Posted by

മാറുന്ന കിച്ചന്‍

മള്‍ട്ടി ഫംഗ്ഷണല്‍ റോളിലാണ് ഇന്ന് അടുക്കള. പാചകം, ഭക്ഷണം കഴിക്കല്‍, വിശ്രമം തുടങ്ങി നിരവധി കാര്യങ്ങള്‍ കിച്ചനില്‍ തന്നെ സാധ്യമാവുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. യൂട്ടിലിറ്റി, സൗകര്യപ്രദം, അഴക്, മിനിമലിസം ഈ നാലു ഘടകങ്ങളുമാണ് ഇന്നത്തെ കിച്ചനുകളുടെ ഹൈലൈറ്റ്. രൂപത്തിലും ഭാവത്തിലും ഡിസൈനിലുമെല്ലാം ഒരു കംപ്ലീറ്റ് മേക്ക് ഓവര്‍ തന്നെ സംഭവിച്ചിരിക്കുന്നു. ആകൃതിയ്ക്കും സ്പെയ്സിനുമനുസരിച്ച് മോഡ്യുലാര്‍, സിഗ്സാഗ്, പെനിസ്യുലാര്‍, ഐലന്‍ഡ്,  എല്‍ ഷെയ്പ്പ, യു ഷെയ്പ്പ്, കര്‍വ്ഡ്,  സി ഷെയ്പ്പ് എന്നിങ്ങനെ നിരവധി ഡിസൈന്‍ വകഭേദങ്ങള്‍. ഉപയോഗിക്കുന്നവരുടെ ഇഷ്ടങ്ങള്‍ക്കും അഭിരുചികള്‍ക്കുമനുസരിച്ച് വ്യത്യസ്തമായ കളര്‍ കോമ്പിനേഷനുകള്‍, ബഡ്ജറ്റിനനുസരിച്ച് അത്യാധുനിക കിച്ചന്‍ ഉപകരണങ്ങള്‍ തുടങ്ങി കിച്ചന്‍റെ മേക്ക് ഓവറിനെ പൂര്‍ണ്ണമാക്കുന്ന ഘടകങ്ങള്‍ ഏറെയാണ്. ഡിസൈനില്‍, നിറത്തില്‍, മെറ്റീരിയലുകളുടെ തെരെഞ്ഞെടുപ്പില്‍ അങ്ങനെ എല്ലാ കാര്യങ്ങളിലും ഏറെ സ്മാര്‍ട്ടാണ് ഇന്നത്തെ അടുക്കളകള്‍.

എല്ലാം കണ്‍സീല്‍ഡ്
കണ്‍സീല്‍ഡ് അപ്ലയന്‍സസ് എന്ന ആശയത്തിനാണ് ഇന്നത്തെ അടുക്കളകള്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. പഴയതു പോലെ കൗണ്ടര്‍ടോപ്പു നിറയെ കിച്ചന്‍ ഉപകരണങ്ങള്‍ നിരത്തി വെച്ച് സ്ഥലം അപഹരിക്കാന്‍ ഇന്നത്തെ വീട്ടമ്മമാര്‍ ആഗ്രഹിക്കുന്നില്ല.  ആവശ്യസമയത്തു മാത്രം പുറത്തേക്കെടുക്കുകയും ആവശ്യം കഴിഞ്ഞാല്‍ കാബിനറ്റുകള്‍ക്കുള്ളിലേക്ക് തന്നെ തിരികെ വെയ്ക്കാനും സാധിക്കുന്ന രീതിയിലാണ് കിച്ചന്‍ ഉപകരണങ്ങള്‍ സജ്ജീകരിക്കുന്നത്. മിക്സി, ബില്‍റ്റ് ഇന്‍ അവ്ന്‍, കണ്‍സീല്‍ഡ് സ്റ്റീം അവ്ന്‍, വാമിംഗ് ഡ്രോയറുകള്‍, കോഫി മേക്കര്‍ തുടങ്ങിയവയെല്ലാം തന്നെ ഇങ്ങനെ കാബിനറ്റുകള്‍ക്കിടയില്‍ വിശ്രമിക്കുന്നു. എന്തിന്, ചിലപ്പോഴൊക്കെ ഡിഷ് വാഷറിന്‍റെയും വാഷിംഗ് മെഷീന്‍റെയും ഫ്രിഡ്ജിന്‍റെയും വരെ സ്ഥാനം കാബിനറ്റുകള്‍ക്ക് അകത്താണ്. ഇങ്ങനെ ഉപകരണങ്ങള്‍ അത്രയും അടുക്കും ചിട്ടയുമായി ക്രമീകരിക്കുന്നതു വഴി അടുക്കളയ്ക്കകത്ത് നല്ല സ്പെയ്സ് ലഭിക്കുകയും ചെയ്യുന്നു.

കോംപ്ലക്സ് കിച്ചന്‍
പല വീടുകളിലും കിച്ചന്‍ എന്നത് കുക്കിംഗ് ഏരിയ മാത്രമടങ്ങിയൊരു സ്പെയ്സല്ല, പാന്‍ട്രിയും അടുക്കളയും വര്‍ക്ക് ഏരിയയും സ്റ്റോറും എല്ലാം ചേര്‍ന്നൊരു കോംപ്ലക്സ് ആണത്! സ്ഥലസൗകര്യമുള്ള വീടുകളിലും മറ്റും കിച്ചനുകള്‍ മറ്റൊരു ബ്ലോക്കായി തന്നെ പണിത് വീടിനോട് ബന്ധപ്പെടുത്തുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്.

കിച്ചന്‍ ടെക്നോളജി!
മാറുന്ന ടെക്നോളജികളുടെ പ്രതിധ്വനികള്‍ കിച്ചനിലും പ്രതിഫലിക്കുന്നുണ്ടെന്നു വേണം പറയാന്‍. മൊബൈല്‍ ഫോണുകളും മറ്റും  മാത്രമല്ല, കിച്ചന്‍ പകരണങ്ങളും ടച്ച് സ്ക്രീന്‍ തരംഗത്തിനു പിന്നാലെയാണ്. ടച്ച് സ്ക്രീന്‍ സൗകര്യമുള്ള ഇന്‍ഡക്ഷന്‍ കുക്കര്‍, ടച്ച് സ്ക്രീന്‍ ഹുഡ്, ഡിഷ് വാഷറുകള്‍, വാഷിംഗ് മെഷീനുകള്‍, ഓവ്നുകള്‍ തുടങ്ങി ടച്ച് സ്ക്രീന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഉപകരണങ്ങള്‍ ഇന്ന് നമുക്ക് അടുക്കളകളില്‍ കണ്ടെത്താം.

മിറര്‍ ഫിനിഷ്- ആന്‍റി സ്ക്രാച്ച് ഹോബുകള്‍
അടുപ്പിന്‍റെ ന്യൂ ജനറേഷന്‍ പേരാണ് ഹോബ് എന്നത്. സ്റ്റൗ സ്ലാബിനു മുകളിലാണ് പിടിപ്പിക്കുന്നതെങ്കില്‍, ഹോബ് സ്ലാബ് മുറിച്ച് അതിനകത്തായാണ് നല്‍കേണ്ടത്. ഗ്യാസിലും വൈദ്യുതിയിലും പ്രവര്‍ത്തിപ്പിക്കുന്നവയും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോ ഇഗ്നിഷന്‍ മോഡല്‍ ഹോബുകളും വിപണിയില്‍ ലഭ്യമാണ്. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍, ടഫന്‍ഡ് ഗ്ലാസ്സ്, മൈക്രോ ലിനന്‍ എന്നിങ്ങനെ നിരവധി പ്രത്യേകതകളോടെയാണ് ഇന്ന് ഹോബുകള്‍ വിപണിയിലെത്തുന്നത്. മിറര്‍ ഫിനിഷുള്ളതും ആന്‍റി സ്ക്രാച്ച് ഗുണമുള്ളതുമൊക്കെയായ ഹോബിന് ആവശ്യക്കാര്‍ ഏറെയാണ്. നാലു ബര്‍ണറുകളുള്ള ഹോബുകള്‍ വരെ ഇന്ന് ലഭ്യമാണെങ്കിലും മൂന്നു ബര്‍ണറുകളുള്ളതാണ് ഒരു ശരാശരി അടുക്കളയ്ക്ക് അഭികാമ്യം. കാറ്റിന്‍റെ സാന്നിധ്യമുള്ള ജനാലയ്ക്കരികില്‍ ഹോബുകള്‍ നല്‍കാതിരിക്കുക.

ഹുഡ് അഥവാ ഇലക്ട്രിക് ചിമ്മിനി
ഹോബിനു മുകളിലായി ഭിത്തിയോട് ചേര്‍ന്നാണ് സാധാരണ ഹുഡ് പിടിപ്പിക്കുന്നത്. കൗണ്ടര്‍ ടോപ്പിനു മുകളിലുള്ള കാബിനറ്റുകള്‍ക്കിടയില്‍ ഹുഡ് സ്ഥാപിച്ചാല്‍ സ്ഥലം ലാഭിക്കാം. മാത്രമല്ല, ഹുഡ് പുറത്തേക്ക് തള്ളി നില്‍ക്കുകയുമില്ല. ഹോബിന്‍റെ അത്രയും വലിപ്പമുള്ള ഹുഡ് തന്നെ തെരെഞ്ഞെടുക്കുന്നതാണ് നല്ലത്. ഭക്ഷണം പാകം ചെയ്യുന്ന വേളയിലുണ്ടാക്കുന്ന ഗന്ധവും മറ്റും വലിച്ചെടുത്ത് കളയുവാന്‍ ഹുഡുകള്‍ സഹായിക്കുന്നു. ഗന്ധം വലിച്ചെടുക്കാന്‍ സഹായിക്കുന്ന സക്ഷന്‍ പമ്പിന്‍റെ കപ്പാസിറ്റിയ്ക്ക് അനുസരിച്ചാണ് ഹുഡുകളുടെ വില വരുന്നത്. 400- 1400 വരെയാണ് ഇവയുടെ സക്ഷന്‍ പവര്‍. ലൈറ്റ്, ഫില്‍റ്റര്‍, ഫാന്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ഹുഡിനുള്ളത്. പാചകം ചെയ്യുമ്പോള്‍ കൃത്യമായും വെളിച്ചം ലഭിക്കാന്‍ ലൈറ്റ് സഹായിക്കുന്നു. ഗന്ധത്തെ വലിച്ചെടുക്കാന്‍ ഫാനും ഫില്‍റ്ററും. സ്റ്റാന്‍റിങ് ടൈപ്പ് ഹുഡ്, ടച്ച് സ്ക്രീന്‍ ഹുഡ്, റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന ഹുഡ് എന്നിങ്ങനെ നിരവധി ഡിസൈനുകള്‍ വിപണിയില്‍ ലഭ്യമാണ്. ടച്ച് സ്ക്രീന്‍ സൗകര്യത്തോടു കൂടിയ ഹുഡുകളില്‍ പലതിലും ടൈമര്‍, രണ്ടു തരം ലൈറ്റ് ഫംഗ്ഷന്‍, 24 മണിക്കൂര്‍ വര്‍ക്കിങ് ഓപ്ഷന്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളുമുണ്ട്.

സിങ്കില്‍ താരം സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ തന്നെ
ക്വാര്‍ട്സിലും മറ്റും സിങ്കുകള്‍ വിപണിയില്‍ എത്തുന്നുണ്ടെങ്കിലും സ്റ്റെയിന്‍ലെസ്സ് സ്റ്റീലില്‍ നിര്‍മ്മിച്ച സിങ്കുകളുടെ ജനപ്രീതി കുറയുന്നില്ല. പ്ലെയിന്‍, മാറ്റ് ഫിനിഷ്, ഗ്ലോസ്സി, ആന്‍റി സ്ക്രാച്ച് എന്നിങ്ങനെ സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ സിങ്കുകളുടെ ഗുണങ്ങള്‍ ഏറെയാണ്. ഒരു ബൗള്‍ ഉള്ള സിംഗിള്‍ ബൗള്‍ സിങ്ക്, രണ്ടെണ്ണമുള്ള ഡബ്ബിള്‍ ബൗള്‍, രണ്ടു ബൗളുകള്‍ക്കൊപ്പം പാത്രങ്ങള്‍ കഴുകി വെയ്ക്കാനും മറ്റും സഹായിക്കുന്ന ഡ്രെയിന്‍ ബോര്‍ഡോടു കൂടിയ സിങ്ക് എന്നിങ്ങനെ ആവശ്യാനുസരണം തെരെഞ്ഞെടുക്കാന്‍ നിരവധി മോഡലുകള്‍ തന്നെയുണ്ട്. ഇവ കൂടാതെ, വെജിറ്റബിള്‍ ബാസ്കറ്റും ഗ്ലാസ്സ് ചോപ്പിങ് ബോര്‍ഡും കൂടി ചേര്‍ന്നു വരുന്ന സിങ്കുകളും വിപണിയില്‍ ലഭ്യമാണ്. സര്‍ജിക്കല്‍ സ്റ്റീല്‍ കൊണ്ടാണ് ഇത്തരം സിങ്കുകളില്‍ വെജിറ്റബിള്‍ ബാസ്കറ്റ് നിര്‍മ്മിക്കുന്നത്. ജനലിന് അരികിലായി സിങ്ക് നല്‍കുന്നതാണ് നല്ലത്, എന്തെന്നാല്‍ സിങ്കിലെ നനവും ഈര്‍പ്പവും പെട്ടെന്ന് ഉണക്കാനും മറ്റും ഇതു സഹായിക്കും.

ഫോസറ്റുകളും പൈപ്പുകളും
ഫുള്‍ ടേണ്‍, ഹാഫ് ടേണ്‍, ക്വാര്‍ടര്‍ ടേണ്‍ എന്നിങ്ങനെ വെള്ളത്തിന്‍റെ ഒഴുക്കിനനുസരിച്ച് പൈപ്പുകളിലും വ്യത്യസ്തമായ ഡിസൈനുകള്‍ തെരെഞ്ഞെടുക്കാന്‍ സാധിക്കും. സെറാമിക് കാട്രിഡ്ജ് കൊണ്ടാണ് ഇവയുടെ നിര്‍മ്മാണം. അരയന്നത്തിന്‍റെ കഴുത്തു പോലുള്ള സ്വാന്‍ നെക്ക് ഫോസറ്റാണ് ഇപ്പോള്‍ കിച്ചന്‍ ഫോസറ്റുകളില്‍ ഏറെ പ്രചാരമുള്ളത്. ആവശ്യാനുസരണം ഇവ വശങ്ങളിലേക്ക് തിരിക്കാനുള്ള സൗകര്യമുണ്ട് എന്നതാണ് ഇവയുടെ പ്രത്യേകത. പുള്‍ ഔട്ട് ടാപ്പുകളും തരംഗമായി മാറുന്നുണ്ട്.

ന്യൂ ജനറേഷന്‍ കൗണ്ടര്‍ ടോപ്പ് മെറ്റീരിയലുകള്‍
അടുക്കളയില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന സ്ഥലമായതിനാല്‍ കൗണ്ടര്‍ ടോപ്പിനു വേണ്ടിയുള്ള മെറ്റീരിയല്‍ തെരെഞ്ഞെടുക്കുമ്പോഴും ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഈടും അഴകും നല്‍കുന്നതിനൊപ്പം വൃത്തിയാക്കാന്‍ എളുപ്പമുള്ളതുമായ മെറ്റീരിയലുകള്‍ക്ക് മുന്‍ഗണന നല്‍കാം. ഗ്രാനൈറ്റ്, ആര്‍ട്ടിഫിഷ്യല്‍ ഗ്രാനൈറ്റ്, വിട്രിഫൈഡ് സ്ലാബ് എന്നിവയ്ക്കു പുറമെ ടെക്നി സ്റ്റോണ്‍, കൊറിയന്‍ സ്റ്റോണ്‍, മാര്‍ബിള്‍, ലപോത്ര ഗ്രാനൈറ്റ്, ക്വാട്സ്, പ്ലാനിലാക് ഗ്ലാസ്സ് എന്നിങ്ങനെയുള്ള ന്യൂ ജനറേഷന്‍ മെറ്റീരിയലുകളും കൗണ്ടര്‍ ടോപ്പിന്‍റെ നിര്‍മ്മാണത്തിനു വേണ്ടി വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. കിച്ചനോട് ചേര്‍ന്ന് ബ്രേക്ക് ഫാസ്റ്റ് ഏരിയ വരുന്നുണ്ടെങ്കില്‍, കൗണ്ടര്‍ ടോപ്പിനു ഉപയോഗിച്ച  അതേ മെറ്റീരിയല്‍ തന്നെ ബ്രേക്ക് ഫാസ്റ്റ് ടേബിളിനും ഉപയോഗിക്കാം.

സ്പ്ലാഷ്ബാക്കില്‍ ഗ്ലാസ്സാണു താരം
ആധുനിക അടുക്കളയുടെ മുഖത്തെഴുത്താണ് സ്പ്ലാഷ് ബാക്ക്. ചൂടും തണുപ്പും പ്രതിരോധിക്കാന്‍ വേണ്ടി സിങ്ക്, അടുപ്പ് എന്നിവയോട് ചേര്‍ന്നു വരുന്ന ചുമരുകളില്‍ ഉപയോഗിക്കുന്ന പാനലിംഗാണ് സ്പ്ലാഷ്ബാക്ക്. കുറച്ചുനാള്‍ മുന്‍പു വരെ വാള്‍ ടൈലുകളും ഡിജിറ്റല്‍ ടൈലുകളും ഉപയോഗിച്ചിടത്ത് ഇപ്പോള്‍ ഗ്ലാസ് സ്പ്ലാഷ്, ഗ്ലാസ്സ് മൊസൈക്, ഇറ്റാലിയന്‍ ടൈല്‍, സ്റ്റോണ്‍ ക്ലാഡ്ഡിംഗ് എന്നിവയൊക്കെയാണ് ഉപയോഗിക്കുന്നത്. വൃത്തിയാക്കാന്‍ എളുപ്പമുള്ള ജോയിന്‍റ് ഫ്രീയായ സ്പ്ലാഷ് ബാക്കുകള്‍ക്കാണ് ഇന്ന് കൂടുതല്‍ പ്രചാരം.

ഫ്രിഡ്ജും വാഷിംഗ് മെഷീനും ഇന്‍!
കിച്ചന്‍റെ ഇത്തിരി സ്പെയിസില്‍ ഞെളിഞ്ഞു നിന്നിരുന്ന ഫ്രിഡ്ജിനെയൊക്കെ കാബിനറ്റുകളുടെ ഉള്ളിലേക്ക് മാറ്റി പ്രതിഷ്ഠിച്ച് കിച്ചനിലെ സ്പെയ്സ് ലാഭിക്കുകയാണ് ഇന്നത്തെ ട്രെന്‍ഡ്. ഫ്രിഡ്ജിനെ മാത്രമല്ല, ഫ്ളാറ്റുകളിലും മറ്റും വാഷിംഗ് മെഷീന്‍റെ സ്ഥാനവും കിച്ചന്‍ കാബിനറ്റുകള്‍ക്കിടയിലാണ്. ഫ്രന്‍റ് ഓപ്പണ്‍ വാഷിംഗ് മെഷീനുകളാണ് ഇതിനു ഉപയോഗിക്കുന്നത്. മികസി, ജ്യൂസറുകള്‍, ഇലക്ട്രിക് കെറ്റില്‍, കോഫി മേക്കര്‍, മൈക്രോ വേവ് ഓവ്ന്‍ എന്നിവയെ എല്ലാം ഇതുപോലെ കാബിനറ്റുകള്‍ക്കകത്തേക്ക് തള്ളിവെച്ച് കിച്ചനിലെ പാസ്സേജ് സ്പെയ്സ് വര്‍ദ്ധിപ്പിക്കുന്ന രീതി പ്രബലമായി കണ്ടുവരുന്നു.

ബോക്സ് 1.
ഡിഷ് വാഷര്‍
ടച്ച് സ്ക്രീനോടു കൂടിയ കണ്‍ട്രോള്‍ പാനലുള്ള ഡിഷ് വാഷറുകളാണ് ഇപ്പോള്‍ വിപണിയിലെ തരംഗം. ഡിജിറ്റല്‍ കണ്‍ട്രോള്‍ പാനലുകളില്‍ ഒന്ന് വിരലമര്‍ത്തിയാല്‍ പാത്രങ്ങള്‍ കഴുകി വൃത്തിയാക്കി ഉണക്കിത്തരും ഈ മോഡേണ്‍ ഡിഷ് വാഷറുകള്‍. സ്റ്റെയിന്‍ലെസ്സ് സ്റ്റീലില്‍ ബോഡിയില്‍ നിര്‍മ്മിച്ച ഇവയ്ക്ക 30,0000 രൂപ മുതലാണ് വില വരുന്നത്. ടൈമര്‍, ചൈല്‍ഡ് ലോക്ക് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ ഡിഷ് വാഷറുകളില്‍ സ്പീഡ് അഡ്ജസ്റ്റ്മെന്‍റിനുള്ള സൗകര്യവുമുണ്ട്. കുറച്ചു പാത്രങ്ങള്‍ മാത്രമുള്ളപ്പോള്‍ ഹാഫ് ലോഡ് ഓപ്ഷന്‍ തെരെഞ്ഞെടുക്കുകയും ചെയ്യാം. വെള്ളത്തിന്‍റെയും വൈദ്യുതിയുടെയും ഉപയോഗം നല്ലൊരളവു വരെ കുറക്കുന്ന രീതിയിലാണ് ഈ പുത്തന്‍ ഡിഷ് വാഷറുകളുടെ നിര്‍മ്മാണം. ചൂടുവെള്ളം ഉപയോഗിച്ചാണ് ഈ ഡിഷ് വാഷറില്‍ പാത്രങ്ങള്‍ കഴുകിയെടുക്കുന്നത് എന്നതിനാല്‍ എണ്ണമയവും ദുര്‍ഗന്ധവുമൊന്നും ഉണ്ടാവില്ല.  55 നും 75 ഡിഗ്രിയ്ക്കും ഇടയിലായി ആവശ്യാനുസരണം താപനില ക്രമീകരിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.

ബോക്സ് 2.
വാമിങ് ഡ്രോയര്‍
ചൂടോടെ ഭക്ഷണം വാമിങ് ഡ്രോയറിലേക്ക് എടുത്തുവെയ്ക്കുക. മണിക്കൂറുകള്‍ക്കു ശേഷം പുറത്തെടുത്താലും അതേ ചൂടില്‍ തന്നെ നിലനില്‍ക്കുക! അതെങ്ങനെ എന്ന് സംശയിക്കേണ്ട,  ഒറ്റ നോട്ടത്തില്‍ മൈക്രോവേവ് ഓവ്നെ ഓര്‍മ്മിപ്പിക്കുന്ന വാമിങ് ഡ്രോയര്‍ എന്ന ഈ ചൂടന്‍ ഉപകരണമാണ് ഭക്ഷണപദാര്‍ത്ഥങ്ങളെ ഹോട്ടായി തന്നെ നിലനിര്‍ത്തുന്നത്. അടുക്കളയിലെ കാബിനറ്റുകള്‍ക്കുള്ളില്‍ ഇന്‍ ബില്‍റ്റായി ഘടിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇവയുടെ നിര്‍മ്മാണം.  4- 8 മണിക്കൂര്‍ വരെ ഇവയ്ക്ക് ഭക്ഷണപദാര്‍ത്ഥങ്ങളുടെ ചൂട് അതുപോലെ നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. 30- 85 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇതില്‍ സൂക്ഷിക്കുകയാവാം. വാമിങ് ഡ്രോയറിനുള്ളിലെ താപനില ഡിജിറ്റല്‍ ഇന്‍റിക്കേറ്റര്‍ വഴി ക്രമീകരിക്കാനുള്ള സൗകര്യവുമുണ്ട്. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍, ഗ്ലാസ്സ് എന്നിവ കൊണ്ടാണ് ഇവയുടെ നിര്‍മ്മാണം. 24- 36 ഇഞ്ച് വീതിയും 14- 18 ഇഞ്ച് ഉയരവുമുള്ള മോഡലുകള്‍ വിപണിയില്‍ ലഭിക്കും. 50000 രൂപ മുതലാണ് ഇവയുടെ വില വരുന്നത്. ഒരു ലക്ഷം രൂപ വരെ വിലയുള്ള വാമിങ് ഡ്രോയറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

Comments