Posted by

ബാല്‍ക്കണിയില്‍ ഒരു പൂങ്കാവനം

മനസ്സുവെച്ചാല്‍ ബാല്‍ക്കണിയിലേയോ ടെറസിലെയോ ഇത്തിരി സ്ഥലത്തും മനോഹരമായ പൂന്തോട്ടമൊരുക്കാം

പൂന്തോട്ടം ഒരു കുളിരാണ്. മനസ്സിനും ശരീരത്തിനും ഒരുപോലെ തണുപ്പ് പകരുന്ന അനുഭവം. എത്ര തിരക്കുകള്‍ക്കിടയിലും സ്വന്തം പൂന്തോട്ടത്തെ പരിപാലിക്കാന്‍ ഒരിത്തിരി സമയം കണ്ടെത്തുന്നവരാണ് ഇന്നേറെയും. വേനല്‍ക്കാലത്തിന്‍റെ വേവ് വീടിനുള്ളിലേക്കും വ്യാപിച്ചു തുടങ്ങുമ്പോള്‍ പച്ചപ്പിന്‍റെ കുളിരുള്ള പൂന്തോട്ടങ്ങളിലും മുറ്റത്തും കൂടുതല്‍ സമയം ചെലവഴിക്കാന്‍ നാം ആഗ്രഹിക്കും. എന്നാല്‍ മെട്രോ സിറ്റികളിലെ രണ്ടോ മൂന്നോ ബെഡ്റൂം ഫ്ളാറ്റുകളില്‍ അഭയം തേടുന്നവര്‍ക്ക് എവിടെയാണ് പൂന്തോട്ടത്തിന്‍റെ കുളിര്‍മ? പലപ്പോഴും അടുത്ത ഫ്ളാറ്റിലെ അടുക്കളജനലിന്‍റെ കാഴ്ച്ചകളിലേക്ക് തുറക്കുന്ന ചെറിയ ബാല്‍ക്കണികളായിരിക്കും ഇവരുടെ പുറംലോകം. എങ്കിലും നിരാശപ്പെടാന്‍ വരട്ടെ, ഫ്ളാറ്റുകളിലെ താമസക്കാര്‍ക്കും മനസ്സുവെച്ചാല്‍ ഒരു കുഞ്ഞു പൂന്തോട്ടമോ ചെറിയ തോതിലുള്ള പച്ചക്കറി തോട്ടമോ തുടങ്ങാം. ബാല്‍ക്കണിയിലോ ടെറസ് ഏരിയയിലോ മതിയായ സൗകര്യങ്ങളൊരുക്കി നല്ലൊരു പൂന്തോട്ടം ആരംഭിക്കാം.
ഏറെ ക്രിയാത്മകമായ ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് ബാല്‍ക്കണി ഗാര്‍ഡന്‍. വലുപ്പത്തിന്‍റെ കാര്യത്തില്‍ പരിമിതികളുണ്ടെങ്കിലും മനോഹരമായ ഔട്ട്ഡോര്‍ റൂമാക്കി മാറ്റാനുള്ള ഒരുപാട് അവസരങ്ങള്‍ ബാല്‍ക്കണി മുന്നോട്ട് വയ്ക്കുന്നുണ്ട്. കുറഞ്ഞ അധ്വാനത്തില്‍ ബാല്‍ക്കണിയെ മനോഹരമാക്കുന്നതില്‍ നാല് ഘടകങ്ങള്‍ പ്രധാനമാണ്, ഡിസൈന്‍, ബെയ്സ് എലമെന്‍റ്സ്, ലിവ് എലമെന്‍റ്സ്, കെയര്‍ എന്നിവ. ഒട്ടും അനുകൂല ഘടകങ്ങളില്ലാത്ത ബാല്‍ക്കണിയെ പോലും സന്തോഷപ്രദവും സൗകര്യപ്രദവുമായ ഗാര്‍ഡനിംഗ് സ്പേസാക്കി മാറ്റാനുള്ള ചില പൊടിക്കൈകളിതാ.

തുടക്കത്തിലേ ശ്രദ്ധിക്കാം
വളരെ കുറഞ്ഞ ചെലവിലും അധ്വാനത്തിലും ബാല്‍ക്കണി, ടെറസ് ഗാര്‍ഡന്‍ ആരംഭിക്കാം. സ്പേസ്, ലൈറ്റ്, മണി, എനര്‍ജി, ഹീറ്റ്, ടൈം എന്നീ ഘടകങ്ങള്‍ വേണ്ടവിധത്തില്‍ യോജിച്ചു വന്നാല്‍ ബാല്‍ക്കണിയിലെ ഇത്തിരി സ്ഥലത്ത് പൂക്കളുടെ വസന്തം വിരിയിക്കാന്‍ ഒരുങ്ങിക്കോളൂ. ഗാര്‍ഡനിംഗ് ആരംഭിക്കും മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
സ്ഥലം: ബാല്‍ക്കണിയുടെ സ്ഥലലഭ്യതയും ആകൃതിയും മനസ്സിലാക്കാം. എത്ര ചെറിയ സ്പേസാണെങ്കിലും അവിടെ പച്ചപ്പൊരുക്കാന്‍ സാധിക്കുമെന്നോര്‍ക്കുക. വേര്‍ട്ടിക്കല്‍ സ്പേസ് ആണ് കൂടുതലെങ്കില്‍ ഹാങ് പ്ലാന്‍റ്സ് കൂടുതലായി ഉപയോഗിക്കാം. ബാല്‍ക്കണി, റൂഫ്ടോപ്പ് ഗാര്‍ഡന്‍ ഡിസൈന്‍ ചെയ്യുന്നതിനും ആരംഭിക്കുന്നതിനും മുന്‍പ് നമ്മള്‍ ചെയ്യാന്‍ പോകുന്ന സ്റ്റൈലിനെക്കുറിച്ച് നന്നായി ആലോചിക്കാം. ഉണ്ടാക്കാന്‍ പോകുന്ന പൂന്തോട്ടത്തില്‍ എത്രസമയം ചെലവഴിക്കും, പച്ചക്കറികളും ഔഷധസസ്യങ്ങളും ഒരുക്കേണ്ടതുണ്ടോ എന്നെല്ലാം ആലോചിച്ചുറപ്പിക്കാം.
നല്ലത് തിരഞ്ഞെടുക്കാം: പൂന്തോട്ടത്തിലെ മുഖ്യ ആകര്‍ഷകങ്ങളായ പ്ളാന്‍റ് കണ്ടെയ്നേഴ്സ് അഥവാ പൂച്ചെട്ടികള്‍ ശ്രദ്ധിച്ച് തിരഞ്ഞെടുക്കാം. ചെറിയ ഒരുപാട് ചട്ടികള്‍ വയ്ക്കുന്നതിനേക്കാള്‍ വലിയ പൂച്ചെട്ടികള്‍ ഒരുക്കുന്നതാണ് നല്ലത്. ഒരുപാട് ചെടികളും ചട്ടികളും വരുമ്പോള്‍ ബാല്‍ക്കണിയിലെ ഇത്തിരി സ്ഥലം ഓവര്‍ ലോഡാകും. ഇത് കാഴ്ച്ചാസുഖവും കുറയ്ക്കും. ഒറ്റസംഖ്യകളുടെ കണക്കില്‍ ചെടികള്‍ നടുന്നത് പ്ലീസിങ് ലുക്ക്സ് നല്‍കും. ഒരു കണ്ടെയ്നറില്‍ ഒന്നോ മൂന്നോ അഞ്ചോ ചെടികള്‍ നടാം. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഉചിതമായ ഏത് പാത്രങ്ങളും പ്ലാന്‍റ്സ് കണ്ടെയ്നറായി ഉപയോഗിക്കാം. ഉപയോഗശൂന്യമായ ചില പോട്ടുകളെല്ലാം ഇങ്ങനെ ഉപയോഗിച്ച് പണം ലാഭിക്കാം.
സൂര്യപ്രകാശം: ബാല്‍ക്കണിയില്‍ ലഭ്യമായ വെളിച്ചത്തെ ഉചിതമായി ഉപയോഗിക്കുന്ന രീതിയിലാവണം ഗാര്‍ഡന്‍ ഒരുക്കേണ്ടത്. സൂര്യപ്രകാശം നേരിട്ട് എത്രസമയം ലഭിക്കും എന്നത് നിരീക്ഷിക്കണം. അതനുസരിച്ചാവണം ചെടികള്‍ തിരഞ്ഞെടുക്കേണ്ടത്. വെളിച്ചം നന്നേ കുറവാണെങ്കില്‍ ഇന്‍ഡോര്‍ പ്ലാന്‍റ്സ് ഉപയോഗിക്കാം. എല്ലാ കാലാവസ്ഥകളിലും നിലനില്‍ക്കുന്ന തരത്തിലുള്ള ചെടികളും ലഭ്യമാണ്. ചെടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ബാല്‍ക്കണിയിലെ ചൂടിന്‍റെ അളവും പരിഗണിക്കണം.
പച്ചപ്പ് ഒരുക്കാം: നിത്യഹരിത ചെടികള്‍ നട്ട് ബാല്‍ക്കണി ഗാര്‍ഡനിംഗ് ആരംഭിക്കാം. വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന പച്ചപ്പ് ഇവ നല്‍കും. അതിനുശേഷം ഏറെക്കാലം നിലനില്‍ക്കുന്ന തരത്തിലുള്ള ചെടികളും പൂക്കളും ഇഷ്ടനിറങ്ങള്‍ക്കനുസരിച്ച് ഒരുക്കാം.  ഒരുപാട് നിറങ്ങള്‍ പ്ലാന്‍റിങ് സ്കീമില്‍ ഉള്‍പ്പെടുത്തിയാല്‍ അത് കാഴ്ച്ചയ്ക്ക് നന്നായിരിക്കില്ല. പൂന്തോട്ടത്തിന്‍റെ വലുപ്പം കുറവായും തോന്നിക്കും.
പരിപാലനവും സംരക്ഷണവും: ഏറ്റവും പ്രധാനമായി പൂന്തോട്ടം പരിപാലിക്കാന്‍ ദിവസവും എത്രസമയം ചെലവഴിക്കാനാകും എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിയിരിക്കണം. പൂന്തോട്ടത്തിലുള്ളത് അലങ്കാരച്ചെടികളോ ഭക്ഷ്യയോഗ്യമായ ചെടികളോ എന്തുമാകട്ടെ, ദിവസവും നനയ്ക്കുകയും ആവശ്യത്തിനുള്ള പോഷകവളങ്ങള്‍ ഉറപ്പാക്കുകയും വേണം. കെയര്‍ഫ്രീ ആയിട്ടുള്ള ഒരു ചെടിയും ഇല്ല എന്ന കാര്യം ഓര്‍മ്മിക്കുക. വെള്ളത്തിന്‍റെ ലഭ്യത ഉറപ്പുവരുത്തിയാവണം ബാല്‍ക്കണി ഗാര്‍ഡന്‍ ആരംഭിക്കേണ്ടത്.

ഒരുക്കാം, നൂതന ഡിസൈനുകള്‍
ഓരോരുത്തരുടെയും താല്‍പര്യങ്ങള്‍ക്കും പണത്തിനും സ്പേസിനും അനുസരിച്ചുള്ള ഡിസൈനുകള്‍ ബാല്‍ക്കണി ഗാര്‍ഡനിംഗില്‍ ഉപയോഗിക്കാം. പത്ത് നൂതന ഡിസൈന്‍ ആശയങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നു.
ഗ്രാസ് മൊസൈക്
അക്രിലിക് സ്റ്റോണോ സമാനമായ മെറ്റീരിയലോ കൊണ്ടു നിര്‍മ്മിക്കുന്ന ഗ്രാസ് മൊസൈക്കില്‍ അഴം കുറഞ്ഞ താഴ്ച്ചകളുണ്ട്. ഇവയിലാണ് പ്രീഫാബ്രിക്കേറ്റഡ് ലോണ്‍ ഗ്രാസ് പിടിപ്പിക്കുന്നത്. ഹാര്‍ഡ് ടൈലുകള്‍ ഉപയോഗിച്ച് നടപ്പാതയും ഉണ്ടാക്കാം. ഇവയുടെ കോര്‍ണറുകളില്‍ മാത്രമായിരിക്കും ഗ്രാസ് പിടിപ്പിക്കുന്നത്. പുല്ല് ചെത്തുന്ന ചെറിയ യന്ത്രങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ ഉപയോഗിച്ച് ഗ്രാസ് മൊസൈക്കുകള്‍ എളുപ്പത്തില്‍ പരിപാലിക്കാം.
കോമ്പിക്സ്
വേര്‍ട്ടിക്കല്‍ ഷേപ്പിലുള്ള സ്പേസില്‍ പോലും ഉപയോഗിക്കാവുന്ന മോഡുലാര്‍ ഫര്‍ണിച്ചര്‍ സിസ്റ്റമാണ് കോമ്പിക്സ്. സ്റ്റോറേജ് ഫെസിലിറ്റിയാണ് ഇതിന്‍റെ മുഖ്യ ആകര്‍ഷണം. സീറ്റിംഗ് ഫെസിലിറ്റി, ടേബിള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
ലിവിംഗ് വാള്‍സ്
വേര്‍ട്ടിക്കല്‍ രീതിയിലുള്ള ഗാര്‍ഡനിംഗ് രീതിയാണിത്. ഫീച്ചര്‍ വാളുകള്‍ സൃഷ്ടിക്കുന്നത് സ്ഥല പരിമിതി പരിഹരിക്കുകയും മനോഹരമായ കാഴ്ച്ചയൊരുക്കുകയും ചെയ്യുന്നു. ചുമരില്‍ തട്ടുകളായി പലവിധ ചെടികള്‍ വളര്‍ത്താം. വേര്‍ട്ടിക്കല്‍ ചുമരുകളില്‍ ഒഴിഞ്ഞ ബോട്ടിലുകള്‍, ജാറുകള്‍, പിവിസി പൈപ്പുകളുടെ ചെറിയ ഭാഗങ്ങള്‍വരെ ഉപയോഗിച്ച് ചെടികളൊരുക്കാം.
ഗ്രീന്‍ സീറ്റ്സ്
ബാല്‍ക്കണിയിലോ ടെറസിലോ ഉള്ള സീറ്റുകളുടെ അടിയില്‍ ഒരു പ്ലാന്‍റിങ് ബെഡ് പോലെ ചെടികള്‍ വളര്‍ത്താം. വായുസഞ്ചാരം ഉറപ്പാക്കാന്‍ വേണ്ട ദ്വാരങ്ങള്‍ വശങ്ങളില്‍ ഇടണം. അക്രിലിക്കിലോ ഫ്രോസ്റ്റഡ് പോളികാര്‍ബൊണേറ്റിലോ നിര്‍മ്മിക്കാം.
ഗാര്‍ഡന്‍ റൂം
ബാല്‍ക്കണിയില്‍ സ്വകാര്യത ഉറപ്പാക്കാന്‍ മോഡുലാര്‍ പ്ലാന്‍റേഴ്സ് ഉപയോഗിക്കാം. വര്‍ക്കിംഗ് ഏരിയകള്‍ക്ക് ചുറ്റും ഇവ ഉപയോഗിക്കാം. ഉദാഹരണമായി സീറ്റുകള്‍ക്ക് പുറകില്‍ മോഡുലാര്‍ പ്ലാന്‍േഴ്സ് ഒരുക്കുമ്പോള്‍ ഒരു സ്ക്രീനിന്‍റേയോ ബാക്ക്ഡ്രോപിന്‍റേയോ ഇഫക്റ്റ് ലഭിക്കുന്നു.
ട്രീ സ്റ്റൂള്‍സ്
ചെറിയ ബാല്‍ക്കണികള്‍ക്ക് യോജിച്ച നൂതന ആശയമാണിത്. ഒരു മരത്തിന്‍റെ ഷെയ്പ്പില്‍ മാറ്റാവുന്ന സ്റ്റൂളുകളും ചെറിയ ബ്രേക്ക്ഫാസറ്റ് ടേബിളും ചേര്‍ന്ന സെറ്റാണിത്. ഇത് മരത്തിന്‍റെ ആകൃതിയില്‍ മാറ്റുമ്പോള്‍ അതില്‍ വേര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ് അപ്ലൈ ചെയ്യാം. ഓരോ പീസുകളിലും ഒരു പ്ലാന്‍റ് പോട്ട് ചേര്‍ത്തിട്ടുണ്ട്.
ബ്രിക്ക്
ബാല്‍ക്കണിയുടെ ചുമരായും വേര്‍ട്ടിക്കല്‍ ഗാര്‍ഡനായും ഉപയോഗിക്കാവുന്ന സംവിധാനമാണിത്. ഓരോ മോഡുലാര്‍ പീസിലും ചെടികള്‍ വളര്‍ത്താന്‍ സ്പേസുണ്ട്. സ്വകാര്യത ഉറപ്പാക്കാന്‍ ഒരുപാട് പീസുകള്‍ ഉപയോഗിച്ചുള്ള വലിയ ചുമരോ അതല്ലെങ്കില്‍ കുറച്ച് പീസുകള്‍ ഉപയോഗിച്ച് ചെറിയ ചുമരോ നിര്‍മ്മിക്കാം.
ഗ്രീന്‍ കാനോപി
തികച്ചും സ്വകാര്യത നല്‍കുന്ന, സൂര്യപ്രകാശത്തെ ഭാഗികമായി മറയ്ക്കുന്ന ഒരു ഡിസൈനാണിത്. നിഴല്‍വെളിച്ചത്തില്‍ ഒരു പുസ്തകം വായിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് ഉപകരിക്കും. വേര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗിന് സാധ്യതകളേറെയും.
ബാല്‍ക്കണി ലൈറ്റിംഗ്
പ്രകൃതിദത്ത ഒഷധ്യസസ്യങ്ങളും ചെടികളും പൂക്കളും നിറഞ്ഞ ബാല്‍ക്കണി ഗാര്‍ഡനെ വശങ്ങളില്‍ ലൈറ്റുകള്‍ നല്‍കി കൂടുതല്‍ മനോഹരമാക്കാം. ആവശ്യമായ വെളിച്ചം നല്‍കുന്ന മനോഹരമായ ലാമ്പുകള്‍ തിരഞ്ഞെടുക്കാം. ലൈറ്റുകള്‍ സീലിംഗിലോ വാള്‍ ഹാങ്ങിങ്ങുകളായോ ഒരുക്കാം.
മോഡുലാര്‍ ഗാര്‍ഡന്‍
മോഡുലാര്‍ ഗാര്‍ഡന്‍ മുന്നോട്ടു വയ്ക്കുന്ന കാഴ്ച്ചപ്പാടനുസരിച്ച് നമ്മുടെ ബാല്‍ക്കണിയെ കൂടുതല്‍ മനോഹരവും പ്രസന്നതയുള്ളതുമാക്കി മാറ്റാം. സ്ഥലപരിമിതിയെ സമര്‍ത്ഥമായി മറികടക്കാം. ഗ്രീന്‍ ലഷ് പ്ലാന്‍റ്സ് ഒരുക്കിയ ഡെക്കറേറ്റീവ് പോട്ടുകളും യോജിക്കുന്ന ഫര്‍ണിച്ചറുകളുമെല്ലാം ചേര്‍ന്ന മോഡുലാര്‍ ഗാര്‍ഡന്‍ ഏറെ ആകര്‍ഷകമാണ്.

Comments