Posted by

ട്രെന്‍ഡായി സ്മാര്‍ട്ട് ലൈറ്റിങ്!

ലൈറ്റിംഗും ഒരു ആര്‍ട്ടാണ്. ഓരോ സ്‌പെയ്‌സിന്റെയും ഉള്ളു തൊട്ടറിയുന്ന, വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും പരസ്പരപൂരക അവസ്ഥയെ അടുത്തറിയുന്ന കല. ആ കലാചാരുത്യം കണ്ടറിയണമെങ്കില്‍ പഴയകാല കൊട്ടാരങ്ങളും അമ്പലങ്ങളും പള്ളികളും ദേവാലയങ്ങളും സന്ദര്‍ശിച്ചാല്‍ മതി. ആ നിര്‍മ്മിതികളിലെല്ലാം പ്രകടമായി കാണാവുന്ന ഡിസൈന്‍ കയ്യടക്കവും ലൈറ്റിങ്ങിനെ കുറിച്ചുള്ള കൃത്യമായ അവബോധവും ഒരു കാലഘട്ടത്തിനെ കൂടി സാക്ഷ്യപ്പെടുത്തുന്നുണ്ട്. പടുത്തുയര്‍ത്തുന്ന ഓരോ സ്‌പെയ്‌സിലും ആവശ്യം വേണ്ട വെളിച്ചത്തിന്റെ ആഴവും പ്രാധാന്യവും നല്ല രീതിയില്‍ മനസ്സിലാക്കിയിരുന്നു നമ്മുടെ പൂര്‍വ്വികര്‍. എന്നാല്‍ ഇന്ന് കഥയതല്ല. ആര്‍ക്കിടെക്ചറിലും നമ്മുടെ ജീവിതശൈലിയിലും മോഡേണിസം പ്രബലമായതോടെ, വിഷ്വല്‍ ട്രെന്‍ഡുകളെ അന്ധമായി അനുകരിക്കുന്നൊരു പ്രവണത ശക്തമായി. ക്വാളിറ്റി ലൈറ്റിംഗ് എന്ന ആശയത്തെ പൂര്‍ണമായും വിസ്മരിച്ചാണ് പലപ്പോഴും വീടുകളും കെട്ടിടങ്ങളും ഡിസൈന്‍ ചെയ്യപ്പെടുന്നത്. വിദേശ മാതൃകകളെ അതുപോലെ തന്നെ ഇന്ത്യന്‍ പശ്ചാത്തലത്തിലേക്കു പകര്‍ത്തുമ്പോള്‍, ഒരര്‍ത്ഥത്തില്‍ അതു നമ്മുടെ വ്യക്തിത്വത്തെയും സംസ്‌കാരത്തെയും തന്നെയാണ് ഇല്ലാതാക്കുന്നത്.

ക്വാളിറ്റി ലൈറ്റിംഗ് എന്തെന്ന് മനസ്സിലാക്കാതെയാണ് പലരും ലൈറ്റിങ് ക്രമീകരിക്കുന്നത്. ജനലുകള്‍ എലവേഷന്‍ സ്റ്റൈലിംഗിന്റെ ഭാഗമായും ലൈറ്റിംഗ് ഫിക്ച്ചറുകളെ സ്റ്റൈല്‍ എലമെന്റുകളായും കണക്കാക്കുമ്പോള്‍ ഇരുട്ടിന്റെ സൗന്ദര്യം കാണാതെ പോകുന്നുണ്ട്, അതുവഴി ലൈറ്റിംഗ് പരാജയമാവുകയും ചെയ്യും. വെളിച്ചത്തിന്റെ പ്രാധാന്യം മനസ്സിലാക്കണമെങ്കില്‍ ഇരുട്ടിന്റെ വ്യാപ്തിയറിയണമെന്നു പറയാറുണ്ട്, പരസ്പര പൂരകമായ ദ്വന്ദ്വങ്ങളാണ് ഇരുട്ടും വെളിച്ചവും. വീടുകളുടെ ഇന്റീരിയറില്‍ തന്ത്രപ്രധാനമായൊരു സ്ഥാനം ലൈറ്റിങ് വഹിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. വീടുകളോ മാളുകളോ ഓഫീസോ ഹോസ്പിറ്റലുകളോ പബ്ലിക് ബില്‍ഡിംഗുകളോ ആവട്ടെ ക്രിയാത്മകമായല്ല അവിടെ ലൈറ്റിങ് നല്‍കുന്നതെങ്കില്‍ എല്ലാ സ്‌പെയ്‌സുകളും ഒരുപോലെ തന്നെ തോന്നിക്കും. എല്ലാ സ്‌പെയ്‌സുകളിലും ഒരേ തരം ഫിനിഷുകള്‍ ഉപയോഗിക്കുക, ഒരേ പാറ്റേണിലുള്ള ലൈറ്റിംഗ് നല്‍കുക, ഒരേ തരം ആമ്പിയന്‍സ് വരുത്തുക എന്നിവയെല്ലാം സ്‌പെയ്‌സുകളുടെ വ്യക്തിത്വത്തെ നിര്‍വ്വചിക്കുന്നതില്‍ പരാജയപ്പെട്ടുന്ന ഡിസൈന്‍ പ്രവണതകളാണ്.

ലൈറ്റിംഗ് എന്തിനു വേണ്ടി?
ഒരു സ്‌പെയ്‌സിനെ ക്രിയാത്മകമായി ഒരുക്കുന്നതില്‍ പകല്‍ വെളിച്ചത്തിനും ആര്‍ട്ടിഫിഷല്‍ ലൈറ്റിംഗിനും തുല്യമായ പങ്കുണ്ട്. ഒരു സ്‌പെയ്‌സിന്റെ മൂഡ് എന്തെന്ന് തീരുമാനിക്കുന്നതിലും ലൈറ്റിങിനെ ഒഴിച്ചുനിര്‍ത്താന്‍ സാധിക്കില്ല. പല സമയങ്ങളില്‍, പലവിധ ജോലികള്‍ക്ക് ഉതകുന്ന രീതിയില്‍ വേണം ലൈറ്റിംഗിനെ ക്രമീകരിക്കുന്നത്. പ്രായോഗികതയ്ക്ക് മുന്‍ഗണന നല്‍കി വേണം വീടിനകത്തെ വെളിച്ചം ക്രമീകരിക്കുന്നത്. ഓരോ ലൈറ്റും എന്തിനു വേണ്ടി നല്‍കുന്നുവോ ആ ധര്‍മം കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ കഴിയണം. വിവിധതരം ആവശ്യങ്ങള്‍ക്ക് വ്യത്യസ്തമായ ലൈറ്റിങ് അതാണ് വേണ്ടത്. ലൈറ്റിങ്ങിനെ കുറേക്കൂടി കാര്യക്ഷമതയോടെ നോക്കി കാണാനും ലൈറ്റിങിന്റെ പുത്തന്‍ സാധ്യതകളെ പ്രയോജനപ്പെടുത്താനും ആര്‍ക്കിടെക്റ്റുകളും ഡിസൈനര്‍മാരും ശ്രമിക്കുന്നുണ്ട്. ആര്‍ക്കിടെക്ചറല്‍ ലൈറ്റിംഗ് എന്നത് വളരെ പ്രസക്തമായൊരു ഏരിയയായി മാറികൊണ്ടിരിക്കുകയാണ്.

ലേ ഔട്ട് പ്രധാനം
ഫര്‍ണിച്ചറുകള്‍, ഫ്‌ളോറിംഗ്, പെയിന്റിംഗ് എന്നിവയ്‌ക്കൊക്കെ നല്‍കുന്ന പ്രാധാന്യം ലൈറ്റിംഗിനും നല്‍കണം. നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തില്‍ ലൈറ്റിംഗിനെ കുറിച്ച് ആലോചിച്ചു തുടങ്ങാം എന്ന രീതികള്‍ ക്രിയാത്മകമായ ലൈറ്റിംഗിന് ഇണങ്ങുന്നതല്ല. ഡിസൈന്‍ കണ്‍സെപ്റ്റ് തയ്യാറാക്കുന്ന സമയത്തു തന്നെ ഇന്റീരിയര്‍ ലേ ഔട്ടിനൊപ്പം ലൈറ്റിംഗ് ലേ ഔട്ടും തയ്യാറാക്കുന്നത് പ്ലാനിംഗിന് ഗുണം ചെയ്യും. പ്ലംബിംഗ്, ഇലക്ട്രിക്കല്‍ ലേ ഔട്ട് പോലെ തന്നെ പ്രധാനമാണ് ലൈറ്റിംഗ് ലേ ഔട്ടും. വെളിച്ചത്തിന് ഒരു പോയിന്റ് എന്ന നിലയിലാണ് പലപ്പോഴും ലൈറ്റിങ്ങിനുള്ള സ്‌പോട്ടുകള്‍ നല്‍കുന്നത്. ആ പ്രവണത മാറി ഓരോ ഏരിയയ്ക്കും വേണ്ട ലൈറ്റിങിന് അനുസരിച്ചുള്ള ലൈറ്റ് സ്‌പോട്ടുകള്‍ തീരുമാനിക്കാന്‍ കഴിയണം. ഒരു നല്ല ലൈറ്റിങ് ഡിസൈനറുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്താം.

നല്ല രീതിയില്‍ ലൈറ്റിംഗ് ചെയ്യാന്‍ അത്യാവശ്യം വേണ്ട മറ്റൊരു കാര്യം നിര്‍മ്മാണത്തിലെ കോര്‍ഡിനേഷന്‍ ആണ്. ആര്‍ക്കിടെക്റ്റ്, ഇന്റീരിയര്‍ ഡിസൈനര്‍, ഇലക്ട്രിക്കല്‍ കണ്‍സല്‍ട്ടന്റ്, ലൈറ്റിംഗ് കണ്‍സല്‍ട്ടന്റ് എന്നിവര്‍ തമ്മില്‍ ഇക്കാര്യത്തില്‍ കൃത്യമായ കോര്‍ഡിനേഷന്‍ വേണം. വാള്‍ വാഷിംഗ് ലൈറ്റുകള്‍, ഫ്്‌ളോര്‍ എംബഡെഡ് ലൈറ്റ്, സീലിംഗ് എംബഡെഡ് ലൈറ്റ് എന്നിവയെല്ലാം നല്‍കാന്‍ തീരുമാനിക്കുന്നുണ്ടെങ്കില്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ സമയത്തു തന്നെ വേണ്ട പോയിന്റുകളും അനുബന്ധക്രമീകരണങ്ങളും നടത്തണം. അതുപോലെ ഓരോ ഏരിയകളിലേക്കും വേണ്ട ലൈറ്റിംഗ് എന്താണെന്ന ധാരണയും ഉണ്ടാവണം. ഓരോ ഏരിയയുടെയും ഉപയോഗത്തിന് അനുസരിച്ച് വേണം ഡയറക്ട് ലൈറ്റിംഗ്, ഇന്‍ഡയറക്ട് ലൈറ്റിംഗ്, ആമ്പിയന്റ് ലൈറ്റിംഗ്, ടാസ്‌ക് ലൈറ്റിംഗ്, ഫോക്കസ് ലൈറ്റിംഗ് എന്നിവ ഒരുക്കേണ്ടത്.

ലൈറ്റിംഗ് കണ്‍സല്‍ട്ടന്‍സിയെ സമീപിക്കാം
ലൈറ്റിംഗ് ഡിസൈനിന് വേണ്ടി കണ്‍സല്‍ട്ടന്‍സികളെ സമീപിക്കുകയെന്നത് പാശ്ചാത്യരാജ്യങ്ങളില്‍ മാത്രം പ്രബലമായിട്ടുള്ള രീതിയായിരുന്നെങ്കില്‍ ഇന്നത് ഇന്ത്യയിലും വ്യാപകമായി കഴിഞ്ഞിരിക്കുന്നു. കൃത്യമായ സ്ഥലത്ത് കൃത്യമായ അനുപാതത്തില്‍, കൃത്യമായി ലൈറ്റിംഗ് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ലൈറ്റിംഗ് ഫിക്ച്ചറുകളുടെ സൗന്ദര്യാത്മകഘടകങ്ങളെകുറിച്ചും ലൈറ്റിംഗ് രീതികളെ കുറിച്ചും സ്‌പെയ്‌സുകള്‍ക്ക് ലൈറ്റിംഗ് നല്‍കുന്ന ആമ്പിയന്‍സിനെ കുറിച്ചുമൊക്കെ കൃത്യമായ രൂപം നല്‍ക്കാന്‍ നല്ലൊരു ലൈറ്റിംഗ് ഡിസൈനര്‍ക്കു സാധിക്കും.

ലൈറ്റിങ് രീതികള്‍ ഓരോന്നും വ്യത്യസ്തമാണ്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന ലൈറ്റിംഗ് അല്ല, വീടുകളില്‍ ഉപയോഗിക്കേണ്ടത്. അതുപോലെ ലിവിംഗ് റൂമിലെ ലൈറ്റിംഗ് അല്ല, ബെഡ് റൂമില്‍ ആവശ്യം. ഈ രണ്ടുതരം ലൈറ്റിംഗുമല്ല കിച്ചന് വേണ്ടത്. ഓരോ മുറികളിലെയും ലൈറ്റിങിന് ഓരോ ധര്‍മ്മമാണുള്ളത്. പശ്ചാത്തലമൊരുക്കുക, ജോലികള്‍ക്ക് വേണ്ടത്ര വെളിച്ചം നല്‍കുക, അലങ്കാരമാവുക എന്നിങ്ങനെ ലൈറ്റിങ്ങിന്റെ അടിസ്ഥാനധര്‍മ്മം സ്‌പെയ്‌സുകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടുന്നു. എല്‍ ഇ ഡി, സി എഫ് എല്‍, ഇന്‍കാന്‍ഡ്‌സെന്റ് എന്നിങ്ങനെ ലൈറ്റുകള്‍ പലതരമാണ്. അതില്‍ തന്നെ കൂള്‍, വാം, നാച്വറല്‍ എന്നിങ്ങനെ വീണ്ടും ക്രമീകരണങ്ങള്‍ വരുന്നു.

രാത്രിയും പകലും ഓരോ സ്‌പെയ്‌സിനും ഓരോ ഭാവമായിരിക്കും. പകല്‍ നമ്മള്‍ കാണുന്ന ഒരു ഫോര്‍മല്‍ സ്‌പെയ്‌സ് വൈകുന്നേരമാകുമ്പോള്‍ ഇന്‍ഫോര്‍മലായി മാറാം. അതുപോലെ തിരക്കേറിയ ഒരു സ്‌പെയ്‌സ് രാത്രി ഇരുട്ടുമ്പോഴേക്കും ഒരു മെഡീറ്റേഷന്‍ ഏരിയ പോലെ തോന്നിപ്പിച്ചേക്കാം. ബഹളമയമായൊരു സ്‌പെയ്‌സ് ചിലപ്പോള്‍ റൊമാന്റിക് ഫീല്‍ ഉണര്‍ത്തി പ്രിയങ്കരമാവാം. ലൈറ്റിംഗിന്റെ ആമ്പിയന്‍സിന് മാത്രം സാധ്യമാകുന്ന കാര്യങ്ങളാണ് ഇതൊക്കെ. ശരിയായ ഫിക്ച്ചറുകളും ഡയറക്ട് – ഇന്‍ഡയറക്ട് ലൈറ്റുകളുടെ കോമ്പിനേഷനും ഫ്‌ളോര്‍ സ്റ്റാന്റുകളുടെ ഉപയോഗവും ടേബിള്‍ സ്റ്റാന്‍ഡുകളും ഹാംഗിഗ് ലാമ്പുകളും കാന്‍ഡില്‍ എല്‍ ഇ ഡികളുമെല്ലാം ഒരു സ്‌പെയ്‌സിന്റെ മൂഡിനെ തന്നെ സ്വാധീനിക്കും, ഒപ്പം അവിടെ വസിക്കുന്ന വ്യക്തികളുടെ മാനസികാവസ്ഥയേയും. നല്ല രീതിയില്‍ അണിയിച്ചൊരുക്കിയ ഒരു മുറിയുടെ കാഴ്ചയ്ക്ക് പൂര്‍ണത കൈവരുന്നത് ആ മുറിയുടെ ലൈറ്റിംഗ് കൂടി മികവേറുമ്പോഴാണ്. കണക്കുകളുടെ കൃത്യതയോ നിയതമായ രീതികളോ പിന്‍തുടരുന്നതല്ല ലൈറ്റിങ്. ഓരോ സ്‌പെയ്‌സും ആവശ്യപ്പെടുന്ന വെളിച്ചം, ആവശ്യമായ അളവില്‍ കലാബോധത്തോടെ നല്‍കാന്‍ കഴിഞ്ഞാല്‍ ലൈറ്റിംഗ് വിജയകരമായെന്നു പറയാം.

മെറ്റീരിയലുകളുടെ വൈവിധ്യം
മനോഹരമായ ഇന്റീരിയര്‍ സാധ്യമാക്കുന്നതില്‍ ലൈറ്റിങ്ങിനും ഫിക്ച്ചറുകള്‍ക്കും ഏറെ പ്രാധാന്യമുണ്ടെന്ന് പറഞ്ഞല്ലോ. മെറ്റീരിയലുകളുടെ തെരെഞ്ഞെടുപ്പാണ് ഇതില്‍ എടുത്തുപറയേണ്ടൊരു ഘടകം. ബ്രാസ്സ്, കോപ്പര്‍, വൈറ്റ് മെറ്റല്‍, വ്യത്യസ്തതരം തുണികള്‍, നൂലുകള്‍, ഗ്ലാസ്സ്, ഡിസ്ട്രസ്റ്റഡ് ഗ്ലാസ്സ് എന്നിവയെല്ലാം ഉപയോഗിച്ച് കലാപരമായ മനോഹര ലൈറ്റ് ഫിക്ച്ചറുകള്‍ ഒരുക്കാം. വ്യത്യസ്ത പാലെറ്റിലുള്ള മെറ്റീരിയലുകളാല്‍ സമ്പന്നമാണ് നമ്മുടെ രാജ്യം. വ്യത്യസ്തമായ മെറ്റീരിയലുകളുടെയും സ്റ്റൈലുകളുടെയും വലിയൊരു ശേഖരം തന്നെ നമുക്കു മുന്നിലുണ്ട്. സുസ്ഥിരവും പ്രകൃതിദത്തവുമായ ബനാന ഫൈബര്‍ മെറ്റീരിയലു കൊണ്ടുള്ള ലൈറ്റുകള്‍ ഏറെ ശ്രദ്ധ നേടുന്നുണ്ട്.

ഊര്‍ജക്ഷമതയുള്ള ലൈറ്റിംഗ്
ഓരോ സ്‌പെയ്‌സിനെയും മാജിക്കലായും യൂണീകായും ഒരുക്കുക എന്നതിനോളം തന്നെ പ്രധാനമാണ് എനര്‍ജി പാഴാക്കാതിരിക്കുക എന്നതും. ലൈറ്റിംഗ് എപ്പോഴും ബ്രൈറ്റ് ലൈറ്റുകള്‍ ആവശ്യപ്പെടുന്നില്ല. എല്ലായിടത്തും ബ്രൈറ്റ് ലൈറ്റുകളുടെ ആവശ്യം വരുന്നുമില്ല. ലൈറ്റ് ഡിമ്മോ ബ്രൈറ്റോ ആവട്ടെ, അവ സ്ഥലം, അവസ്ഥ, ജോലി, സമയം എന്നിവയ്ക്ക് യോജിക്കുന്ന തരത്തിലുള്ളതാണോ എന്നതാണ് പ്രധാനം. എല്ലാവിധ ഫിക്ച്ചര്‍ ചോയ്‌സുകള്‍ക്കും ഇണങ്ങിയ ഊര്‍ജ്ജക്ഷമതയുള്ള എല്‍ ഇ ഡി ലാമ്പുകള്‍ ലഭ്യമാണിന്ന്. റസ്റ്റിക്, ട്രെഡീഷണല്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഏതുമാവട്ടെ, ഈ എല്‍ ഇ ഡി ഫിലമെന്റുകള്‍ അവയോട് ഇണങ്ങും. ഊര്‍ജ്ജം സംരക്ഷിക്കാനായി നമുക്ക് ഓട്ടോമേഷനേയും ഉപയോഗപ്പെടുത്താവുന്നതാണ്.

വെളിച്ചത്തിനൊപ്പം, ഇരുട്ടിന്റെ സൗന്ദര്യത്തിനും പ്രാധാന്യം കൊടുക്കുന്നതാണ് ലൈറ്റിംഗ് ഡിസൈന്‍, നിഴലും വെളിച്ചവും ഇടകലരുമ്പോള്‍ ഓരോ സ്‌പെയ്‌സിനും താളാത്മകത കൈവരുന്നു. സ്‌പെയ്‌സുകളെ പൂര്‍ണ്ണമാക്കുന്ന ആര്‍ട്ട് എലമെന്റുകളായാണ് ലൈറ്റിംഗ് ഫിക്ച്ചറുകള്‍ നിലക്കൊളളുന്നത്. ഇത്തരം സ്‌പെയ്‌സുകള്‍ ഒത്തുച്ചേര്‍ന്ന് ഓരോ നിര്‍മ്മിതിയുടെയും ആത്മാവു കണ്ടെത്തുമ്പോള്‍ ലൈറ്റിംഗിന്റെ ധര്‍മ്മവും പൂര്‍ണമാകുന്നു.

 

For more details:
KIARA LIGHTING, 28/2756, Potammal Palazhi Road,
Nellikode P.O., Kozhikode- 673016
Ph: 0495 235 1976, 95 44 87 68 76, 99 47 49 33 33
Email: info@kiaralighting.in

Comments