Posted by

ലഗൂണ്‍ സൗന്ദര്യവുമായി ലളിത്!

ഭാരതീയ നിര്‍മാണശൈലികളും ആധുനിക ലക്ഷ്വറി സംവിധാനങ്ങളും സമന്വയിപ്പിച്ച് കാസര്‍കോട്ടെ ബേക്കലില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ലളിത് റിസോര്‍ട്ട് ആന്‍ഡ് സ്പാ.

നോംബിലി പുഴയാണ് മൂന്നുവശത്തും. നോക്കിയാല്‍ കാണാവുന്ന ദൂരത്ത് അറബിക്കടലും പഞ്ചാരമണല്‍ നിറഞ്ഞ ബീച്ചും. പുഴയുടെ തീരത്താകട്ടെ നിറഞ്ഞ പച്ചപ്പ്. കാസര്‍കോട്ടെ ബേക്കലിലെ ലളിത് റിസോര്‍ട്ട് ആന്‍ഡ് സ്പാ കടലിനോട് തൊട്ടുരുമ്മി പുഴയുടെ സംഗീതം ആസ്വദിച്ച് 26 ഏക്കറില്‍ പരന്നുകിടക്കുകയാണ്. റിസോര്‍ട്ടിനുള്ളിലാകട്ടെ, ലഗൂണുകള്‍ തീര്‍ക്കുന്ന അഭൗമമായ അനുഭൂതിയും.

ലളിത്സൂരി ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്‍റെ ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോത്സന സൂരിയുടെ മാനസപുത്രിയാണ് സുന്ദരിയായ ഈ റിസോര്‍ട്ട്. പ്രമുഖ ഫ്രഞ്ച് ലാന്‍ഡ്സ്കേപ്പ് ആര്‍ക്കിടെക്റ്റായ ഒലിവര്‍ വെച്ചീനിയാണ് ലാന്‍ഡ്സ്കേപ്പ് ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരത്തെ പ്രമുഖ ആര്‍ക്കിടെക്ചറല്‍ ഗ്രൂപ്പായ അയ്യര്‍ ആന്‍ഡ് രമേഷിന്‍റെ സാരഥികളായ എം.രാമസ്വാമി അയ്യരും എന്‍.മഹേഷുമാണ് പ്രോജക്റ്റിന്‍റെ ആര്‍ക്കിടെക്റ്റുകള്‍.

പ്രോജക്റ്റിനെക്കുറിച്ച് ജോത്സന പറയുന്നതിങ്ങനെ: ‘പ്രാദേശികമായ രീതികള്‍ സമന്വയിപ്പിക്കുക എന്നതായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്. ഇന്‍റീരിയറും എക്സ്റ്റീരിയറും തമ്മിലുള്ള വേര്‍തിരിവ് വേണ്ടായെന്നും എനിക്കുണ്ടായിരുന്നു. റൂമിനകത്ത് അനുഭവിക്കാന്‍ കഴിയുന്ന ആനന്ദം റൂമിനു പുറത്തുളള സംവിധാനങ്ങളിലും ഉണ്ടാകണമെന്നും ഞങ്ങള്‍ ഉറപ്പിച്ചു. അങ്ങനെയാണ് പ്രകൃതിയെ റൂമിനകത്തേക്കും പ്രവേശിപ്പിച്ചത്.

ഒരു തെറാപ്യൂട്ടിക് ഡെസ്റ്റിനേഷന്‍ എന്ന് ക്ലാസിഫൈ റിസോര്‍ട്ട് ചെയ്തിട്ടുള്ള ഈ റിസോര്‍ട്ട് ക്ലാസിക്കല്‍ സ്റ്റൈലിന്‍റെയും മോഡേണ്‍ കംഫര്‍ട്ടിന്‍റെയും ഒരു മിശ്രണമാണ്. മാത്രമല്ല, തെങ്ങിന്‍ തോപ്പുകളും വാഴത്തോപ്പുകളും ഒരുക്കുന്ന പച്ചപ്പാണ്  ഈ റിസോര്‍ട്ടിന്‍റെ പ്രോപ്പര്‍ട്ടി നിറയെ. റിസോര്‍ട്ടില്‍ ഒരു കൊച്ചുദ്വീപ് സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ സ്ഥാപിച്ചിട്ടുള്ള വലിയ പാറയ്ക്ക് ഗണേശവിഗ്രഹത്തിന്‍റെ ഏകദേശരൂപം നല്‍കിയിരിക്കുന്നു. ദ്വീപിലേക്കുള്ള പാലം നിര്‍മിച്ചിട്ടുള്ളത് തെങ്ങിന്‍തടികള്‍ക്കൊണ്ടാണ്. തികച്ചും കേരളീയമായ ശൈലിയിലാണ് ലോബി ഒരുക്കിയിട്ടുള്ളത്. ഡബ്ബിള്‍ വോളിയം സ്പെയ്സില്‍ ഉരുളികളും നിലവിളക്കുകളും സ്ഥാപിച്ചിരിക്കുന്നു. ചെടിച്ചട്ടികള്‍ക്കൊണ്ട് തീര്‍ത്ത ഒരു ഇന്‍റേണല്‍ ഗാര്‍ഡനും പച്ചപ്പിന്‍റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു.

റിസോര്‍ട്ടിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുള്ള ഹൗസ്ബോട്ടിനെ ഓര്‍മിപ്പിക്കുംവിധം രണ്ട് പങ്കായങ്ങളും ലോബിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഡിസൈനില്‍ കേരളീയവും ഇന്തോനേഷ്യയിലെ ബാലിയില്‍നിന്നുള്ള ഘടകങ്ങളുടെ സാന്നിദ്ധ്യം കാണാം. കേരളത്തിലെ ക്ഷേത്രങ്ങളുടെ ആര്‍ക്കിടെക്ചറിന്‍റെ മാതൃകയിലുള്ള പിരമിഡല്‍ റൂഫാണ് എന്‍ട്രന്‍സ് ലോബിയുടേത്. എന്നാല്‍ അനുബന്ധ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ക്ക് രണ്ട് നിലയുള്ള ശൈലി അവലംബിച്ചിരിക്കുന്നു. ബാലിയിലെ നിര്‍മാണശൈലിയോടാണ് ഇതിനു സാമ്യം. ന്യൂഡല്‍ഹിയില്‍നിന്നുളള വുഡന്‍ ഹോം ഡെക്കറുകള്‍ എന്‍ട്രന്‍സ് ലോബി അലങ്കരിക്കുന്നുണ്ട്. നെയ്ത്തുകാര്‍ സ്പിന്നിംഗ് മില്‍, ഹാന്‍ഡ് പെയ്ന്‍റഡ് പോട്ടുകള്‍ എന്നിവയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

37 റൂമുകളാണ് ഈ റിസോര്‍ട്ടിലുള്ളത്. ഒരു പ്രസിഡന്‍ഷ്യല്‍ വില്ലയും ഒരു ഹൗസ്ബോട്ടും റിസോര്‍ട്ടിന്‍റെ ഭാഗമായിതന്നെ ഒരുക്കിയിരിക്കുന്നു. ഡീലക്സ് റൂമിന്‍റെ ഏരിയ 656 സ്ക്വയര്‍ഫീറ്റാണ്. ഇരുണ്ട നിറത്തിലുള്ള വുഡന്‍ പാനലിംഗും ഫ്ളോറിംഗുമാണ് ഇവയുടേത്. ലഗൂണിലേക്കും ലാന്‍ഡ്സ്ക്പ്പ്േ ഗാര്‍ഡനിലേക്കും തുറക്കുന്ന പ്രൈവറ്റ് ബാല്‍ക്കണിയും ഈ റൂമുകള്‍ക്കുണ്ട്. 785 സ്ക്വയര്‍ഫീറ്റുള്ള ലക്ഷ്വറി റൂമുകളാണ് ഗ്രൗണ്ട് ഫ്ളോറിലുള്ളത്. ക്രിസ്റ്റല്‍ ക്ലിയര്‍ ലഗൂണുകളുടെ വിശാലമായ കാഴ്ചയാണ് ഇവയുടെ പ്രത്യേകത. സ്വകാര്യ ജാക്വസിയും ബാത്റൂം ഗാര്‍ഡനും സിറ്റൗട്ട് ഏരിയായും ഇവയ്ക്കുണ്ട്.

915 സ്ക്വയര്‍ഫീറ്റുള്ള സ്പാ റൂമുകള്‍ ഗ്രൗണ്ട് ഫ്ളോറിലാണ്. വുഡ് ഫിനിഷിലുള്ള റൂഫുകളും ഫ്ളോറിംഗുകളുമാണ് ഇവിടെ. ഹെഡ് ബോര്‍ഡിനു നേരെയുള്ള സ്വകാര്യ ഗാര്‍ഡനാണ് ഇവയുടെ പ്രത്യേകത. സമ്പൂര്‍ണമായും ടൈല്‍ ചെയ്ത ബാത്റൂമുകളില്‍ ഓവര്‍ഹെഡ് ഷവര്‍ ക്യുബിക്കിള്‍ ഉണ്ട്. വാനിറ്റി കൗണ്ടര്‍, ബാത്റൂം ഗാര്‍ഡന്‍ എന്നിവയെല്ലാം ഇവയുടെ ഭാഗമാണ്. ഗാര്‍ഡനില്‍നിന്ന് റൂമിലേക്കു കടക്കാന്‍ മറ്റൊരു എന്‍ട്രന്‍സ് കൂടിയുണ്ട്.

4648 സ്ക്വയര്‍ഫീറ്റാണ് പ്രസിഡന്‍ഷ്യല്‍ വില്ലയുടെ ഏരിയ. ലക്ഷ്വറിയുടെ അവസാനവാക്ക് എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. രണ്ടു വലിയ ബെഡ്റൂമുകള്‍, ഒരു ലിവിംഗ് റൂം, ആധുനിക ബാത്റൂമുകള്‍ എന്നിവയാണ് വില്ലയിലുള്ളത്. നോംബിലി പുഴയ്ക്ക് അഭിമുഖമായുള്ള വില്ലയില്‍ ഒരു സ്വകാര്യ സ്വിമ്മിംഗ് പൂളും മസാജ് ഏരിയായും ഉണ്ട്. എല്ലാ റൂമുകളുടെയും റൂഫുകള്‍ക്ക് ഉപയോഗിച്ചിട്ടുള്ളത് ലൈറ്റ് വെയ്റ്റ് ഡെക്ര ടൈലുകളാണ്. 915 സ്ക്വയര്‍ഫീറ്റാണ് ഹൗസ്ബോട്ടിന്‍റെ ഏരിയ. ഇതില്‍ പ്രത്യേകം ലിവിംഗ് – ഡൈനിംഗ് സ്പെയ്സുകളുണ്ട്. സിറ്റൗട്ട്, സണ്‍ഡെക്ക് ഏരിയകളും. ആധുനികമായ എല്ലാ സുഖസൗകര്യങ്ങളും ഒരുക്കിയിട്ടുള്ള കെട്ടുവള്ളത്തില്‍ യാത്ര കൂടാതെ പ്രൈവറ്റ് ഡൈനിംഗിനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു.

ആധുനികമായ എല്ലാ സൗകര്യങ്ങളോടും കൂടിയുള്ളവയാണ് റിസോര്‍ട്ടിലെ എല്ലാ റൂമുകളും. എ.സി., ഇന്‍റിവിജല്‍ ടെമ്പറേച്ചര്‍ കണ്‍ട്രോള്‍, എല്‍.സി.ഡി. ടിവി, ഡിവിഡി പ്ലെയര്‍, ഐപോഡ് ഡോക്കിംഗ് സ്റ്റേഷന്‍, ഡിജിറ്റല്‍ ഫോണ്‍, മിനിബാര്‍, കോഫി മേക്കര്‍, ബോര്‍ഡോടുകൂടിയ അയേണ്‍, വര്‍ക്ക്ഡെസ്ക്, ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് ആക്സസ്, ഇലക്ട്രോണിക് സെയ്ഫ് എന്നിവ ഒരുക്കിയിരിക്കുന്നു. റെജൂവ് ദി സ്പാ എന്നാണ് ലളിത് ഗ്രൂപ്പിന്‍റെ എല്ലാ ഹോട്ടലുകളുടെയും സ്പാ അറിയപ്പെടുന്നത്. ഇവിടെ 20,000 സ്ക്വയര്‍ഫീറ്റാണ് റെജൂവിന്‍റെ വിസ്തൃതി. നാച്വറല്‍ മെറ്റീരിയലുകള്‍, മൃദുലമായ ലൈറ്റിംഗ്, വെളുത്ത ചുമരുകള്‍, ഭാരതീയമായ എലിമെന്‍റുകള്‍ എന്നിവയെല്ലാം ചേര്‍ന്ന് സൃഷ്ടിക്കപ്പെടുന്ന ഒരു പ്രത്യേക അന്തരീക്ഷം റെജൂവിനെ നഗരത്തിരക്കുകളില്‍നിന്നെല്ലാം മാറി ശാന്തതയുടെ ഒരപൂര്‍വ്വ തീരമാക്കി മാറ്റുന്നുണ്ട്.

13 മള്‍ട്ടി ഫംഗ്ഷണല്‍ സ്പാകളാണ് ഇവിടെയുള്ളത്. ആയുര്‍വേദം, വെസ്റ്റേണ്‍, മെഡി-സ്പാ എന്നിങ്ങനെ മൂന്നു തെറാപ്പികളും ഇവിടെ ഒരുക്കിയിരിക്കുന്നു. അതിഥികള്‍ക്കു വേണ്ട സമ്പൂര്‍ണ സൗകര്യങ്ങളോടെയാണ് ഓരോ സ്പാ റൂമുകളും തയ്യാറാക്കിയിട്ടുള്ളത്. ചെയ്ഞ്ചിംഗ് റൂമുകള്‍, ലോക്കറുകള്‍, സ്റ്റീം ഷവര്‍ റൂമുകള്‍ എന്നിവയെല്ലാം ഓരോന്നിലുമുണ്ട്. സ്പാ വിഭാഗത്തില്‍ ഒരു ഓപ്പണ്‍ എയര്‍ പവലിയനുണ്ട്. ഉന്നതനിലവാരത്തിലുള്ള ജിമ്മും ഫിറ്റ്നസായുള്ള ആധുനിക ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ആരോഗ്യസംബന്ധമായ പുസ്തകങ്ങളുടെ ലൈബ്രറിയോടുകൂടിയ റിലാക്സേഷന്‍ ലോഞ്ചും പച്ചപ്പിലേക്കു മിഴിതുറക്കുന്ന ബേ വിന്‍ഡോകളും ഇവിടെയുണ്ട്. കപ്പിള്‍സ് തെറാപ്പി റൂം മെഡിക്കല്‍ സ്പാ റൂം സ്റ്റോണ്‍ബെഡ് തെറാപ്പി റൂം, കൊളോണ്‍ തെറാപ്പി റൂം, മോഡേണ്‍ യൂണിസെക്സ് തെറാപ്പി റൂം, മെഡിറ്റേഷന്‍ പവലിയന്‍ എന്നിവയും സ്പായുടെ ഭാഗമാണ്.

കോര്‍ട്ട്യാര്‍ഡുകളിലും സ്പായിലും ഉപയോഗിച്ചിട്ടുള്ള ഓപ്പണ്‍ കണ്‍സെപ്റ്റ് തന്നെയാണ് സ്പാ സോണിന്‍റെ പൊതുവായ പ്രത്യേകത. സ്പായുടെ മധ്യത്തിലുള്ള വാട്ടര്‍ബോഡിയില്‍ സ്ഥാപിച്ചിട്ടുള്ള പടുകൂറ്റന്‍ ശംഖ് ദൈവികമായ ശാന്തതയുടെ പ്രതീകമായാണ് കരുതപ്പെടുന്നത്. സ്പായിലെ ഭൂരിഭാഗം ആര്‍ക്കിടെക്ചറല്‍ വര്‍ക്കുകളും മരംകൊണ്ടാണ് ചെയ്തിട്ടുള്ളത്. ഇതും കേരളീയമായ ഒരു പ്രത്യേകതയാണ്. മനുഷ്യശരീരത്തിന്‍റെ മാതൃകയാണ് ഹെര്‍ബല്‍ ഗാര്‍ഡന്‍ നിര്‍മിച്ചിട്ടുള്ളത്. ഏതൊക്കെ ശരീരഭാഗങ്ങള്‍ക്കാണ് ഏതെല്ലാം ചെടികള്‍ ഉപയോഗിക്കുന്നത് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഗാര്‍ഡന്‍ രൂപകല്പന ചെയ്തിട്ടുള്ളത്. ഇതും ഈ സ്പായുടെ വലിയ പ്രത്യേകത.

ലോബിക്കു പുറകിലായാണ് സ്വിമ്മിംഗ് പൂള്‍. ക്വാഡ്രാംഗിള്‍ ഷെയ്പിലുള്ള പൂളിന്‍റെ മൂന്നു വശങ്ങളില്‍ വലിയ പാസേജുകളും ഒരുവശത്ത് റസ്റ്റോറന്‍റുകളുമാണ്. കര്‍ണാടകയില്‍നിന്നുള്ള സദര്‍ അലി ഗ്രാനൈറ്റാണ് ഇവിടെ വ്യാപകമായി ഉപയോഗിച്ചിട്ടുള്ളത്. ജിംനേഷ്യവും പൂളിനടുത്താണ് സ്ഥാപിച്ചിട്ടുള്ളത്. നോംബില്‍ പുഴയുടെ പേരിലാണ് റസ്റ്റോറന്‍റ്. ആധുനികമായ ഡെക്കറുകള്‍ അലങ്കരിക്കുന്ന റസ്റ്റോറന്‍റിന്‍റെ ചുമരുകള്‍ ഏറെ ലളിതമാണ്. സീലിംഗിനു സമീപമുള്ള പാനലില്‍ കലാഹൃദയമുള്ളവരെ ഏറെ ആകര്‍ഷിക്കും. കേരളത്തിന്‍റെ കയറുത്പന്നങ്ങളും ഡെക്കറില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. റിസോര്‍ട്ടിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കരകൗശല വസ്തുക്കളെല്ലാം തന്നെ ജോത്സന പ്രത്യേകം തെരഞ്ഞെടുത്തവയാണ്. റസ്റ്റോറന്‍റിന്‍റെ ഏതാനും അകലെയാണ് നോംബിലി ബാര്‍. ലഗൂണിലേക്കു തുറക്കുന്ന ഇവിടെ, ടെമ്പറേച്ചര്‍ കണ്‍ട്രോള്‍ഡ് ഏരിയായും ഓപ്പണ്‍ ഏരിയ റിലാക്സിംഗ് ഡെക്കുമുണ്ട്. 200 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ബോള്‍ റൂമാണ് ഉത്സവ്. 2900 സ്ക്വയര്‍ഫീറ്റില്‍ പില്ലറുകളില്ലാതെയാണ് ഇത് ഒരുക്കിയിട്ടുള്ളത്. ഇതും റസ്റ്റോറന്‍റിന് അടുത്തുതന്നെ. ഏറ്റവും ആധുനികമായ ഓഡിയോ വീഡിയോ എക്യുപ്മെന്‍റുകളും ഒരു വേദിയും ഇവിടെ ഒരുക്കിയിരിക്കുന്നു. ആ സൗണ്ട് പ്രൂഫ് ബാങ്കറ്റ് ഹാളിന് ഒരു വലിയ പ്രീഫംഗ്ഷണല്‍ ഏരിയയും ഉണ്ട്. ഗാര്‍ഡനിലേക്കും ലഗൂണിലേക്കുമാണ് ഇവ തുറക്കുന്നത്.

ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സ്ഥാപിക്കപ്പെട്ട ഏറ്റവും പുതിയ ഫൈവ്സ്റ്റാര്‍ ഡീലക്സ് റിസോര്‍ട്ടാണ് ദി ലളിത്. ബേക്കലിന്‍റെ പ്രശാന്തതയും കേരളീയ വാസ്തുശില്പ മാതൃകകളും നമ്മുടെ നാടിന്‍റെ ആതിഥ്യമര്യാദകളും സമന്വയിച്ച ഈ റിസോര്‍ട്ട് ജീവിതത്തെ പ്രകൃതിയിലേക്കു മടക്കിക്കൊണ്ടുവരികയാണ്.

Comments