Posted by

മരൂഭൂമിയിലെ പറുദ്ദീസ

മരൂഭൂമിയിലും പറുദ്ദീസകള്‍ പണിയാന്‍ കഴിയുമോ? അതെ എന്ന് ഉത്തരമേകുകയാണ് അറേബ്യന്‍ റാന്‍ചസ് എന്ന റെസിഡെന്‍ഷ്യല്‍ പ്രൊജക്റ്റ്. ഭ്രാന്തുപിടിപ്പിക്കുന്ന മണല്‍ചൂടിലും കാറ്റിലും അറേബ്യന്‍ റാന്‍ചസിലെ വീടുകള്‍ നിലാവിനെ തോല്‍പ്പിക്കുന്ന ചിരിയുമായി നില്‍ക്കുന്നു. ദുബായിലെ എമിറേറ്റ്‌സ് റോഡിന്റെ അരികിലാണ് എമ്മാര്‍ ഗ്രൂപ്പിന്റെ ഈ വലിയ റെസിഡെന്‍ഷ്യല്‍ പ്രൊജക്റ്റ് സ്ഥിതി ചെയ്യുന്നത്. പല ഡിസൈനിങ്ങിലുള്ള ടൗണ്‍ ഹൗസുകളുടെയും വില്ലകളുടെയും സമുച്ചയമാണിത്. മരുഭൂമിയുടെ മിസ്റ്ററിയും ബ്യൂട്ടിയിലും എക്‌സ്‌ക്ലൂസീവി ലൈഫ് സ്റ്റൈല്‍ സാധ്യമാക്കുന്ന റെസിഡന്‍ഷ്യല്‍ പ്രൊജക്റ്റ്- അതാണ് അറേബ്യന്‍ റാഞ്ചസ്. ഡിസേര്‍ട്ട് പാരഡൈസ് എന്നു തന്നെ വിശേഷിപ്പിക്കാം ഈ ഈ സ്‌പെയ്‌സിനെ. ദുബായ് നഗരത്തില്‍ നിന്നും ഏതാനും മിനുറ്റുകള്‍ സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന മരുഭൂമിയുടെ ഹൃദയഭാഗത്താണ് ഈ പ്രൊജക്റ്റ് സ്ഥിതി ചെയ്യുന്നത്.
അല്‍ മഹ്‌റ, അല്‍ റീം, അല്‍മ, അല്‍വൊറോഡ, ഹാറ്റന്‍, മിറാഡര്‍, പാമെറ, സഹീല്‍, സവാന, ടെറാനോവ എന്നിങ്ങനെ വ്യത്യസ്ത ഡിസൈന്‍ പാറ്റേണുകളില്‍ പണിത വില്ലകളും ഗോള്‍ഫ് ക്ലബുമെല്ലാം ഉള്‍പ്പെടുന്നതാണ് അറേബ്യന്‍ റാഞ്ചസ്. ദ ഡിസേര്‍ട്ട് കോഴ്‌സ് എന്നാണ് ഈ അറേബ്യന്‍ റാഞ്ചസ് ഗോള്‍ഫ് അറിയപ്പെടുന്നത്. ഇതുകൂടാതെ ദുബായ് പോളോ ആന്റ് എക്യുസ്ട്രിയന്‍ ക്ലബ്ബ് (ഹോം ഓഫ് കാമല്‍ പോളോ), കമ്മ്യൂണിറ്റി ഷോപ്പിംഗ് സെന്റര്‍, ജുമൈറ ഇംഗ്ലീഷ് സ്പീക്കിംഗ് സ്‌കൂള്‍ എന്നിവയെല്ലാം ഈ പ്രൊജക്റ്റിന്റെ ഭാഗമായി വരുന്നുണ്ട്. ദുബായിലെ എമിറേറ്റ്‌സ് റോഡിലാണ് ഈ റെസിഡന്‍ഷ്യല്‍ സമുച്ചയം നിലകൊള്ളുന്നത്. വ്യത്യസ്ത ഡിസൈനിലുള്ള വില്ലകളും ടൗണ്‍ ഹൗസുകളും ചേര്‍ന്ന പ്രൊജക്റ്റാണിത്. എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ആണ് ഈ പ്രൊജക്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. അറേബ്യന്‍ റാഞ്ചസിലെ അല്‍ മഹ്‌റ ടൈപ്പില്‍ വരുന്ന ഒരു ലക്ഷ്വറി ഹൈ എന്‍ഡ് വില്ലയുടെ വിശേഷങ്ങളാണ് ഇന്റീരിയര്‍ വായനക്കാരുമായി ഇത്തവണ പങ്കുവെയ്ക്കുന്നത്.
കളമശ്ശേരി സ്വദേശിയായ ജിം സെബാസ്റ്റ്യന്റെയും ആലുവ സ്വദേശിനിയായ സോളി ജിമ്മിന്റെയും ഈ വില്ല സ്പാനിഷ് ശൈലിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മെക്കാനിക്കല്‍ എഞ്ചിനീയറായ ജിമ്മും കമ്പ്യൂട്ടര്‍ എഞ്ചിനീയറായ സോളിയും മക്കള്‍ ഏഴാം ക്ലാസ്സുകാരന്‍ അലന്‍ ജിമ്മും അഞ്ചാം ക്ലാസ്സുകാരന്‍ ഷോണ്‍ ജിമ്മുമാണ് ഇവിടുത്തെ താമസക്കാര്‍. 8500 സ്‌ക്വയര്‍ ഫീറ്റ് (ഏതാണ്ട് 20 സെന്റ് സ്ഥലം) വിസ്താരമുള്ള ഭൂമിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 4500 സ്‌ക്വയര്‍ ഫീറ്റിലാണ് വീടിന്റെ വിസ്തീര്‍ണം. സ്പാനിഷ് സ്റ്റെലിലുള്ള നമ്മെ ആകര്‍ഷിക്കുക തന്നെ ചെയ്യും. ദുബായിലെ പ്രമുഖ ഡിസൈനര്‍ കമ്പനിയായ അല്‍ഗുസൈഫയാണ് ഈ വീടിന്റെ ഇന്റീരിയര്‍ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. 5 ബെഡ് റൂമുകളും സ്പാനിഷ് സ്റ്റെലിലുള്ള കിച്ചണ്‍ കം ഡൈനിങ് ഏരിയയും ഡ്രോയിങ് റൂമും ഫാമിലി ലിവിങ് റൂമും ഫോയറും അടങ്ങുന്നതാണ് ഈ വീട്.

വെണ്മ തൂവും ഡ്രോയിങ് റൂം
നേരെ കയറി ചെല്ലുക നീണ്ട ഹാളിലേക്കാണ്. വിശാലമായ ഈ ഹാളിലാണ് ഡ്രോയിങ് റൂമും ഡൈനിങ് സ്‌പെയ്‌സും. വെള്ളയും കോഫീ ബ്രൗണും ഇടകലര്‍ന്ന ഫര്‍ണിച്ചറുകളും വുഡന്‍ ഫ്‌ളോറിങും ഇന്റീരിയറിലെ പെയിന്റിങ്ങുകളും പോള്‍ക വര്‍ക്കു ചെയ്ത വലിയ കണ്ണാടികളുമൊക്കെ സ്വീകരണമുറിയെ ആകര്‍ഷകമാക്കുന്നു. ക്രിസ്റ്റല്‍വിളക്കുകളുടെ പ്രഭയാണ് ഈ ഏരിയയുടെ മറ്റൊരു പ്രത്യേകത. കൗതുകം തോന്നിപ്പിക്കുന്ന കര്‍വ്ഡ് ഷെയ്പ്പിലുള്ള ഫര്‍ണിച്ചറുകളാണ് സ്വീകരണമുറിയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഹാളിന്റെ വലതു വശത്തായി ഗസ്റ്റ് ബെഡ്‌റൂം ഒരുക്കിയിരിക്കുന്നു.

സ്വീകരണമുറിയില്‍ നിന്നും കിച്ചണ്‍ കം ഡൈനിങ് റൂമിലേക്ക് പ്രവേശിക്കാം. സ്പാനിഷ് ശൈലിയിലുള്ളതാണ് ഈ കിച്ചണ്‍. ആലില ഷെയ്പ്പിലുള്ള ടേബിളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. കിച്ചണിലെ ലൈറ്റിങിലും ഇന്റീരിയര്‍ ഡിസൈനര്‍ ശ്രദ്ധിച്ചിരിക്കുന്നതായി കാണാം. മെയ്ഡ് റൂം, സ്റ്റോര്‍ റൂം എന്നിവയാണ് കിച്ചണോട് ചേര്‍ന്നു കിടക്കുന്ന മറ്റു റൂമുകള്‍. കിച്ചണില്‍ നിന്നും ഫാമിലി ലിവിങ് സ്‌പെയ്‌സിലേക്ക് പ്രവേശിക്കാനും പ്രത്യേകം ഡോറുണ്ട്.

ഫാമിലി ലിവിങ് സ്‌പെയ്‌സിലെ ഫര്‍ണിച്ചറുകള്‍ വിശ്രമവേളകളെ ഊഷ്മളമാക്കാന്‍ സഹായിക്കുന്നവയാണ്. ഇവിടെയാണ് ടെലിവിഷന്റെ സ്ഥാനം. ലിവിങ് റൂമില്‍ നിന്നും പുറത്തെ സിമ്മിങ് പൂളിലേക്ക് ഇറങ്ങാം. ഫാമിലി ലിവിങ് റൂമിനും ഡ്രോയിങ് റൂമിനും പാരലല്‍ ആയിട്ടാണ് സിമ്മിങ് പൂള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പൂളിനോട് ചേര്‍ന്ന് , മരത്തില്‍ നിര്‍മ്മിച്ച ഒരു ബാര്‍ബിക്യൂ കോര്‍ണറുമുണ്ട്. ചെറിയ ചായസല്‍ക്കാരങ്ങളൊക്കെ ഇവിടെയാവാം. രാത്രിയുടെ ഇരുട്ടിലും നീലാകാശത്തിന്റെ വെണ്മയോടെ തെളിഞ്ഞു നില്‍ക്കുന്ന സിമ്മിങ് പൂളിന്റെ ദൃശ്യം ഡ്രോയിങ് റൂമിലിരുന്നാലും കാണാം.

ലളിതസുന്ദരമായ സ്റ്റെയര്‍കെയ്‌സ് കയറി ചെല്ലുന്നത് മുകള്‍ നിലയിലെ ഒരു ചെറിയ ഫോയറിലേക്കാണ്. റോട്ട് അയേണ്‍ ഹാന്‍ഡ്‌ലിങ്ങാണ് സ്റ്റെയര്‍കെയ്‌സിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഫോയറിനോടു ചേര്‍ന്നാണ് മുകള്‍നിലയിലെ ലിവിങ് റൂം. ഓറഞ്ച് മാറ്റുകളുടെയും കുഷ്യനുകളുടെയും ജ്വലിക്കുന്ന ഭംഗിയും ബ്ലാക്ക് സോഫകളും ഇന്റീരിയര്‍ പെയിന്‍രിങ്ങുകളും ഓറഞ്ച് ലൈറ്റുകളുമൊക്കെ അനുപമമായ ഭംഗിയാണ് ലിവിങ് റൂമിന് പ്രദാനം ചെയ്യുന്നത്. കിഡ്‌സ് റൂമുകളും മാസ്റ്റര്‍ ബെഡ്‌റൂമും അടക്കം നാല് ബെഡ്‌റൂമുകളും മുകള്‍ നിലയിലാണ്. ഇവ കൂടാതെ ഒരു മള്‍ട്ടി ജിം റൂമും ഈ നിലയിലുണ്ട്. ബില്യാര്‍ഡ് കമ്പക്കാരനായ ജിം സെബാസ്റ്റ്യന്‍ ഒരു ബില്യാര്‍ഡ് കോര്‍ണര്‍ തന്നെ മുകള്‍നിലയില്‍ ഒരുക്കിയിട്ടുണ്ട്. വാള്‍ ലൈറ്റിങ്ങിനു പകരം സീലിങ് ലൈറ്റാണ് എല്ലാ മുറികളിലും ഉപയോഗിച്ചിരിക്കുന്നത്. ബെഡ്‌റൂമുകളെല്ലാം വ്യത്യസ്ത ഡിസൈനിലുള്ളവയാണ്. പെയിന്റിങ്ങിലും അറേഞ്ച്‌മെന്റ്‌സിലുമൊക്കെ ആ വ്യത്യസ്ത കാത്തു സൂക്ഷിക്കാന്‍ ഇന്റീരിയര്‍ ഡിസൈനര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റ് കണ്‍സെപ്റ്റിലുള്ള ക്ലാസ്സിക്ക് ലുക്കുള്ള ബെഡ്‌റൂമാണ് ഇവയിലെ ഹൈലൈറ്റ്. കുട്ടികളുടെ റൂമുകള്‍ക്ക് പിങ്കിന്റെയും പര്‍പ്പിളിന്റെയും ലൈറ്റ് ഷെയ്ഡാണ് നല്‍കിയിരിക്കുന്നത്.

മരങ്ങള്‍ പോലും വളരാന്‍ മടി കാണിക്കുന്ന മരുഭൂമിയില്‍ പച്ചപ്പിന്റെ തുരുത്തുകള്‍ സൃഷ്ടിക്കാനും അറേബ്യന്‍ റാന്‍ചസിനു കഴിഞ്ഞിരിക്കുന്നു. ഓരോ വീടുകള്‍ക്കു ചുറ്റും ചെറിയ ഉദ്യാനങ്ങളും നടപ്പാതകളും സൃഷ്ടിച്ചിരിക്കുന്നു. എക്സ്റ്റീരിയര്‍ പ്ലാന്‍സിനൊപ്പം ഇന്റീരിയര്‍ പ്ലാന്‍സിനും പ്രാധാന്യം നല്‍കിയിട്ടുണ്ട് ജിം സെബാസ്റ്റ്യനും സോളിയും. ലക്കി ബാംബൂ, അലങ്കാരപ്പനകള്‍ എന്നിവ അകത്തളങ്ങള്‍ക്ക് അഴകു പകരുന്നു.

Comments