Posted by

150 വര്‍ഷങ്ങളുടെ സൗന്ദര്യം കാത്തുസൂക്ഷിച്ച്‌…

കേരളത്തിന്റെ തനതു നിര്‍മ്മാണ ശൈലിയുടെ പ്രതിബിംബങ്ങളായ പടിപ്പുരമാളികകളും വരാന്തകളും അതേപടി നിലനിര്‍ത്തി ഏതു കാലവസ്ഥയേയും അതിജീവിക്കുന്ന മാതൃകയില്‍ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്‌ ഇവിടെ

കാലത്തിനും തോല്‌പിക്കാനാവാത്ത കേരളീയ വാസ്‌തു ശില്‌പ പാരമ്പര്യത്തിന്റെ പ്രതിരൂപമാണ്‌ കുന്നംകുളത്തുള്ള തെക്കേക്കര വീട്‌. 150 വര്‍ഷത്തോളം പഴക്കമുള്ള വീടിനെ കേരളത്തിന്റെ തനതു നിര്‍മ്മാണ ശൈലിയുടെ പ്രതിബിംബങ്ങളായ പടിപ്പുരമാളികകളും വരാന്തകളും അതേപടി നിലനിര്‍ത്തി ഏതു കാലവസ്ഥയേയും അതിജീവിക്കുന്ന മാതൃകയില്‍ പുനരുജ്ജീവിപ്പിച്ചിരിക്കുന്നു. റോയല്‍ ഹോസ്‌പിറ്റലിന്റെ അധീനതയിലുള്ള ഈ കുടുംബ വീടും ചുറ്റുമുള്ള മറ്റ്‌ നിര്‍മ്മിതികളും കേരളീയ വാസ്‌തു പാരമ്പര്യവും സാംസ്‌കാരികവും ചരിത്രപരവുമായ വസ്‌തുതകളുമാണ്‌ നമുക്ക്‌ മുന്നില്‍ കാഴ്‌ച്ചവെക്കുന്നത്‌. രണ്ടു നിലയും തട്ടുപുറവുമുള്ള വീടിന്‌ പുതിയൊരു വേഷപകര്‍ച്ച നല്‍കാതെ ഉള്ളതിനെ മോടിപിടിപ്പിക്കുകയാണ്‌ ഡിസൈനര്‍ പ്രവീണ്‍ ചെയ്‌തത്‌.
പാരമ്പര്യത്തനിമയോടെ
പാരമ്പര്യത്തിന്റെ ഭംഗി വിളിച്ചോതുന്ന മുഖപ്പും രണ്ടാം നിലയിലെ നീളന്‍ ജനാലകളും അതേപടി നിലനിര്‍ത്തിയാണ്‌ ഡിസൈനര്‍ വീടിനെ പുതുക്കിയെടുത്തത്‌. ഇരുട്ട്‌ നിറഞ്ഞ അകത്തളത്തിന്‌ വെളിച്ചം പകര്‍ന്നും കിടപ്പുമുറികള്‍ വിശാലമാക്കിയും ബാത്ത്‌ റൂമുകള്‍ കൂട്ടിച്ചേര്‍ത്തും വീടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്‌ അടിത്തറയിട്ടു. മുന്‍വശത്തെ വരാന്തയില്‍ നിന്ന്‌ നാല്‌്‌ എന്‍ട്രികളാണ്‌ ഉണ്ടായിരുന്നത്‌. ഒരെണ്ണം ഗോവണി മുറിയിലേക്കും മറ്റൊന്ന്‌ പൂമുഖത്തേക്കും രണ്ടെണ്ണം കിടപ്പുമുറികളിലേക്കുമായിരുന്നു. അതില്‍ മൂന്ന്‌ വാതിലുകള്‍ എടുത്ത്‌ മാറ്റി വീടിനെ അടച്ചുറപ്പാക്കി. ലിവിങ്ങിലെ കോറിഡോറിലുള്ള ജനാലകള്‍ മാറ്റി ജാളികള്‍ നല്‍കി; വായുസഞ്ചാരം സുഗമമാക്കി. വരാന്തയില്‍ ഒരു ആട്ടുകട്ടില്‍ നല്‍കി യൂട്ടിലിറ്റി സ്‌പേയ്‌സ്‌ ആക്കി മാറ്റാന്‍ സാധിച്ചു. വരാന്തയിലുണ്ടായിരുന്ന മരത്തിന്റെ ബീമുകള്‍ മാറ്റി കോണ്‍ക്രീറ്റ്‌ ബീം സ്ഥാപിച്ചു. അതിനുമുകളില്‍ വുഡന്‍ ഫിനീഷ്‌ നല്‍കി മരത്തിന്റെ പ്രതീതി നിലനിര്‍ത്തി. തട്ടുകള്‍ എല്ലാം തന്നെ കാലപ്പഴക്കം മൂലം ദ്രവിച്ചതിനാല്‍ അവയെല്ലാം മാറ്റി കോണ്‍ക്രീറ്റ്‌ ചെയ്‌തു.
പഴയ വീടുകളില്‍ കണ്ടുവരുന്ന കുത്തനെയുള്ള ഗോവണി മാറ്റി പുതിയ അളവുകളിലും രൂപത്തിലും ഒരെണ്ണം നിര്‍മ്മിച്ചു. സാധാരണ മുറികള്‍ക്ക്‌ ഉയരം കുറവായതിനാല്‍ രണ്ടടിയോളം മുകളിലേക്ക്‌ ഉയരം കൂട്ടി. അകത്തളങ്ങളില്‍ വെളിച്ചം കുറവായതിനാല്‍ മുകളില്‍ സ്ലിറ്റുകള്‍ നല്‍കി. മരത്തിന്റെ പാനലുകള്‍ എടുത്ത്‌ മാറ്റി ഗ്ലാസ്സ്‌ പാനലുകള്‍ സ്ഥാപിക്കുകയായിരുന്നു. കോമണ്‍ ഏരിയകളില്‍ മാത്രമായിരുന്നു തട്ടുണ്ടായിരുന്നത്‌. അവയ്‌ക്കെല്ലാം പുതിയ പോളിഷ്‌ നല്‍കി പുത്തനാക്കിയിട്ടുണ്ട്‌. താഴത്തെ നിലയില്‍ രണ്ടും ഒന്നാമത്തെ നിലയില്‍ രണ്ടും കിടപ്പുമുറികളായിരുന്നു ഉണ്ടായിരുന്നത്‌. ഇപ്പോള്‍ താഴെ നിലയില്‍ ഒരെണ്ണെ കൂട്ടിയെടുത്തു. അതിനു മുകളിലായി മറ്റൊന്നും കൂടി പണിതതോടെ മുറികള്‍ ആകെ ആറെണ്ണമായി.
അകത്തള ക്രമീകരണം
നെല്ലുണക്കാനും തുണി ഉണക്കുവാനും സാധനങ്ങള്‍ സൂക്ഷിക്കുവാനും ഉപയോഗിച്ചു വന്നിരുന്ന തട്ടിന്‍പുറത്തിനും കാലാനുതൃതമായ മാറ്റങ്ങള്‍ വരുത്തി. വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ആറ്റിക്‌ സ്‌പേയ്‌സായി ഇതിനെ രൂപാന്തരപ്പെടുത്തി. വാതിലും ജനാലകളും പഴയതു തന്നെ പോളിഷ്‌ ചെയ്‌ത്‌ ഉപയോഗിച്ചു. ലാറ്ററൈറ്റ്‌ സ്‌റ്റോണ്‍ കൊണ്ടുള്ള ഭിത്തിക്ക്‌ മുകളിലുണ്ടായിരുന്ന കുമ്മായം എടുത്ത്‌ മാറ്റി റീ പ്ലാസ്റ്ററിങ്ങ്‌ ചെയ്‌തു. രണ്ട്‌ ഭാഗവും ചെത്തി മിനുസപ്പെടുത്തിയ കല്ലായിരുന്നു മുന്‍പുണ്ടായിരുന്നത്‌. അവ കുറച്ച്‌ ഭാഗം പ്ലാസ്റ്ററിങ്ങ്‌ ചെയ്യാതെ നിലനിര്‍ത്തണമെന്ന്‌ ഉണ്ടായിരുന്നുവെങ്കിലും അത്‌ സാധിക്കാതെ പോയത്‌ ഒരു നഷ്ടമായി ഡിസൈനര്‍ ചൂണ്ടിക്കാട്ടുന്നു. പുതുതായി വയറിങ്ങും പ്ലംമ്പിങ്ങും ചെയ്യേണ്ടി വന്നതിനാല്‍ എല്ലാ ഭാഗവും പ്ലാസ്റ്റര്‍ ചെയ്യേണ്ടി വന്നു.
ഒരു ബ്യൂട്ടി പാര്‍ലറും മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കെട്ടിടവുമാണ്‌ വീടിന്‌ സമീപത്തുണ്ടായിരുന്നത്‌. അവയെ കൂടി ഈ മാറ്റങ്ങളുടെ കൂടെ നിര്‍ത്തുവാന്‍ ഡിസൈനര്‍ക്ക്‌ സാധിച്ചു. വീടിനു മുന്‍വശത്ത്‌ അല്‌പം പച്ചപ്പും നിലനിര്‍ത്തിയതോടെ വീടിന്‌ പ്രായം അല്‌പം കുറഞ്ഞതായി അനുഭവപ്പെടുന്നു എന്ന്‌ ഗൃഹനാഥ മോളി വ്യക്തമാക്കുന്നു. കാലം എത്ര കടന്നു പോയാലും കാലത്തെ അതിജീവിച്ചു നില്‍ക്കാന്‍ ചില നിര്‍മ്മിതിക്കാവും. അത്തരത്തിലൊരു നിര്‍മ്മിതി കുടുംബാംഗങ്ങളുടെ ഒത്തുചേരലിന്‌ സാക്ഷ്യം വഹിക്കുമ്പോള്‍ പൈതൃകവും സംസ്‌കാരവും ചരിത്രപരവുമായ കാര്യങ്ങള്‍ വിളിച്ചോതുന്നവയാകുന്നു. പരമ്പരാഗത വാസ്‌തുനിയമം മുഴുവനായും പാലിച്ചു കൊണ്ടുള്ള ഈ വീട്‌ കേരളീയ പാരമ്പര്യത്തിന്റെ നിത്യസ്‌മാരകമാകുന്നു.

Er. Praveen Purushothaman
‘Address Homes’, Kallur P.O, Thrissur, Pin – 680317
Ph: 9048307991,9539162969
Email: addresshomes7@gmail.com

Comments