Posted by

25 ലക്ഷത്തിന്റെ സ്വപ്‌നഭവനം

മഞ്ഞും കോടയും അരിച്ചിറങ്ങുന്ന വയനാടന്‍ ചുരവും താണ്ടി മാനന്തവാടിയിലെത്തുമ്പോള്‍ തണുപ്പിനെ അതിജീവിച്ച് നില്‍ക്കുന്ന ഒരു വീട് കാണാം. കല്ലും മണ്ണും കൊണ്ട് പടുത്ത് നിലം മെഴുകിയ ആ പഴയ വയനാടന്‍ സങ്കല്‍പമൊന്നുമില്ല ഈ വീടിന്. ആധുനിക കാലഘട്ടത്തിനനുസൃതവും വയനാടന്‍ കാലാവസ്ഥയ്ക്കനുയോജ്യവുമായ രീതിയിലാണ് നിര്‍മ്മാണം. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി അലങ്കാരങ്ങളെ മാത്രം കൂട്ടുപ്പിടിച്ച് ചെലവു ചുരുക്കി പണിത ഈ വീടിന് വെറും 25 ലക്ഷം രൂപ മാത്രമാണ് ചെലവായത്. തീര്‍ത്തും കണ്‍ടെംപ്രറി ശൈലിയിലാണ് അകത്തളം ഒരുക്കിയത്. എന്നിരുന്നാലും പരമ്പരാഗത ശൈലിയുടെ അംശങ്ങളെ പാടെ മറന്നു കളഞ്ഞില്ലതാനും.

നീണ്ടു കിടക്കുന്ന പ്ലോട്ടായതിനാല്‍ പുറകിലേക്കു നീങ്ങിയാണ് വീട് പണിതത്. 1600 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീട് മിനിമലിസ്റ്റിക് – കണ്‍ടെംപ്രറി ശൈലിയിലാണ് വീടൊരുക്കിയത്. രണ്ടു നിലകളിലായി ലിവിങ്ങ് കം ഡൈനിങ്ങ്, കിച്ചന്‍, വര്‍ക്ക് ഏരിയ, അപ്പര്‍ ലിവിങ്ങ്, 4 ബെഡ് റൂമുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളടങ്ങിയിരിക്കുന്നു. കേരള ശൈലിയുടേതു പോലെയുള്ള ചരിഞ്ഞ മേല്‍ക്കൂരയും സ്റ്റോണ്‍ ക്ലാഡിങ്ങും തടി പ്ലാങ്കുകള്‍ അടുക്കിയതു പോലെയുള്ള ഡിസൈനുമെല്ലാം എക്‌സ്റ്റീരിയറില്‍ ഉപയോഗിച്ചിട്ടുണ്ട്. വുഡന്‍ പോളിഷ് ചെയ്ത ലോഹം കൊണ്ട് സണ്‍ഷേഡില്‍ സപ്പോര്‍ട്ട് നല്‍കി. രണ്ടു കസേരകള്‍ മാത്രം വെയ്ക്കാവുന്ന ചെറിയ സിറ്റൗട്ടിലൂടെയാണ് അകത്തേക്കുള്ള പ്രവേശനം.

വെള്ളയാണു താരം
വെള്ള നിറത്തിനു പ്രധാന്യം കൊടുത്താണ് വീടൊരുക്കിയത്. മേമ്പൊടിയായി ഗ്രീനിഷ് ഗ്രേയും നല്‍കി സ്വാഭാവിക ഭംഗി നിലനിര്‍ത്തി. സിറ്റൗട്ടില്‍ നിന്ന് ലിവിങ്ങിലേക്കാണ് പ്രവേശിക്കുന്നത്. ലെതര്‍ ഷിനിഷുള്ള കസ്റ്റംമെയ്ഡ് ഫര്‍ണീച്ചറുകളാണ് ഇവിടെ. എല്‍ ഷേപ്പ് മാതൃകയിലാണ് ലിവിങ്ങും ഡൈനിങ്ങും ഒരുക്കിയത്. കൂടാതെ ഫ്‌ളോറിങ്ങിലെ വ്യത്യസ്തതയും ഈ ഇടങ്ങളെ വേര്‍ത്തിരിക്കുവാന്‍ സഹായകമായി. മള്‍ട്ടി വുഡു കൊണ്ടാണ് ചുമരിലെ ഷോകേസ് തയ്യാറാക്കിയത്. ഡൈനിങ്ങിലുള്ള ടിവി യൂണിറ്റ് ലിവിങ്ങിലിരുന്നാല്‍ കാണാവുന്ന മാതൃകയിലാണ് സ്ഥാപിച്ചിട്ടുള്ളത്. 6 സീറ്റര്‍ ടേബിളാണ് ഇവിടെ. അടുക്കി വെച്ചതു പോലെയുള്ള ചെറിയ മൂന്നു ജനാലകള്‍ വെന്റിലേഷനു വേണ്ടി ഭിത്തിയില്‍ സ്ഥാപിച്ചു. കൂടാതെ വാള്‍ സ്റ്റിക്കറും നല്‍കി മനോഹരമാക്കി.

ഡൈനിങ്ങിന്റെ ഒരു വശത്തായാണ് വാഷ് കൗണ്ടര്‍ നല്‍കിയിരിക്കുന്നത്. യുപിവിസി ബോര്‍ഡാണ് കാബിനുപയോഗിച്ചത്. സ്‌റ്റോണ്‍ ക്ലാഡിങ്ങ് നല്‍കി ഈ ഭാഗം ഒരു മൂവ്‌മെന്റ് ഏരിയയാക്കി മാറ്റിയിട്ടുണ്ട്. അതിനടുത്തായി തന്നെ കിച്ചനും ഒരു ബെഡ് റൂമും ഒരുക്കി. ഡൈനിങ്ങിന്റെ മറ്റൊരു വശത്തായി സ്‌റ്റെയര്‍ ഏരിയയും അതിനടിയിലായി കോമണ്‍ ബാത്ത് റൂമും സജ്ജീകരിച്ചു. സ്റ്റെയറിന്റെ ഒരു വശത്തെ ചുമര്‍ ചാര നിറം നല്‍കി ഹൈലൈറ്റ് ചെയ്തു. കൂടാതെ വലിയ ഓപ്പണിങ്ങ് നല്‍കി വെളിച്ചത്തെ ഉള്ളിലേക്കാവാഹിച്ചു. സ്റ്റെയര്‍ ലാന്‍ഡിങ്ങില്‍ ഭിത്തിയില്‍ സ്ലൈഡിങ്ങ് ഡോറാണ് ഉറപ്പിച്ചത്. കോണ്‍ക്രീറ്റ് കൊണ്ടുള്ള പടികള്‍ക്ക് സ്റ്റീല്‍ ഹാന്‍ഡ് റെയ്‌ലാണ്.
ഗ്ലാസ്സും ഹൊറിസോണ്ടല്‍ ആയി നല്‍കിയ സ്‌ക്വയര്‍ പൈപ്പുമാണ് ബാല്‍ക്കണിയുടെ കൈവരിയ്ക്ക്.

എല്ലാ ബെഡ് റൂമിലും വ്യത്യസ്ത നിറങ്ങള്‍ നല്‍കി ചുമരുകള്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ചുമരുകളുടെ നിറത്തിനു യോജിക്കുന്ന ക്ലോത്ത് കര്‍ട്ടനുകളാണ് ഓരോ മുറികള്‍ക്കും നല്‍കിയത്. ആധുനിക രീതി തന്നെ അടുക്കളയ്ക്കും പിന്തുടര്‍ന്നു. യുപിവിസി – പാര്‍ട്ടിക്കള്‍ ബോര്‍ഡു കൊണ്ടാണ് കബോഡുകള്‍ തീര്‍ത്തത്. ഗ്രാനൈറ്റാണ് കൗണ്ടര്‍ടോപ്പിന്.

അങ്ങനെ ചെലവു ചുരുക്കി.

പഴയ ഓട് വാങ്ങി പെയിന്റ് ചെയ്താണ് മേല്‍ക്കൂരയ്ക്ക് ഉപയോഗിച്ചത്. കോമണ്‍ ഏരിയകളില്‍ പുട്ടി അടിച്ച് പെയിന്റ് കൊടുക്കുകയും മറ്റിടങ്ങളില്‍ പ്രൈമര്‍ അടിച്ച് പെയിന്റ് ചെയ്തു. വീടിനു മുന്‍വശത്തുള്ള പ്രധാന വാതിലും ജനലുകളും തടിയിലാണ് തീര്‍ത്തത്. മറ്റിടത്തെല്ലാം വുഡന്‍ പോളിഷ് നല്‍കിയ കോണ്‍ക്രീറ്റ് കട്ടിളകളും റെഡിമെയ്ഡ് ഡോറുകളും ഉപയോഗിച്ചത്. അലുമിനിയം ഡോറുകള്‍ കൊണ്ടാണ് ഡൈനിങ്ങിലെ ജനാലകള്‍പണിതത്. തടിയുടെ ഉപയോഗം പരമാവധി കുറച്ചതിനാല്‍ നല്ലൊരു ശതമാനം ലാഭിക്കാനായി. എല്ലാ ഇടങ്ങള്‍ക്കും ഒരേ നിറത്തിലും തരത്തിലുമുള്ള മാര്‍ബണൈറ്റ് ഫ്‌ളോറിങ്ങ് നല്‍കി. ഫര്‍ണീച്ചറുകളും വാഡ്രോബുകളും എംഡിഎഫും പാര്‍ട്ടിക്കല്‍ ബോര്‍ഡും കൊണ്ട് നിര്‍മ്മിച്ചു. ഇടഹ്ങളെല്ലാം പരമാവധി പ്രയോജനപ്പെടുത്തുന്ന മാതൃക സ്വീകരിച്ചു. വെള്ള മാര്‍ബണൈറ്റ് വിരിച്ച ഫ്‌ളോറിങ്ങാണ് അകത്തളങ്ങളില്‍. ഡൈനിങ്ങ് ഏരിയയില്‍ മാത്രം കറുപ്പ് നിറമുള്ള ഫ്‌ളോറിങ്ങ് നല്‍കി. എല്ലാ ഇടങ്ങളിലും ഡിസൈനിനനുസരിച്ച് ചെയ്‌തെടുത്ത ഫര്‍ണീച്ചറുകളാണുള്ളത്. അറ്റാച്ച്ഡ് ബാത്ത് റൂമുള്ള മാസ്റ്റര്‍ ബെഡ്‌റൂമില്‍ മാത്രമാണ് പ്ലൈവുഡ് വാഡ്രോബിന് ഉപയോഗിച്ചത്.

ചെലവു ചുരുക്കി വീട് പണിയണം എന്ന ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മാതൃകയാണ് ഈ വീട്. മെറ്റീരിയലുകള്‍ തിരഞ്ഞടുക്കുന്നതില്‍ വീഴ്ച്ച പറ്റി ചെലവ് കുത്തനെ ഉയര്‍ന്ന് വിലപിക്കുന്നവര്‍ ചില്ലറയൊന്നുമല്ല. നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും നടത്തേണ്ട തയ്യാറെടുപ്പുകള്‍ കൃത്യമായി ചെയ്താല്‍ വീട് പണിയുടെ ചെലവിന് കടിഞ്ഞാണിടാം.
ഓണേഴ്‌സ് ഫൈല്‍
ഒറ്റ നില വീടായിരുന്നു താത്പര്യമുണ്ടായിരുന്നത്. അത്ര തന്നെ ചെലവ് മാത്രമാണ് ഇരു നിലയ്ക്ക് വരുന്നതെങ്കില്‍ മുകളിലേക്ക് പണിയാമെന്ന് തീരുമാനിക്കുകയായിരുന്നു. പഴയ സാധനസാമഗ്രികള്‍ കിട്ടിയതോടെ വീട് പണി എളുപ്പമാക്കുകയായിരുന്നു. നിര്‍മ്മാണ സ്ഥലത്തിന്റെ അടുത്തു തന്നെയാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. അതിനാല്‍ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും നിറസാന്നിധ്യമാവാന്‍ കഴിഞ്ഞു.

Meet The Designer

P.M. Salim
Director
A. S. Design Forum
Architectur + Interior
Pookkiparambu,
Malappuram Dt.
Ph: 9947211689

Comments