Posted by

റെനവേഷനില്‍ ശ്രദ്ധിക്കാം

നിര്‍മ്മാണസാമഗ്രികളുടെ വില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് നിലവിലുള്ള വീട് പൊളിച്ചു കളഞ്ഞ് പുതിയ കാലത്തിനിണങ്ങിയൊരു വീട് കെട്ടിപ്പൊക്കുക എന്നത് പലരെ സംബന്ധിച്ചും അത്ര പ്രായോഗികമല്ല. അതുകൊണ്ടാവണം, പഴയ വീടിന്റെ സ്‌ട്രെക്ച്ചര്‍ നിലനിര്‍ത്തി, ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളുകളോടെ, പുതിയ കാലത്തിന്റെ ഡിസൈന്‍ രീതികള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ നവീകരിക്കാനാണ് ഇന്ന് ഏറെ പേരും ശ്രമിക്കുന്നത്. ഇടുങ്ങിയ മുറികളും പഴയകാല ഡിസൈനുമായി നിങ്ങളുടെ ഗൃഹാന്തരീക്ഷത്തിലെ ഊഷ്മളത നഷ്ടപ്പെട്ടു പോയിരിക്കുന്നു എന്നു തോന്നുന്നെങ്കില്‍ പ്രായോഗികവും ബുദ്ധിപൂര്‍വ്വവുമായ ഒരു റെനവേഷനിലൂടെ വീടിന് പുതുജീവന്‍ പകരാവുന്നതേയു്ള്ളൂ. ഇതിന് ആദ്യം വേണ്ടത് കിട്ടാവുന്ന എല്ലാ സ്രോതസ്സുകളും ഉപയോഗിച്ച് റെനവേഷനെ കുറിച്ച് പഠിക്കുക എന്നതു തന്നെ. റെനവേഷന്‍ വേളയില്‍ സ്ട്രക്ചറില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രായോഗികതയെ കുറിച്ചും മറ്റും ഒരു സ്ട്രക്ച്ചറല്‍ എഞ്ചിനീയറോട് നേരിട്ട് ചോദിച്ചു മനസ്സിലാക്കി സംശയങ്ങള്‍ ദുരീകരിക്കാം.

ഏതൊരു ഇന്റീരിയറിനും രണ്ടുതരം ഘടകങ്ങള്‍ ഉണ്ട്. മാറ്റാവുന്നതും അല്ലാത്തതും. തറ, ഭിത്തി, സീലിങ് എന്നിവയൊക്കെ മാറ്റാന്‍ കഴിയാത്ത ഘടകങ്ങളാണ്. ഇത്തരം ഘടകങ്ങള്‍ പൊളിച്ചു പുതിയതായി നിര്‍മ്മിക്കാന്‍ ശ്രമിച്ചാല്‍ സമയനഷ്ടവും ധനനഷ്ടവുമായിരിക്കും ഫലം. പുതിയ മെറ്റീരിയലുകള്‍ ഉപയോഗിച്ച് ഇവ റീപ്ലെയ്‌സ് ചെയ്യുകയോ പുതിയ ഡിസൈന്‍ രീതികള്‍ ഉപയോഗിച്ച് മോടി പിടിപ്പിക്കുകയോ ഒക്കെയേ ഇത്തരം അവസരങ്ങളില്‍ പ്രായോഗികമായി ചെയ്യാനാവൂ. അതേ സമയം ലൈറ്റുകള്‍, ഫര്‍ണിഷിങ്, ഫര്‍ണിച്ചര്‍ എന്നിവയെല്ലാം മാറ്റാന്‍ പറ്റുന്നവയാണ്. പുതിയ കാലത്തിനിണങ്ങിയ രീതിയില്‍ ഈ ഘടകങ്ങള്‍ മാറ്റുമ്പോള്‍ തന്നെ വീടിന്റെ ലുക്ക് മാറും.

ഡൈനിങ്, ഡ്രോയിങ്, പൂമുഖം എന്നിവ പ്രത്യേകം പ്രത്യേകം മുറികളായി ഡിസൈന്‍ ചെയ്യുമ്പോള്‍ ഈ ഏരിയകളെല്ലാം വളരെ ഇടുങ്ങിയതായി തോന്നാം. ഇതൊഴിവാക്കാന്‍ ഓപ്പണ്‍ ഏരിയകളായി ഇവ ഡിസൈന്‍ ചെയ്യാം. പഴയ ഡ്രോയിങ് റൂം കണ്‍സെപ്റ്റ് ഇന്നില്ല. ഇന്ന് ലിവിംഗ് ഏരിയകള്‍ക്കാണ് പ്രാധാന്യം. ലിവിംഗ്, ഡൈനിംഗ് ഏരിയകള്‍ തമ്മില്‍ വേര്‍ത്തിരിവ് വേണം എന്നുള്ളവര്‍ക്ക് ചെറിയ പെബിള്‍ കോര്‍ട്ടുകളോ കോര്‍ട്ടിയാഡുകളോ ഉപയോഗിച്ച് ഈ ആവശ്യം നിറവേറ്റാനുള്ള സൗകര്യങ്ങളും ഇന്നുണ്ട്. തൊങ്ങലുകളും തോരണങ്ങളും ധാരാളമുള്ള കട്ടികൂടിയ ഡാര്‍ക്ക് കളര്‍ കര്‍ട്ടനുകള്‍ മാറ്റി റെനവേഷന്‍ സമയത്ത് ലൈറ്റ് കളര്‍ കര്‍ട്ടനുകളോ സിമ്പിള്‍ കര്‍ട്ടന്‍ ഡിസൈനുകളോ നല്‍കാം. ആവശ്യാനുസരണം മടക്കി വെയ്ക്കാന്‍ സാധിക്കുന്ന ബ്ലൈന്‍ഡുകള്‍ നല്‍കുന്നതും മികച്ചൊരു ആശയമാണ്.

കോര്‍ട്ടിയാഡില്‍ മാത്രമല്ല, ഇന്റീരിയറിന്റെ മറ്റു ഭാഗങ്ങളിലും പുതുമ പകരാന്‍ പെബിള്‍സിനു കഴിയും. വാഷ്‌ബേസിനും ടിവി യൂണിറ്റിനും താഴെയുള്ള ഫ്‌ളോറില്‍ പെബിള്‍സ് ഇടുന്നത് ഇപ്പോള്‍ ട്രെന്‍ഡ് ആണ്. പെബിള്‍സ് ഇട്ട ഭാഗങ്ങളില്‍ എല്‍ഇഡി ലൈറ്റിങ് നല്‍കി മനോഹരമാക്കാം. ഡൈനിങ് ടേബിള്‍, ടീപോയ് തുടങ്ങിയവയുടെ നടുവില്‍ പെബിള്‍സ് ഇട്ട് മുകളില്‍ ഗ്ലാസ് ഇടുന്ന രീതിയും ഇന്ന് പ്രചാരത്തിലുണ്ട്. പ്രകൃതിദത്തമായ പെബിള്‍സ്, എന്‍ജിനീയേര്‍ഡ് പെബിള്‍സ്, ഗ്ലാസ് പെബിള്‍സ് തുടങ്ങി പെബിള്‍സില്‍ വൈവിധ്യങ്ങളുടെ ഒരു ശ്രേണിതന്നെയുണ്ട്.

കണ്ടംപററി ശൈലിയിലുള്ള വീടുകളാണ് പുതുക്കി പണിയലിലൂടെ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മുറികളില്‍ നിഷുകള്‍ നല്‍കുന്നതും കട്ടിലിന് ഹെഡ്‌ബോര്‍ഡ് നല്‍കുന്നതുമൊക്കെ യോജിക്കും. റെനവേഷന്‍ ചെയ്യുമ്പോള്‍ മുറിയും അവിടെയുള്ള സാധനങ്ങളും തമ്മില്‍ ഒരു അനുപാതം നല്‍കുന്നതു നല്ലതാണ്. ഉദാഹരണത്തിന് മുറിയുടെ വലിപ്പം പരിഗണിച്ചു വേണം ഫര്‍ണിച്ചറിന്റെ വലുപ്പവും ആകൃതിയും തീരുമാനിക്കാന്‍. ആ വലിപ്പത്തിനു യോജിച്ച ഫര്‍ണിച്ചറുകള്‍ റെഡിമെയ്ഡായി ലഭിക്കുന്നില്ലെങ്കില്‍ കസ്റ്റമൈസ്ഡായി ഉണ്ടാക്കിയെടുക്കാം. ഒരു ഇന്റീരിയറിന്റെ ഏറ്റവും പ്രധാനവും മാറ്റാവുന്നതുമായ ഘടകം ഫര്‍ണിച്ചറാണ്.

സോഫ്റ്റ് ഫര്‍ണിഷിംഗ്
ഇന്റീരിയറിന്റെ ഭംഗി നിശ്ചയിക്കുന്നതില്‍ കുഷന്‍, കര്‍ട്ടന്‍, അപ്‌ഹോള്‍സ്റ്ററി തുടങ്ങിയ സോഫ്റ്റ് ഫര്‍ണിഷിങ് മെറ്റീരിയലുകള്‍ക്ക് ചെറുതല്ലാത്തൊരു റോള്‍ തന്നെയുണ്ട്. എത്ര ഭംഗിയായി ഒരുക്കിയ വീടിന്റെയും സോഫ്റ്റ് ഫര്‍ണിഷിങ് ബോറായാല്‍ യാതൊരു ഫലവുമില്ല. ഫര്‍ണിഷിങ്ങില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് തുണി തിരഞ്ഞെടുക്കുമ്പോഴാണ്. കോട്ടണ്‍, ലിനന്‍, സില്‍ക് , റോ സില്‍ക്, സിന്തറ്റിക് തുടങ്ങി നിരവധി ഫര്‍ണിഷിങ് തുണിത്തരങ്ങള്‍ ഇന്ന് ലഭ്യമാണ്്. ഇവയില്‍ നിന്ന് നിങ്ങളുടെ ബഡ്ജറ്റിനും അഭിരുചിയ്ക്കും ഇണങ്ങിയ മെറ്റീരിയലുകള്‍ തെരെഞ്ഞെടുക്കുക എന്നതാണ് പ്രധാനം. നിറത്തോടൊപ്പം ടെക്‌സ്ചര്‍, പ്രിന്റ് തുടങ്ങിയ കാര്യങ്ങളും പരിഗണിക്കുക.
സോഫ്റ്റ് ഫര്‍ണിഷിംഗ് കൊണ്ട് മാജിക് കാട്ടാന്‍ പറ്റിയ സ്ഥലമാണ് കിടപ്പുമുറി. ബെഡ് സ്‌പ്രെഡ്, ബെഡ് ഷീറ്റ്, പില്ലോ കവര്‍ തുടങ്ങിയവയിലൂടെയെല്ലാം ഇവിടെ അദ്ഭുതങ്ങള്‍ കാട്ടാം. ഏറ്റവും നല്ല ക്വാളിറ്റിയിലുള്ള ബെഡ് ഷീറ്റും ബെഡ് സ്‌പ്രെഡും ഉപയോഗിക്കുന്നതാണ് ബെഡ് റൂമിന്റെ അഴകും റോയല്‍ ലുക്കും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുക. പകല്‍ സമയത്ത് കട്ടിലില്‍ ബെഡ് സ്‌പ്രെഡോ റണ്ണറോ വിരിച്ച ശേഷം ചെറിയ കുഷനുകള്‍ വിരിച്ചിടുന്നത് മുറിയുടെ ഭംഗി കൂട്ടും. സോഫ്ട് ഫര്‍ണിഷിങ്ങിലെ ഏറ്റവും വൈബ്രന്റ് എന്നു വിശേഷിപ്പിക്കാവുന്ന താരങ്ങളാണ് കുഷനുകള്‍. മുറികളെ കളര്‍ഫുള്‍ ആക്കാനും ഇടയ്ക്കിടെ പുതുമ പരീക്ഷിക്കാനുമുള്ള ഒന്നാംതരം ഉപാധിയാണ് ഇവ. സോഫയിലും കിടക്കയിലുമെല്ലാം കുഷനുകള്‍ വയ്ക്കാം ചതുരം, നീളമുള്ളവ, വൃത്താകൃതിയിലുള്ളവ തുടങ്ങി പലതരം ആകൃതികളില്‍ ഇന്ന് കുഷനുകള്‍ ലഭിക്കും.

ഡൈനിംഗ് ടേബിളിലും സോഫ്റ്റ് ഫര്‍ണിഷിങ്ങ് ഉപയോഗിച്ച് അഴകു വര്‍ദ്ധിപ്പിക്കാം. ടേബിള്‍ മാറ്റുകള്‍, മേശയ്ക്കു നടുവില്‍ വിരിക്കുന്ന ടേബിള്‍ റണ്ണര്‍ എന്നിവ ഇതിനു സഹായിക്കും. പലതരം തുണി, ജൂട്ട്, ബാംബു, വാഴനാര്, തടി തുടങ്ങിയ മെറ്റീരിയലുകളിലെല്ലാം ടേബിള്‍ മാറ്റും റണ്ണറും ലഭിക്കും.

ബാത്‌റൂമിനും സോഫ്റ്റ് ഫര്‍ണിഷിങ്ങിന്റെ സഹായത്തോടെ പുതിയരൂപം നല്‍കാം. അതിന്, കളര്‍ കോ ഓര്‍ഡിനേഷന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധിക്കണമെന്നുമാത്രം. ബാത് ടവല്‍, ഫേസ് ടവല്‍, ബാത്‌റൂം മാറ്റ് തുടങ്ങിയവയെല്ലാം പരസ്പരം മാച്ച് ചെയ്യുന്നതാക്കുകയാണ് ഇതിനുള്ള വഴി.

Photo courtesy: Ar. Cindu. V

Comments