Posted by

കണ്ണിന് ഇമ്പമായി

പ്രകൃതിയുടെ സൗന്ദര്യത്തികവിന് തൊടുകുറി അഴകാവുന്ന എക്സ്റ്റീരിയര്‍. കണ്ണിന് ഇമ്പം പകരുന്ന നിറക്കൂട്ടുകളും വിശാലമായ പുല്‍ത്തകിടിയും പ്രൗഢി വിളിച്ചോതുന്ന എലവേഷനുമൊക്കെയായി കാഴ്ചയെ സമ്പന്നമാക്കുകയാണ് ഇടുക്കി ജില്ലയിലെ മുരിക്കശ്ശേരിയിലെ സുജോ ജോസഫിന്‍റെ വീടിന്‍റെ പുറംകാഴ്ചകള്‍. അതി വിശാലമായ ലാന്‍ഡ്സ്കേപ്പിംഗ് ഏരിയയും മുറ്റവുമൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂര്‍ണ്ണമായും കണ്‍ടെംപ്രറി ഡിസൈനിലാണ് വീടിന്‍റെ എലവേഷനും ഇന്‍റീരിയറുമൊക്കെ ഒരുക്കിയിരിക്കുന്നത്. വൈറ്റ്- ഗ്രേ നിറങ്ങളുടെ കോമ്പിനേഷനിലുള്ള എക്സ്റ്റീരിയര്‍ കളര്‍ തീം വീടിന്‍റെ മൊത്തത്തിലുള്ള ലുക്കിനെ സുന്ദരമാക്കുന്നു. പ്രധാന ഗേറ്റിനു വെളിയില്‍ ഇരുവശത്തുമായി ലാന്‍ഡ്സ്കേപ്പ് ബെഡ്ഡുകള്‍ ഒരുക്കിയിട്ടുണ്ട്. പാവിംഗ് ടൈലുകള്‍ പാകി ഡ്രൈവ് വേയും വാക്ക് വേയും സുന്ദരമാക്കിയിരിക്കുന്നു. ഗേറ്റിന്‍റെ ഭാഗമായി വരുന്ന പില്ലറില്‍ ആര്‍ട്ടിഫിഷല്‍ സ്റ്റോണ്‍ ക്ലാഡ്ഡിംഗ് നല്‍കി. വുഡും എംഎസും കൊണ്ടാണ് ഗേറ്റ് ഒരുക്കിയിരിക്കുന്നത്. വീടിന്‍റെ മുന്‍വശത്തെ പില്ലറുകളിലെല്ലാം ആര്‍ട്ടിഫിഷല്‍ സ്റ്റോണ്‍ ക്ലാഡ്ഡിംഗ് നല്‍കിയിട്ടുണ്ട്. സ്ലോപ് ഡിസൈനിലുള്ള റൂഫില്‍ ഷിങ്കിള്‍സ് ആണ് നല്‍കിയിരിക്കുന്നത്. ക്രോസ് വെന്‍റിലേഷനു പ്രാധാന്യം നല്‍കുന്ന രീതിയിലാണ് ഇവിടെ വാതിലുകളും ജനലുകളുമൊക്കെ നല്‍കിയിരിക്കുന്നത്.

വീടിന്‍റെ ഒരു വശത്തേക്ക് ഒതുങ്ങിയാണ് കാര്‍പോര്‍ച്ചിന് സ്ഥാനം നല്‍കിയിരിക്കുന്നത്. മുറ്റത്തു നിന്നും പടികള്‍ കയറി സിറ്റൗട്ടിലേക്കു പ്രവേശിക്കാം. ബ്ലാക്ക് ലപോത്ര ഫിനിഷ് ഗ്രാനൈറ്റാണ് സിറ്റൗട്ടിനും സ്റ്റെപ്പുകളിലുമെല്ലാം നല്‍കിയിരിക്കുന്നത്. ജിപ്സം സീലിംഗും കോവ് ലൈറ്റുകളും നല്‍കി സിറ്റൗട്ടിന്‍റെ സീലിംഗിനെ അലങ്കരിച്ചിരിക്കുന്നു

സിറ്റൗട്ടില്‍ നിന്നും മനോഹരമായി സജ്ജീകരിച്ചിരിക്കുന്ന ഫോര്‍മല്‍ ലിവിംഗ് സ്പെയ്സിലേക്കു പ്രവേശിക്കാം. ബ്ലാക്ക് നിറത്തിലുള്ള ജൂട്ട് മെറ്റീരിയല്‍ കൊണ്ട് അപ്ഹോള്‍സ്റ്ററി ചെയ്തെടുത്ത ഒരു സോഫ യൂണിറ്റും വുഡ്- ഗ്ലാസ്സ് കോമ്പിനേഷനിലുള്ള ടീപോയിയുമാണ് ഫോര്‍മല്‍ ലിവിംഗിലെ പ്രധാന ഫര്‍ണിച്ചറുകള്‍. ലിവിംഗ് ഏരിയയുടെ ഒരു ചുമരിനെ ഇംപോര്‍ട്ടഡ് വാള്‍പേപ്പര്‍ ഒട്ടിച്ച് മനോഹരമാക്കിയിരിക്കുന്നു. ഇളം മഞ്ഞനിറത്തിലുള്ള ഈ വാള്‍പേപ്പറും കോര്‍ണറിലെ ഹാംഗിഗ് ലൈറ്റും വാള്‍പെയിന്‍റിംഗുമെല്ലാം ചേരുമ്പോള്‍ ലിവിംഗ് ഊഷ്മളമായൊരു അനുഭവമാകുന്നു. ജിപ്സവും പ്ലൈവുഡും ലാമിനേറ്റ്സും ഉപയോഗിച്ച് സീലിംഗിനെയും മനോഹരമായി അലങ്കരിച്ചിരിക്കുന്നു. ലിവിംഗിനും സ്റ്റെയര്‍ ഏരിയക്കും ഇടയിലായി മനോഹരമായൊരു സെമി പാര്‍ട്ടീഷന്‍ വാളും നല്‍കിയിട്ടുണ്ട്. എംഡിഎഫും എസ് എസുമാണ് ഈ പാര്‍ട്ടീഷന്‍ വാള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്. പാര്‍ട്ടീഷന് സാറ്റിന്‍ ഫിനിഷിലുള്ള വൈറ്റ് ഇനാമല്‍ നല്‍കിയിരിക്കുന്നു. ഫ്ളോര്‍ ലെവലില്‍ കട്ട് ചെയ്ത് ചെറിയൊരു പെബിള്‍ കോര്‍ട്ടും ഇവിടെ ഒരുക്കിയിട്ടുണ്ട്. അതിനു മുകളിലായി ഗ്ലാസ്സ് ഫ്ളോറിംഗ് നല്‍കിയിരിക്കുന്നു. വിട്രിഫൈഡ് ടൈലാണ് ഫ്ളോറിംഗിന് വേണ്ടി എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത്.

ലളിതമായ ഡിസൈനില്‍ ഒരുക്കിയ സ്റ്റെയര്‍ കെയ്സിന്‍റെ പടികള്‍ക്ക് ബ്ലാക്ക് ലപോത്ര ഗ്രാനൈറ്റാണ് നല്‍കിയത്. സ്റ്റെയര്‍ കെയ്സിന്‍റെ ഒരു ചുമരും വാള്‍പേപ്പര്‍ ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തെടുത്തിട്ടുണ്ട്. മനോഹരമായൊരു പെയിന്‍റിംഗ് ഈ ചുമരിനെ അലങ്കരിക്കുന്നു. പ്ലൈവുഡും ലാമിനേറ്റ്സും കൊണ്ടു നിര്‍മ്മിച്ച ഒരു കണ്‍സോള്‍ യൂണിറ്റും ഇവിടെയുണ്ട്.

ഇലകളുടെ ഡിസൈനുള്ള മനോഹരമായൊരു വാള്‍പേപ്പറാണ് ഫാമിലി ലിവിംഗ് ഏരിയയെ അത്യാകര്‍ഷകമാക്കുന്നത്. ടെലിവിഷന്‍ ഏരിയയുടെ സ്ഥാനവും ഈ ഫാമിലി ലിവിംഗില്‍ തന്നെയാണ്. വാള്‍പേപ്പറിനോട് മാച്ച് ചെയ്യുന്ന കളര്‍ തീമിലുള്ള കര്‍ട്ടനാണ് ഇവിടെ ഉപയോഗിച്ചത്. ജൂട്ട് മെറ്റീരിയല്‍ ഉപയോഗിച്ച് കസ്റ്റമെയ്സ്ഡായി നിര്‍മ്മിച്ചതാണ് ഇവിടുത്തെ സോഫ. ജിപ്സം ഉപയോഗിച്ചാണ് ഇവിടെ സീലിം്ഗ് ഒരുക്കിയത്. ഫാമിലി ലിവിംഗിന്‍റെ എതിര്‍വശത്തായി ഡൈനിംഗ് സ്പെയ്സും ക്രമീകരിച്ചിരിക്കുന്നു. ഈ രണ്ടു സ്പെയ്സുകള്‍ക്കും ഇടയിലാണ് പ്രെയര്‍ ഏരിയ വരുന്നത്. പ്ലൈയും ലാമിനേറ്റ്സും തന്നെയാണ് പ്രെയര്‍ യൂണിറ്റിന്‍റെ നിര്‍മ്മാണത്തിനും ഉപയോഗിച്ചിരിക്കുന്നത്. മഹാഗണി കൊണ്ടു നിര്‍മ്മിച്ച കസ്റ്റമെയ്ഡ് ഡൈനിംഗ് ടേബിളിന് ബ്ലാക്ക് ഗ്ലാസ്സ് ടോപ്പ് നല്‍കി. പ്ലൈവുഡും ജിപ്സവുമാണ് ഇവിടെ സീലിംഗിനെ അലങ്കരിക്കുന്നത്. ഡൈനിംഗിന്‍റെ ഒരുവശത്തായി ക്രോക്കറി യൂണിറ്റ് ഒരുക്കിയിരിക്കുന്നു. വാള്‍ പേപ്പര്‍ നല്‍കി മനോഹരമാക്കിയൊരു ചുമരും ഇവിടെയുണ്ട്. റോളര്‍ ബ്ലൈന്‍ഡ്സ് ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ക്യൂട്ട് ഡിസൈനിലുള്ള രണ്ടു വലിയ ഹാംഗിഗ് ലൈറ്റുകള്‍ ഡൈനിംഗ് ഏരിയയില്‍ പ്രഭ ചൊരിയുന്നു.

നാലു ബെഡ് റൂമുകളാണ് ഇവിടെയുള്ളത്. ബെഡ് റൂമുകളിലെ ഓരോ ചുമരുകള്‍ വീതം വാള്‍ പേപ്പര്‍ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. കര്‍ട്ടനുകളും ബ്ലൈന്‍റ്സും ഒരുപോലെ ബെഡ്റൂമുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. പ്ലൈവുഡും ലാമിനേറ്റ്സും ഉപയോഗിച്ചാണ് ഹെഡ് റെസ്റ്റ് ഒരുക്കിയിരിക്കുന്നത്. മാസ്റ്റര്‍ ബെഡ് റൂമില്‍ പ്ലൈവുഡ് ലാമിനേറ്റ്സ് ഹെഡ് ബോര്‍ഡിന് ഒരു വാള്‍പേപ്പര്‍ ബാന്‍റ് കൂടി നല്‍കിയിരിക്കുന്നു. കട്ടില്‍, വാര്‍ഡ്രോബ് എന്നിവയും പ്ലൈവുഡും ലാമിനേറ്റ്സും ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ്. മുകള്‍നിലയില്‍ രണ്ടു ബെഡ് റൂമുകളും താഴെ രണ്ടുമായി ആകെ നാലു ബെഡ് റൂമുകളാണ് ഇവിടെയുള്ളത്. എല്ലാ ബെഡ് റൂമുകളിലും ജിപ്സം സീലിംഗ് നല്‍കിയിട്ടുണ്ട്.

കിച്ചന്‍
ബ്ലാക്ക് വിട്രിഫൈഡ് ടൈലാണ് കിച്ചന്‍റെ ഫ്ളോറില്‍ നല്‍കിയിരിക്കുന്നത്. ബ്ലാക്ക് ഗ്യാലക്സി ഗ്രാനൈറ്റ് കിച്ചന്‍ കൗണ്ടര്‍ ടോപ്പിന് അഴകേകുന്നു. മറൈന്‍ പ്ലൈവുഡും ലാമിനേറ്റ്സുമാണ് കിച്ചന്‍ കാബിനറ്റുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.

 

first-floor

ground-floor

 

Fact File:

Project Type: Residence

Location: Murikkassery, Idukki

Client: Sujo Joseph

Designer: Ponnu Jose

Project Execution: Basil Thomas

Civil works: Er. Mini K. Antony

Design Style: Contemporary

Area: 2450 sq. ft

Plot: 20 cent

Completed In: 2015

 

 

Comments