Posted by

വീടിന്റെ വലിപ്പം കുറയ്‌ക്കാന്‍ ഒരു മേക്കോവര്‍

കാലത്തിന്‌ അനുസരിച്ച്‌ വീട്ടുകാരുടെ ആവശ്യങ്ങള്‍ക്ക്‌ വീട്‌ തികയാതെ വരുമ്പോള്‍ സ്‌പെയ്‌സ്‌ കൂട്ടിചേര്‍ത്തും നവീകരിച്ചും വീടിന്‌ പുത്തന്‍ ലുക്ക്‌ നല്‍കുക- അതാണ്‌ സാധാരണരീതിയില്‍ വീടുകളുടെ റെനവേഷന്‍ എന്ന പ്രക്രിയയില്‍ നടക്കുന്ന കാര്യം. എന്നാല്‍ ഫറോക്കിലെ ബാബു സഞ്‌ജയിന്റെയും ഡോ ഫാത്തിമയുടെയും വീട്‌ ഈ രീതികളില്‍ നിന്നും അല്‍പ്പം വ്യത്യസ്‌തമാകുകയാണ്‌. ഏതാണ്ട്‌ 3500ന്‌ അടുത്ത്‌ വിസ്‌തീര്‍ണ്ണമുണ്ടായിരുന്ന വീട്‌ റെനവേഷന്‍ കഴിഞ്ഞതോടെ 3000 സ്‌ക്വയര്‍ ഫീറ്റായി ചുരുങ്ങി. “എല്ലാരും വീട്‌ വലുതാക്കുമ്പോള്‍, സ്വന്തം വീടിനെ മാനേജ്‌ ചെയ്യാവുന്ന വലിപ്പത്തിലേക്കും സൗകര്യങ്ങളിലേക്കും ട്രിം ചെയ്‌തെടുക്കണം എന്ന ആവശ്യവുമായി വന്ന ക്ലൈന്റായിരുന്നു ബാബു സഞ്‌ജയ്‌.” – ആര്‍ക്കിടെക്‌റ്റ്‌ സിന്ധു. വി പറയുന്നു.
പഴയ പോലെ വലിയ കൂട്ടുകുടുംബ സംവിധാനം ഇന്നില്ല. മാത്രമല്ല, പ്രായമായ മാതാപിതാക്കള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന പടികളും വലിപ്പമേറിയ ബാത്ത്‌ റൂമുകളും. വലിപ്പമേറിയ ഒരു വീടിനേക്കാള്‍ പരിപാലനം എളുപ്പമാക്കുന്ന, നല്ല കാറ്റും വെളിച്ചവും കിട്ടുന്ന, അത്യാധുനിക സൗകര്യങ്ങളെല്ലാം ഉള്ള ഒരു കോമ്പാക്‌റ്റ്‌ വീട്‌ മതിയെന്ന ആഗ്രഹത്തിലേക്ക്‌ ക്ലൈന്റിനെ നയിച്ച ഘടകങ്ങള്‍ ഇതൊക്കെയായിരുന്നു. അനാവശ്യമായ ആര്‍ച്ചുകള്‍, കട്ടിംഗുകള്‍, പടികള്‍ എന്നിവയെല്ലാം എടുത്തുകളഞ്ഞ്‌, നല്ല വെന്റിലേഷന്‍ സിസ്റ്റമൊരുക്കിയാണ്‌ ആര്‍ക്കിടെക്‌റ്റ്‌ ഈ വീടിന്റെ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്‌. പാരന്റല്‍ മുറികളുടെ ബാത്ത്‌ റൂമുകളുടെ വലിപ്പം നല്ല രീതിയില്‍ കുറച്ചാണ്‌ റീ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്‌.
എക്‌സ്റ്റീരിയര്‍
പഴയ വീടിന്റെ എലവേഷനും പുതിയ വീടിന്റെ ലുക്കും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ടെന്നു തന്നെ പറയാം. വീടിന്റെ വലിപ്പം മൊത്തത്തില്‍ കുറച്ചെങ്കിലും കോമണ്‍ ഏരിയകള്‍, ബെഡ്‌ റൂമുകള്‍, മറ്റു സ്‌പെയ്‌സുകള്‍ എന്നിവയെല്ലാം വിശാലമായൊരു കണ്‍സെപ്‌റ്റിലാണ്‌ ഒരുക്കിയിരിക്കുന്നത്‌. വീടിന്റെ രണ്ടുവശങ്ങളിലുമായി നല്‍കിയ ഡബ്ബിള്‍ ലെയര്‍ അപ്പര്‍ വിന്‍ഡോ യൂണിറ്റാണ്‌ അതിഥികളില്‍ കൗതുകമുണര്‍ത്തുന്ന ഒരു എലമെന്റ്‌. ഹൈവേയുടെ അരികെ ആയതിനാല്‍ നല്ല പൊടിശല്യം ഉണ്ടാകും എന്നതാണ്‌ ഈ പ്ലോട്ടിലെ ഒരു പ്രശ്‌നം. പൊടി നേരിട്ട്‌ മുറികളിലേക്ക്‌ എത്താതിരിക്കാന്‍ വിന്‍ഡോയ്‌ക്ക്‌ മുന്നിലായി ഒരു ഫില്‍റ്റര്‍ ലെയര്‍ എന്ന പോലെയാണ്‌ ഈ അഡീഷണല്‍ വിന്‍ഡോ ലെയര്‍ നല്‍കിയത്‌.
ഇന്റീരിയര്‍
പ്രധാന വാതില്‍ തുറന്ന്‌ അകത്തേക്ക്‌ കടക്കുമ്പോള്‍ ഒരു ഫോയര്‍ സ്‌പെയ്‌സിലെത്താം. ഇതിന്‌ എതിര്‍ഭാഗത്തായി ഒരു റൗണ്ട്‌ മിററും കണ്‍സോള്‍ യൂണിറ്റും നല്‍കി. ഫോയറിന്റെ വലതുവശത്തായാണ്‌ ലിവിംഗ്‌ ഏരിയ വരുന്നത്‌. വെര്‍ട്ടിക്കല്‍ സ്‌ട്രിപ്പുകള്‍ കൊണ്ട്‌ നല്‍കിയ സെമി പാര്‍ട്ടീഷന്‍ വാളില്‍ നിഷുകള്‍ നല്‍കി ക്യൂരിയോസുകള്‍ വെയ്‌ക്കാനും ഇടം കണ്ടെത്തിയിട്ടുണ്ട്‌. പഴയ പ്ലാന്‍ പ്രകാരം അല്‍പ്പം കുഴിഞ്ഞിരിക്കുന്നതുപോലെയായിരുന്നു ലിവിംഗിന്റെ സ്വഭാവം. അതു മാറ്റി ലെവല്‍ നിരത്തിയെടുത്തിരിക്കുകയാണ്‌.
ഫോയറിന്റെ ഇടതുവശത്തായാണ്‌ ഡൈനിംഗ്‌ ഏരിയയുടെ സ്ഥാനം.

ഡൈനിംഗിന്റെ എതിര്‍ഭാഗത്തായി സ്റ്റെയര്‍ ഏരിയയോട്‌ ചേര്‍ന്ന്‌ ഒരു ഫാമിലി ലിവിംഗ്‌ ഏരിയയും ഒരുക്കിയിട്ടുണ്ട്‌. ഇവിടെയാണ്‌ ടെലിവിഷനും മറ്റും സ്ഥാനം നല്‍കിയിരിക്കുന്നത്‌. സ്റ്റെയര്‍ കെയ്‌്‌സ്‌ പൂര്‍ണ്ണമായും പുതുക്കി പണിതതാണ്‌. തേക്ക്‌ തടി കൊണ്ടാണ്‌ സ്റ്റെയര്‍ കെയ്‌സിന്റെ പടികള്‍ നിര്‍മ്മിച്ചത്‌. ഹാന്‍ഡ്‌ റെയിലിന്‌ ഗ്ലാസ്സും ടോപ്പില്‍ തേക്കും ഉപയോഗിച്ചു. ആകെ അഞ്ചു ബെഡ്‌ റൂമുകളാണ്‌ ഇവിടെയുള്ളത്‌. താഴെ രണ്ടെണ്ണവും മുകളില്‍ മൂന്ന്‌ ബെഡ്‌ റൂമുകളും എന്ന രീതിയിലാണ്‌ ബെഡ്‌ റൂമുകളുടെ വിന്യാസം.
വീട്ടുകാരുടെ ആവശ്യങ്ങളോട്‌ അത്രമേല്‍ ചേര്‍ന്നു നില്‍ക്കുകയും നീതി പുലര്‍ത്തുകയും ചെയ്യുന്ന ഒരു കോമ്പാക്‌റ്റ്‌ വീടാക്കി ഈ പ്രൊജക്‌റ്റിനെ മാറ്റിയെടുക്കുന്നതില്‍ ആര്‍ക്കിടെക്‌റ്റ്‌ സിന്ധു നൂറുശതമാനവും വിജയിച്ചിരിക്കുന്നു എന്നു തന്നെ പറയാം.
Ar. Cindu V
Firm: Evolution Interior Architecture
Address: 2nd floor,PMK Tower,
Civil Station PO, Calicut-673020.
Phone: 0495-2370097
Email: cinduvtech@gmail.com

Comments