Posted by

ഫോയര്‍ ഡിസൈന്‍

ഓരോ വീടിന്റെയും അവിഭാജ്യ ഘടകമായിരിക്കുന്നു ഇന്ന് ഫോയറുകള്‍. വീടിന്റെ സിറ്റൗട്ടില്‍ നിന്ന് ഉള്ളിലേക്ക് കയറുമ്പോള്‍ ഈ ഫോയര്‍ സ്‌പേസിലൂടെയാണ് നാം സാധാരണ രീതിയില്‍ മറ്റു കോമണ്‍ ഏരിയകളിലേക്ക് നയിക്കപ്പെടുന്നത്.
ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു വീടിനുള്ളിലേക്ക് കയറേണ്ടി വരുന്ന സാഹചര്യങ്ങളില്‍ സിറ്റൗട്ടില്‍ നിന്നുമുള്ള എന്‍ട്രസിനു ആവശ്യമായ വിശാലത നല്‍കണം. മിനിമം ലെവലില്‍ 120 സെ. മീ മുതലാണ് ഇവിടങ്ങളില്‍ ന്‍ല്‍കാറുള്ളത്. വീടിന്റെ അകത്തളങ്ങളിലേക്ക് ആദ്യമായി ആനയിക്കപ്പെടുന്ന ഭാഗമായതിനാല്‍ വളരെ ആകര്‍ഷകമായാണ് ഇവ സാധാരണ ഡിസൈന്‍ ചെയ്യപ്പെടാറുള്ളത്. ഫോര്‍മല്‍ ആന്‍ഡ് ഫാമിലി ലിവിങ്ങ് സ്‌പേയ്‌സ്, ഡൈനിംഗ് ഏരിയ പോലുള്ള കോമണ്‍ ഏരിയകളിലേക്ക് സുഗമമായി പ്രവേശിക്കാന്‍ പറ്റുന്ന രീതിയില്‍, എന്നാല്‍ അവിടങ്ങളില്‍ നിന്നു തികഞ്ഞ പ്രൈവസി കിട്ടുന്ന രീതിയിലുമാണ് ഈ സ്‌പേയ്‌സുകള്‍ പ്ലാന്‍ ചെയ്യേണ്ടത്.
ഫ്‌ളോറിലും ചുമരിലും ആകര്‍ഷകമായ മെറ്റീരിയലുകള്‍ ഉപയോഗിച്ച് പോസിറ്റീവ് എനര്‍ജി കിട്ടുന്നതും ഫംഗ്ഷണലുമായ രീതിയില്‍ തന്നെയാണ് ഫോയറുകള്‍ ഒരുക്കേണ്ടത്. സിറ്റൗട്ടിലും മറ്റു കോമണ്‍ ഏരിയകളിലും ഉപയോഗിച്ച ഫ്‌ളോറിങ്ങിന്റെ തുടര്‍ച്ചയാണ് ഇവിടെയും വേണ്ടത്. വെളിച്ചത്തിന്റെ ലഭ്യത കുറവുള്ള ഇടമാണെങ്കില്‍ ലൈറ്റ് കളര്‍ ഫ്‌ളോറിങ്ങ് ആണുചിതം. ഫോയര്‍ സ്‌പേയ്‌സില്‍ നിന്നും കോമണ്‍ ഏരിയകളിലേക്കുള്ള ഡയറക്ഷന്‍ കാണിക്കാന്‍ ഫ്‌ളോറിങ്ങില്‍ ചെറിയ സ്ട്രിപ് പാറ്റേണ്‍ നല്‍കാവുന്നതാണ്. ഡിസൈന്‍ കോണ്‍സെപ്റ്റിനനുയോജ്യമായി ഇതേ പാറ്റേണ്‍ സീലിങ്ങിലും നല്‍കാം. രാത്രി സമയങ്ങളില്‍ ആവശ്യമായ വെളിച്ചം മിനിമല്‍ ലെവലില്‍ ലഭിക്കാന്‍ ആവശ്യമെങ്കില്‍ ഇവിടെ ഇന്‍ഡയറക്റ്റ് ലൈറ്റിങ്ങും നല്‍കാവുന്നതാണ്. പാസ്സേജ് പോലെ ഡിസൈന്‍ ചെയ്യാറുള്ള ഈ ഏരിയയില്‍ കൈ തട്ടി അഴുക്കു വരാവുന്ന ഭാഗങ്ങളില്‍ ചുമരില്‍ അനുയോജ്യമായ രീതിയില്‍ ഡാര്‍ക് ക്ലാഡിങ്ങുകളും ഉപയോഗിക്കാവുന്നതാണ്.
അതുപോലെ ഫാമിലി ലിവിങ്ങ് ഏരിയയിലേക്ക് കയറുന്നതിനു മുന്‍പേ സിറ്റൗട്ടില്‍ നിന്നും ഒരു കണക്ഷന്‍ ബ്രിഡ്ജ് എന്ന രീതിയിലും ഫോയര്‍ സ്‌പേയ്‌സ് വരാറുണ്ട്. താരതമ്യേന വലിയ ഏരിയയിലുള്ള വീടുകളിലാണ് ഇത്തരത്തില്‍ ഫോയറുകള്‍ ഒരുക്കാറുള്ളത്. സാധാരണ ബജറ്റ് ഹോമുകളില്‍ ഇങ്ങനെയുള്ള ഫോയറുകള്‍ ഇടം പിടിക്കാറില്ല.

Comments