Posted by

പച്ചപ്പും വെളിച്ചവും അനുഭൂതിയാകുമ്പോള്‍…

പ്രകൃതിയുമായി അഭേദ്യമായൊരു ബന്ധം സൂക്ഷിക്കുന്ന ഇന്റീരിയര്‍ സ്‌പെയ്‌സുകള്‍ വീടിന്‌ യൂണീക്‌ ആയൊരു സ്വഭാവം നല്‍കുന്നു

പ്രകൃതിയുമായുള്ള ഹാര്‍മണി തെറ്റാതെ കാത്തുസൂക്ഷിക്കുന്ന, പച്ചപ്പിലേക്കും പ്രകൃതിദത്ത വെളിച്ചത്തിലേക്കും കണ്‍തുറക്കുന്ന വീടുകള്‍ സമ്മാനിക്കുന്ന സ്വച്ഛ സുന്ദരമായ ഒരു അനുഭൂതിയുണ്ട്‌. അത്തരമൊരു അനുഭവവും അനുഭൂതിയുമാണ്‌ കോഴിക്കോട്ടെ ‘അകം പുറം അകം’ എന്ന വീട്‌ അതിഥികള്‍ക്ക്‌ സമ്മാനിക്കുന്നത്‌. കോഴിക്കോട്‌ ഈസ്‌റ്റ്‌ ഹില്ലിലെ ഒരു ഹൗസിംഗ്‌ കമ്മ്യൂണിറ്റിയിലാണ്‌ ഈ വീട്‌ ചെയ്യുന്നത്‌. വി എസ്‌ പി ആര്‍ക്കിടെക്‌റ്റ്‌സിലെ ആര്‍ക്കിടെക്‌റ്റുകളായ വിപിന്‍ പ്രഭുവും ശ്രുതി ബിജുനാഥും പ്രവീണും ചേര്‍ന്നാണ്‌ ഈ വീടിന്റെ ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്‌.

ആറു സെന്റ്‌ പ്ലോട്ടിലാണ്‌ 2300 സ്‌ക്വയര്‍ ഫീറ്റ്‌ വീട്‌ നില്‍ക്കുന്നത്‌. വ്യത്യസ്‌തമായൊരു ഡിസൈന്‍ പാറ്റേണ്‍ തന്നെയാണ്‌ ഈ വീടിന്റെ പ്രത്യേകത. മിനിമലിസ്റ്റിക്‌ ആയൊരു ഡിസൈന്‍ രീതിയില്‍ നിര്‍മ്മിച്ച ഈ വീട്ടില്‍ മൂന്ന്‌ ബെഡ്‌ റൂമുകള്‍ ആണുള്ളത്‌. പ്രകൃതിയുമായി അഭേദ്യമായൊരു ബന്ധം സൂക്ഷിക്കുന്ന ഇന്റീരിയര്‍ സ്‌പെയ്‌സുകള്‍ വീടിന്‌ യൂണീക്‌ ആയൊരു സ്വഭാവം നല്‍കുന്നു.

വീടിന്റെ മര്‍മ്മപ്രധാനമായൊരിടം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന സ്‌പേസാണ്‌ ഇവിടുത്തെ കോര്‍ട്ട്‌ യാര്‍ഡ്‌. നമ്മുടെ പരമ്പരാഗതമായ നടുമുറ്റം എന്ന ആശയത്തെ, പുതിയ കാലത്തിന്‌ ഇണങ്ങുന്ന രീതിയില്‍ അല്‍പ്പം മോഡേണായി പുനരവതിപ്പിച്ചിരിക്കുകയാണ്‌ ഇവിടെ.

പ്രധാന ഗേറ്റില്‍ നിന്നും പ്രവേശിക്കുമ്പോള്‍, കാന്‍ഡിലിവര്‍ ഡിസൈന്‍ പാറ്റേണില്‍ ഇന്‍ഡസ്‌ട്രിയല്‍ വര്‍ക്ക്‌ ചെയ്‌തെടുത്ത ഒരു കാര്‍ പോര്‍ച്ച്‌ ആണ്‌ നമ്മളെ സ്വാഗതം ചെയ്യുക. മനോഹരമായ ഒരു പടിപ്പുര എന്‍ട്രന്‍സും ഇവിടെ കാണാം. മൈല്‍ഡ്‌ സ്റ്റീലും വുഡും ഉപയോഗിച്ചാണ്‌ പടിപ്പുരയുടെ വാതിലൊരുക്കിയിരിക്കുന്നത്‌.

പ്രധാന വാതില്‍ തുറക്കുന്നത്‌, അതിമനോഹരമായൊരു ഗ്രീന്‍ കോര്‍ട്ട്‌ യാര്‍ഡിലേക്ക്‌ ആണ്‌. ഓപ്പണ്‍ ആന്റ്‌ കവേര്‍ഡ്‌ ഗ്രില്‍ പാറ്റേണ്‍ ആണ്‌ കോര്‍ട്ട്‌ യാര്‍ഡിന്റെ പ്രത്യേകത. വീടിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിനൊപ്പം തന്നെ, സുതാര്യതയും സമ്മാനിക്കാന്‍ ഈ ഡിസൈന്‌ സാധിക്കുന്നുണ്ട്‌. ഈ കോര്‍ട്ട്‌ യാര്‍ഡ്‌ സ്‌പെയ്‌സിനു ചുറ്റുമായാണ്‌ വീടിന്റെ പ്രധാന സ്‌പെയ്‌സുകളെല്ലാം ഒരുക്കിയിരിക്കുന്നത്‌. വിശാലമായ ഒരു ലിവിംഗ്‌ ഏരിയ, ഡൈനിംഗ്‌, കിച്ചന്‍, ഒരു പാരന്റ്‌സ്‌ റൂം എന്നിവയാണ്‌ താഴത്തെ നിലയിലെ പ്രധാന സ്‌പെയ്‌സുകള്‍. കോര്‍ട്ട്‌ യാര്‍ഡിനു ചുറ്റുമായി വരുന്ന വരാന്ത സ്‌പെയ്‌സും കാണാം. സ്ലൈഡിംഗ്‌ ഗ്ലാസ്സ്‌ ഡോറുകള്‍ കൊണ്ട്‌ സ്‌പെയ്‌സുകളെ വേര്‍ത്തിരിച്ചിരിക്കുന്നു. ഈ സജ്ജീകരണവും നല്ല രീതിയില്‍ വെന്റിലേഷന്‍ ലഭിക്കാന്‍ സഹായകരമായിട്ടുണ്ട്‌. പച്ചപ്പിന്റെയും ലാന്‍ഡ്‌സ്‌കേപ്പിന്റെയുമായ സാന്നിധ്യവും എടുത്തു പറയേണ്ട ഘടകമാണ്‌.

യുണീകായൊരു ഡിസൈന്‍ തന്നെയാണ്‌ സ്റ്റെയര്‍ കെയ്‌സിന്റെയും പ്രത്യേകത. എക്‌സ്‌പോസ്‌ഡ്‌ സിമന്റ്‌ ഫിനിഷ്‌ റൈസറിന്റെയും വുഡന്‍ പടികളുടെയും കോമ്പിനേഷനിലുള്ള ഒരു കോംപാക്‌റ്റ്‌ സ്റ്റെയര്‍ ഏരിയയാണ്‌ ഇത്‌. സ്റ്റെപ്പ്‌ കയറി ചെല്ലുന്നത്‌ ഒരു ഫാമിലി ലിവിംഗ്‌ സ്‌പെയ്‌സും രണ്ട്‌ ബെഡ്‌ റൂമുകളുമുള്ള വിശാലമായൊരു സ്‌പേസിലേക്കാണ്‌. ഒന്നാം നിലയിലെ എല്ലാ റൂമുകളോടും ചേര്‍ന്ന്‌ ബാല്‍ക്കണി സ്‌പേസും നല്‍കിയിട്ടുണ്ട്‌. ഇതില്‍ മാസ്റ്റര്‍ ബെഡ്‌ റൂമിലെ ബാല്‍ക്കണി മൊത്തം ഡിസൈനിന്റെയും ഒരു കീ എലമെന്റ്‌ പോലെ പ്രവര്‍ത്തിക്കുന്നു.

ഫ്‌ളോറിംഗ്‌ മെറ്റീരിയലുകളുടെ പ്രത്യേകതയാണ്‌ എടുത്തു പറയേണ്ട മറ്റൊരു പ്രധാന ഘടകം. വീടിന്റെ ഓരോ സോണുകളെയും വ്യത്യസ്‌ത ഫ്‌ളോറിംഗ്‌ നല്‍കി വേര്‍ത്തിരിച്ചിരിക്കുന്നു. കാര്‍ പോര്‍ച്ചിന്‌ കോബിള്‍ സ്റ്റോണും കോര്‍ട്ട്‌ യാര്‍ഡിന്റെ നടപ്പാതയ്‌ക്ക്‌ ഫ്‌ളെയ്‌മ്‌ഡ്‌ ഗ്രാനൈറ്റും കോമണ്‍ ഏരിയകള്‍ക്ക്‌ ഗ്രീന്‍ ലെതര്‍ ഫിനിഷ്‌ കോട്ട സ്റ്റോണും നല്‍കിയപ്പോള്‍, സ്റ്റെയര്‍ കെയ്‌സില്‍ ഉപയോഗിച്ചിരിക്കുന്നത്‌ തടിയാണ്‌.

Ar.Vipin Prabhu, Ar.Shruthi Bijunath & Ar.Praveen
For more details:
VSP Architects, 37/669,opp-Travancore heights,
Karaparamba,Karuvassery.p.o,
Kozhikode-673010
Phone : +91 495 237 4448
Mobile : +91 944 626 4448, 99950 22236
mail : vsparchitects@gmail.com
Website: www.vsparchitects.com

Comments