Posted by

കേരളീയ തനിമയോടെ താജ് വിവാന്ത

പരിമിതികള്‍ക്ക് അകത്തു നിന്നു കൊണ്ട് പുതുമയും കൗതുകവും ഒത്തിണങ്ങിയൊരു ഡിസൈനിലേക്ക് സ്‌പെയ്‌സുകളെ പുനര്‍നിര്‍വ്വചിച്ച് എടുക്കുക എന്നത് ഏറെ ശ്രമകരമായൊരു ദൗത്യമാണ്. ബേക്കലിലെ താജ് വിവാന്തയുടെ സ്യൂട്ട് റൂമുകളുടെ റെനവേഷന്‍ ജോലികളും ഇത്തരത്തില്‍ ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍, ആ വെല്ലുവിളികളെ ബ്രില്ല്യന്റായ ഡിസൈന്‍ സങ്കേതങ്ങള്‍ കൊണ്ട് മറികടന്നിരിക്കുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തോട്ട് പാരലല്‍സിലെ ആര്‍ക്കിടെക്റ്റ് നിഖില്‍ മോഹനും ഇന്റീരിയര്‍ ഡിസൈനര്‍ ഷബ്‌ന നിഖിലും.

കാപ്പില്‍ ബീച്ചിനോട് തൊട്ടുരുമ്മി കിടക്കുന്ന ബേക്കലിലെ താജ് വിവാന്ത റിസോട്ട് അതിന്റെ അഴകും ലൊക്കേഷന്റെ പ്രത്യേകതയും കൊണ്ടു തന്നെ ഏറെ ശ്രദ്ധേയമായൊരു പ്രൊജക്റ്റാണ്. ഇന്റിവിച്വല്‍ കോര്‍ട്ട് യാര്‍ഡ് സ്‌പെയ്‌സുകളും പ്രൈവറ്റ് പ്ലഞ്ച് പൂളുകളും ജിവാ ഗ്രാന്‍ഡെ സ്പാകളും ബാക്ക് വാട്ടേഴ്‌സുമെല്ലാമായി 26 ഏക്കറില്‍ വികസിച്ചു കിടക്കുന്ന വലിയൊരു ലോകമാണ് താജ് വിവാന്തയുടേത്. ഇന്ത്യയിലെ ഏറ്റവും ലീഡിംഗ് ഗ്രൂപ്പുകളില്‍ ഒന്നായ താജിന്റെ ഒരു പ്രൊജക്റ്റ് ഏറ്റെടുക്കാന്‍ കഴിഞ്ഞു എന്നതിനെ ഏറെ അഭിമാനകരമായൊരു നിമിഷമായാണ് ആര്‍ക്കിടെക്റ്റ് നിഖിലും ഷബ്‌നയും കണക്കാക്കുന്നത്.

25 ദിവസങ്ങള്‍ കൊണ്ടാണ് ഈ സ്യൂട്ട് റൂമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിഖിലും ഷബ്‌നയും പൂര്‍ത്തിയാക്കുന്നത്. പരിമിതമായ ടൈം ഷെഡ്യൂളും മെറ്റീരിയലുകളുടെ തെരെഞ്ഞെടുപ്പും വൈദഗ്ധ്യമേറിയ ക്രാഫ്റ്റ്മാന്‍മാരെ കണ്ടെത്താനുള്ള ബുദ്ധിമുട്ടുമൊക്കെ വെല്ലുവിളിയായിരുന്നെങ്കിലും സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ഈ പ്രൊജക്റ്റ് പൂര്‍ത്തിയാക്കാന്‍ തോട്ട് പാരലല്‍സിനു കഴിഞ്ഞിരിക്കുന്നു.

കേരളീയമായ തനതുസംസ്‌കാരത്തിനാണ് ഈ റെനവേഷനില്‍ ഉടനീളം നിഖിലും ഷബ്‌നയും ഊന്നല്‍ നല്‍കിയിരിക്കുന്നത്. കേരള ഡിസൈനിന്റെ അഴകും പ്രൗഢിയും ഒട്ടും ഒളിമങ്ങാതെ തന്നെ ഈ ഡിസൈനില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. സൂര്യന്‍, ഭൂമി, ജലം, അഗ്നി- തുടങ്ങിയ പ്രകൃതിപരമായ ഘടകങ്ങളില്‍ നിന്നും പ്രചോദനമുള്‍കൊണ്ടുള്ള നാലു കളര്‍ സ്‌കീമുകളാണ് പ്രധാനമായും ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പഴയകാല മഞ്ചലുകളെ അനുസ്മരിപ്പിക്കുന്ന കട്ടിലുകള്‍, രാജഭരണകാലത്തെ ആഢ്യതമുള്ള ഇരിപ്പിടങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ലിവിംഗിലെ സീറ്റിംഗ് അറേഞ്ച്‌മെന്റുകള്‍, പരമ്പരാഗതമായ വിശറിയെ ഓര്‍മ്മപ്പെടുത്തുന്ന ഫാന്‍ എന്നിങ്ങനെ ഓരോ അലങ്കാരങ്ങളിലും കേരളീയ തനിമയുടെ സാന്നിധ്യം വ്യക്തമായി തന്നെ കാണാന്‍ സാധിക്കും. വൃത്താകൃതിയിലുള്ള ആന്റിക് ടേബിള്‍ റീ സൈസ് ചെയ്ത്, റീ മോഡല്‍ ചെയ്ത് പുനരുപയോഗിച്ചിരിക്കുന്നു. ഇത് സ്‌പെയ്‌സിന്റെ അനുപാതത്തിന് ഇണങ്ങുംവിധമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബ്രാസ്- മെറ്റല്‍ ഷീറ്റില്‍ നിര്‍മ്മിച്ച ഹാന്‍ഡ്‌മെയ്ഡ് ലൈറ്റ് ഫിക്ചറുകളും അവയ്ക്ക് നല്‍കിയ വാം ലൈറ്റിംഗ് സങ്കേതങ്ങളും ഇന്റീരിയറിനെ മനോഹരമാക്കുന്നു. ബ്ലാങ്ക് നിഷുകള്‍ക്ക് മഡ് ഫിനിഷ് പെയിന്റ് നല്‍കി ആര്‍ട്ടിഫാക്റ്റുകളെയും ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. കണ്‍സീല്‍ഡ് ലൈറ്റുകളുടെ സാന്നിധ്യം ഈ നിഷുകളെ അത്യാകര്‍ഷകമാക്കുന്നു.

ബ്രാസ്സ് ഇന്‍ലെയ്‌സോടു കൂടിയ ആന്റിക് ഹാന്‍ഡ്‌മെയ്ഡ് വുഡന്‍ ചെസ്റ്റിന് ഇണങ്ങുന്ന രീതിയില്‍ സോഫയും റെനവേറ്റ് ചെയ്‌തെടുത്തിട്ടുണ്ട്. കേരളീയ തനിമയുള്ള മഞ്ചം എന്ന ആശയമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പഴയ കാലത്ത് ആഭരണങ്ങളും കഥകളി കോസ്റ്റ്യൂമും വെയ്ക്കാന്‍ വേണ്ടി ഉപയോഗിച്ചു വന്നിരുന്ന വുഡന്‍ ചെസ്റ്റാണ് മഞ്ചം. ഇവിടെ കോഫി ടേബിളിന്റെ രൂപത്തിലേക്ക് മഞ്ചത്തെ റീഡിസൈന്‍ ചെയ്‌തെടുത്തിരിക്കുകയാണ്. പിത്തള കൊണ്ടുള്ള അലങ്കാരങ്ങള്‍ മഞ്ചത്തിന്റെ മാറ്റ് കൂട്ടുന്നു.

ചിത്രപ്പൊതി ഡിസൈനിലുള്ള മ്യൂറല്‍ വര്‍ക്കുകള്‍ ചുമരുകളെ ഹൈലൈറ്റ് ചെയ്യുന്നു. ഇവ കാഴ്ചയെ സമ്പന്നമാക്കുന്നതിനൊപ്പം ആര്‍ട്ട് പ്രണയികള്‍ക്ക് കൗതുകവും സമ്മാനിക്കുന്നുണ്ട്. വൈറ്റ് കളര്‍ ടോണ്‍ ആണ് പെയിന്റിംഗിനു വേണ്ടി തെരെഞ്ഞെടുത്തത്. നല്ല ഗ്രിപ്പ് കിട്ടാനും ലൈറ്റിന്റെ പ്രതിഫലനം കുറയ്ക്കാനുമായി ഫ്‌ളോറിന് മാറ്റ് ഫിനിഷിലുള്ള പോളിഷ് ആണ് നല്‍കിയത്. ഇന്റീരിയറിലെ ഓരോ സ്‌പെയ്‌സുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ ഈ മാറ്റ് ഫിനിഷ് ഫ്‌ളോറിന് നല്ലൊരു പങ്കുണ്ട്. ഡിസൈനുമായി ഇണങ്ങുന്ന രീതിയില്‍ ഫര്‍ണിച്ചറുകളെല്ലാം പുതുതായി അപ്‌ഹോള്‍സ്റ്ററി ചെയ്‌തെടുത്തവയാണ്. വെള്ളയില്‍ സ്വര്‍ണകസവ് കരയോടു കൂടിയ കര്‍ട്ടനുകളും റോമന്‍ ബ്ലൈന്‍ഡ് കര്‍ട്ടനുകളും മോഹിനിയാട്ടവസ്ത്രത്തെ അനുസ്മരിപ്പിക്കും.
വിദേശികളായ സഞ്ചാരികള്‍ക്ക് ഓരോ അണുവിലും കേരള തനിമ നിറയുന്ന ഈ സ്യൂട്ട് റൂം നവ്യമായൊരു അനുഭവം തന്നെയാവും സമ്മാനിക്കുക. കാലമെത്ര കഴിഞ്ഞാലും കേരളീയ തനിമയുടെ മാറ്റ് കുറയുന്നില്ലെന്ന് പറയാതെ പറയുന്നുണ്ട് ഈ പ്രൊജക്റ്റ്.

 

Fact File:
Project Type: RESORT- SUITE ROOMS RENOVATION (INTERIORS)
Project Name: TAJ VIVTANA
Location: BEKAL – Kasargod
Design: Ar. Nikhil Mohan & Designer Shabna Nikhil
Design Style: Kerala Traditional Design
Completed In: 2015

 

Meet the Designer

Ar. Nikhil Mohan & Designer Shabna Nikhil.

Firm: thought parallels a r c h i t e c t u r e
Address: thought parallels a r c h i t e c t u r e,
B3,JE-218, Jawahar nagar colony,
Eranjipalam.P.O,Calicut – 673006
Tele: +91495 2772899
Email: mail@thoughtparallels.com, admin@thoughtparallels.com
Website: www.thoughtparallels.com

Comments