Posted by

20 ലക്ഷത്തിന്‌ ഇത്രവലിയ വീടോ?

തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പേസ്‌സ്‌കേപ്പിലെ ഉദ്യോഗസ്ഥയായ ബിജിയ്‌ക്കും സ്വരൂപിനും വീട്‌ എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ കൂട്ടായത്‌ സ്‌പേസ്‌ സ്‌കേപ്പിലെ പ്രന്‍സിപ്പല്‍ ആര്‍ക്കിടെക്‌റ്റായ സനില്‍ ചാക്കോ ആയിരുന്നു. 10 സെന്റ്‌ പ്ലോട്ടില്‍ വീട്‌ വെയ്‌ക്കുവാന്‍ തുടക്കമിട്ടപ്പോള്‍ തന്നെ ആര്‍ക്കിടെക്‌റ്റിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരുന്നു ഓരോ ചുവടും മുന്നോട്ടു വെച്ചത്‌. ചിലവ്‌ കുറഞ്ഞ രീതിയില്‍ മൂന്നു കിടപ്പുമുറികളോട്‌ കൂടിയ വീട്‌ എന്ന്‌ ആവശ്യമായിരുന്നു വീട്ടുകാര്‍ക്കുണ്ടായിരുന്നത്‌. അതുപ്രകാരം 1800 സ്‌ക്വയര്‍ഫീറ്റ്‌ വിസ്‌തീര്‍ണ്ണത്തില്‍ 20 ലക്ഷത്തിന്‌ ആര്‍ക്കിടെക്‌റ്റ്‌ വീട്‌ നിര്‍മ്മിച്ച്‌ നല്‍കുകയായിരുന്നു.
കണ്‍ടെംപ്രറി ഡിസൈനില്‍ ചില പരമ്പരാഗത ശൈലിയുടെ ഘടകങ്ങള്‍ കൂട്ടിയിണക്കി ഒരുക്കിയിരിക്കുന്ന ഒരു വീടാണിത്‌. ആവശ്യങ്ങളറിഞ്ഞ്‌ പണിതിരിക്കുന്ന ഓരോ ഇടവും ഡിസൈന്‍ രീതിയുടെ പ്രത്യേകതകള്‍ കൊണ്ട്‌ എടുത്തു കാണിക്കുന്നുണ്ട്‌. പച്ചപ്പിന്റെ സാന്നിധ്യമറിയിച്ചിരിക്കുന്ന അകത്തളങ്ങള്‍ കണ്ണിനും മനസ്സിനും കുളിര്‍മ പകരുംവിധം ഒരുക്കിയിരിക്കുന്നു. സൗകര്യത്തിന്‌ മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള സ്ഥല ക്രമീകരണമാണ്‌ ഇന്റീരിയറിന്റെ സവിശേഷത. തുറന്ന നയമാണ്‌ വീട്ടിലുടനീളം സ്വീകരിച്ചിട്ടുള്ളത്‌. മിനിമല്‍ ഫര്‍ണീച്ചറാണ്‌ അകത്തളങ്ങളില്‍. ലിവിങ്ങ്‌, ഡൈനിങ്ങ്‌, കോര്‍ട്ട്‌ യാഡ്‌ എന്നീ ഏരിയകളുടെ ക്രമീകരണമാണ്‌ ഈ വീടിന്റെ ഇന്റീരിയറിലെ പ്രത്യേകത. ഒരു പ്രത്യേക ചട്ടക്കൂടില്‍ ഒതുക്കാതെ ഡിസൈന്‍ ചെയ്‌തതിനാല്‍ വീട്ടിനുള്ളില്‍ സ്വച്ഛതയുള്ള അനവധി ഇടങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു.
പാസേജാണ്‌ ഹൈലൈറ്റ്‌
നീളന്‍ സ്‌പേയ്‌സുകളാണ്‌ ഇന്റീരിയറിലെ മറ്റൊരു പ്രത്യേകത. പാര്‍ട്ടീഷനുകള്‍ പാടെ ഒഴിവാക്കി കൊണ്ടുള്ള ഡിസൈന്‍ നയമാണ്‌ അകത്തളങ്ങളുടെ സവിശേഷത. വീടിന്റെ ഹൈലൈറ്റ്‌ എന്ന്‌ വിശേഷിപ്പിക്കാവുന്ന ഒന്നാണ്‌ പാസേജ്‌ ഏരിയ. ഡൈനിങ്‌ഹില്‍ നിന്ന്‌ തുടങ്ങുന്ന പാസേജ്‌ അവസാനിക്കുന്നത്‌ കിടപ്പുമുറികളിലാണ്‌. രണ്ട്‌ കോര്‍ട്ട്‌ യാഡ്‌ വീടിനുള്ളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. ഒരെണ്ണം ലിവിങ്ങിലും മറ്റൊന്ന്‌ പാസേജിലും. ഈ പാസേജിലാണ്‌ വാഷ്‌ ഏരിയയും, ടിവി ഏരിയയും ഉള്‍ക്കൊള്ളുന്നത്‌.
ചുരുങ്ങിയ ബജറ്റായതുകൊണ്ട്‌ പഴയ നിര്‍മ്മാണ വസ്‌തുക്കള്‍ പുനരുപയോഗിക്കുന്നതാണ്‌ ഉത്തമമെന്ന്‌ ആര്‍ക്കിടെക്‌റ്റ്‌ വ്യക്തമാക്കിയിരുന്നു. ആയതിനാല്‍ അതേ സമയം തൊട്ടടുത്ത്‌ പൊളിച്ച ഒരു വീട്ടിലെ എല്ലാ നിര്‍മ്മാണ സാമഗ്രികളും ചെറിയ വിലക്ക്‌ വാങ്ങിച്ചു. നൂറ്‌ വര്‍ഷത്തോളം പഴക്കമുള്ള വീട്ടിലെ വാതിലും ജനലും ഉള്‍പ്പെടെ ചെങ്കല്ല്‌ വരെ പുനരുപയോഗിക്കുയായിരുന്നു. മിക്കതും ട്രീറ്റ്‌ചെയ്യേണ്ട ആവശ്യം പോലുമില്ലാത്തതിനാല്‍ അതേ പടി സ്ഥാപിച്ചു. തൊട്ടടുത്ത്‌ തന്നെയായതിനാല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്റെ കാര്യത്തിലും ലാഭിക്കാനായി. വാതിലും ജനാലകളെല്ലാം പഴയതു തന്നെ ഉറപ്പിച്ചു. മരത്തിന്റെ ആയതിനാല്‍ മുകളിലെ ഷട്ടറുകളില്‍ ഗ്ലാസ്‌ ഘടിപ്പിച്ചു. മുറിച്ചെടുത്ത മരപ്പലകകള്‍ അടുക്കളയുടെ ക്യാബിനറ്റ്‌ ഷട്ടറുകള്‍ക്ക്‌ ഉപയോഗിച്ചു. ഫര്‍ണീച്ചറുകള്‍ എല്ലാം തന്നെ പഴയ മരങ്ങള്‍ ഉപയോഗിച്ച്‌ ചെയ്‌തെടുത്തവയും അപ്‌ഹോള്‍സ്‌ട്രി മാറ്റി പുതുക്കിയവയുമാണ്‌. പരിപാലനം എളുപ്പമാക്കുവാന്‍ സെറാമിക്‌ ഫ്‌ളോറിങ്ങാണ്‌ ഉപയോഗിച്ചത്‌.
തങ്ങളുടേതായ കയ്യൊപ്പ്‌ എന്തെങ്കിലുമൊരു രീതിയില്‍ വീട്ടിനുള്ളില്‍ പതിയണമെന്ന മോഹം വീട്ടുകാര്‍ക്ക്‌ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വീട്ടിലേക്കാവശ്യമായ ഇന്റീരിയര്‍ സാമഗ്രികളുടെ തിരഞ്ഞെടുപ്പില്‍ വീട്ടുകാരുടെ പങ്ക്‌ നിര്‍ണ്ണായകമാണ്‌. പലയിടത്തു നിന്നു വാങ്ങിയ വ്യത്യസ്‌തമായ കൗതുകവസ്‌തുക്കള്‍ വീട്ടിനുള്ളിലുണ്ട്‌. അവയുടെ ആവശ്യത്തിനും ഭംഗിക്കും എല്ലാ മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ക്രമീകരണമാണിവിടെ നടത്തിയിരിക്കുന്നത്‌.

Ar Sanil Chacko
Nadathara, Thrissur – 680751
PH: 9496786753

Comments