Posted by

പുതിയ പഴയ വീട്

പുതുമകള്‍ക്ക് പ്രാധാന്യം നല്‍കി വരുന്ന ഈ കാലഘട്ടത്തില്‍ അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായി പഴമകളിലെ പുതുമകള്‍ തിരിച്ചറിഞ്ഞ ഒരു വീട്. മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് പെരുമ്പടപ്പില്‍ ഏകദേശം ഒരു ഏക്കര്‍ ചുറ്റളവിലുള്ള പ്ലോട്ടിലാണ് നൗഷാദ് അലി എന്ന ഗള്‍ഫുകാരന്‍ പഴയ വീടിന്‍റെ ഉരുപ്പടികള്‍ ചേര്‍ത്ത് വൈവിധ്യം നിറഞ്ഞ ഘടകങ്ങള്‍ കോര്‍ത്തിണക്കിയ ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്.

പഴകുന്തോറും വീര്യവും മാധുര്യവും വര്‍ദ്ധിക്കുന്ന ഒന്നാണ് വീഞ്ഞ്. അത്തരമൊരു ആശയമാണ് നൗഷാദ് അലി തന്‍റെ സ്വപ്ന വീടിന്‍റെ സങ്കല്‍പ്പത്തില്‍ സ്വരുക്കൂട്ടിയെടുത്തത്. സ്വന്തമായൊരു വീട് എന്ന ആവശ്യം വരുമ്പോള്‍ ചിലരെ സംബന്ധിച്ച് അത് ഏറെ ആഡംബരങ്ങള്‍ ചേര്‍ത്തുവെച്ച് നാലുപേര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള നിര്‍മ്മിതിയാണ്. എന്നാല്‍ മറ്റു ചിലരെ സംബന്ധിച്ച് അത്, തങ്ങളുടെ കൊച്ചുകൊച്ചു സ്വപ്നങ്ങള്‍ കണ്ണില്‍ നിറച്ച് ആരെയും ഭയക്കാതെ സ്വസ്ഥമായി ഉറങ്ങാനുള്ള ഒരിടമാണ്. വ്യക്തികള്‍ക്കനുസരിച്ച് മാറികൊണ്ടിരിക്കുന്ന ഒന്നാണ് വീടെന്ന സങ്കല്‍പ്പം.

ഇക്കാലത്ത്, പുതിയൊരു വീട് ഒരുക്കുമ്പോള്‍ പഴയഘടകങ്ങള്‍ നിലനിര്‍ത്തികൊണ്ടുള്ള നിര്‍മാണം തന്നെ വളരെ ദുഷ്ക്കരമായിരിക്കുന്നു.  പഴയ വീടിന്‍റെ ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിച്ച് പുതിയ വീട് പണിയുക എന്നു പറഞ്ഞാല്‍ അത് അസാധ്യം എന്നേ ആരും പറയൂ… എന്നാല്‍ ആരും ഏറ്റെടുക്കാന്‍ ധൈര്യപ്പെടാത്ത അത്തരമൊരു ദൗത്യം വെല്ലുവിളി പോലെ ഏറ്റെടുത്ത് വിജയകരമാക്കിയിരിക്കുകയാണ് ഡിസൈനര്‍ സാദിഖ് അലിയും സൈനുള്‍ അലീഫും. വെല്ലുവിളി ഏറ്റെടുക്കുക മാത്രമല്ല, ഒപ്പം തന്നെ ക്ലൈന്‍റിന്‍റെ ആവശ്യങ്ങള്‍ക്ക് ഒരു കുറവും തട്ടാതെ, പഴയ  വീടുകളുടെ ഉപയോഗരഹിതമായ ഉരുപ്പടികള്‍ ഉപയോഗിച്ച് ഒരു പുത്തന്‍ വീടൊരുക്കിയിരിക്കുകയാണ് ഈ ഡിസൈനര്‍മാര്‍.
  
പഴമയെ നിലനിര്‍ത്താം
ഗള്‍ഫില്‍ ജോലി, നല്ല വരുമാനം, ആധുനിക സൗകര്യങ്ങളെല്ലാം കണ്ടും ആസ്വദിച്ചും ജീവിക്കുന്നു എന്നിട്ടും നാട്ടില്‍ പുതിയതായി നിര്‍മ്മിക്കുന്ന വീടാകട്ടെ അറുപതികളില്‍ പണികഴിപ്പിക്കുന്ന തരത്തിലുള്ള ഡിസൈനുകളും ഔട്ട് ഓഫ് ഫാഷനായ വസ്തുക്കളും ഉപയോഗിച്ച്. ക്ലൈന്‍റ് നൗഷാദിനെ പരിചയമുള്ളവരെല്ലാം തന്നെ ഇതെന്തു കഥ എന്ന് ഒന്നു സംശയിച്ചേക്കാം. എന്നാല്‍ ഈ വീട് കണ്ടു കഴിയുമ്പോള്‍ നൗഷാദ് എടുത്ത തീരുമാനങ്ങള്‍ ശരിയായിരുന്നു എന്നു തിരുത്താതിരിക്കാന്‍ ആര്‍ക്കും കഴിയില്ല. പഴമയെ നിലനിര്‍ത്തുക എന്ന ഒറ്റ ആശയത്തിലൂന്നിയായിരുന്നു നൗഷാദിന് വീടിനെ കുറിച്ചുള്ള സ്വപ്നങ്ങളെല്ലാം തന്നെ. ഈ ആവശ്യം നിറവേറ്റാന്‍ അനുയോജ്യമായ പഴയ ഉരുപ്പടികള്‍ തേടി അദ്ദേഹം ഏറെ അലഞ്ഞെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്‍തിരിയാന്‍ നൗഷാദ് തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്‍റെ നിശ്ചദാര്‍ഢ്യവും  സാദിഖ് അലി എന്ന ഡിസൈനറുടെ കരവിരുതും കൂടി ചേര്‍ന്നപ്പോള്‍ അസാധ്യമെന്നു തന്നെ എല്ലാവരും വിധിച്ച പഴമയെ നിലനിര്‍ത്തി കൊണ്ടുള്ള സുന്ദരഭവനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുക തന്നെ ചെയ്തു.

തനിമ ചോരാതെ
2550 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ സിറ്റ്ഔട്ട്, ലിവിംഗ്, ഡൈനിംഗ്, ഫോയര്‍, കിച്ചണ്‍, മൂന്ന് ബെഡ് റൂമുകള്‍, എന്‍റര്‍ടെയിന്‍റ്മെന്‍റ് ഏരിയ എന്നിങ്ങനെയാണ് ഈ വീടിന്‍റെ സ്പെയ്സുകള്‍ വരുന്നത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ കേരളീയ തനിമ ചോര്‍ന്നുപോകാതെയുള്ള നിര്‍മ്മാണം അതായിരുന്നു നൗഷാദ് ആഗ്രഹിച്ചിരുന്നത്. ചെലവ് ചുരുക്കികൊണ്ടുള്ള പ്രവൃത്തികള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കിയിരുന്നത്. പരമ്പരാഗത രീതിയില്‍ ട്രസ്സ് വര്‍ക്ക് ചെയ്ത സ്ലോപ്പ്റൂഫില്‍ പഴയ ഓട് വിരിച്ചാണ് കേരള തനിമ വരുത്തിയിരിക്കുന്നത്.  ഒപ്പം തന്നെ വീടിന്‍റെ മുന്‍ഭാഗത്തുള്ള ഭിത്തിയില്‍ പോളിഷ് ചെയ്ത ചെങ്കല്ല് കൂടി നല്‍കിയപ്പോള്‍ പഴയ തറവാട് വീടിന്‍റെ ഭംഗി  പുന:സൃഷ്ഠിക്കാനായി. പഴയ വീടിന്‍റെ ഉരുപ്പടികള്‍ ഉപയോഗിച്ചു കൊണ്ടുള്ള ജനലുകള്‍ തന്നെയാണ് പഴമയുടെ അംശത്തെ എടുത്തു കാണിക്കുന്ന പ്രധാന ഘടകം. മുന്‍ഭാഗത്തെ വിശാലമായ മുറ്റവും കൂടി ചേര്‍ന്നപ്പോള്‍ വീടിന്‍റെ പുറംകാഴ്ച ഒന്നു കൂടി ഹൃദ്യമാവുന്നു.

പുതുമയും പഴമയും
ശാലീനത തുളുമ്പുന്ന പുറം കാഴ്ചകളില്‍ നിന്നും വീടിന്‍റെ അകത്തളത്തിലേക്കു പ്രവേശിക്കുമ്പോള്‍ പഴമയും പുതുമയും കൈക്കോര്‍ത്തൊരു പ്രതിഭാസം തന്നെ അനുഭവിച്ചറിയാം. അതു തന്നെയാണ് ഇന്‍റീരിയറിന്‍റെ പ്രത്യേകതയും.  പഴമ ചോരാതെ ആഢ്യത്വം തുളുമ്പുന്ന ഫര്‍ണ്ണിച്ച റുകളും മറ്റ് അലങ്കാരങ്ങളും ഉപയോഗിച്ച് മിക്സഡ് ഡിസൈനിങ്ങളിലൂടെയും സ്പേസ് മാനേജ്മെന്‍റിലൂടെയുടെയും ഇന്‍റീരിയര്‍ ഭംഗിയാക്കിയിട്ടുണ്ട്.  നല്ല കാറ്റും വെളിച്ചവും ലഭിക്കത്തക്ക വിധത്തില്‍ ധാരാളം ഓപ്പണ്‍ സ്പേസ് നല്‍കി. പുറമെ നിന്നും രണ്ട് എന്‍ട്രികളാണ് വീടിനുള്ളത്. ഒന്ന് നേരിട്ട് ഫോയറിലേക്കും ഡൈനിംഗിലേക്കും കടക്കാവുന്ന വിധത്തിലും മറ്റൊന്ന് സിറ്റൗട്ടില്‍ നിന്നും ലിവിംഗ് ഏരിയയിലേക്കുമാണ്. തുടര്‍ന്ന് ഫോയര്‍ വഴിയാണ് അകത്തളത്തിലേക്ക് പ്രവേശിക്കുന്നത്.

സിറ്റൗട്ട്, ലിവിംഗ്, ഡൈനിംഗ്, ഫോയര്‍ എന്നിവിടങ്ങളില്‍ ഭംഗിയും ആകര്‍ഷണത്വവുംകൂടി സമന്വയിപ്പിച്ച ചെട്ടിനാട് ആത്തംകുടി ടൈലാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ബെഡ്റൂമുകളില്‍ ക്ലെ ടൈലാണ്  വിരിച്ചിരിക്കുന്നത്. ഹൈലൈറ്റ് ചെയ്യാന്‍ ചെറിയ സെറാമിക് ടൈലും ഉപയോഗിച്ചിട്ടുണ്ട്. മിനിമം സൗകര്യങ്ങളും അലങ്കാരങ്ങളും മാത്രമാണ് ലിവിംഗ് ഏരിയയില്‍ ചേര്‍ത്തിട്ടുള്ളതെങ്കിലും കാറ്റിനും വെളിച്ചത്തിനുമായി ധാരാളം എയര്‍പാസേജുകളും വിന്‍റോകളും നല്‍കിയെന്നത് ശ്രദ്ധേയമാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച പഴയ ജോധ്പൂര്‍ ഫര്‍ണ്ണിച്ചറുകളാണ് അകത്തളങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. കേരള മോഡലിലുള്ള ഫര്‍ണ്ണിച്ചറുകളും ഈ വീടിന്‍റെ അകത്തളങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ലിവിംഗ് ഏരിയയുടെ റൂഫ് ഭാഗം മുഴുവനും വുഡന്‍ പാനലിംഗ് ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്. തുടര്‍ന്ന് ഫോയര്‍ വഴി ഡൈനിംഗ് ഏരിയയിലെ വിശാലമായ ഓപ്പണ്‍ സ്പെയിസിലേക്കാണ് പ്രവേശിക്കുന്നത്. ഫോയര്‍ ഏരിയയിലെ റൂഫിംഗിലും വുഡന്‍ പാനലിംഗ് പിന്‍തുടര്‍ന്നിട്ടുണ്ട്. ഡൈനിംഗ് ഏരിയയിലെ വിശാലതയാണ് സെന്‍റര്‍ പോയിന്‍റ് ഓഫ് അട്രാക്ഷന്‍ എന്നു പറയാം. ഇവിടെ നിന്നുമാണ് മറ്റ് ഏരിയയിലേക്കുള്ള പ്രവേശനം.  ഈ ഏരിയയില്‍ തന്നെയാണ് വാഷ്  ഏരിയ, ഇന്‍സൈഡ് കോര്‍ട്ട് യാര്‍ഡ്, സ്റ്റെയര്‍കെയ്സ് എന്നിവ.  സ്റ്റെയര്‍ പൂര്‍ണ്ണമായും വുഡിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. കീഴ് ഭാഗത്ത് ഡൈനിംഗിനും അയണിംഗിനുമുള്ള സൗകര്യം. ഗ്ലാസ്സ് ടോപ്പോടു കൂടിയ ആഢ്യത്വം തോന്നിക്കുന്ന പഴയ ഫര്‍ണിച്ചറാണ് ഡൈനിംഗ് ഏരിയയുടെ മുഖ്യ ആകര്‍ഷണം. ഡബിള്‍ ഹൈറ്റിലുള്ള സ്പേസ് മാനേജ്മെന്‍റും സ്റ്റെയര്‍ കയറി ചെല്ലുന്ന വാക്കിംഗ് സ്പേസില്‍ നിന്നുള്ള കാഴ്ചയും ഡൈനിംഗ് ഏരിയയുടെ മനോഹാരിത കൂടുതല്‍ ആസ്വദിക്കാനാകും. ഡൈനിംഗ് ഏരിയയ്ക്ക് അഭിമുഖമായാണ് കോര്‍ട്ട് യാര്‍ഡ് വരുന്നത്. ഡബിള്‍ ഹൈറ്റില്‍ ആവശ്യത്തിന് കാറ്റും വെളിച്ചവും പ്രവേശിക്കുന്ന വിധത്തില്‍ പര്‍ഗോള നല്‍കിയാണ് കോര്‍ട്ട് യാര്‍ഡിന്‍റെ സജ്ജീകരണം. ഭിത്തിയില്‍ സ്റ്റോണ്‍ ഗ്ലാഡിംഗും താഴെ നാച്വറല്‍ സ്റ്റോണും ചെടികളും  നല്‍കി അവിടം കൂടുതല്‍ ശ്രദ്ധേയമാക്കി.

ബെഡ്റൂമുകളിലും കിച്ചനിലുമെല്ലാം മിനിമം അലങ്കാരങ്ങള്‍ മാത്രമണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പഴയ വീടുകളിലെ മച്ചിന്‍റെ ഭംഗിയെ ഓര്‍മ്മപ്പെടുത്തുന്ന വിധത്തില്‍ ബെഡ്റൂമുകളില്‍ വുഡന്‍ പാനലുകള്‍ നല്‍കി. പഴമയില്‍ പുതുമ കണ്ടെത്തുന്ന ആളുകള്‍ ഇന്നത്തെ കാലഘട്ടത്തില്‍ കുറവാണ്. മോഡേണ്‍ ആശയങ്ങളും അത്യാധുനിക സൗകര്യങ്ങള്‍ക്കും വേണ്ടി പരക്കം പായുമ്പോള്‍ നൗഷാദ് എന്ന വ്യക്തി ഓടിയത് ഉപയോഗിച്ച് ഉപേക്ഷിച്ച ഉരുപ്പടികള്‍ തേടിയാണ്. ഔട്ട്ഫാഷനായ വാതിലുകളും ജനലുകളും ഫര്‍ണ്ണിച്ചറുകളും ഒരിക്കല്‍കൂടി വീടിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറി എന്നുള്ളത് കൗതുകകരമാണ്. സങ്കല്‍പ്പത്തിലെ തന്‍റെ പഴയ വീടിന് അനുയോജ്യമായ ഉരുപ്പടികള്‍ തേടി ഒത്തിരി അലഞ്ഞെങ്കിലും ഇന്ന് നൗഷാദ് സന്തോഷ വാനാണ്. കാരണം താന്‍ മനസ്സില്‍ കണ്ട ഗൃഹാതുരത്വം ഉണര്‍ത്തുന്നതും ഗ്രാമീണത തുളുമ്പുന്നതുമായ ഒരു ഭവനം സ്വന്തമായി നിര്‍മ്മിക്കാനായല്ലോ എന്നോര്‍ത്ത് സന്തോഷിക്കുകയാണ്. ആധുനിക രീതിയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ചിട്ടുള്ള വീടുകള്‍ ഉണ്ടെങ്കിലും പരമ്പരാഗത ശൈലിയോട് താത്പര്യമുള്ളവര്‍ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഈ വീടിന്‍റെ നിര്‍മ്മാണം.

first-floor

 

 

Meet the Designers

Saddique Ali & Zuinul Aleef.

Firm: Brick & Stone

Firm Specialisation: Architecture & Interior Designing

Address: Brick & Stone, Uroob Nagar, Ponnani, Malappuram

Email : service@brick&stone.in

Ph: 9037874709, 9995550051

 

 

Comments