Posted by

സ്മാര്‍ട്ട് ആന്റ് സ്റ്റൈലിഷ് ബെഡ് റൂം

കിടക്കാനും ഉറങ്ങാനും മാത്രമുള്ളൊരു മുറിയല്ല ഇന്ന് ബെഡ് റൂമുകള്‍.അതിനുമപ്പുറം ഇന്നത്തെ ബെഡ് റൂമുകള്‍ ഓരോ വ്യക്തിയ്ക്കും നല്‍കുന്ന വ്യക്തിഗത സ്വാതന്ത്ര്യത്തിന്‍റേതായ ഒരു സ്പെയ്സുണ്ട്.സുഖലോലുപതയുടെയും സ്വകാര്യതയുടെയും തുരുത്തുകളായി മാറുന്ന ബെഡ്റൂമുകളുടെ ഡിസൈനില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ അടുത്തറിയൂ…..

നാം നമുക്കു വേണ്ടി കരുതിവെയ്ക്കുന്ന ചില വിശ്രമതാവളങ്ങള്‍- അങ്ങനെയൊരു ശാന്തിതീരം ഓരോ മനുഷ്യനും അത്യാവശ്യമാണ്. പ്രത്യേകിച്ചും തിരക്കുകളുടെ ലോകത്ത് ജീവിക്കുന്ന ആധുനിക മനുഷ്യന്. ജോലിഭാരവും ജീവിതപ്രശ്നങ്ങളും എല്ലാം മറന്നൊന്ന് ഉറങ്ങാനും വിശ്രമിക്കാനും ഉണര്‍വ്വു നേടാനും എല്ലാം കഴിയുന്ന ഒരിടം. ആ ഒരു ‘പേഴ്സണല്‍ സ്പെയ്സി’ന്‍റെ പ്രാധാന്യം മനസ്സിലാക്കി തുടങ്ങിയിടത്തു നിന്നാവണം മലയാളികളുടെ ബെഡ് റൂം ഡിസൈന്‍ സങ്കല്‍പ്പങ്ങളും മാറുന്നത്. ഉറങ്ങി ഉണരാനുള്ള വെറും കിടപ്പറകളല്ല മലയാളിക്കിന്ന് ബെഡ് റൂമുകള്‍. സ്വാതന്ത്ര്യവും സന്തോഷവും സമാധാനവും ഒരുപോലെ പ്രദാനം ചെയ്യുന്ന, കാറ്റും വെളിച്ചവും പൂനിലാവുമെല്ലാം കൂട്ടിനെത്തുന്ന ഏറ്റവും പ്രിയപ്പെട്ടൊരു ഇടമാണത്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് കാണാന്‍ ഇഷ്ടപ്പെടുന്നൊരു സ്വപ്നത്തെയെന്ന പോലെ നാം ബെഡ് റൂമുകളെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ബെഡ് റൂം ഡിസൈനിന്‍റെ അനന്തസാധ്യതകളുടെ എത്രയേറെ വാതായനങ്ങളാണ് ആര്‍ക്കിടെക്റ്റുകളും ഡിസൈനര്‍മാരും നമുക്കു മുന്നില്‍ തുറന്നിടുന്നത്. മാസ്റ്റര്‍ ബെഡ് റൂം, ഗസ്റ്റ് ബെഡ് റൂം, കിഡ്സ് ബെഡ് റൂം, പാരന്‍റല്‍ ബെഡ്റൂം, ട്വീന്‍സ്- ടീനേജ് റൂമുകള്‍ തുടങ്ങി ഉപയോഗിക്കുന്നവരുടെ പ്രായത്തിനും ഇഷ്ടാനിഷ്ടങ്ങള്‍ക്കും അനുസരിച്ച് വൈവിധ്യങ്ങളുടെ പുതിയ സങ്കേതങ്ങളായി മാറുകയാണ് ഓരോ ബെഡ് റൂമും. ഒരു കട്ടിലും ഒന്നോരണ്ടോ ഗോദറേജ് അലമാരകളും ആയാല്‍ ബെഡ് റൂം മനോഹരമായി എന്നു കരുതിയിരുന്ന കാലം എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നെന്നു തന്നെ വിചാരിക്കേണ്ടി വരും, ഇന്നത്തെ ബെഡ് റൂമുകളുടെ അത്ഭുതപ്പെടുത്തുന്ന മാറ്റം കണ്ടാല്‍.  ഭംഗി മാത്രമല്ല ഒരു വീടിന്‍റെ ഇന്‍റീരിയറിനെ ശ്രദ്ധേയമാക്കുന്ന ഘടകം, സ്ഥല വിനിയോഗം കുറച്ചുകൊണ്ട് സൗകര്യങ്ങള്‍  എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്ന ബുദ്ധിപൂര്‍വ്വമായൊരു ആലോചന കൂടി അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ബെഡ് റൂം ഇന്‍റീരിയര്‍ ഒരുക്കുമ്പോഴും ഏറെ പ്രാധാന്യം നല്‍കേണ്ടത് ഈയൊരു ലക്ഷ്യത്തിനു തന്നെയാവണം.

തീം അനുസരിച്ചുള്ള ഇന്‍റീരിയറാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്. വ്യത്യസ്ഥ മുറികള്‍ക്ക് വ്യത്യസ്ഥ തീമുകള്‍ തെരഞ്ഞെടുക്കുന്നു. അധികം പണച്ചെലവില്ലാതെ ഇടയ്ക്ക് തീമുകള്‍ മാറ്റാനുള്ള സാധ്യതകളും മുന്നില്‍ കണ്ടുകൊണ്ടാണ് പല ഡിസൈനര്‍മാരും ബെഡ് റൂമുകള്‍ ഒരുക്കുന്നത്.  ഫര്‍ണിച്ചറുകളും മറ്റും നിറഞ്ഞുകവിഞ്ഞു കിടക്കുന്ന ബെഡ് റൂമിനേക്കാള്‍ അഴകു കാണും മിനിമല്‍ സ്റ്റൈലില്‍ ഒരുക്കിയ സ്പെയ്സ് ഒഴിഞ്ഞുകിടക്കുന്നൊരു ബെഡ് റൂമിന്. ബെഡ് റൂമിന്‍റെ മനോഹാരിത തീരുമാനിക്കുന്നതില്‍ ചുമരുകള്‍ക്കു വേണ്ടി തെരെഞ്ഞെടുക്കുന്ന നിറങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. ചുമരുകള്‍ക്ക് വെള്ളനിറം നല്‍കി കര്‍ട്ടനും ഫ്ളോറും കടുംനിറത്തില്‍ ഡിസൈന്‍ ചെയ്യുക. ടെക്സ്ചര്‍ പെയിന്‍റോ വാള്‍പേപ്പറോ  വാള്‍ പോസ്റ്ററുകളോ സ്പെഷ്യല്‍ പെയിന്‍റിംഗ് ഇഫക്റ്റോ അല്ലെങ്കില്‍ ഹെഡ് ബോര്‍ഡുകള്‍ ചുമരിലേക്കു കൂടി വ്യാപിപ്പിച്ചോ ഒരു ചുമര്‍ മാത്രം ഹൈലൈറ്റ് ചെയ്യുന്ന രീതിയും ഇന്ന് ട്രെന്‍ഡാണ്. ബ്രഷുകള്‍. റോളറുകള്‍, കോംബ്, എന്നിങ്ങനെ വിവിധ തരം ഉപകരണങ്ങള്‍ ഉപയോഗിച്ച് ഭിത്തിയില്‍ സ്പെഷ്യല്‍ ഇഫക്റ്റുകള്‍ തീര്‍ക്കാം. ഇതിനെ ആര്‍ട്ടിസ്റ്റിക് പെയിന്‍റിംഗ് എന്നാണ് പറയുന്നത്. നിറങ്ങളുടെ ആധിക്യം തീം ബേസ്ഡ് റൂമുകള്‍ക്ക് നല്ലതാണെങ്കിലും ശുദ്ധമായ വെളുപ്പുനിറത്തിന്‍റെ ലാളിത്യം അവയ്ക്ക് കിട്ടില്ല. ഓറഞ്ച്, റെഡ് മുതലായ വൈബ്രന്‍റ് ആയ നിറങ്ങള്‍ കുട്ടികളുടെ റൂമുകള്‍ക്ക് നന്നായി ചേരും. ഇവയോടൊപ്പം വൈറ്റ്, ഗ്രേ നിറങ്ങളുടെ ഷെയ്ഡ് കൂടി നല്‍കിയാല്‍ കാഴ്ചയെ മനോഹരമാക്കുന്നൊരു ശില്പം പോലെ ബെഡ് റൂമുകള്‍ തിളങ്ങും.

മുറികളുടെ നിറങ്ങള്‍ പോലെ തന്നെ പ്രധാനമാണ് ഫ്ളോറിംഗും. ഭംഗി മാത്രം നോക്കി ഫ്ളോറിംഗ് മെറ്റീരിയലുകള്‍ തെരെഞ്ഞെടുക്കുന്നത് അബദ്ധമാണ്. വിട്രിഫൈഡ് ടൈല്‍, സെറാമിക് ടൈലുകള്‍, ഗ്ലാസ്സ് പാനലുകള്‍, മാര്‍ബിള്‍, ഗ്രാനൈറ്റ്, ഓക്സൈഡ്, വുഡന്‍ ഫ്ളോറിംഗ് തുടങ്ങി ഏറെ സാധ്യതകള്‍ ഫ്ളോറിംഗിന്‍റെ കാര്യത്തിലുമുണ്ട്. മറ്റൊന്ന്, ബെഡ് റൂം ലൈറ്റിംഗിലെ പുതിയ ട്രെന്‍ഡുകളാണ്. പഴയ ഫോള്‍ഡറുകളും ബള്‍ബുകളും ട്യൂബുകളുമൊക്കെ ബെഡ് റൂമുകളില്‍ നിന്നും പടിയിറങ്ങി തുടങ്ങി. മുറിയുടെ എല്ലാ വശങ്ങളിലേക്കും ഒരേ തീവ്രതയില്‍ വെളിച്ചം എത്തിക്കാന്‍ കഴിയുന്ന വെളിച്ചത്തിന്‍റെ സ്രോതസ്സുകളെ കുറിച്ചാണ് ഇന്നത്തെ വീടുകള്‍ സംസാരിക്കുന്നത്. എല്‍ ഇ ഡി ബള്‍ബുകളും ഫൈബര്‍ ഒപ്ടിക്സിന്‍റെ വികാസവും ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്.

Comments