പെയ്സിനു വേണ്ടി ഞാന്‍ കരുതിയിരുന്നുള്ളൂ. ബഡ്ജറ്റിന്‍റെ പരിമിതി തന്നെയായിരുന്നു ഡിസൈനിലെ പ്രധാന വെല്ലുവിളിയും. എന്നാല്‍ മനസ്സിനിണങ്ങിയ രീതിയില്‍ ഈ ഡിസൈന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതോടെ എനിക്കൊന്നു മനസ്സിലായി പണം ഒരിക്കലും ക്രിയേറ്റീവിറ്റിയെ ബാധിക്കില്ലെന്ന്. ചെറിയ ബഡ്ജറ്റിനകത്തു നിന്ന് ജോലി ചെയ്യുമ്പോള്‍ നമ്മള്‍ ഡിസൈനിന്‍റെ കൂടുതല്‍ സാധ്യതകളെ കുറിച്ച് ആലോചിച്ചു കൊണ്ടേയിരിക്കും.’ – ധവാല്‍ പറയുന്നു.

അഹമ്മദാബാദിലെ സ്വാസ്തിക് ക്രോസ്സ് റോഡിന് അരികിലുള്ള സിറ്റി സെന്‍റര്‍ എന്ന കോമേഴ്സ്യല്‍ കോംപ്ലക്സിന്‍റെ പത്താമത്തെ നിലയിലാണ് ഈ 600 സ്ക്വയര്‍ ഫീറ്റ് വിസ്താരമുള്ള ഓഫീസ് സ്പെയ്സ്. സ്പെയ്സിന്‍റെ തുടര്‍ച്ചയെ ബ്രേക്ക് ചെയ്യുന്ന പാര്‍ട്ടീഷന്‍ വാളുകള്‍ ധവാല്‍ മനപൂര്‍വ്വം തന്നെ ഒഴിവാക്കിയിട്ടുണ്ട്. തീര്‍ത്തും ഒരു ഓപ്പണ്‍ ഫ്ളോര്‍ പ്ലാന്‍ എന്നു തന്നെ ഈ ഡിസൈനെ വിശേഷിപ്പിക്കാം. ഏറെ വിശാലമായൊരു സ്പെയ്സ് എന്നൊരു ഫീലിംഗ് അതിഥികളില്‍ ഉണ്ടാക്കാന്‍ ഈ ഡിസൈനു കഴിയുന്നുണ്ട്.

ലോകത്തിന്‍റെ പല കോണുകളില്‍ നിന്നും ആര്‍ട്ടിഫാക്റ്റുകളും യൂണീക് ആയ ക്യൂരിയോസുകളും ശേഖരിക്കുന്ന ശീലമുള്ള ധവാല്‍ ആ ആര്‍ട്ട് രൂപങ്ങളെയൊക്കെ തന്‍റെ വര്‍ക്ക് സ്പെയ്സില്‍ ഭംഗിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ പലപ്പോഴും മീറ്റിംഗിനും ഡിസ്കഷനുമൊക്കെ എത്തുന്ന എന്‍റെ ക്ലൈന്‍റുകളില്‍ പലരും അവരുടെ വീടിന്‍റെ ഇന്‍റീരിയറിന് ഇണങ്ങുന്ന ആര്‍ട്ടിഫാക്റ്റുകള്‍ കണ്ടാല്‍ വാങ്ങി കൊണ്ടു പോവാറുണ്ട്. അതുകൊണ്ടു തന്നെ യാത്രകള്‍ക്കിടയില്‍ കണ്ടെത്തുന്ന കൗതുകമുണര്‍ത്തുന്ന ആര്‍ട്ട് രൂപങ്ങള്‍ വാങ്ങി ഞാന്‍ ഈ ഡിസൈന്‍ സ്റ്റുഡിയോയില്‍ ശേഖരിച്ചു വെയ്ക്കുന്നു. ക്ലൈന്‍റുകള്‍ക്കും ഡിസൈനര്‍ സുഹൃത്തുക്കള്‍ക്കുമൊക്കെ ഇത് ഏറെ സഹായകരമാവുന്നു എന്നു പറയാറുണ്ട്. ‘ ധവാല്‍ പറയുന്നു. വൈബ്രന്‍റ് കളറിലുള്ള വെയ്സുകള്‍, സങ്കീര്‍ണ്ണമായ ഡിസൈനിലുള്ള സ്റ്റോണ്‍ സ്കള്‍പ്ച്ചറുകള്‍, ആഢംബര വിളക്കുകള്‍, ജീവസ്സുറ്റ പെയിന്‍റിംഗുകള്‍ തുടങ്ങി നിരവധി ആര്‍ട്ട് രൂപങ്ങല്‍ ധവാല്‍ പട്ടേലിന്‍റെ സ്റ്റുഡിയോയുടെ അകത്തളങ്ങളില്‍ കണ്ടെത്താം.

ഈ ആര്‍ട്ട് ഫാക്റ്റുകളെ ഒഴിച്ചു നിര്‍ത്തിയാല്‍ മിനിമം ഡെക്കര്‍ മാത്രമേ ഈ ഓഫീസ് ഇന്‍റീരിയറില്‍ ഉപയോഗിച്ചിട്ടുള്ളെന്നു മനസ്സിലാവും. ഒരു വൈറ്റ് ക്യാന്‍വാസ് പോലെയാണ് ഈ സ്പെയ്സിനെ ട്രീറ്റ് ചെയ്തിരിക്കുന്നത്. നല്ല പഴക്കമുള്ള നാച്യുറല്‍ വുഡു ഉപയോഗിച്ചു നിര്‍മ്മിച്ച ഫംഗ്ഷണല്‍ ഫര്‍ണിച്ചറുകളില്‍ വെനീറിന്‍റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു.

ഇടുങ്ങിയ നീളന്‍ എന്‍ട്രന്‍സ് പാസേജില്‍ അതിഥികളെ സ്വാഗതം ചെയ്യുന്നത് വൈദേഹി പരീഖിന്‍റെ മനോഹരമായൊരു പെയിന്‍റിംഗ് ആണ്. സമൃദ്ധിയുടെയും അനുഗ്രഹത്തിന്‍റെയും പ്രതീകമായി കരുതുന്ന താമരപ്പൂവിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പെയിന്‍റിംഗ്. മനോഹരമാണ് ഈ പാസ്സേജ് ഏരിയയുടെ സീലിംഗ്. ഹോം മെയ്ഡായി നിര്‍മ്മിച്ചെടുക്കുന്ന പ്രാദേശികമായി ലഭിക്കുന്ന മണ്‍ചട്ടികള്‍ (ടവാടി) പ്ലൈവുഡ് പാനല്‍ സ്ട്രെക്ച്ചറിനകത്ത് മനോഹരമായി വിന്യസിച്ചാണ് ഈ സീലിംഗ് സാധ്യമാക്കിയിരിക്കുന്നത്. വൈദേഹി പരീഖിന്‍റെ ചിത്രങ്ങള്‍ക്കൊപ്പം തന്നെ ട്രെഡീഷണല്‍ ദൈവസങ്കല്‍പ്പങ്ങളില്‍ ഊന്നിയുള്ള ജയ് ഷായുടെ സങ്കീര്‍ണ്ണമായ സ്റ്റോണ്‍ നിഷുകളും സ്ക്ള്‍പ്ച്ചറുകളും ഈ പാസ്സേജ് ഏരിയയില്‍ കണ്ടെത്താം.

സ്റ്റാഫ് ഏരിയ, ധവാലിന്‍റെ വര്‍ക്ക്പ്ലെയ്സ്, ഡിസ്കഷന്‍ സ്പെയ്സ് എന്നിങ്ങനെ മൂന്നായിട്ടാണ് ഈ ഓഫീസ് ഇന്‍റീരിയറിന്‍റെ ക്രമീകരണം. ഒരു വൈറ്റ് സ്റ്റോണ്‍ ടോപ്പോടു കൂടിയ ക്രോസ്സ് ലെഗ്ഗ് ഡിസൈനിലുള്ള ഒരു ടേബിളിനു ചുറ്റുമായാണ് സ്റ്റാഫുകളുടെ വര്‍ക്ക് സ്പെയ്സ് ക്രമീകരിച്ചിരിക്കുന്നത്. കസ്റ്റംമെയ്ഡായി നിര്‍മ്മിച്ച കണ്ടംപററി ഡിസൈന്‍ ചെയറുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഗുജറാത്തി ഗ്രാമങ്ങളില്‍ സാധാരണയായി കാണുന്ന പാട്ടി വീവ് ചെയറുകളില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് ഒരുക്കിയവയാണ് ഇവ. ആര്‍ട്ടിസ്റ്റ് അര്‍പ്പിത ബവ്സറിന്‍റെ ബ്ലാക്ക് ആന്‍റ് വൈറ്റ് പെയിന്‍റിംഗ് സീരീസുകള്‍ കൊണ്ട് അലങ്കരിച്ച മനോഹരമായൊരു ചുമരും ഈ സ്റ്റാഫ് ഏരിയയ്ക്ക് അരികിലായി കണ്ടെത്താം. ഈ സ്റ്റാഫ് ഏരിയയ്ക്കും ധവാലിന്‍റെ വര്‍ക്ക്പ്ലെയ്സിനും ഇടയിലായി ഇന്‍റീരിയറിന്‍റെ ഫോക്കല്‍ പോയിന്‍റ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന രീതിയിലാണ് ലൈബ്രറി സ്പെയ്സ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഹൊറിസോണ്ടലായി നല്‍കിയിരിക്കുന്ന വുഡന്‍ പ്ലാങ്കുകള്‍ക്ക് സപ്പോര്‍ട്ട് നല്‍കുന്നത് ഒഴിഞ്ഞ ബിയര്‍ ബോട്ടിലുകളാണ്. ക്രിയേറ്റീവിറ്റിയ്ക്കൊപ്പം തന്നെ പുനരുപയോഗത്തിന്‍റെ സാധ്യതകളെയും വെളിച്ചത്തു കൊണ്ടുവരുന്നുണ്ട് ഈ ബ്രില്ല്യന്‍റായ ഡിസൈന്‍. വര്‍ക്ക്പ്ലെയ്സില്‍ ഇരിക്കുമ്പോള്‍ തന്നെ സ്റ്റാഫുകളുമായുള്ള കമ്മ്യൂണിക്കേഷന്‍ സാധ്യമാക്കുന്നതില്‍ ഈ ഡിസൈന് നല്ലൊരു പങ്കുണ്ടെന്ന് ഡിസൈനര്‍ ശരിവെയ്ക്കുന്നു. ലൈബ്രറി സ്പെയ്സിന്‍റെ ഇരുവശത്തുമായി നല്‍കിയിരിക്കുന്ന വലിയ രണ്ടു ഇന്‍ഡസ്ട്രിയല്‍ ഹാംഗിഗ് ലാബുകളാണ് ഇന്‍റീരിയറിലെ മറ്റൊരു കൗതുക ഘടകം.

ധവാല്‍ പട്ടേലിന്‍റെ വര്‍ക്ക്പ്ലെയ്സിനു പിറകിലായി വരുന്ന ഭാഗത്തെ ചുമര്‍ എര്‍ത്തി ടോണ്‍ നിറങ്ങളാല്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഒപ്പം തന്നെ ഇവയെ വൃത്താകൃതിയിലുള്ള മോണോക്രോമാറ്റിക് ആര്‍ട്ടിഫാക്റ്റുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇവ ഗുജറാത്തിലെ ട്രെഡീഷണലായ ബാജി പാവ് ടവയാണ് ഇവ.  ഇവയില്‍ പിയു ഫിനിഷ് കോട്ടിംഗ് നല്‍കി അതിനു പുറത്തു ബ്ലാക്ക് നിറത്തിലുള്ള ഗ്രാഫിക്സ് വര്‍ക്കുകള്‍ ചെയ്തെടുത്തതാണ്. മൗലിക് ജെപിവാലയും ആപേക്ഷ അഗര്‍വാളുമാണ് ഈ മനോഹരമായ ആര്‍ട്ടി ഫാക്റ്റിന്‍റെ ശില്പികള്‍.

നല്ല വെളിച്ചവും കാറ്റും പ്രദാനം ചെയ്യാനായി വലിയ വിന്‍ഡോകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. വിന്‍ഡോകളുടെ ഔട്ടര്‍ സൈഡില്‍ ഉപയോഗിച്ചിരിക്കുന്ന ബാംബൂ ചിക്ക് ബ്ലൈന്‍ഡുകള്‍ കഠിനമായ ചൂടിനെ ഫില്‍റ്റര്‍ ചെയ്യുന്നതിനൊപ്പം തന്നെ ഔട്ട് ഡോര്‍ കാഴ്ചകളെ സുതാര്യമാക്കുകയും ചെയ്യുന്നു. പൂജാ സ്പെയ്സിനരികിലെ നിഷും 20 വര്‍ഷത്തോളം പഴക്കമുള്ള നാച്യുറല്‍ ടെക്സ്ചറോടു കൂടിയ വുഡന്‍ പ്ലാങ്ക് കൊണ്ടുള്ള റാക്കും കാഴ്ചയ്ക്ക് കൗതുകമുണര്‍ത്തും. ക്ലച്ച് വയറുകള്‍ കൊണ്ടാണ് ഈ റാക്കിന് സപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

അധികം ഉയരമില്ലാത്ത, ആവശ്യാനുസരണം ചലിപ്പിക്കാന്‍ കഴിയുന്ന ഇന്‍ഫോര്‍മല്‍ ആന്‍റിക് ഫിനിഷ് ഡിസ്കഷന്‍ ടേബിള്‍ അതിഥികളുടെ മനസ്സിലിടം കണ്ടെത്തും. ഇതിനോട് ചേര്‍ന്നു വരുന്ന ചുമര്‍ നിറയെ ആര്‍ട്ടിസ്റ്റ് വൈദേഹി പരീഖ് വരിച്ച നിറപ്പകിട്ടാര്‍ന്ന ചിത്രങ്ങള്‍ ഫ്രെയിം ചെയ്തു തൂക്കിയിരിക്കുന്നു. ജയ്പൂരില്‍ നിന്നും കൊണ്ടുവന്ന യൂണീക് ഡിസൈനിലുള്ള ലാമ്പാണ് ഈ ഏരിയയുടെ മറ്റൊരു കൗതുകം. ഡിസൈന്‍ സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത മനോഹരമായ പ്രൊജക്റ്റുകളുടെ ചിത്രങ്ങളും ഇവിടെയൊരു ചുമരില്‍ മനോഹരമായി അടുക്കി വെച്ചിട്ടുണ്ട്. പല രാജ്യങ്ങളില്‍ നിന്നുമായി ശേഖരിച്ച സൗന്ദര്യത്തികവാര്‍ന്ന ആര്‍ട്ടിഫാക്റ്റുകളുടെ ശേഖരം ഡിസ്കഷന്‍ വേളയില്‍ തന്നെ ക്ലൈന്‍റുകള്‍ക്ക് പ്രചോദനമാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രേയുടെയും ഐ പി എസ് സ്റ്റോണ്‍ ഫിനിഷിന്‍റെയും ഷെയ്ഡുകളാണ് ഇവിടെ ചുമരിനെ അലങ്കരിക്കുന്നത്. ഓക്കര്‍ യെല്ലോ കളറില്‍ ഇന്‍ഡസ്ട്രിയല്‍ പെയിന്‍റ് ഫിനിഷ് നല്‍കിയാണ് ഇവിടെ ഫ്ളോര്‍ ഒരുക്കിയിരിക്കുന്നത്. ഇന്‍റീരിയറിലെ ഡിസൈന്‍ എലമെന്‍റുകള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും കളര്‍ സ്കീമുകള്‍ക്കും എല്ലാം കോണ്‍ട്രാസ്റ്റ് അഴകു പകരുന്നുണ്ട് ഓക്കര്‍ യെല്ലോ നിറത്തിലുള്ള ഈ ഫ്ളോര്‍.

Comments