Posted by

സ്വര്‍ണം വിളയിച്ച് ഹാബിറ്റാറ്റ് !

സാമ്പ്രദായിക വിദ്യഭ്യാസ രീതികളെ മാറ്റിമറിച്ച ഒരു അനുഭവത്തിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു ജപ്പാനിലെ പ്രശസ്ത ടെലിവിഷന്‍ പ്രതിഭയും യുനിസെഫിന്റെ ഗുഡ് വില്‍ അംബാസിഡറുമായ തെത്സുകോ കുറോയാനഗി എഴുതിയ ടോട്ടോചാന്‍ എന്ന പുസ്തകം. കൊബായാഷി മാസ്റ്ററും അദ്ദേഹത്തിന്റെ ടോമോ എന്ന സ്‌കൂളും- ലോകമെമ്പാടുമുള്ള വായനക്കാര്‍ നെഞ്ചിലേറ്റിയ ആ അനുഭവകഥ സംസാരിച്ചതത്രയും ഒരു കുട്ടിയുടെ ജീവിതത്തില്‍ ഒരധ്യാപകനും സ്‌കൂള്‍ അന്തരീക്ഷത്തിനും ചെലുത്താന്‍ കഴിയുന്ന പോസിറ്റീവായ സ്വാധീനങ്ങളെ കുറിച്ചായിരുന്നു.

അജ്മാനിലെ ഹാബിറ്റാറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെ കുറിച്ച് കേട്ടപ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വന്നത്, കൊബയാഷി മാസ്റ്ററുടെ ടോമോ വിദ്യാലയമാണ്. ടോമോ പരമ്പരാഗത സ്‌കൂള്‍കെട്ടിടങ്ങളുടെ മുഖഛായയാണ് മാറ്റുന്നതെങ്കില്‍, ഹാബിറ്റാറ്റ് സ്‌കൂള്‍ വിപ്ലവകരമായ മറ്റൊരു ദൗത്യം ഏറ്റെടുത്തിരിക്കുന്നു! എ ഫോര്‍ ആപ്പിള്‍ എന്നും ബി ഫോര്‍ ബാറ്റ് എന്നും പഠിപ്പിക്കുന്നതിനൊപ്പം തന്നെ ഈ നേച്ചര്‍ സ്‌കൂളില്‍ കൃഷിയുടെ ബാലപാഠങ്ങളും പഠിപ്പിക്കുന്നു. അഞ്ചാം ക്ലാസ്സു മുതല്‍ കുട്ടികളുടെ സിലബസില്‍ കൃഷിയും സ്ഥാനം പിടിച്ചു തുടങ്ങുന്നു! ജൈവകൃഷിയും കൊയ്ത്തുത്സവുമൊക്കെ കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. യു എ ഇയിലെ ജൈവകൃഷി നടത്തുന്ന ഏറ്റവും മികച്ച സ്വകാര്യ സ്‌കൂളിനുള്ള ദുബായ് നഗരസഭയുടെ ഗ്രോ യുവര്‍ ഫുഡ് പുരസ്‌കാരവും ഹാബിറ്റാറ്റ് നേടിയിട്ടുണ്ട്. അജ്മാനിലെ സിറ്റി സെന്ററിന് അരികിലെ സ്‌കൂള്‍ സോണിലാണ് ഹാബിറ്റാറ്റ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.

മണലാരണ്യത്തിലെ ഒരത്ഭുതം എന്നു തന്നെ ഹാബിറ്റാറ്റ് സ്‌കൂളിനെ വിശേഷിപ്പിക്കാം. പത്തേക്കറോളം വരുന്ന വിശാലമായ പ്ലോട്ടിലാണ് സ്‌കൂള്‍ ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ ഒരു ഏക്കറോളം ഭൂമി കൃഷിയ്ക്കു വേണ്ടി മാറ്റിവച്ചിരിക്കുന്നു. ഒരു ഏക്കറോളം വരുന്ന ഭൂമിയില്‍ തണല്‍ മരങ്ങളും ഔഷധവൃക്ഷങ്ങളും ചെടികളും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. ആല്‍, ചീനി, മുരിങ്ങ, പുളി, ലക്ഷ്മിതരു, നോനി, ടെര്‍മിനാലിയ അര്‍ജുന തുടങ്ങി ഒട്ടേറെ മരങ്ങള്‍ നട്ടു വളര്‍ത്തിയിട്ടുണ്ട്. മരുഭൂമിയില്‍ സാധാരണ വളരാത്ത തേക്കു പോലും ഇവിടെ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. ശാഖകളും ഉപശാഖകളുമൊക്കെയായി വളര്‍ന്നു പന്തലിച്ച ഈ മരങ്ങള്‍ സ്‌കൂള്‍ കെട്ടിടത്തിനു ചുറ്റും തണല്‍ വിരിക്കുന്നു. ക്ലാസ്സ് മുറികള്‍ക്കിടയിലുള്ള സ്‌പെയ്‌സുകളെല്ലാം കൃഷിയിടങ്ങളാണ്. നെല്ലും ചോളവും മുന്തിരിയും പാവലും തക്കാളിയും പീച്ചിങ്ങയും അഗസ്ത്യചീരയുമെല്ലാം ഇവിടെ കൃഷി ചെയ്യുന്നു. ഏതു ക്ലാസ്സ് മുറിയില്‍ നിന്നു നോക്കിയാലും കാണുന്നത് ഈ കൃഷിത്തോട്ടങ്ങളും ഗ്രീനറിയും മാത്രം. ഒരു ടണ്ണിലേറെ വരുന്ന പച്ചക്കറികളും ധാന്യങ്ങളുമാണ് ഓരോ വര്‍ഷവും ഇവിടെ വിളവെടുക്കുന്നത്.

‘കുട്ടികളില്‍ മണ്ണിലിറങ്ങി പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യവും അവബോധവും വളര്‍ത്തുക എന്നതാണ് ഹാബിറ്റാറ്റ് സ്‌കൂളിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മിഡില്‍ ക്ലാസ്സിനും അതിനു താഴെയുള്ള ഫാമിലികള്‍ക്കും അംഗീകരിക്കാന്‍ പറ്റുന്ന ന്യായമായ ഫീസ് വ്യവസ്ഥയുള്ള, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ ഓഫര്‍ ചെയ്യുന്ന എല്ലാവിധ സൗകര്യങ്ങളും നല്‍കുന്ന, പാഠ്യവിഷയങ്ങള്‍ക്കൊപ്പം തന്നെ കൃഷിക്കും പ്രാധാന്യം നല്‍കുന്ന ഒരു നേച്വര്‍ സ്‌കൂള്‍ ഒരുക്കുക എന്ന സ്വപ്‌നം കൂടിയാണ് ഇവിടെ സാക്ഷാത്കരിക്കപ്പെടുന്നത്.

ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെല്ലാം ഏറെക്കുറെ വലിയ ഫീസ് നിരക്കുകളാണ് ഉള്ളത്. പലപ്പോഴും ഇടത്തരം സാമ്പത്തികനിലയിലുള്ള കുടുംബങ്ങള്‍ക്ക് അത് താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. മാത്രമല്ല, പലപ്പോഴും മിഡില്‍ ക്ലാസ്സ് ഫാമിലികളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ വിട്ടാല്‍ ഫഌറ്റിലെ ചെറിയ ലോകം എന്നതിനപ്പുറത്തേക്ക് കൂടുതല്‍ കളിക്കാനോ മറ്റുള്ള സൗകര്യങ്ങളോ ഉണ്ടാകാറില്ല. ഫഌറ്റുകളുടെ നാലു ചുമരുകള്‍ക്കുള്ളില്‍ ടിവി കണ്ടും ഗെയിം കളിച്ചുമൊക്കെ സമയം തള്ളിനീക്കുന്നവരാണ് പല കുട്ടികളും. അത്തരം ചെറിയ ലോകങ്ങളില്‍ കുടുങ്ങിപ്പോവുന്ന കുട്ടികള്‍ക്ക് വിശാലമായ ഒരു സ്‌പെയ്‌സ് നല്‍കാന്‍ കൂടിയായിരുന്നു ഞങ്ങളുടെ ശ്രമം. പത്തേക്കറോളം വരുന്ന ഈ പ്ലോട്ടില്‍ കുട്ടികള്‍ക്ക് മാക്‌സിമം ഓപ്പണ്‍ സ്‌പെയ്‌സ് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. 33 രാജ്യങ്ങളില്‍ നിന്നായി 7000 ത്തിലേറെ കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ‘ – ഹാബിറ്റാറ്റ് സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ സി. ടി. ഷംസു സമാന്‍ പറയുന്നു.

ഡിസൈന്‍ പ്രത്യേകതകള്‍
ആര്‍ക്കിടെക്റ്റ് ജാഫര്‍ അലിയാണ് സ്‌കൂളിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ജൂഡ്‌സണ്‍ അസോസിയേറ്റ്‌സാണ് സ്‌കൂളിന്റെ എലവേഷനും ഇന്റീരിയറും ഒരുക്കിയിരിക്കുന്നത്. അജ്മാനിലെ പ്രോ ആര്‍ക്കിലെ എഞ്ചിനീയറായ അനീസും അദ്ദേഹത്തിന്റെ ടീമുമാണ് എഞ്ചിനീയറിംഗ് വര്‍ക്കുകള്‍ ചെയ്തിരിക്കുന്നത്. 30726 സ്‌ക്വയര്‍ മീറ്ററാണ് ബില്‍ഡ് അപ്പ് ഏരിയയുടെ വിസ്തീര്‍ണ്ണം. പൂര്‍ണമായും കണ്‍ടെംപ്രറി ശൈലിയിലാണ് ബില്‍ഡിംഗ് ഒരുക്കിയിരിക്കുന്നത്. സ്‌ട്രെയിറ്റ് ലൈന്‍ ഡിസൈനുകള്‍ക്കാണ് നിര്‍മ്മാണത്തിലുടനീളം പ്രാധാന്യം നല്‍കിയിരിക്കുന്നത്. വലിയ ഗ്ലാസ്സ് വാളുകളും വിന്‍ഡോകളുമാണ് സ്‌കൂളിന്റെ ആര്‍ക്കിടെക്ചറില്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. പുറത്തെ ഹരിതാഭമായ കാഴ്ചകളിലേക്ക് മാക്‌സിമം വ്യൂ ലഭിക്കുന്ന രീതിയിലാണ് ക്ലാസ്സ് മുറികളുടെയെല്ലാം ക്രമീകരണം. കെട്ടിടത്തിന്റെ പുറം ചുമരുകള്‍ ചൂടിനെ പ്രതിരോധിക്കാന്‍ കഴിവുള്ള തെര്‍മല്‍ ബ്ലോക്കുകൊണ്ട് നിര്‍മ്മിച്ചവയാണ്.

വിശാലമായ ലോബിയും റിസപ്ഷന്‍ ഏരിയയും ഓഫീസ് ഏരിയയുമെല്ലാം ഇന്റര്‍നാഷണല്‍ സ്വഭാവമുള്ള ഡിസൈന്‍ തീമിലാണ് ഒരുക്കിയിരിക്കുന്നത്. വിശാലത തന്നെയാണ് ക്ലാസ്സ് മുറികളുടെയും ഓഫീസ് സ്‌പെയ്‌സുകളുടെയം മറ്റു ആക്റ്റിവിറ്റി സ്‌പെയ്‌സുകളുടെയുമെല്ലാം പ്രത്യേകത. വിശാലമായ ഒരു ല്രൈബറിയും ഇവിടെ കാണാം. കുട്ടികളുടെ മനസ്സിനെ ആകര്‍ഷിക്കുന്ന കുട്ടിത്തം നിറഞ്ഞ കളര്‍ കോമ്പിനേഷനുകളിലുള്ള ചെയറുകളാണ് ലൈബ്രറി സ്‌പെയ്‌സിന്റെ ഹൈലൈറ്റ്. വുഡന്‍ സ്ട്രിപ്പ് പാറ്റേണിലുള്ള ടൈലും ഗ്ലാസ്സ് വിന്‍ഡോകളുടെയും വാളുകളുടെയും സാന്നിധ്യവും സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷനിംഗും ലൈബ്രറി സ്‌പെയ്്‌സിനെ മനോഹരമാക്കുന്നു.

ഭംഗിയായി ഒരുക്കിയ ഒരു സൈബര്‍ സ്‌ക്വയര്‍ ഏരിയയും ഇവിടെയുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗത്തിനും റഫറന്‍സുകള്‍ക്കുമെല്ലാം ഈ സ്‌പെയ്‌സ് ഉപയോഗപ്പെടുത്താം. ഗെയിം തീമിലാണ് ഈ സ്‌പെയ്‌സിന്റെ ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. കളര്‍ഫുള്‍ പാറ്റേണിലൊരുക്കിയ ഫാള്‍സ് സീലിംഗ് എലമെന്റുകളും ഇവിടെ കാണാം. വിട്രിഫൈഡ് ടൈല്‍ ഫ്‌ളോറുകളാണ് ഇവിടെയും നല്‍കിയിരിക്കുന്നത്.

ഒരു മിനി ഒളിമ്പിക്‌സ് ഏരിയ, ടെറസ്സ് ഗാര്‍ഡന്‍, ഗ്രീന്‍ ഹൗസ് പോലുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പോളി കാര്‍ബണേറ്റ് ഷീറ്റാണ് ഗ്രീന്‍ ഹൗസിനു നല്‍കിയിരിക്കുന്നത്.

ഔട്ട് ഓഫ് സിലബസിനു പുറത്തു നിര്‍ത്തുന്ന പല കാര്യങ്ങളെയും സിലബസിലേക്ക് എടുക്കുന്നതിനൊപ്പം തന്നെ, വേറിട്ടൊരു സ്‌കൂള്‍ സംസ്‌കാരത്തെ കുറിച്ചു കൂടി ചിന്തിപ്പിക്കുന്നുണ്ട് ഹാബിറ്റാറ്റിന്റെ ഈ മുന്നേറ്റങ്ങള്‍. കൃഷിയോഗ്യമല്ലാത്ത സ്ഥലത്ത്, പുറത്തുനിന്നും മണ്ണ് കൊണ്ടുവന്ന്, പ്രതികൂലഘടകങ്ങളെയെല്ലാം അതിജീവിച്ചിട്ടാണ് കൃഷി എന്നൊരു സംസ്‌കാരം കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഈ സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ഏറെ ശ്രമകരമായ, മാതൃകാപരമായൊരു ഉദ്യമം തന്നെയാണത് ഹാബിറ്റാറ്റ് സ്‌കൂള്‍ മുന്നോട്ടു വെയ്ക്കുന്നത്.

ഫോട്ടോ: അജീബ് കൊമാച്ചി
റിപ്പോര്‍ട്ട്: ധന്യ കെ. വിളയില്‍

Fact File:
Project Type: Institution
Project Name: Habitat School
Location: Ajman
Client: Shamsu Zaman
Master Plan: Ar. Jafar Ali
Elevation & Interior Designing: Judson Associates
Engineer: Er. Anees, Pro Arch, Ajman
Design Style: Contemporary
Area: 30726 sq. m
Plot: 9.35 Acres

Comments