Posted by

സ്പാനിഷ് വില്ല

അറബിക്കഥകളിലെ കൊട്ടാരക്കെട്ടുകളെ ഓര്‍മ്മിപ്പിക്കുന്ന കളര്‍ പാറ്റേണുകള്‍, മണലാരണ്യ കാഴ്ചകളിലേക്കു തുറക്കുന്ന കിളിവാതിലുകളും കമാനങ്ങളും ബാല്‍ക്കണികളും. സ്പാനിഷ്- വിന്റേജ് ശൈലികളെ ഓര്‍മ്മപ്പെടുത്തുന്ന എലവേഷന്‍ അഴക്. ചില റഫ് ആന്റ് ടഫ് വ്യക്തിത്വങ്ങളെ പോലെ ആദ്യക്കാഴ്ചയില്‍ തന്നെ കാഴ്ചക്കാരുടെ ശ്രദ്ധ കവരുന്നുണ്ട് ഈ വില്ലയുടെ എക്സ്റ്റീരിയര്‍. റാഫിയ്ക്ക് വേണ്ടി എകെ ഡിസൈനോവിലെ ആര്‍ക്കിടെക്റ്റ് അബ്ദുള്ള കുഞ്ഞിയും ടീമുമാണ് ഈ വില്ലയുടെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. 20 ദിവസമെന്ന റെക്കോര്‍ഡ് വേഗത്തിലാണ് ഈ വില്ലയുടെ നിര്‍മ്മാണജോലികള്‍ എകെ ഡിസൈനോ പൂര്‍ത്തിയാക്കിയത്. ക്ലൈന്റിന്റെ സ്വപ്‌നങ്ങളോട് നൂറുശതമാനം നീതി പുലര്‍ത്തുന്ന രീതിയിലാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. എക്സ്റ്റീരിയര്‍ തീം ഇന്റീരിയറിലേക്കും കൊണ്ടുവരുന്നതിനൊപ്പം തന്നെ സ്‌പെയ്‌സുകള്‍ക്കെല്ലാം ഒരു റസ്റ്റിക് ചാം നല്‍കാനും ഡിസൈന്‍ ടീം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ന്യൂട്രല്‍ നിറങ്ങളുടെ സാന്നിധ്യമാണ് ഇന്റീരിയറില്‍ എടുത്തുപറയേണ്ടൊരു ഘടകം. പലയിടത്തും ന്യൂട്രല്‍ കളറിലുള്ള ഫര്‍ണിച്ചറുകളും ആക്‌സസറീസുമെല്ലാം ഉപയോഗിച്ചിരിക്കുന്നു. ന്യൂട്രല്‍ നിറങ്ങള്‍ ഉപയോഗിച്ചതിനാല്‍ ഇന്റീരിയറിന് നരച്ചൊരു ഫീലായിരിക്കും എന്ന കണക്കുകൂട്ടലില്‍ അകത്തേക്ക് സ്റ്റെപ്പ് വെച്ചാല്‍ അത്ഭുതപ്പെടുകയേ തരമുള്ളൂ. ന്യൂട്രല്‍ നിറങ്ങള്‍ക്കിടയിലും ജ്വലിക്കുന്ന ഫര്‍ണിച്ചറുകളോ വാള്‍പേപ്പറുകളോ കണ്ടാല്‍ ഞെട്ടേണ്ട. സ്‌പെയ്‌സുകള്‍ക്ക് എങ്ങനെ കോണ്‍ട്രാസ്റ്റിംഗ് ഫീല്‍ പകരാം എന്നതിന്റെ പാഠപുസ്തകം കൂടിയാണ് ഇവിടുത്തെ ഇന്റീരിയര്‍.
ന്യൂട്രല്‍ നിറങ്ങളിലുള്ള ഫര്‍ണിച്ചറുകള്‍ക്ക് കൂടുതല്‍ മിഴിവേകാനായി കളര്‍ വാള്‍പേപ്പറുകള്‍ ഉപയോഗിച്ചിട്ടുണ്ട്. എംസിവാളിന്റെ സീരീസിലുള്ള വാള്‍പേപ്പറുകളാണ് ഇതിനായി കൂടുതലും പ്രയോജനപ്പെടുത്തിയിരിക്കുന്നത്. യുഎസില്‍ നിന്നും പ്രത്യേകം ഇംപോര്‍ട്ട് ചെയ്ത വാള്‍പേപ്പറുകളും ഇവിടെ കാണാം.

ബില്‍ഡര്‍മാര്‍ വില്ലയ്ക്കു നല്‍കിയ സ്പാനിഷ് തീമിലുള്ള ടൈലുകള്‍ അതുപോലെ തന്നെ നിലനിര്‍ത്തിയാണ് ഫ്‌ളോര്‍ ഒരുക്കിയത്. ഫ്‌ളോറിന്റെ കളര്‍ തീമിനോട് മാച്ച് ചെയ്തുപോവുന്ന ഏരിയ റഗ്‌സ് ഫ്‌ളോറിന് സോഫ്റ്റ് ടച്ച് പകരുന്നു. നീലയുടെ ഷെയ്ഡ്, റെഡ്, ഓക്കര്‍ നിറങ്ങളിലുള്ള റഗ്‌സ് ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

മിനിമലിസ്റ്റിക് ഡിസൈനാണ് കര്‍ട്ടനുകളുടെ സവിശേഷത. മുറിയുടെ തീമിന് ഇണങ്ങുന്ന കളര്‍ തന്നെ ഇവിടെയും ഉപയോഗിച്ചിരിക്കുന്നു. ലളിതമായ ബോര്‍ഡറുകള്‍ കര്‍ട്ടന് മിഴിവേകുന്നു. ഡെക്കറേറ്റീവ് റസ്റ്റിക് റോഡുകളിലാണ് കര്‍ട്ടനുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.
ഫര്‍ണിച്ചറുകളിലും മുഴച്ചു നില്‍ക്കുന്നത് അവയുടെ റസ്റ്റിക് തീം തന്നെയാണ്. ഉപയോഗിച്ചു തേഞ്ഞതുപോലെയുള്ള പ്രതീതി ഉണര്‍ത്തുന്ന രീതിയിലുള്ളതാണ് ട്രീറ്റഡ് വുഡണ്‍ ടേബിളുകള്‍. ഹൈ ഗ്രേഡ് ബ്രൗണ്‍ ലെതറാണ് ഡൈനിംഗ് ചെയറുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ചെയറുകള്‍ക്കും പഴമയുടെ ഫീല്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഒപ്പം തന്നെ വിന്റേജ് ലുക്കും ഇവയുടെ പ്രത്യേകതയാണ്. ലിവിംഗിലെ പ്രധാന ഫര്‍ണിച്ചര്‍ ലെതറും വെല്‍വറ്റും ഉപയോഗിച്ച് നിര്‍മ്മിച്ചെടുത്തതാണ്. റോയല്‍ ബ്ലൂ നിറത്തില്‍ വെല്‍വെറ്റത്തില്‍ തീര്‍ത്ത സിംഗിള്‍ സീറ്ററുകള്‍ ലിവിംഗിന് ആകമാനം നല്‍കുന്ന ഉണര്‍വ്വ് ചെറുതല്ല.

സ്‌പെയ്‌സുകളുടെ വൈബ്രന്റ് ഫീല്‍ നിലനിര്‍ത്താനായി പല കളറിലുള്ള ഫര്‍ണിച്ചറുകള്‍ മിക്‌സ് ചെയ്താണ് ഇന്റീരിയറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓള്‍ഡ് ഫ്രെറ്റ് വര്‍ക്ക് കാബിനറ്റുകളും ഡൈനിംഗ് കണ്‍സോളുകളും ഇവിടെ ഉപയോഗിച്ചിരിക്കുന്നു.

വിന്റേജ് ശൈലിയോട് ഇണങ്ങുന്ന രീതിയിലുള്ള ആക്‌സസറീസ് തന്നെയാണ് ഈ വില്ലയ്ക്കു വേണ്ടി തെരെഞ്ഞെടുത്തിരിക്കുന്നത്. പഴയകാല ഡിസൈനിലുള്ള ഫോണുകള്‍, ക്ലോക്കുകള്‍, ഫ്രെയിമുകള്‍ എന്നിവയെല്ലാം കണ്ടെത്തി പുനരുപയോഗിച്ചിരിക്കുന്നു. ഏറെകാലമായി ഉപയോഗിച്ചുവരുന്നൊരു ഫീലാണ് ഇവ ഇന്റീരിയറിന് സമ്മാനിക്കുന്നത്. ഇൗ തീം സ്‌പെയ്‌സുകള്‍ക്ക് തുടര്‍ച്ച സമ്മാനിക്കുന്നുമുണ്ട്. പലതരം ട്രങ്ക് ടൈപ്പ് ബോക്‌സുകളും ഇന്റീരിയറില്‍ കാണാം. സ്‌പെയ്‌സുകള്‍ ഫില്‍ ചെയ്യാനും സീറ്റിംഗിനും സ്റ്റോറേജിനും എന്നു തുടങ്ങി ചിലയിടങ്ങളില്‍ സെന്റര്‍ ടേബിളായി വരെ ഇത്തരം ട്രങ്ക് ബോക്‌സുകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സ്‌പെയ്‌സിന് കൂടുതല്‍ ഡെപ്ത്ത് സമ്മാനിക്കാനായി വലിയ മിററുകള്‍ എന്‍ട്രി വേ കളിലെല്ലാം നല്‍കിയിരിക്കുന്നു. പാസേജുകളിലും ഹാളിലുമെല്ലാം ലെതര്‍ ഫിനിഷ്ഡ് കണ്‍സോളുകളും നല്‍കിയിട്ടുണ്ട്.

എല്ലാമുറികളിലും ഷാന്‍ഡ്‌ലിയറിനു പ്രത്യേകം സ്‌പെയ്‌സ് നല്‍കിയിട്ടുണ്ട്. ദുബായിലെ വ്യത്യസ്ത ഷോപ്പുകളില്‍ നിന്നും പര്‍ച്ചെയ്‌സ് ചെയ്‌തെടുത്തവയാണ് ഈ ഷാന്‍ഡ്‌ലിയറുകളെല്ലാം തന്നെ. വിന്റേജ് ടൈപ്പ് ഫര്‍ണിച്ചറുകള്‍ക്ക് പേരുകേട്ട ഡാല്‍മിയ ബ്രൗണ്‍ എന്ന ഷോറൂമില്‍ നിന്നുമാണ് കൂടുതല്‍ ഷാന്‍ഡ്‌ലിയറുകളും വാങ്ങിച്ചിരിക്കുന്നത്. ട്രീറ്റഡ് വുഡ്, റസ്റ്റഡ് വ്രോട്ട് അയണ്‍ ഫീലിലുള്ള ഷാന്‍ഡ്‌ലിയറുകളാണ് ഇവിടെ നിന്നും പര്‍ച്ചെയ്‌സ് ചെയ്തത്. ക്ലാസ്സിക്കല്‍ ഡിസൈനാണ് മിക്ക ഷാന്‍ഡ്‌ലിയറുകളുടെയും പ്രത്യേകത. എന്നാല്‍ ടിപ്പിക്കല്‍ ക്ലാസ്സിക്കല്‍ സ്വഭാവം ഇവയ്ക്കില്ലെന്നതാണ് ശ്രദ്ധേയം. ഡിസൈനിലെ ഫ്യൂഷന്‍ ഇവയ്ക്ക് യൂണീക് സ്വഭാവം പകരുന്നു. ക്ലാസ്സിക്കിന്റെ അബ്‌സ്ട്രാക്റ്റ് ഫോമാണ് ഈ ഡിസൈന്റെ സവിശേഷത. അതുകൊണ്ടു തന്നെ ഇവ തീമുമായി ഇണങ്ങിനില്‍ക്കുന്നു.

സ്‌പെയ്‌സുകളുടെ പ്രായോഗികതയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ഇവിടുത്തെ ബെഡ് റൂമുകള്‍ ഒരുക്കിയിരിക്കുന്നത്. ഓഫ് വൈറ്റ് കളര്‍ തീമിലുള്ള ബെഡ് റൂം ചുമരുകള്‍ക്ക് കോണ്‍ട്രാസ്റ്റ് പകരുന്നത് നിറപ്പകിട്ടേറിയ വാള്‍പേപ്പറുകളോ കര്‍ട്ടനുകളോ ആണ്. ലളിതമായ ഡിസൈനിലുള്ള ഫര്‍ണിച്ചറുകളാണ് ബെഡ് റൂമുകളില്‍ ഉപയോഗിച്ചിരുന്നത്. റോയല്‍ ഫീലാണ് മാസ്റ്റര്‍ ബെഡ് റൂമിന്. പെട്ടെന്ന് ശ്രദ്ധ ക്ഷണിക്കുന്ന ബ്ലൂ വെല്‍വറ്റ് ഫര്‍ണിച്ചറുകളും ട്രങ്ക് ബോകസ് സ്റ്റൈലിലുള്ള സൈഡ് ടേബിളുകളും ചെസ്റ്റ് ഓഫ് ഡ്രോയറുകളും മാസ്റ്റര്‍ ബെഡ് റൂമിനെ സുന്ദരമാക്കുന്നു. വോണ്‍ ഔട്ട് ഫീല്‍ പകരുന്ന കൗതുകമുണര്‍ത്തുന്ന ആക്‌സസറീസുകളും ഈ ബെഡ് റൂമുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. മറീന, ദ വണ്‍, ഡാല്‍മിയ ബ്രൗണ്‍, വെസ്റ്റ് എലം, പോട്ടറി ബാണ്‍, ഇന്‍ഡിഗോ ലിവിംഗ്, 2എക്‌സ് എല്‍ തുടങ്ങിയ ഷോപ്പുകളില്‍ നിന്നാണ് എല്ലാ ഫര്‍ണിച്ചറുകളും പര്‍ച്ചെയ്‌സ് ചെയ്തിരിക്കുന്നത്. 20 ദിവസം കൊണ്ടാണ് എകെഡിസൈന്‍സ് ഈ വില്ലയുടെ ഇന്റീരിയര്‍ ജോലികള്‍ പൂര്‍ത്തിയാക്കിയത്.

Comments