Posted by

പാരമ്പര്യതനിമയുമായി

പഴയ ഇല്ലങ്ങളും മനകളുമൊക്കെ പൊളിച്ചു കളഞ്ഞ് പലരും കണ്ടംപററി, മോഡേണ്‍ ആര്‍ക്കിടെക്ചര്‍ ശൈലിയിലുള്ള വീടുകള്‍ക്കു പിറകെ പോയിട്ടും അത്തരം ബഹളങ്ങളോടൊന്നും താല്‍പ്പര്യമില്ലാതെ പാരമ്പര്യതനിമയുള്ള വീടുകള്‍ സംരക്ഷിച്ചു പോരുന്ന കുടുംബങ്ങള്‍ ഏറെയുള്ളൊരു നാടാണ് കോട്ടയം. മണ്ണിനോടും പ്രകൃതിയോടും മനസ്സിനോടും സംവദിക്കാനുള്ള പരമ്പരാഗത കേരളീയ ശൈലിയിലുള്ള വീടുകളെ പ്രണയിക്കുന്നൊരു തലമുറ ഇന്നും കോട്ടയത്തുണ്ട്. അല്ലെങ്കില്‍, ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ഉറങ്ങിയിട്ട് ഇനിയും മതിയായിട്ടില്ല എന്ന പോലെ മടിച്ചു കിടക്കുന്ന ഈ നഗരത്തിലൂടെ ഒന്നു നടന്നു നോക്കൂ. മൂടല്‍മഞ്ഞിന്‍റെ മറവില്‍,  ചെരിഞ്ഞ ഓടുമേഞ്ഞ മേല്‍ക്കൂരയുടെ അഴകുമായി കിടക്കുന്ന ഈ ടിപ്പിക്കല്‍ കോട്ടയം വീടുകള്‍ ഒരു നിമിഷമെങ്കിലും നിങ്ങളുടെ മനസ്സിനെ ഒന്നു സ്പര്‍ശിക്കാതിരിക്കില്ല. അതുപോലെ തന്നെ ഹൃദ്യമാണ്, മഴക്കാലത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ വീടുകള്‍ നോക്കിയിരിക്കുക എന്ന അനുഭവവും.

പച്ചപ്പിനോടും മഴക്കാലത്തോടുമെല്ലാം കൂട്ടുകൂടി ഭൂമിയോട് ലയിച്ച് കിടക്കുന്ന പരമ്പരാഗത കേരളീയ വീടുകളോട് അഡ്വ. മാര്‍ട്ടിന്‍ മാത്യുവിനും ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. അതുകൊണ്ടാണ് കാഞ്ഞിരപ്പള്ളി പിണ്ണാക്കനാടില്‍ പഴയ കാക്കല്ലില്‍ തറവാട് വീടിനോട് ചേര്‍ന്നുള്ള വിശാലമായ പറമ്പില്‍ ഒരു വീടൊരുക്കാന്‍ തീരുമാനിച്ചപ്പോള്‍ ട്രെഡീഷണല്‍ ആര്‍ക്കിടെക്ചര്‍ ശൈലി തന്നെ മതി വീടിനെന്ന് മാര്‍ട്ടിന്‍ തീരുമാനിച്ചത്.

പരമ്പരാഗത കേരളീയ ശൈലിയില്‍ വിശാലമായ അകത്തളങ്ങളുള്ള വായുവും വെളിച്ചവും നിറയുന്ന വീട് എ ന്നതായിരുന്നു മാര്‍ട്ടിന്‍റെയും ഭാര്യ ദീപയുടെയും സ്വപ്നം. വാസ്തു ലക്ഷണമൊത്ത വീടായിരിക്കണം എന്നതായിരുന്നു മാര്‍ട്ടിന്‍റെ മറ്റൊരു പ്രധാന ആവശ്യം. അങ്ങനെയാണ് വാസ്തു അധിഷ്ഠിതമായ വീടുകളുടെ നിര്‍മ്മാണത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച കാഞ്ഞിരപ്പള്ളി പിജി ഗ്രൂപ്പ് ഡിസൈന്‍സിലെ ഡിസൈനര്‍ ശ്രീകാന്ത് പങ്ങപ്പാടിനെ വീടിന്‍റെ  നിര്‍മ്മാണം മാര്‍ട്ടിന്‍ ഏല്‍പ്പിക്കുന്നത്.

നാല് ബെഡ് റൂമുകളുള്ള ഈ വീടിന്‍റെ ആകെ വിസ്തീര്‍ണ്ണം 2900 സ്ക്വയര്‍ ഫീറ്റാണ്. പ്ലോട്ടിന്‍റെ വിശാലത  ഈ വീടിന് നല്ല ബ്രീത്തിംഗ് സ്പെയ്സ് നല്‍കുന്നുണ്ട്. അത്യാവശ്യസൗകര്യങ്ങള്‍ക്കു പുറമെ,  ക്രിസ്തീയകുടുംബങ്ങളില്‍ അനിവാര്യമായ കൂട്ടായ്മകള്‍ക്കുള്ളൊരു സ്പെയ്സും ഒരു ചെറിയ ഓഫീസ് റൂമും കൂടി ഉള്‍പ്പെടുത്തിയാണ് ശ്രീകാന്ത് ഈ വീടിന്‍റെ പ്ലാന്‍ ഒരുക്കുന്നത്. പഴയ തറവാട് വീടിന്‍റെ പ്രൗഢി ഒട്ടും കുറയാതെ വിശാലമായ കാഴ്ചപ്പാടിലാണ് ഈ വീടിന്‍റെ ഡിസൈന്‍ ഒരുക്കിയത്. പല തട്ടിലുള്ള ഗേബിളുകളും ഗേബിള്‍ഡ് വിന്‍ഡോകളും,  പരമ്പരാഗത രീതിയിലുള്ള നിര്‍മ്മാണം, മാംഗ്ലൂര്‍ ടൈലുകളുടെ സാന്നിധ്യം ഇവയൊക്കെ വീടിന്‍റെ എക്സ്റ്റീരിയറിനെ മിഴിവേറിയൊരു അനുഭവമാക്കുന്നു. ഗ്രീനറിയാല്‍ ചുറ്റപ്പെട്ട പ്ലോട്ടിലെ ഒരു വെള്ളപ്പൊട്ടു പോലെയാണ് അകലെ നിന്നു നോക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടുക. അധികം പരിപാലനം ആവശ്യമില്ലാത്ത ബഫല്ലോ ഗ്രാസ്സ് ഉപയോഗിച്ച് ലാന്‍ഡ്സ്കേപ്പിംഗ് ഒരുക്കിയിരിക്കുന്നു. പാവിംഗ് ടൈല്‍ അത്യാവശ്യ സ്ഥലത്ത് മാത്രം നല്‍കി മുറ്റത്തിന്‍റെ ശേഷിക്കുന്ന ഭാഗത്തെല്ലം ചരല്‍ വിരിച്ചിരിക്കുന്നു. ഗ്രീനറിയുമായി ചേര്‍ന്നു പോവാനും എര്‍ത്തി ലുക്ക് ലഭിക്കാനും മേല്‍ക്കൂരയിലെ മാംഗ്ലൂര്‍ ടൈലുകള്‍ സഹായിക്കുന്നുണ്ട്.  ഫ്ളാറ്റ് റൂഫ് വാര്‍ത്ത്, ഉയരം കൂട്ടി ജി ഐ ട്രസ്സ് നല്‍കി അതിനു മുകളില്‍ ഓട് പാകിയാണ് മേല്‍ക്കൂര ഒരുക്കിയിരിക്കുന്നത്. മുറ്റത്ത് നിന്നിരുന്ന മരങ്ങള്‍ സ്വാഭാവികതയോടെ നിലനിര്‍ത്തിയിരിക്കുന്നു. പ്രകൃതിയോട് സമരസപ്പെടുത്തി വീടൊരുക്കുക എന്ന ഉദ്യമത്തില്‍ നൂറുശതമാനവും വിജയിച്ചിട്ടുണ്ട് ഡിസൈനര്‍ ശ്രീകാന്ത് എന്ന് ഇവിടെയെത്തുന്ന ആരും സമ്മതിച്ചു പോവും.

ഇന്‍റീരിയര്‍
പ്രധാന വാതില്‍ തുറന്നാല്‍ വലതുവശത്തായാണ് അഢ്യത്വം നിറയുന്ന ഫോര്‍മല്‍ ലിവിംഗ് ഒരുക്കിയിരിക്കുന്നത്. ഫാമിലി ലിവിംഗ്- ഡൈനിംഗ് ഏരിയകളെ തമ്മില്‍ വേര്‍ത്തിരിക്കുന്ന മഹാഗണിയില്‍ തീര്‍ത്ത ലൂവര്‍ പാര്‍ട്ടീഷന്‍ തന്‍റെ റോള്‍ മനോഹരമായി നിര്‍വ്വഹിക്കുന്നുണ്ട്. ലിവിംഗ് ഏരിയയുടെ ഇരു ഭിത്തികളിലും
നിഷുകള്‍ നല്‍കി. നിഷിന് അകത്ത് മനോഹരമായ ക്യൂരിയോസുകളും അവയെ ഹൈലൈറ്റ് ചെയ്യുന്ന എല്‍ ഇ ഡി ലൈറ്റുകളും. ഒരേ സമയം ലളിതവും കുലീനത്വവും സമ്മാനിക്കുന്ന ഫര്‍ണിച്ചറുകളാണ് ഇവിടെയുള്ളത്. ഈ ഫോര്‍മല്‍ ലിവിംഗില്‍ നിന്ന് അകതേത്ക്ക് പ്രവേശിക്കുമ്പോള്‍ വിശാലതയുടെ മറ്റൊരു ലോകം അതിഥിക്കു മുന്നില്‍ തുറക്കുപ്പെടുകയായി.  കോര്‍ട്ട് യാര്‍ഡ്, പ്രെയര്‍ സ്പെയ്സ് എന്നിവയുടെ സാന്നിധ്യം ഈ ഏരിയയെ ആകര്‍ഷകമാക്കുന്നു. ഫാമിലി ലിവിംഗ്, ഡൈനിംഗ് ഏരിയകളും ഇവിടെയാണ്. ഫാമിലി ലിവിംഗില്‍ ഹോം തിയേറ്റര്‍ സിസ്റ്റവും മ്യൂസിക് സിസ്റ്റവുമെല്ലാം നല്‍കിയിരിക്കുന്നു. ലാളിത്യമാര്‍ന്ന ഫര്‍ണിച്ചറുകളുടെ സാന്നിധ്യം ഇവിടെയും കാണാം. മനോഹരമായൊരു ക്രോക്കറി യൂണിറ്റും ഡൈനിംഗിന്‍റെ ഭാഗമായി വരുന്നുണ്ട്. വായുവും പകല്‍ വെളിച്ചവും നന്നായി ഓടികളിക്കുന്ന കോര്‍ട്ട് യാര്‍ഡിലെ രണ്ട് വശങ്ങളിലായി ഫാമിലി ലിവിംഗും ഡൈനിംഗ് ഹാളും വന്നിരിക്കുന്നതിനാല്‍ പകല്‍ സമയത്ത് ലൈറ്റ് ഉപയോഗിക്കേണ്ട ആവശ്യമില്ല. ഭിത്തിയില്‍ ക്ലാഡ്ഡിംഗ് ടൈല്‍സ് നല്‍കി കോര്‍ട്ട് യാര്‍ഡ് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

എല്ലാ ബെഡ് റൂമുകളും വിശാലവും അറ്റാച്ച്ഡ് ബാത്ത് സൗകര്യമുള്ളവുമാണ്. കോംപാക്റ്റ് ഡിസൈനില്‍ സജ്ജീകരിച്ച വാര്‍ഡ്രോബുകളും വര്‍ക്കിംഗ് ടേബിളുകളുമാണ് ബെഡ് റൂമുകളുടെ സവിശേഷത. ഫോര്‍മല്‍ ലിവിംഗ്, ഡൈനിംഗ് ഏരിയകള്‍ ഓപ്പണ്‍ രീതിയില്‍ തന്നെയാണ് ഡിസൈന്‍ ചെയ്തത്.  കോര്‍ട്ട് യാര്‍ഡിന് അരികിലാണ് വാഷ് ഏരിയയുടെ സ്ഥാനം. വടക്കു കിഴക്കു ഭാഗത്തായാണ് ആധുനിക സജ്ജീകരണങ്ങളുള്ള മോഡുലാര്‍ കിച്ചനും അതിനോട് ചേര്‍ന്ന് വര്‍ക്കിംഗ് കിച്ചനും നല്‍കിയിട്ടുള്ളത്. ഇവിടെ തന്നെയാണ് സ്റ്റോര്‍ റൂമിന്‍റെയും വാഷിംഗ് മെഷീനും സ്ഥാനം. റൂഫ് ട്രസ്സ് യൂട്ടിലിറ്റി ഏരിയയിലേക്ക് പോകാവുന്ന സ്റ്റെയര്‍ കെയ്സും വര്‍ക്കിംഗ് കിച്ചനില്‍ നിന്നും തുടങ്ങുന്നു. കഴുകിയ തുണികള്‍ ഉണക്കാനിടാനായി രാത്രികാലങ്ങളിലും സുരക്ഷിതമായി അകത്ത് കൂടി ട്രസ് റൂഫിനുള്ളിലേക്ക് പ്രവേശിക്കാമെന്ന സൗകര്യവും ഈ സ്റ്റെയറിനുണ്ട്.

കാര്‍ പോര്‍ച്ചില്‍ നിന്നും പ്രവേശിക്കാവുന്ന ചെറിയ ഓഫീസും വീടിന്‍റെ കിഴക്ക് ഭാഗത്തായി ഒരുക്കിയിരിക്കുന്നു. കിഴക്ക് ദര്‍ശനത്തില്‍ പണി തീര്‍ത്തിരിക്കുന്ന കാക്കല്ലില്‍ തറവാട് പൂര്‍ണ്ണമായും വാസ്തുവിന്‍റെ കണക്കുകളും അംശങ്ങളും പാലിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

 

martin-mathew-kakkallil-h-kalaketty-p-o-model

 

 

For more detail: Meet the Designer

P.G. Group, Licensed Civil Engineers, Kanjirappally- 686507, Kottayam

Ph: 04828 204777, 9447114080

Email: pgsreekanthpangapattu@yahoo.co.in

 

Comments