Posted by

27 ലക്ഷത്തിനൊരു കണ്‍ടെംപ്രറി ഹോം

വ്യക്തികളോടു മാത്രമല്ല ചിലപ്പോള്‍ വീടുകളോടും നമുക്ക് ആത്മബന്ധം തോന്നാം. പ്രത്യേകിച്ചും ജനിച്ചുവളര്‍ന്ന കുടുംബവീടുകളോട്! ഓര്‍മ്മകളുടെ കാലടിപ്പാടുകള്‍ മായാത്ത അത്തരം വീടുകള്‍ പലപ്പോഴും നമ്മുടെ സ്വകാര്യ സ്വത്താണ്, വൈകാരികമായൊരു ഓര്‍മ്മപ്പെടുത്തലാണ്. ഓര്‍മ്മകളുടെ വേരോട്ടമുള്ള ഒരിടം. കാത്തുള്ളില്‍ എന്ന തറവാട് വീട്, വൈപ്പിന്‍ പെരുമ്പിള്ളി സ്വദേശിയായ ആന്റണി ജോര്‍ജിനെ സംബന്ധിച്ചും അത്തരമൊരു ഓര്‍മ്മപ്പെടുത്തലായിരുന്നു! പക്ഷേ, കുടുംബം വളരുകയും വീട് വീട്ടുകാരുടെ ആവശ്യങ്ങള്‍ക്കു പോരാതെ വരികയും ചെയ്തപ്പോള്‍ ആ വീടൊഴിയുകയല്ലാതെ വേറെ വഴിയില്ലെന്നായി അവസ്ഥ. അതുവരെ താങ്ങും തണലുമായി നിന്ന വീടിനെ പൂര്‍ണമായി പൊളിച്ചുകളയാനും വയ്യ! ഒടുവില്‍, ഓര്‍മ്മകളുടെ ഒരു സ്മാരകം പോലെ ട്രെഡീഷണല്‍ ശൈലിയിലുള്ള മച്ചും മറ്റുമുള്ള ആ വീട് നിലനിര്‍ത്താന്‍ തന്നെ ആന്റണി തീരുമാനിച്ചു. ശേഷിക്കുന്ന മൂന്നു സെന്റോളം വരുന്ന പ്ലോട്ടില്‍ ഒരു പുതിയ വീടൊരുക്കാനും ആ കുടുംബം തീരുമാനമെടുത്തു. കുടുംബാംഗമായ ഡിസൈനര്‍ സോണി ജോര്‍ജിനെയാണ് ആ ദൗത്യം ആന്റണി ഏല്‍പ്പിച്ചത്.

സ്ഥലപരിധിയും ബഡ്ജറ്റിന്റെ പരിമിതിയുമായിരുന്നു ഡിസൈനിംഗ് വേളയില്‍ സോണി നേരിട്ട പ്രധാന വെല്ലുവിളികള്‍. തികഞ്ഞ കയ്യടക്കത്തോടെയും ദീര്‍ഘവീക്ഷണത്തോടെയും മെറ്റീരിയലുകളുടെ പുനരുപയോഗത്തിലൂടെയും ആ പരിമിതികളെ സോണി അതിജീവിച്ചപ്പോള്‍ പിറന്നത് അഴകും സൗകര്യങ്ങളും ഒത്തിണങ്ങിയ ഒരു കണ്‍ട്രെംപറി ഹോം ആണ്. ഫര്‍ണിഷിംഗ് അടക്കം 27 ലക്ഷം രൂപയാണ് ഈ വീടിന്റെ നിര്‍മ്മാണച്ചെലവ്. കണ്‍ടെംപ്രറി ഡിസൈന്‍ ശൈലിയിലാണ് പ്രധാന സ്‌ട്രെക്ച്ചര്‍ എങ്കിലും വീട്ടുകാരുടെ താല്‍പ്പര്യപ്രകാരം ചില കൊളോണിയല്‍ എലമെന്റുകളും ഈ ഡിസൈനില്‍ ഏകോപിപ്പിച്ചിട്ടുണ്ട്.

ആകര്‍ഷകമായ എലവേഷന്‍ തന്നെയാണ് വീടിനെ ആദ്യക്കാഴ്ചയില്‍ ശ്രദ്ധേയമാക്കുന്ന ഘടകം. രണ്ടു നില വീടാണെങ്കിലും മുകളില്‍ നല്‍കിയിരിക്കുന്ന ആന്റിക് സ്‌പെയ്‌സും സ്ലോപ്പ് റൂഫും വീടിന് മൂന്നുനിലയുടെ തലയെടുപ്പേകുന്നുണ്ട്. സ്ലോപ്പ് ഡിസൈനിലൊരുക്കിയ എം എസ് സ്‌ട്രെക്ച്ചറില്‍ ഓടു വിരിച്ചാണ് റൂഫൊരുക്കിയത്. ക്രോസ് വെന്റിലേഷന്‍ നല്‍കിയാണ് മുകള്‍നിലയിലെ ഈ ആറ്റിക് സ്‌പെയ്‌സ് ഒരുക്കിയത്. വെന്റിലേഷന്റെ ഭാഗമായി നല്‍കിയ ലൂവേഴ്‌സ് വായുസഞ്ചാരം സുഗമമാക്കി വീടിനകത്തെ ചൂടു കുറയ്ക്കുന്നു.

മുറ്റത്തുണ്ടായിരുന്ന ഒരു മാവ്് അതുപോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ശേഷിക്കുന്ന ഭാഗത്ത് പാവിംഗ് ടൈലുകള്‍ പാകി മുറ്റവും മനോഹരമാക്കിയിട്ടുണ്ട്. സിറ്റൗട്ട് ഇല്ല എന്നതാണ് ഈ വീടിന്റെ മറ്റൊരു കൗതുകം. മുറ്റത്തു നിന്ന് പടികള്‍ കയറി നേരെ പ്രവേശിക്കുന്നത് ലിവിംഗ് ഏരിയയിലേക്കാണ്. ‘ സ്‌പെയ്‌സിന്റെ പരിമിതി മൂലമാണ് സിറ്റൗട്ട് വേണ്ട എന്നു തീരുമാനിച്ചത്. ആ സ്‌പെയ്‌സ് ലാഭിച്ച് കാര്‍ പാര്‍ക്കിംഗിനുള്ള സ്ഥലം കണ്ടെത്തി. സ്‌പെയ്‌സ് ലാഭിക്കാന്‍ ചെയ്തതാണെങ്കിലും ഇത് ചെലവു കുറയ്ക്കാനും സഹായമായിട്ടുണ്ട്.’- ഡിസൈനര്‍ സോണി പറയുന്നു.

നിര്‍മ്മാണച്ചെലവ് കുറയ്ക്കാനും ബുദ്ധിപൂര്‍വ്വമായ ഇത്തരം ചില തീരുമാനങ്ങള്‍ സോണി എടുത്തിട്ടുണ്ട്. പ്രധാനമായും വീടിനു വേണ്ട മരത്തിന്റെ പര്‍ച്ചെയ്‌സിംഗ്. വീടിനു മുന്‍വശത്തെ പ്രധാനവാതിലിനും ജനലിനും മാത്രമാണ് പുതിയ മരം ഉപയോഗിച്ചത്. ബാക്കിയെല്ലാം പഴയതാണ്. പഴയൊരു തറവാട് വീട് പൊളിച്ചിടത്തുനിന്ന് ശേഖരിച്ച ജനലുകളും വാതിലുകളും വിലക്കുറവില്‍ വാങ്ങി പോളിഷ് ചെയ്‌തെടുത്ത് പുനരുപയോഗിക്കുകയാണ് ചെയ്തത്. കിച്ചനിലും ബെഡ് റൂമുകളിലും ഉപയോഗിച്ച ഷെല്‍ഫുകളും ഈ രീതിയില്‍ പുനരുപയോഗിച്ചവയാണ്. ഒരു ഫഌറ്റില്‍ ഉപയോഗിച്ച ഷെല്‍ഫുകള്‍ വിലക്കുറവില്‍ വാങ്ങി മോഡിഫൈ ചെയ്ത് മൈക്ക ഒട്ടിച്ച് ഭംഗിയാക്കിയെടുത്തു.

ഡൈനിംഗ് ടേബിളൊഴികെയുള്ള ഫര്‍ണിച്ചറുകളെല്ലാം കസ്റ്റെമെയ്ഡായി നിര്‍മ്മിച്ചെടുത്തവയാണ്. റബ്ബ് വുഡില്‍ നിര്‍മ്മിച്ച റെഡിമെയ്ഡ് ഡൈനിംഗ് ടേബിളിനും ചെയറിനുമൊപ്പം മാച്ച് ചെയ്യുന്ന രീതിയില്‍ ഒരു ബെഞ്ച് സീറ്റിംഗ് കൂടി കസ്റ്റമെയ്ഡായി പണികഴിപ്പിച്ചിട്ടുണ്ട്.
ലിവിംഗ്് ഏരിയ
ഇന്റീരിയറിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇവിടുത്തെ ലിവിംഗ് ഏരിയ. മിനിമലിസ്റ്റിക് സ്റ്റൈലില്‍ ഒരുക്കിയ ലിവിംഗ് ഏരിയ ക്ലട്ടര്‍ ഫ്രീ ആയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്റ്റെയര്‍ കെയ്‌സും പ്രെയര്‍ ഏരിയയുമെല്ലാം ഈ ലിവിംഗിന്റെ ഭാഗമാണ്. പ്ലൈവുഡ് ഫ്രെയിമില്‍ ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി ചെയ്താണ് ഇവിടുത്തെ സോഫ യൂണിറ്റ് ഒരുക്കിയത്. പഴയ പത്തായപ്പെട്ടിയെ പോളിഷ് ചെയ്‌തെടുത്ത് ടീപോയി ആയി ഉപയോഗിച്ചിരിക്കുന്നു. വിട്രിഫൈഡ് മാറ്റ് ഫിനിഷ് ടൈലാണ് ഫ്‌ളോറിന്റെ അഴക്.

പ്രെയര്‍ ഏരിയ വരുന്ന ഭാഗത്തെ ചുമരാണ് ഇവിടുത്തെ ഹൈലൈറ്റ്. സ്‌റ്റോണ്‍ പാറ്റേണ്‍ പ്രിന്റുള്ള ത്രിഡി വാള്‍പ്പേപ്പറാണ് ഈ ചുമരില്‍ ഒട്ടിച്ചിരിക്കുന്നത്. ഓപ്പണ്‍ റാക്കു നല്‍കി രൂപക്കൂടിനും സ്‌പെയ്‌സ് നല്‍കിയിട്ടുണ്ട്. കാന്‍ഡിലിവര്‍ പാറ്റേണിലൊരുക്കി സ്റ്റെയര്‍കെയ്‌സിന്റെ സാന്നിധ്യം ലിവിംഗിനെ സുന്ദരമാക്കുന്നു. എംഎസിലൊരുക്കിയ ഫ്രെയിമിന് വുഡന്‍ കളറിലുള്ള പെയിന്റ് നല്‍കി തീമിന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നു. വുഡന്‍ സ്റ്റെപ്പുകളും കൂടി ചേരുമ്പോള്‍ പോഷ് ലുക്കാണ് ഈ സ്റ്റെയര്‍ കെയ്‌സ് സമ്മാനിക്കുന്നത്. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കൊണ്ടുള്ളതാണ് ഇവിടുത്തെ ഹാന്‍ഡ് റെയില്‍.

സ്റ്റെയര്‍ കെയ്‌സിന്റെ എതിര്‍വശത്തായി വരുന്ന ഭിത്തിയെ യെല്ലോ കളര്‍ പെയിന്റ് നല്‍കി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഫാമിലി ഫോട്ടോകള്‍ ഉപയോഗിച്ച് കൊളാഷ് ചെയ്ത് ഫ്രെയിം ചെയ്ത് തൂക്കാന്‍ ഒരിടം എന്ന രീതിയിലാണ് ഈ വാള്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. യെല്ലോ- വൈറ്റ് നിറങ്ങളുടെ ഹൃദ്യമായ സമന്വയം ഇന്റീരിയറിന് പ്രത്യേകമായൊരു അഴകു തന്നെ സമ്മാനിക്കുന്നുണ്ട്. ഈ യെല്ലോ വാളിന്റെ പിറകിലായാണ് താഴത്തെ നിലയിലെ ഒരു ബെഡ് റൂം വരുന്നത്. ഡൈനിംഗിന്റെ അരികില്‍ നിന്നാണ് രണ്ടാമത്തെ ബെഡ് റൂമിലേക്കുള്ള എന്‍ട്രി.

ജിപ്‌സം ഉപയോഗിച്ച് ഫാള്‍സ് സീലിംഗ് നല്‍കി കോവ് ലൈറ്റുകളും നല്‍കിയിട്ടുണ്ട് കോമണ്‍ ഏരിയകളില്‍. ‘ ഫാള്‍സ് സീലിംഗ് പോലുള്ളവ ചെലവ് കൂട്ടുമെന്നതിനാല്‍ ഒഴിവാക്കാം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. പക്ഷേ ഒന്നു രണ്ടു ബീമുകള്‍ ഈ കോമണ്‍ ഏരിയകളുടെ ഭാഗമായി വരുന്നുണ്ടായിരുന്നു. അവ കാഴ്ചയ്ക്ക് അഭംഗിയുണ്ടാക്കുമെന്നതിനാല്‍ കവര്‍ ചെയ്യാതെ വേറെ വഴിയില്ലായിരുന്നു. ബീമുകള്‍ മറയ്ക്കാനാണ് ഇവിടെ ഫാള്‍സ് സീലിംഗ് നല്‍കിയത്. എയര്‍ വെന്റിലേഷനുകള്‍ക്ക് തടസ്സമാകാത്ത രീതിയിലാണ് സീലിംഗ് ഡിസൈന്‍ ചെയ്തിരിക്കുന്നത്’- സോണി പറയുന്നു.

ഓപ്പണ്‍ കണ്‍സെപ്റ്റിലാണ് കിച്ചന്‍ ഒരുക്കിയത്. ഡൈനിംഗിലേക്ക് തുറക്കുന്ന ഓപ്പണ്‍ പാന്‍ട്രിയേയും ഡിസൈന്‍ എലമെന്റുകള്‍ നല്‍കി ശ്രദ്ധേയമാക്കിയിട്ടുണ്ട്. മള്‍ട്ടിവുഡില്‍ കട്ട് ചെയ്‌തെടുത്ത ഡെക്കറേറ്റീവ് പാനല്‍ വാള്‍ കിച്ചനും ഡൈനിംഗിനും ഇടയില്‍ ഒരു ആര്‍ട്ട് പീസു പോലെ നിലക്കൊള്ളുന്നു. പ്ലൈവുഡില്‍ നിര്‍മ്മിച്ച് മൈക ഒട്ടിച്ചെടുത്താണ് പാന്‍ട്രിയുടെ ഭാഗമായി വരുന്ന പാര്‍ട്ടീഷന്‍ വാളിന്റെ നിര്‍മ്മാണം. ഡൈനിംഗിന് അരികിലായി ഒതുക്കമുള്ളൊരു വാഷ് ഏരിയയും നല്‍കി. ബ്ലാക്ക് ഗ്രാനൈറ്റാണ് വാഷ് ഏരിയയുടെ ടോപ്പില്‍. മിനിയേച്ചര്‍ ബോക്‌സ് ഡിസൈനെ ഓര്‍മ്മപ്പെടുത്തുന്ന വാള്‍ ടൈലുകള്‍ വാഷ് ഏരിയയുടെ അഴകാണ്.

യു ഷെയ്പ്പിലാണ് കിച്ചന്‍ ഡിസൈന്‍ ചെയ്തത്. ബ്ലാക്ക് ഗ്രാനൈറ്റാണ് ഗ്രാനൈറ്റ് കൗണ്ടര്‍ ടോപ്പിന് നല്‍കിയത്. വളരെ കുറച്ചു പ്ലൈവുഡ് മാത്രമേ ഇവിടെ പുതിയതായി വാങ്ങേണ്ടി വന്നുള്ളൂ. ഷെല്‍ഫുകള്‍ പഴയതു വാങ്ങി അവയുടെ പെയിന്റ് ചുരണ്ടി കളഞ്ഞ് പോളിഷ് ചെയ്‌തെടുത്ത് പുനരുപയോഗിച്ചവയാണ്. പ്ലാസ്റ്റിക് വാഷബിള്‍ ബ്ലൈന്‍ഡ്‌സ് ആണ് ജനലുകളില്‍.

ഒന്നാം നില
വിശാലതയാണ് ഒന്നാം നിലയുടെ പ്രത്യേകത. ഒരു ഫാമിലി ലിവിംഗും ബെഡ് റൂമും ബാല്‍ക്കണിയുമാണ് ഈ നിലയിലെ സ്‌പെയ്‌സുകള്‍. വുഡന്‍ കളറിലുള്ള പിവിസി സീലിംഗ് ഫാമിലി ലിവിംഗ് ഏരിയയ്ക്ക് അഴകു പകരുന്നു. അതിനോട് മാച്ച് ചെയ്യുന്ന വുഡന്‍ കളറിലുള്ള ടൈല്‍ ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ടൈലുകളെല്ലാം ഗോഡൗണില്‍ നിന്നും നേരിട്ട് പര്‍ച്ചെയ്‌സ് ചെയ്തവയാണ്, ഇതും ചെലവു കുറയ്ക്കാന്‍ സഹായകമായിട്ടുണ്ട്. ലീക്കേജ് തടയാന്‍ ഭിത്തികള്‍ക്കെല്ലാം കൂള്‍ ആന്റ് സീലര്‍ അടിച്ചിട്ടുണ്ട്.

ചുരുങ്ങിയ സ്‌പെയ്‌സില്‍ ഒരുക്കാവുന്ന ബഡ്ജറ്റ് ഹോമുകളുടെ ശ്രേണിയില്‍ സവിശേഷമായൊരു സ്ഥാനം തന്നെ നേടിയെടുക്കാന്‍ കഴിയുന്നുണ്ട് ഡിസൈനര്‍ സോണി ഡിസൈന്‍ ചെയ്ത ഈ ബ്രില്ല്യന്റ് ഹോമിന്. സൂര്യകാന്തിപൂക്കളുടെ അഴകുമായി പുഞ്ചിരി തൂവുന്ന ഈ വീട് ബഡ്ജറ്റ് ഹോമുകള്‍ക്ക് ഒരു മാതൃകയാവുകയാണ്!
Fact File:
Project Type: Residence
Location: Perumbilli, Vypin
Client: Antony George
Designer: Sony George
Design Style: Contemporary
Area: 1350 Sq. ft
Plot: 3 Cent
Cost: 27 Lakhs
Completed In: 2016
Meet the Designer

Sony George

Freelance Designer
Email: sonymolgeorge@gmail.com
Ph: 86065 60678

Comments